വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

എബിന്‍ പാവനത്തറ

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള കത്തോലിക്കാസഭയുടെ എന്നു മാത്രമല്ല, കേരളക്കരയുടെയാകെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ നവോത്ഥാനത്തിന് അടിത്തറ പാകപ്പെട്ടത്. രണ്ടര നൂറ്റാണ്ടോളം കേരള കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായിരുന്നു ”കിഴക്കിന്റെ കൊച്ചുറോം” എന്ന് ഖ്യാതികേട്ട വരാപ്പുഴ ദ്വീപ്. കേരളസഭയുടെ സാരഥികളായിരുന്ന ഒന്‍പതു മെത്രാന്മാരുടെയും അഞ്ചു മെത്രാപ്പോലീത്താമാരുടെയും ഔദ്യോഗിക വസതി വരാപ്പുഴ ആശ്രമവും, കത്തീഡ്രല്‍ വരാപ്പുഴ ദേവാലയവുമായിരുന്നു. ഒന്‍പതു മെത്രാന്മാര്‍ ഉള്‍പ്പെടെ 28 കര്‍മ്മലീത്താ മിഷണറിമാര്‍ ഈ ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കേരളസഭയുടെ പ്രധാന ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച ഈ ദേവാലയം സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ വിശ്വാസിസമൂഹത്തെ രൂപീകരിക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പെരിയാറിന് അഭിമുഖമായി ഗോത്തിക് ശൈലിയില്‍ അതിമനോഹരമായി നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം വാസ്തുശില്പ വൈദഗ്ദ്ധ്യത്തിന്റെ സവിശേഷ മാതൃകയാണ്.

വരാപ്പുഴ – സത്യത്തിന്റെ നഗരം

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ പെരിയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപാണ് വരാപ്പുഴ എന്ന പുണ്യഭൂമി. 1341ലെ ജലപ്രളയത്തില്‍ ഉണ്ടായതാണ് ഇന്നു കാണുന്ന വരാപ്പുഴ പുഴ.
താലൂക്കിലെ പ്രശസ്തമായ കച്ചവടകേന്ദ്രങ്ങളിലൊന്നായിരുന്നു വരാപ്പുഴ ദ്വീപിലുണ്ടായിരുന്ന വരാപ്പുഴ അങ്ങാടി. ജലമാര്‍ഗം ചരക്കുകളെത്തിക്കാന്‍ ഏറ്റവും സൗകര്യപ്രദമായിരുന്നു വരാപ്പുഴയുടെ ഭൂപ്രകൃതി. ഈ അങ്ങാടിയെ ചുറ്റിപ്പറ്റി 16-ാം നൂറ്റാണ്ടു മുതല്‍ വരാപ്പുഴയില്‍ ഒരു ക്രൈസ്തവ കേന്ദ്രം ഉണ്ടായിരുന്നു. 1673ലാണ് വരാപ്പുഴയില്‍ ദേവാലയം സ്ഥാപിക്കപ്പെടുന്നത്. 1695 മുതല്‍ കേരള കത്തോലിക്കാസഭയുടെ ഭരണകേന്ദ്രവുമായി വരാപ്പുഴ.

പാശ്ചാത്യമിഷണറിമാര്‍ വരാപ്പുഴ എന്ന് ഉച്ചരിച്ചിരുന്നത് ”ബൊറാപ്പൊലിയത്ത്”, ”ബതപ്പുഷ”, ”വാറാപ്പൊളി” എന്നെല്ലാമായിരുന്നു. ഒടുവില്‍ അത് ”വെരാപ്പൊളി” (Verapoly) എന്നായി. ”വേരാപോളിസ്” എന്ന ലത്തീന്‍ പദത്തിന് ”സത്യത്തിന്റെ നഗരം” എന്നാണ് അര്‍ത്ഥം. കേരളസഭയെ പാഷണ്ഡതകളില്‍ നിന്ന് സത്യവിശ്വാസത്തിലേക്ക് നയിച്ച മഹാമിഷണറിമാരുടെ പ്രയത്‌നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ പുണ്യഭൂമി യഥാര്‍ത്ഥത്തില്‍ സത്യത്തിന്റെ നഗരം തന്നെയാണ്.

