വറുതിയും വരൾച്ചയും വരുന്നോ

വറുതിയും വരൾച്ചയും വരുന്നോ

കാരൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഉതുപ്പാന്റെ കിണര്‍ നാളുകള്‍ക്കുശേഷം വീണ്ടും വായിച്ചു. കാലത്തെ കടന്നുകാണുന്ന സാഹിത്യത്തിന്റെ ഉജ്വലമായ കണ്ണ്. മഹത്തായ കലാരചനകള്‍ ഭാവിയെ എത്ര കൃത്യതയോടെ പ്രവചിക്കുന്നു!
സ്വന്തമായി ആരും ഇല്ലാത്ത ഉതുപ്പാന്‍ തന്റെ അധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ കിണറിനു ചുറ്റുമായി ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തുന്നു. നാട് നഗരമായി വളരുമ്പോഴും കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ട കൈക്കുമ്പിള്‍ വെള്ളത്തിന്റെ കഥ പറയുകയാണ് കാരൂര്‍. തങ്ങളുടേതായ അധ്വാനമില്ലാതെ പൊതു ഉപയോഗത്തിനായി ലഭിക്കുന്ന എന്തിനോടും സമൂഹം പുലര്‍ത്തുന്ന നിസംഗതയും അവജ്ഞയും എത്രമാത്രം അപകടമുള്ളതാണെന്ന് ഈ കഥ നമുക്ക് പറഞ്ഞുതരും. കിണറ്റിലേക്ക് കല്ലും ചവറും വാരിയെറിയുന്ന കുട്ടികളോട് ഉതുപ്പാന്‍ പറയുന്നു: ദാഹമകറ്റുന്ന വെള്ളത്തെ നിന്ദിക്കാന്‍ പാടില്ല. ഈ കുട്ടികള്‍ നമ്മളില്‍ ആരുമാകാം. പറമ്പിലുണ്ടായിരുന്ന കുളം നികത്തിയപ്പോഴും കിണര്‍ മൂടിയപ്പോഴും നീരൊഴുക്ക് തടഞ്ഞ് ഏതു നീര്‍ച്ചാലിനെയും വെട്ടിമൂടിയപ്പോഴും മാലിന്യക്കൂമ്പാരം വലിച്ചെറിഞ്ഞ് കായലും പുഴയും തോടുകളും നാശമാക്കിയപ്പോഴും ദാഹജലത്തെ ഒരാള്‍ നിന്ദിക്കുക തന്നെയായിരുന്നു.
ഏതോ ഒരുകാലത്ത് ഇവിടെ ഇനിയും സംഭവിക്കാനിരിക്കുന്ന ദുരന്തത്തെപ്പറ്റിയുള്ള വര്‍ത്തമാനമല്ല വരള്‍ച്ചയുടേത്. അത് ഇന്ന് ഇവിടെ സംഭവിക്കുകയാണ്. നമ്മുടെ തൊട്ടയല്‍പക്കത്ത് ചെന്നൈയില്‍ കുടിവെള്ളത്തിനായി, അനുദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നത് നമ്മള്‍ കാണുകയാണ്. ഊറിവരുന്ന ജലത്തിന് അവകാശികള്‍ ഏറെയാകുമ്പോള്‍ വഴക്കുണ്ടാകുന്നത് സ്വാഭാവികം. കിണറുകള്‍ക്ക് ആളുകള്‍ കാവല്‍ നില്‍ക്കുന്നു. ഊഴമനുസരിച്ച് പണമൊഴുക്കി വെള്ളം കിട്ടാന്‍ മത്സരിക്കുന്നു. പണമുണ്ട്. പക്ഷേ എന്തുപ്രയോജനം? ഒരു കുപ്പി വെള്ളത്തിന് മനുഷ്യന്‍ നെട്ടോട്ടമോടുകയാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നത് ഈ വര്‍ഷം പതിവുപോലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമഴ നമുക്ക് കിട്ടുമെന്നാണ്. ജൂണ്‍ മാസം കടന്നുപോയി. കേരളത്തില്‍ ലഭിച്ച മഴ എത്രയെന്ന് നമുക്കറിയാം. ഇടവവും മിഥുനവും കനിഞ്ഞില്ല. കര്‍ക്കിടക മഴയെങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മുടെ ജലസംഭരണികള്‍ വരണ്ടുണങ്ങും. നദികളും പുഴകളും വറ്റിവരളും. ചെന്നൈ ഒരു പാഠമാണ്. വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയുടെ വരള്‍ച്ചബാധിത പ്രദേശങ്ങളിലും ചെന്നൈയിലും ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ നടത്തിയ പഠനങ്ങളിലും റിപ്പോര്‍ട്ടുകളിലും ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് വെളിപ്പെടുന്നത്. ഒരു കുടം വെള്ളത്തിനുവേണ്ടി മനുഷ്യര്‍ കിലോമീറ്ററുകള്‍ നടക്കുകയും മണിക്കൂറുകള്‍ കാത്തുകെട്ടിക്കിടക്കുകയും ചെയ്യുന്ന കാഴ്ച ദയനീയമാണ്. അനുദിന ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാകാതെ വന്നതോടെ ചെന്നൈ നഗരത്തില്‍ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരിക്കുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. തൊഴിലിടങ്ങളില്‍ എത്താനാകാതെ മനുഷ്യര്‍ വലയുന്നു. പത്രപ്രവര്‍ത്തകരോട് സംസാരിക്കുന്ന മുരുഗപ്പന്‍ ചോദിക്കുന്നു: എങ്ങനെ പണിക്കുപോകാനാണ് സാര്‍. വെള്ളവുമായി ടാങ്കര്‍ലോറി എപ്പോഴാണ് എത്തുന്നതെന്നറിയില്ലല്ലോ. കുളിച്ചിട്ട് നാലഞ്ച് ദിവസമായി. കുളിക്കുന്നതു പോയിട്ട് കുടിക്കാന്‍ പോലും വെള്ളം കിട്ടുന്നില്ല. ജനം മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്-ക്ഷമയോടെ.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചതനുസരിച്ച് സംസ്ഥാനത്തെ ഭൂഗര്‍ഭജലസമ്പത്തിന്റെ നിരക്ക് പല ജില്ലകളിലും അപകടകരമാംവിധം താഴെയാണ്. 44 നദികളുടെ പുരാതന വമ്പത്തരവും വീമ്പുമിളക്കിയിരിക്കേണ്ട കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. പെയ്തുതോരുന്ന മഴയുടെ ചെറിയൊരു ശതമാനം മാത്രം സംഭരിക്കപ്പെടുന്ന നാട്ടില്‍ കഠിനമായ ഒരു വേനല്‍ച്ചൂടില്‍ വറ്റിവരളാനുള്ളതേയുള്ളൂ നമ്മുടെ ജലസമ്പത്ത്. മഴവെള്ള സംഭരണവും ജലാശയസംരക്ഷണവും ചതുപ്പുനിലങ്ങള്‍ സൂക്ഷിക്കുന്ന പദ്ധതികളും പച്ചത്തുരുത്ത് നിര്‍മാണവുമൊക്കെ നിയമപരമായിത്തന്നെ നടപ്പിലാക്കാന്‍ വരള്‍ച്ചയുടെയും വറുതിയുടെയും കാലം പ്രേരകമാകണം. രാജ്യത്തെ പല സംസ്ഥാനങ്ങളും നിയമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അന്തര്‍സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ സമീപഭാവിയില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.
ചെന്നൈ വരള്‍ച്ച നേരിടുന്ന സമയത്തു തന്നെ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാണ്. കേരളം വാഗ്ദാനം ചെയ്ത കുടിവെള്ളം തമിഴ്‌നാട് മുഖ്യമന്ത്രി ആദ്യം നിരസിക്കുകയാണ് ചെയ്തത്. പിന്നീട് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് വെള്ളം സ്വീകരിക്കാമെന്ന് പനീര്‍ശെല്‍വത്തിന്റെ സര്‍ക്കാര്‍ സമ്മതിച്ചത്. പിറ്റേന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലും തുടര്‍ന്നു നടന്ന സര്‍വകക്ഷിയോഗത്തിലും പത്രസമ്മേളനത്തിലും തമിഴ്‌നാട് മുഖ്യമന്ത്രി സംസാരിച്ചത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതിനെപ്പറ്റിയാണ്. കര്‍ണാടകത്തില്‍ നിന്നു ലഭിക്കേണ്ട കൃഷ്ണാനദീജല സമ്പത്തിനെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി പറയാതെ പോയ മറ്റു പല കാര്യങ്ങളും പക്ഷേ ചെന്നൈ വരള്‍ച്ചയെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈ പോലൊരു നഗരം പടിപടിയായി കെട്ടിയുയര്‍ത്തിയപ്പോള്‍ പാലിക്കപ്പെടാതെ പോയ നഗരപാലികാ സംവിധാനങ്ങളിലെ നിയമങ്ങളെപ്പറ്റിയോ, ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണടച്ചുകളഞ്ഞ നിയമലംഘനങ്ങളെപ്പറ്റിയോ മുഖ്യമന്ത്രി പറഞ്ഞില്ല. പക്ഷേ താഴെത്തട്ടില്‍ ദുരിതമനുഭവിക്കുന്ന ജനം അതു പറഞ്ഞു. കണ്‍മുന്നില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ എങ്ങനെയാണ് ഒരു നഗരത്തെ അക്ഷരാര്‍ഥത്തില്‍ കുടിവെള്ളമില്ലാതെ ബന്ദികളാക്കിയതെന്ന ചരിത്രമാണത്. നഗരത്തിന്റെ ഓടകളുടെ ജലസംരക്ഷണമാര്‍ഗമില്ലായ്മയുടെ, രാഷ്ട്രസംവിധാനങ്ങളുടെ ജാഗ്രതയില്ലായ്മയുടെയൊക്കെ ഞെട്ടിക്കുന്ന ചരിത്രം.
തന്റെ രണ്ടാമൂഴത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ റേഡിയോ പ്രഭാഷണത്തില്‍ താഴെത്തട്ടില്‍ നിന്നും തുടങ്ങേണ്ട ജലസംരക്ഷണ ശ്രമങ്ങളെപ്പറ്റി വാചാലനാകുന്നുണ്ടായിരുന്നു. തന്റെ ഹൃദയം തുറന്നുള്ള പറച്ചിലില്‍ അറിയാതെ സര്‍ക്കാര്‍ സംവിധാനങ്ങളെ അദ്ദേഹം ഇകഴ്ത്തുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമപ്പുറത്ത് ജനങ്ങളില്‍ നിന്നും വരേണ്ട കുടിവെള്ള സംഭരണത്തെപ്പറ്റിയൊക്കെ അദ്ദേഹം പറഞ്ഞുതുടങ്ങി. കേള്‍ക്കാന്‍ സുഖമുള്ള വര്‍ത്തമാനം. പക്ഷേ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും രീതിക്കും യോജിച്ചതല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നെ എന്തിനാണ്? നിയമപാലകര്‍ നിയമലംഘനം തടയാനുള്ളവര്‍ മാത്രമാണോ? അല്ല. അവരിലൂടെയാണ് രാജ്യത്തിലെ പൗരസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത്.
മോദി സര്‍ക്കാര്‍ ജനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മാത്രം ഊന്നിസംസാരിക്കുമ്പോള്‍ പൗരാവകാശത്തിന്റെ ഭാഷ നമ്മള്‍ പറയേണ്ടതുണ്ട്. കാരണം താഴെത്തട്ടിലുള്ള ജനസാമാന്യമാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഏതു വമ്പനാണ് കുടിവെള്ളത്തിനായി ക്യൂ നിന്നിട്ടുള്ളത്? ഏതു നേതാവാണ് മണിക്കൂറുകളോളം കുടിവെള്ളത്തിനായി കാത്തുകെട്ടി നിന്നിട്ടുള്ളത്? ശുദ്ധീകരിച്ച കുടിവെള്ളമെടുത്ത് സ്വന്തം കാറു കഴുകിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴയടിക്കുന്നത് 500 രൂപ. കോഹ്‌ലിക്ക് കയ്യടിക്കുന്നവര്‍ ഇതും അറിഞ്ഞിരിക്കണം.
കാടും നാടും വയലും ചതുപ്പും നിലവുമെല്ലാം കൈയടക്കി പുരോഗതി ഉണ്ടാക്കുമ്പോള്‍, അതിന്റെ ഗുണഭോക്താക്കള്‍ നാടിനെ മറക്കുമ്പോള്‍ ജനാധിപത്യബോധമുള്ള ജനസമൂഹം ഉണരുക തന്നെ വേണം. കാരണം, നമുക്കു വേണ്ടത് വാട്ടര്‍തീം പാര്‍ക്കുകളല്ല; കുടിവെള്ളപദ്ധതികളാണ്. കുടിവെള്ളമെത്താത്ത പ്രദേശങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് നമ്മളെ കാത്തിരിക്കുന്ന വറുതിയുടെ കാലങ്ങളെ ചെറുക്കാന്‍ ജനാധിപത്യസമൂഹമായി സജ്ജരാകാം.


Related Articles

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

വത്തിക്കാന്‍ സിറ്റി: കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:-

ധനവാന്മാര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍…

ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്കാനായി അവിടുന്ന് എന്നെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*