Breaking News

വര്‍ഷാവസാനത്തെ സ്റ്റോക്കെടുപ്പ്

വര്‍ഷാവസാനത്തെ സ്റ്റോക്കെടുപ്പ്

ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഡൂമോ ഡി മിലാനോ എന്നറിയപ്പെടുന്ന മിലാനിലെ നേറ്റിവിറ്റി ഓഫ് സെന്റ് മേരി കത്തീഡ്രല്‍. (റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും വലുത്). 1386ല്‍ തറക്കല്ലിട്ട ദേവാലയത്തിന്റെ പണി പൂര്‍ത്തിയായത് ആറു നൂറ്റാണ്ടുകള്‍കൊണ്ടാണ്. 1965ല്‍ നാല്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പള്ളിയുടെ നീളം 520 അടി. വീതി 302 അടിയും ഉയരം 354 അടിയും. ഇഷ്ടികയിലും മാര്‍ബിളിലും പണിതിരിക്കുന്ന ഈ ദേവാലയത്തിന് മൂന്നു പ്രധാന കവാടങ്ങളുണ്ട്. പിച്ചളയില്‍ പണിതിരിക്കുന്ന വാതിലുകളില്‍ മാതാവിന്റെയും യേശുവിന്റെയും ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങള്‍ ചിത്രപ്പണികളാല്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഓരോ വാതിലിനും മുകളില്‍ നമ്മുടെ മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ചില വാചകങ്ങളുമുണ്ട്.
മനോഹരമായ റോസാപുഷ്പങ്ങളാല്‍ അലംകൃതമായ ഒന്നാമത്തെ വാതിലിന്റെ മുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘കടന്നുപോകുന്നതെല്ലാം നിമിഷനേരത്തേയ്ക്ക് മാത്രം’.
കുരിശിന്റെ രൂപം വാര്‍ത്തിരിക്കുന്ന രണ്ടാമത്തെ വാതിലിനു മുകളില്‍ ഇങ്ങനെ കാണാം: ‘ബുദ്ധിമുട്ടുകളുണ്ടാകുന്നതെല്ലാം നിമിഷനേരത്തേയ്ക്ക് മാത്രം. നിത്യതയാണ് പരമപ്രധാനം’ എന്നെഴുതിയിരിക്കുന്നു. വര്‍ഷാവസാനത്തില്‍ ഈ മൂന്നു കാര്യങ്ങളെക്കുറിച്ചും ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. ഏതെല്ലാം സംഭവങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷം നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയത്? 365 ദിവസങ്ങള്‍ കടന്നുപോയെങ്കിലും എത്ര ദിവസങ്ങളിലെ സംഭവങ്ങള്‍ നമ്മുടെ മനസിലുണ്ട്. ഒരു നോട്ടുപുസ്തകത്തിലോ ഡയറിയിലോ ഈ സംഭവങ്ങള്‍ ഒന്നെഴുതാമോ? അവയില്‍ നമ്മുടെ ജീവിതത്തെ സാരമായി സ്വാധീനിച്ചിട്ടുള്ളവയെല്ലാം എന്താണ്? നമ്മുടെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ചവ എന്തൊക്കെയാണ്? പലപ്പോഴും വിരലിലെണ്ണാവുന്ന കാര്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന്റെ അര്‍ഥം, കഴിഞ്ഞുപോയതില്‍ ഭൂരിഭാഗവും ആ നിമിഷത്തേയ്ക്ക് അല്ലെങ്കില്‍ ദിവസത്തേക്ക് മാത്രമായിരുന്നു. നമ്മള്‍ ആകുലചിത്തരായ കാര്യങ്ങള്‍ പലതും സംഭവിച്ചിട്ടുപോലുമുണ്ടാവില്ല.
അതുപോലെ തന്നെയാണ് കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളും. അവയില്‍ എന്തെല്ലാം ഇപ്പോഴും നിലനില്ക്കുന്നുണ്ട്? ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍, ഉറ്റവരുടെ വേര്‍പാട്, ഇതൊക്കെ സഹിച്ച് മുന്നോട്ടുപോകാന്‍ നമുക്ക് സാധിച്ചില്ലേ? അതുകൊണ്ടല്ലേ ഇന്നും ഞാന്‍ ജീവനോടെ ഇരിക്കുന്നത്! അതായത്, നമ്മെ വേദനിപ്പിച്ച, ദുഃഖിപ്പിച്ച, മനോവിഷമത്തിലാക്കിയ സംഭവങ്ങളും നിമിഷനേരത്തേയ്ക്ക് മാത്രം-കൂടി വന്നാല്‍ കുറച്ചു ദിവസങ്ങള്‍ മാത്രം.
എന്നാല്‍ ശാശ്വതമായ ഒന്നുണ്ട്-അത് നമ്മുടെ പരലോക ജീവിതമാണ്-നിത്യത. അതിന് എന്തുമാത്രം സമയം നമ്മള്‍ നീക്കിവച്ചിട്ടുണ്ട്. അല്പായുസായ കാര്യങ്ങള്‍ക്ക് നമ്മള്‍ കൂടുതല്‍ സമയം ചെലവഴിച്ചപ്പോള്‍ നിത്യതയ്ക്കുവേണ്ടി വളരെ ചുരുക്കം സമയം മാത്രമേ നീക്കിവയ്ക്കാനുള്ളൂ എന്നത് ഒരു വിരോധാഭാസം തന്നെയാണ്.
അല്പനേരത്തെ സന്തോഷത്തിനുവേണ്ടി ജീവിതം ആകെ കളഞ്ഞുകുളിക്കുന്നവരുണ്ട്! അനിയന്ത്രിതമായ ലൈംഗികാസക്തിമൂലം എത്രയെത്ര ജീവിതങ്ങളാണ് തകിടം മറിഞ്ഞിരിക്കുന്നത്. ക്ഷമിക്കാന്‍ തയ്യാറാകാത്തതുമൂലം എത്രയെത്ര ബന്ധങ്ങളാണ് അകന്നുപോയിരിക്കുന്നത്. നിരാശയ്ക്കടിമപ്പെട്ട് സ്വയം ജീവിതമവസാനിപ്പിക്കാന്‍പോലും നമ്മളില്‍ ചിലര്‍ തുനിഞ്ഞിട്ടില്ലേ? പിന്നീട് അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ‘ഞാനെന്തൊരു മണ്ടത്തരമാണ് കാട്ടാന്‍ പോയത്’ എന്നായിരിക്കും പലരും ചിന്തിക്കുക.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു ഒരു ദൃഷ്ടാന്തം പറയുന്നുണ്ട്. ”കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു, എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു” മത്തായി 23: 23-25. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്ക് നമ്മള്‍ സമയം ചെലവഴിക്കുകയും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
നമ്മുടെ ചില ഭക്താഭ്യാസങ്ങളും ചിലപ്പോള്‍ വെറും പുറംമോടികള്‍ മാത്രമാകും. കൊന്ത ചൊല്ലുകയും നൊവേനകള്‍ നടത്തുകയും ബൈബിള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അവ നമ്മുടെ വ്യക്തിത്വരൂപീകരണത്തിലും മാനുഷികബന്ധങ്ങളിലും യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെങ്കില്‍ അവ വെറും പുറമേയുള്ള ഭക്തി മാത്രമല്ലേ ആകൂ? യേശു പറഞ്ഞു: ”എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍ അതനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മണല്‍പ്പുറത്ത് ഭവനം പണിത ഭോഷനു തുല്യനായിരിക്കും” മത്താ. 7:26.
വീട്ടിലുള്ളവരോടും അയല്‍ക്കാരോടും എപ്പോഴും വഴക്കുണ്ടാക്കുകയും തന്റേതല്ലാത്തത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും, അന്യന്റെ ഭാര്യയെ/ഭര്‍ത്താവിനെ വശീകരിക്കുകയും, മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുകയും, അച്ചന്മാരെയും, കന്യാസ്ത്രീകളെയും നേരില്‍ കാണുമ്പോള്‍ സ്തുതി ചൊല്ലുകയും എന്നാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവരെ മോശമായി വിമര്‍ശിക്കുകയും, കൈക്കൂലി വാങ്ങാനും കൊടുക്കാനും യാതൊരു മടിയുമില്ലാതിരിക്കുകയും ചെയ്യുന്ന ധാരാളം കപടഭക്തര്‍ നമ്മുടെ ഇടയിലുണ്ട്, അല്ലെങ്കില്‍ നമ്മളില്‍ തന്നെയുണ്ട്.
യഥാര്‍ഥ ഭക്തി ദൈവഹിതം എന്തുതന്നെയായാലും അതു നിര്‍വഹിക്കുവാന്‍ എപ്പോഴും തയ്യാറാവുകയും എല്ലാവരെയും സ്വന്തമെന്നു കരുതി സ്‌നേഹിക്കുകയും ചെയ്യുന്നതാണ്. പുണ്യവാളന്മാര്‍ക്ക് നേര്‍ച്ചയിടുകയും അവരുടെ തിരുനാളുകള്‍ തകര്‍ത്താഘോഷിക്കുകയുമൊക്കെ ചെയ്താലും പരസ്‌നേഹമില്ലെങ്കില്‍ ഞാനൊന്നുമല്ല.
ഈ വര്‍ഷാവസാനം/പുതുവത്സരം നമ്മുടെ ആധ്യാത്മിക ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാകട്ടെ.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.


Related Articles

നീതി ജലം പോലെ ഒഴുകട്ടെ

നീതിയുടെ അരുവികള്‍ ഒഴുകട്ടെ എന്ന പ്രവാചക ധര്‍മത്തിന്റെ പാരമ്പര്യത്തിന് മങ്ങലേറ്റിട്ടില്ലെന്നു തന്നെയാണ് സഭയുടെ നിലപാടുകള്‍ എക്കാലത്തും വിളിച്ചുപറയുന്നത്. നീതി ജലം പോലെ ഒഴുകട്ടെ; സമാധാനം വറ്റാത്ത നീരുറവപോലെയും.

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,

മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് നാടിന്റെ ഉത്തരവാദിത്വം – മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ നാടിന്റെ പ്രധാന സമ്പത്താണ് മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായത് മത്സ്യത്തൊഴിലാളികളാണ്. ലോകം മുഴുവന്‍ അവരെ കേരളത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*