വരാപ്പുഴ ദേവാലയം

പരിശുദ്ധ കര്‍മ്മലനാഥയുടെ നാമധേയത്തില്‍ 1673ല്‍ ഇറ്റാലിയന്‍ കര്‍മ്മലീത്താ മിഷണറി ഫാ. മാത്യു ഓഫ് സെന്റ് ജോസഫ് (വിശുദ്ധ യൗസേപ്പിന്റെ മത്തേവുസ് – മത്തെവുസ് പാതിരി) ആണ് വരാപ്പുഴ ദേവാലയം സ്ഥാപിക്കുന്നത്. കര്‍മ്മലീത്തര്‍ക്ക് തങ്ങളുടെ അമ്മയായ ആവിലായിലെ അമ്മത്രേസ്യയുടെ ആഗ്രഹാനുസരണം വിശുദ്ധ യൗസേപ്പിതാവിനോട് പ്രത്യേക സ്‌നേഹവും ഭക്തിയും ഉണ്ടായിരുന്നതി
നാല്‍ 1868ല്‍ ലെയോണാര്‍ഡ് മെല്ലാനോ മെത്രാപ്പോലീത്ത വരാപ്പുഴ പള്ളിയുടെ പ്രതിഷ്ഠയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമവും കൂട്ടിച്ചേര്‍ത്തു. കര്‍മ്മലസഭയുടെ അലങ്കാരമായ പരിശുദ്ധ കര്‍മ്മലമാതാവും തിരുസഭാപാലകനായ വിശുദ്ധ യൗസേപ്പിതാവും സ്‌നേഹസംരക്ഷണങ്ങള്‍ നല്‍കിക്കൊണ്ട് ഈ ദേവാലയത്തിലെത്തുന്ന ദൈവമക്കളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്നു.

റോമായിലെ വിശുദ്ധ പത്രോസിന്റെ ശവകുടീരാലയത്തിന്റെ രൂപത്തിലുള്ളതായിരുന്നു 1673ല്‍ ഫാ. മത്തേവുസ് നിര്‍മിച്ച ദേവാലയം. മദ്ധ്യം വൃത്താകാരമായും അവിടെ നിന്ന് അള്‍ത്താരയുടെയും മുഖവാരത്തിലുള്ള വാതിലിന്റെയും ഭാഗങ്ങളിലേക്ക് നീട്ടിക്കെട്ടായും നിര്‍മിച്ചിരുന്ന ഈ ദേവാലയത്തിന് ആകെ 60 അടി നീളവും 38 അടി വീതിയുമാണ് ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ഈ പള്ളിക്കെട്ടിടത്തിന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നു. 1739ല്‍ ജോണ്‍ ബാപ്റ്റിസ്റ്റ് മുള്‍ത്തേദി മെത്രാന്‍ പള്ളിയുടെ മുഖപ്പ് പുതുക്കിപ്പണിയിച്ചു. 1801ല്‍ കൂടുതല്‍ വിസ്താരവും ഉയരവുമുള്ള താഴികക്കുടം പണിയിക്കപ്പെട്ടു. പിന്നീട് മച്ചുപലകയിന്മേല്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെയും മോശയുടെയും അഹറോന്റെയും ഛായാചിത്രങ്ങള്‍ വരപ്പിച്ചു. ഈ പള്ളിക്ക് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് പിന്നീട് വികാരി അപ്പസ്‌തോലിക്കയായ മോണ്‍. ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി പള്ളി വികാരിയായിരുന്നപ്പോഴാണ്. കാലക്രമേണ കത്തോലിക്കരുടെ സംഖ്യ വര്‍ധിച്ചപ്പോള്‍ മോണ്‍. ബച്ചിനെല്ലി പണിയിച്ച അള്‍ത്താര നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫാ. പൊളിക്കാര്‍പ്പ് പള്ളിയുടെ ഇരുവശങ്ങളിലും വരാന്തപോലുള്ള പാര്‍ശ്വശാല കെട്ടി വിശാലമാക്കി. ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് 1920 ഓഗസ്റ്റ് മൂന്നിന് വരാപ്പുഴ കത്തീഡ്രല്‍ ദേവാലയത്തിന്റെ മുഖപ്പിനടുത്തുള്ള തൂണും അതോടുചേര്‍ന്നുള്ള മതിലും നിലംപതിച്ചു.

1921 ഡിസംബര്‍ 27ന് ഏയ്ഞ്ചല്‍ മേരി പെരെസ് സിസിലിയ മെത്രാപ്പോലീത്ത പുതിയ ദേവാലയത്തിന്റെ അടിസ്ഥാനശില ആശീര്‍വ്വദിച്ച് സ്ഥാപിച്ചു. ബെനഡിക്ട് 15-ാം പാപ്പ തിരുസഭാധ്യക്ഷനും ഇംഗ്ലണ്ടിലെ ജോര്‍ജ് അഞ്ചാമന്‍ മഹാരാജാവ് ഇന്ത്യയുടെ ചക്രവര്‍ത്തിയും രാമവര്‍മ്മ തിരുവിതാംകൂര്‍ മഹാരാജാവുമായിരുന്ന കാലത്താണ് ഈ ശിലാസ്ഥാപനം നടന്നത്. പള്ളിയുടെ തെക്കേ പ്രധാന ചുമരിലാണ് അസ്ഥിവാരക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. ഈനാട്ടിലെ വര്‍ത്തമാനപത്രങ്ങളും നാടുവാഴുന്ന മഹാരാജാക്കന്മാരുടെ നാണയങ്ങളും ശിലാസ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളും എഴുതി മെത്രാപ്പോലീത്ത ഒപ്പുവച്ച ഒരു രേഖയും അടിസ്ഥാനശിലയോടൊപ്പം നിക്ഷേപിച്ചിട്ടുണ്ട്. ഏയ്ഞ്ചല്‍ മേരി മെത്രാപ്പോലീത്തയുടെ പരിപാലനത്താലാണ് ഇന്നു കാണുന്ന മനോഹരമായ ദേവാലയം പടുത്തുയര്‍ത്തപ്പെട്ടത്.

വാസ്തുവൈദഗ്ദ്ധ്യവും വിശേഷനിര്‍മ്മിതികളും

വാസ്തുശില്പശാസ്ത്ര വിദഗ്ദ്ധനായ ബ്രദര്‍ ലിയോ സി.ഡിയെയാണ് പുതിയ പള്ളി പണിയാന്‍ ഏല്‍പ്പിച്ചത്. അദ്ദേഹം ഉറപ്പും ഭംഗിയുമുള്ള ഒരു പ്ലാന്‍ ഉണ്ടാക്കി. നൂറ്റിയേഴ് അടി നീളവും നാല്‍പ്പത്തിയാറര അടി വീതിയുമുള്ള ഈ പള്ളിയുടെ ഉള്ളില്‍, ഇരുമ്പുകമ്പി വച്ച് സിമന്റുകൊണ്ട് ഉണ്ടാക്കിയിട്ടുള്ള മനോഹരമായ രണ്ടുനിര കോണ്‍ക്രീറ്റു തൂണുകളാണുള്ളത്. ഓരോ വശത്തും ഈ തൂണുകളാല്‍ താങ്ങപ്പെട്ട് ഒമ്പത് ഗോത്തിക് ആര്‍ച്ചുകള്‍ വീതമുണ്ട്. പ്രധാന അള്‍ത്താരയും ഇരുപാര്‍ശ്വങ്ങളിലുമുള്ള അള്‍ത്താരകളും ബ്രദര്‍ ലിയോയുടെ പ്ലാന്‍ തന്നെയാണ്.

ശില്പവൈദഗ്ദ്ധ്യത്തിന്റെ വിശിഷ്ടമായ ഒരു മാതൃകയാണ് ഈ ദേവാലയത്തിന്റെ മുഖപ്പും അള്‍ത്താരകളും. മുഖവാരത്തിന്റെ മേലറ്റത്തുള്ള രൂപക്കൂട്ടില്‍ മൂന്നടി പൊക്കമുള്ള ഒരു പീഠത്തിന്മേല്‍ ഉണ്ണിയീശോയെ കരത്തിലേന്തി നില്‍ക്കുന്ന ഒമ്പതടി ഉയരമുള്ള യൗസേപ്പിതാവിന്റെ തിരുസ്വരൂപം വരാപ്പുഴ ഇടവകയെ മുഴുവനും വീക്ഷിച്ചുകൊണ്ട്, തന്റെ സംരക്ഷണാധികാരത്തെ വിളംബരം ചെയ്യുന്നു. ”നിങ്ങള്‍ എന്റെ പക്കലേയ്ക്കു വരുവിന്‍” എന്നു പറഞ്ഞ് ക്ഷണിക്കുന്ന ഭാവത്തിലാണ് ഉണ്ണിയേശുവിന്റെ നില. പ്രധാന അള്‍ത്താരയിലുള്ള സക്രാരി വെണ്ണക്കല്ലില്‍ തീര്‍ത്തതാണ്. പ്രധാന അള്‍ത്താരയില്‍ ഇടവകമദ്ധ്യസ്ഥരായ കര്‍മ്മലനാഥയുടെയും യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങള്‍ കാണാം. ഇരുവശങ്ങളിലുമായി വിശുദ്ധ മിഖായേല്‍, വിശുദ്ധ റാഫേല്‍ എന്നീ പ്രധാനമാലാഖമാരുടെയും രൂപങ്ങളുണ്ട്. ഉപഅള്‍ത്താരകളില്‍ കര്‍മ്മലീത്താസഭയുടെ വേദപാരംഗതരായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും കൂറ്റന്‍ തിരുസ്വരൂപങ്ങളുമുണ്ട്. ഭാരതകര്‍മ്മലസഭയിലെ പ്രഥമ രക്തസാക്ഷികളായ വാഴ്ത്തപ്പെട്ട ഡയോനീഷ്യസിന്റെയും റിഡംപ്റ്റസിന്റെയും അപൂര്‍വ്വമായ തിരുസ്വരൂപവും ഈ ദേവാലയത്തില്‍ കാണാം. തിരുനാളിനു മാത്രം പുറത്തിറക്കുന്ന പരിശുദ്ധ കര്‍മ്മലനാഥയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശേഷാല്‍ രൂപങ്ങളും അതിമനോഹരമാണ്. ആനക്കൊമ്പില്‍തീര്‍ത്തതാണ് പരിശുദ്ധ കര്‍മ്മലനാഥയുടെ രൂപം. ദേവാലയത്തിന്റെ ഒരു വശത്തായി ഒരു വര്‍ഷത്തേക്കുള്ള ഹന്നാന്‍വെള്ളം സൂക്ഷിക്കുന്നതിനുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ തൊട്ടിയും അതിനു മുകളില്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ തിരുസ്വരൂപവുമുണ്ട്. മാമ്മോദീസ മുക്കുന്നതിനുള്ള ഒറ്റക്കല്ലുകൊണ്ടുള്ള ചെറിയ തൊട്ടിയും ഇതോടുചേര്‍ന്നു കാണാം. കൊത്തുപണികളോടുകൂടിയ നാലു വലിയ കുമ്പസാരക്കൂടുകളും പ്രധാന ആകര്‍ഷണങ്ങളാണ്. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, ശില്പചാരുതയാര്‍ന്ന പാസ്‌കല്‍രൂപം, പിച്ചളയില്‍ തീര്‍ത്ത കൂറ്റന്‍ പെസഹാതിരിക്കാല്‍ എന്നിവ വിശുദ്ധവാരത്തിലാണ് ദൈവജനത്തിന് വണങ്ങാന്‍ അവസരമൊരുക്കുക. വരാപ്പുഴ ദേവാലയത്തിന്റെ മറ്റൊരാകര്‍ഷണം ബെല്‍ജിയത്തില്‍ നിന്നു കൊണ്ടുവന്ന മൂന്നു വലിയ പള്ളിമണികളുള്ള കൂറ്റന്‍ മണിമാളികയാണ്. ഈ ദേവാലയത്തിലുള്ള വിശിഷ്ട നിര്‍മ്മിതികളും തിരുസ്വരൂപങ്ങളും വിശുദ്ധ സൂക്ഷിപ്പുകളും കര്‍മ്മലീത്താ മിഷണറിമാരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണ്.

ചരിത്രസ്മാരകങ്ങള്‍

വരാപ്പുഴ ദേവാലയത്തിന്റെ മാമ്മോദീസതൊട്ടിക്കു സമീപമാണു കര്‍മ്മശ്രേഷ്ഠരായ കര്‍മ്മലീത്താ മിഷണറിമാരുടെ ഭൗതികാവശേഷിപ്പുകള്‍ സവിശേഷമായി കാത്തുസൂക്ഷിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ മദ്ധ്യഭാഗത്തുള്ള മഹാമിഷണറിമാരുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഫലകങ്ങള്‍ സ്ഫടികാവരണം ചെയ്തു സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദേവാലയത്തിനു പുറത്ത്, വരാപ്പുഴയില്‍ അടക്കം ചെയ്തിരിക്കുന്ന മെത്രാന്മാരുടെ വിവരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ദേവാലയത്തോടുചേര്‍ന്ന് മെത്രാന്മാരുടെ ഔദ്യോഗിക കാര്യാലയവും അരമനക്കെട്ടിടവും സ്ഥിതിചെയ്യുന്നു. കേരളക്കരയുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായ 1856ലെ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ ചരിത്രപ്രസിദ്ധമായ ഇടയലേഖനത്തിന്റെ മഹത്വം വിളിച്ചോതിക്കൊണ്ട് വരാപ്പുഴ ആശ്രമത്തോടു ചേര്‍ന്ന് ”പള്ളിക്കൊപ്പം പള്ളിക്കൂടം” ചരിത്രസ്മാരകം നിലകൊള്ളുന്നു. ഈ ഇടയലേഖനത്തെ പിന്‍ചെന്നുകൊണ്ട് 1909ല്‍ ജനങ്ങളുടെ പൊതുവിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറിയായ ധന്യന്‍ ഫാ. ജോണ്‍ വിന്‍സെന്റ് സ്ഥാപിച്ച ഹോളി ഇന്‍ഫന്റ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍ ഈ ചരിത്രസ്മാരകത്തോടു ചേര്‍ന്നു കാണാം. വരാപ്പുഴ ദ്വീപിലെ പ്രധാനപ്പെട്ട മറ്റൊരു ചരിത്രസ്മാരകമാണ് കേരളത്തിലെ പ്രഥമ ഏതദ്ദേശീയ സന്ന്യാസിനീസഭയായ ടി.ഒ.സി.ഡി സഭാ സ്ഥാപിക ദൈവദാസി മദര്‍ ഏലീശ്വയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്മൃതിമന്ദിരം. 1890ല്‍ ലെയോണാര്‍ഡ് മെല്ലാനോ മെത്രാപ്പോലീത്ത പണികഴിപ്പിച്ച് സഹായ മെത്രാനായ മര്‍സലിന്‍ ബരാര്‍ഡി ആശീര്‍വ്വദിച്ച സെന്റ് ജോസഫ് കോണ്‍വെന്റിനോടനുബന്ധിച്ചാണിത്. ദൈവദാസി മദര്‍ ഏലീശ്വ സ്ത്രീവിദ്യാഭ്യാസത്തിനായി ആരംഭിച്ച സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ ഈ മഠത്തിന്റെ ഭാഗമാണ്. വരാപ്പുഴ ദേവാലയത്തിന്റെ രണ്ടര നൂറ്റാണ്ടു നീണ്ട പ്രൗഢചരിത്രത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു, വരാപ്പുഴ ദ്വീപിലെ ഈ ചരിത്രസ്മാരകങ്ങള്‍.

വരാപ്പുഴയില്‍ വാണ കര്‍മ്മലീത്താ മെത്രാന്മാര്‍

ബിഷപ് വിശുദ്ധ ത്രേസ്യയുടെ ആഞ്ചലോ ഫ്രാന്‍സിസ് (1700-1712), ബിഷപ് വിശുദ്ധ ത്രേസ്യയുടെ ജോണ്‍ ബാപ്റ്റിസ്റ്റ് മുള്‍ത്തേദി (1714-1750), ബിഷപ് നസറായന്‍ ഈശോയുടെ ഫ്‌ളോറന്‍സിയൂസ് (1750-1773), ബിഷപ് വ്യാകുലമാതാവിന്റെ ഫ്രാന്‍സിസ് ദെ സാലസ് (1775 -1780), ബിഷപ് ഈശോയുടെ അലോഷ്യസ് മേരി (1784-1802), ബിഷപ് വിശുദ്ധ യൗസേപ്പിന്റെ റെയ്മണ്ട് റൊവീലിയ (1802- 1816), ബിഷപ് മിലസ് പ്രെന്റര്‍ഗാസ്റ്റ് (1821-1828), ബിഷപ്മൗറേലിയൂസ് സ്തബിലീനി (1828-1831), ആര്‍ച്ച്ബിഷപ് വിശുദ്ധ അന്നായുടെ ഫ്രാന്‍സിസ് സേവ്യര്‍ പെഷറ്റോ (1831-1844), ആര്‍ച്ച്ബിഷപ് വിശുദ്ധ ത്രേസ്യയുടെ ലൂയിസ് ലുഡോവിക്ക് മര്‍ത്തീനി (1844-1853), ആര്‍ച്ച്ബിഷപ് വിശുദ്ധ ത്രേസ്യയുടെ ബെര്‍ണദീന്‍ ബച്ചിനെല്ലി (1853- 1868), ആര്‍ച്ച്ബിഷപ് വിശുദ്ധ ലൂയിസിന്റെ ലെയോണാര്‍ഡ് മെല്ലാനോ (1868 1897), ബിഷപ് വിശുദ്ധ ത്രേസ്യയുടെ മാര്‍സലിന്‍ ബരാര്‍ഡി (1877-1892), ആര്‍ച്ച്ബിഷപ് ഈശോയുടെ ബര്‍ണാര്‍ഡ് ആര്‍ഗ്വിന്‍സോണിസ് (1897-1919).

വരാപ്പുഴ ദേവാലയത്തില്‍ സംസ്‌കരിക്കപ്പെട്ട കര്‍മ്മലീത്താ മിഷണറിമാര്‍
(പേര്, ജന്മസ്ഥലം, സംസ്‌കരിച്ച വര്‍ഷം)

പരിശുദ്ധാത്മാവിന്റെ ഫാ. ബര്‍ത്തലോമിയ, ഇറ്റലി, 1680; വിശുദ്ധ യൗസേപ്പിന്റെ ഫാ. കൈത്താന്‍, ഇറ്റലി, 1691; വിശുദ്ധ യൗസേപ്പിന്റെ ഫാ. മത്തേവൂസ്, ഇറ്റലി, 1691; വിശുദ്ധ ഏലിയാസിന്റെ ഫാ. അമാന്‍ദൂസ്, ജര്‍മ്മനി, 1698; വ്യാകുലമാതാവിന്റെ ഫാ. ജൂസ്ത്യൂസ്, ബര്‍ജിയം, 1709; ബിഷപ് വിശുദ്ധ ത്രേസ്യയുടെ ആഞ്ചലോ ഫ്രാന്‍സിസ്, ഇറ്റലി, 1712; ബിഷപ് വിശുദ്ധ ഒണോപ്രേയുടെ ഫാ. ഇന്നസെന്റ്, ഇറ്റലി, 1714; വിശുദ്ധ ത്രേസ്യയുടെ ഫാ. അര്‍സേന്യൂസ്, ഇറ്റലി, 1725; അമലോത്ഭവമാതാവിന്റെ ഫാ. റെന്‍മാത്തുസ്, ഇറ്റലി, 1726; വിശുദ്ധ ലയോപ്പോള്‍ഡിന്റെ ഫാ. ഇന്നസെന്റ്, ഹംഗറി, 1735; ബിഷപ് വിശുദ്ധ ത്രേസ്യയുടെ ജോണ്‍ ബാപ്റ്റിസ്റ്റ് മുള്‍ത്തേദി, ഇറ്റലി, 1750; ബിഷപ്നസറായന്‍ ഈശോയുടെ ഫ്‌ളോറന്‍സിയൂസ്, പോളണ്ട്, 1773; ഈശോയുടെ ഫാ. ക്ലമന്റ് പിയാനിയൂസ്, ഇറ്റലി, 1782; വിശുദ്ധ എലിസേവൂസിന്റെ ഫാ. ഫ്രാന്‍സിസ്, ഓസ്ട്രിയ, 1794; വിശുദ്ധ റൊസീനായുടെ ഫാ. ലോറന്‍സ്, ബവേറിയ, 1797; ബിഷപ് ഈശോയുടെ അലോഷ്യസ് മേരി, ഇറ്റലി, 1802; ബിഷപ് വിശുദ്ധ യൗസേപ്പിന്റെ റെയ്മണ്ട് റൊവീലിയ, ഇറ്റലി, 1816; ആര്‍ച്ച്ബിഷപ് വിശുദ്ധ അന്നായുടെ ഫ്രാന്‍സിസ് സേവ്യര്‍ പെഷറ്റോ, ഇറ്റലി, 1844; വിശുദ്ധ ഫമീലിയുടെ ഫാ. പീറ്റര്‍ പോള്‍, സ്‌പെയിന്‍, 1850; പരിശുദ്ധ മറിയത്തിന്റെ ഫാ. ആന്റണി, ഇറ്റലി, 1856; ആര്‍ച്ച്ബിഷപ് വിശുദ്ധ ത്രേസ്യയുടെ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി, ഇറ്റലി, 1868; ബിഷപ് വിശുദ്ധ ത്രേസ്യയുടെ മര്‍സലിന്‍ ബരാര്‍ഡി, ഇറ്റലി, 1891; വിശുദ്ധ യൗസേപ്പിന്റെ ഫാ. ഫിലിപ്പ്, ഇറ്റലി, 1893; കാണിക്കമാതാവിന്റെ ഫാ. കമിലസ്, ഇറ്റലി, 1894; ആര്‍ച്ച്ബിഷപ്
വിശുദ്ധ ലൂയിസിന്റെ ലെയോണര്‍ഡ് മെല്ലാനോ, ഇറ്റലി, 1897; വിശുദ്ധ ത്രേസ്യയുടെ ഫാ. ഗുലിയേല്‍മുസ്, സ്‌പെയിന്‍, 1902; വിശുദ്ധ യൗസേപ്പിന്റെ ഫാ. ഏലിയാസ്, സ്‌പെയിന്‍, 1907; തിരുഹൃദയത്തിന്റെ ബ്രദര്‍ ജോണ്‍ മേരി, സ്‌പെയിന്‍, 1918

വരാപ്പുഴ ദേവാലയത്തിന്റെ ചരിത്രനാള്‍വഴികള്‍

1653ല്‍ നടന്ന കൂനന്‍കുരിശ് ശപഥത്തിനുശേഷം കേരളസഭയിലുണ്ടായ വിഭജനത്തിനു പരിഹാരം കാണാന്‍ 1656ല്‍ അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പ കര്‍മ്മലീത്താ ഒന്നാം സഭയിലെ മിഷണറിമാരെ കേരളത്തിലേക്ക് അയയ്ക്കുകയുണ്ടായി. വിഘടിച്ചുനിന്ന കേരളസഭയിലെ ക്രിസ്ത്യാനികളെ 1657 ഫെബ്രുവരിയില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്ന ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറി ജോസഫ് മരിയ സെബസ്ത്യാനിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനഫലമായി റോമിന്റെ കീഴിലേക്ക് കൊണ്ടുവരുവാന്‍ സാധിച്ചു. അങ്ങനെ 1659ല്‍ മലബാര്‍ വികാരിയത്ത് സ്ഥാപിതമാവുകയും വികാരി അപ്പസ്‌തോലിക്കയായി ബിഷപ് ജോസഫ് സെബസ്ത്യാനി നിയമിതനാവുകയും ചെയ്തു. ഇതായിരുന്നു മൂന്നു നൂറ്റാണ്ടോളം നീണ്ട കേരളത്തിലെ കര്‍മ്മലീത്ത മിഷന്‍ പ്രവര്‍ത്തനത്തിന്റെ തുടക്കം. കേരളത്തിലുടനീളം ചുറ്റിനടന്ന് പുനരൈക്യപ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന കര്‍മ്മലീത്ത മിഷണറിമാര്‍ക്ക് 15 വര്‍ഷത്തോളം പ്രത്യേക ആസ്ഥാനമുണ്ടായിരുന്നില്ല. പ്രൊട്ടസ്റ്റന്റുകാരായ ഡച്ചുകാരില്‍ നിന്നുണ്ടായ ശത്രുതയും വിഘ്‌നങ്ങളും മൂലം 1663ല്‍ പറമ്പില്‍ ചാണ്ടി (അലക്‌സാണ്ടര്‍ ദെ കാംപോ) എന്ന ഏതദ്ദേശീയ വൈദികനെ മെത്രാനായി വാഴിച്ചുകൊണ്ട് ബിഷപ് സെബസ്ത്യാനി യൂറോപ്പിലേക്ക് മടങ്ങിപ്പോയി.

മിഷന്റെ മേലധികാരിയായി അദ്ദേഹം നിയമിച്ചത് വിശുദ്ധ യൗസേപ്പിന്റെ മത്തായി (മത്തേവൂസ് പാതിരി) എന്ന ഇറ്റാലിയന്‍ കര്‍മ്മലീത്താ മിഷണറിയെയായിരുന്നു. സസ്യശാസ്ത്രത്തില്‍ നിപുണനായിരുന്ന ഫാ. മത്തേവൂസ് കൊച്ചിയിലെ ഡച്ചു ഗവര്‍ണ്ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡിനോടൊപ്പം ”ഹോര്‍ത്തൂസ് മലബാറിക്കൂസ്” (കേരളാരാമം) എന്ന സസ്യശാത്രഗ്രന്ഥത്തിന്റെ രചന നടത്തി. നന്ദിസൂചകമായി ചാത്യാത്തും വരാപ്പുഴയിലും ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ വാന്‍ റീഡ് ഫാ. മത്തേവൂസിന് അനുമതി നല്‍കി. അങ്ങനെ 1673ല്‍ വരാപ്പുഴ എന്ന കൊച്ചുദ്വീപില്‍ പെരിയാര്‍ നദിയുടെ തീരത്ത് പരിശുദ്ധ കര്‍മ്മലനാഥയുടെ നാമധേയത്തില്‍ അതിമനോഹരമായ ഒരു ദേവാലയം ഫാ. മത്തേവൂസ് നിര്‍മ്മിച്ചു. പ്രശാന്തമായ ഗ്രാമാന്തരീക്ഷം ധ്യാനനിരതമായ ആശ്രമജീവിതത്തിന് ഏറ്റവും അനുയോജ്യമെന്നു കണ്ട് ദേവാലയത്തോടനുബന്ധിച്ച് ഒരു ആശ്രമവും അദ്ദേഹം പണികഴിപ്പിച്ചു. 1675ല്‍ ഒരു സെമിനാരിയും വരാപ്പുഴയില്‍ സ്ഥാപിക്കപ്പെട്ടു.

നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം ചെന്നെത്താവുന്ന ജലപാതകള്‍ ധാരാളമുള്ള വരാപ്പുഴ തങ്ങളുടെ ആസ്ഥാനമായി (ഒലമറൂൗമൃലേൃ)െ മിഷണറിമാര്‍ തിരഞ്ഞെടുത്തു. 1677 മുതല്‍ 1695 വരെ മലബാര്‍ വികാരിയാത്ത് ഭരിച്ചിരുന്ന പോര്‍ച്ചുഗീസ്-ഇന്ത്യന്‍ വംശജനായിരുന്ന റാഫേല്‍ ഫിഗ്വെരാദോ സല്‍ഗാദോ മെത്രാനുശേഷം 1695 മുതല്‍ 1700 വരെ കര്‍മ്മലീത്താ മിഷണറിമാരാണ് വരാപ്പുഴ കേന്ദ്രമായി വികാരിയാത്തില്‍ ഭരണം നിര്‍വ്വഹിച്ചിരുന്നത്. 1700 ഫെബ്രുവരി 21ന് കര്‍മ്മലീത്ത മിഷണറിയും വരാപ്പുഴ സെമിനാരി റെക്ടറുമായിരുന്ന വിശുദ്ധ ത്രേസ്യയുടെ ആഞ്ചെലോ ഫ്രാന്‍സിസിനെ മലബാറിന്റെ വികാരി അപ്പസ്‌തോലിക്കയായി പാപ്പ നിയമിച്ചു. ഇദ്ദേഹത്തിന്റെ കാലം മുതല്‍ വരാപ്പുഴ കര്‍മ്മലീത്ത ആശ്രമം മെത്രാന്റെ ഭരണകേന്ദ്രവും വരാപ്പുഴ ദേവാലയം കത്തീഡ്രലുമായി ഉപയോഗിക്കുവാന്‍ തുടങ്ങി.

1709ല്‍ മലബാര്‍ വികാരിയാത്തിന്റെ ഭരണസീമ കൊടുങ്ങല്ലുരേക്കും കൊച്ചിയിലേക്കും വ്യാപിക്കുകയും അത് വരാപ്പുഴ വികാരിയാത്ത് എന്നുകൂടി അറിയപ്പെടുകയും ചെയ്തു. 1838ല്‍ പതിനാറാം ഗ്രിഗോറിയോസ് പാപ്പയുടെ ”മുള്‍ത്താ പ്രെക്ലാരെ” (വളരെ സുവ്യക്തമായി) എന്ന ബൂള വഴി കൊടുങ്ങല്ലൂര്‍ അതിരൂപതയും കൊച്ചി രൂപതയും മലബാര്‍ വികാരിയാത്തില്‍ ലയിപ്പിച്ച് വികാരിയാത്ത് വിസ്തൃതമാക്കുകയും വികാരി അപ്പസ്‌തോലിക്കയായിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ പെഷറ്റോ മെത്രാപ്പോലീത്തയെ അവയുടെ ഭരണാധികാരിയാക്കുകയും ചെയ്തു. അദ്ദേഹം മുതലുള്ള എല്ലാ വികാരി അപ്പസ്‌തോലിക്കമാരും മെത്രാപ്പോലീത്ത സ്ഥാനക്കാരായിരുന്നു. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മംഗലാപുരം വരെയുള്ള പ്രദേശമെല്ലാം വരാപ്പുഴ ആസ്ഥാനമായ മലബാര്‍ വികാരിയാത്തിന്റെ കീഴിലായിരുന്നു. ഇക്കാലത്ത് 1845ല്‍ മലബാര്‍ വികാരിയാത്തിനെ ഉത്തര, മദ്ധ്യ, ദക്ഷിണ മേഖലകളായി തിരിച്ചു. മദ്ധ്യത്തില്‍ വരാപ്പുഴയും, തെക്ക് കൊല്ലവും, വടക്ക് മംഗലാപുരവും. മദ്ധ്യമേഖലയുടെ തലസ്ഥാനം വരാപ്പുഴ എന്ന കൊച്ചുഗ്രാമത്തിലായിരുന്നതിനാല്‍ വികാരിയാത്ത് പൂര്‍ണ്ണമായും വരാപ്പുഴ വികാരിയാത്ത് എന്ന് അറിയപ്പെട്ടു. 1871ല്‍ ലെയോണാര്‍ഡ് മെല്ലാനോ മെത്രാപ്പോലീത്ത വരാപ്പുഴ ദ്വീപില്‍ നിന്ന് മഞ്ഞുമ്മലേക്ക് താമസം മാറ്റിയെങ്കിലും വരാപ്പുഴ ഔദ്യോഗിക മന്ദിരമായി തുടര്‍ന്നു. 1886ല്‍ ലെയോ 13-ാം പാപ്പ, ”ഹുമാനേ സാലുത്തിസ് ഔക്തോര്‍” (മനുഷ്യരക്ഷയുടെ കര്‍ത്താവ്) എന്ന തിരുവെഴുത്തുവഴി ഭാരതത്തില്‍ ഹയരാര്‍ക്കി സ്ഥാപിക്കുകയും അപ്പസ്‌തോലിക വികാരിയാത്തുകളെ രൂപതകളാക്കുകയും ചെയ്തു. അങ്ങനെ വരാപ്പുഴ മലബാറിലെ ഏക അതിരൂപതയും, ലെയോണാര്‍ഡ് മെത്രാപ്പോലീത്ത അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയുമായി. 1904ല്‍ ബര്‍ണാര്‍ഡ് ആര്‍ഗ്വിന്‍സോണിസ് മെത്രാപ്പോലീത്ത ഭരണസൗകര്യാര്‍ത്ഥം രൂപതയുടെ തലസ്ഥാനം വരാപ്പുഴ ദ്വീപില്‍ നിന്നും മഞ്ഞുമ്മലില്‍ നിന്നും എറണാകുളത്തേക്ക് മാറ്റിസ്ഥാപിച്ചു.

1934ല്‍ ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായി ഭരണം ഏറ്റടുത്തു. തുടര്‍ന്ന് വിദേശ മിഷണറിമാര്‍ വരാപ്പുഴയില്‍ നിന്ന് വിജയപുരം രൂപതയിലേക്ക് കുടിയേറുകയും ചെയ്തു. എങ്കിലും വരാപ്പുഴ ആശ്രമവും ദേവാലയവും അവരുടെ അധീനതയില്‍ തുടര്‍ന്നു. 1936ല്‍ വരാപ്പുഴ ദേവാലയവും അതിനോടനുബന്ധിച്ചുള്ള എല്ലാ സ്ഥാവരജംഗമവസ്തുക്കളും കര്‍മ്മലീത്തസഭയ്ക്ക് അവകാശപ്പെട്ടതാണെന്ന് റോമിലെ പരിശുദ്ധ സിംഹാസനം വിധിക്കുകയുണ്ടായി. വരാപ്പുഴ ദേവാലയത്തിന്റെ കത്തീഡ്രല്‍ പദവി എടുത്തുമാറ്റപ്പെടുകയും ഒരു ഇടവകപ്പള്ളിയായി പ്രവര്‍ത്തനം തുടരുകയും ചെയ്തു. 1940ല്‍ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത ഇടവകയുടെ ഭരണം നിഷ്പാദുക കര്‍മ്മലീത്താസഭയുടെ മലബാര്‍ പ്രൊവിന്‍സിനു നല്‍കി. 1981ല്‍ ഇടവക മലബാര്‍ പ്രൊവിന്‍സില്‍ നിന്ന് പിരിഞ്ഞുപോന്ന ലത്തീന്‍ വിഭാഗത്തിന് (പിന്നീട് സൗത്ത് കേരള പ്രൊവിന്‍സ്) കൈമാറി. 1992 മുതല്‍ മഞ്ഞുമ്മല്‍ പ്രൊവിന്‍സിലെ കര്‍മ്മലീത്താ വൈദികരുടെ മേല്‍നോട്ടത്തിലും പരിചരണത്തിലുമാണ് വരാപ്പുഴ ദേവാലയവും ആശ്രമവും ഇടവകജനവും.

 

 

 

 

 

 

 

 Related Articles

വാക്കത്തോണ്‍ നവംബര്‍ ഒന്നിന്

കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍

ഫാ ജേക്കബ് ജി പാലക്കാപിള്ളി KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

കേരള കത്തോലിക്കാ ബിഷപ്സ് കൗൺസിൽ (KCBC) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി ഫാ. ജേക്കബ് ജി. പാലയ്ക്കപിള്ളി ചുമതലയേറ്റു. എർണാകുളം-അങ്കമാലി അതിരൂപതാ അംഗമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയ്ക്കിത്

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*