Breaking News

വല്ലാര്‍പാടത്തിനുശേഷം എങ്ങോട്ട്?

വല്ലാര്‍പാടത്തിനുശേഷം എങ്ങോട്ട്?

വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് വിജയകരമായി സമാപിച്ചിട്ട് ആറു മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു 2017 ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ വല്ലാര്‍പാടത്ത് നടന്ന മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന്‍. അനന്യവും അതുല്യവും അസുലഭവുമായ അനുഭവങ്ങള്‍ സമ്മാനിക്കപ്പെട്ട അനുഗൃഹീത ദിനങ്ങളായിരുന്നവ. ഈ മഹാ സമ്മേളനത്തില്‍ ഭാഗഭാഗിത്വം വഹിച്ചവരില്‍ നിറയ്ക്കപ്പെട്ട അത്യാവേശം വാക്കുകള്‍ കൊണ്ടു മാത്രം വിവരിക്കാനാകില്ല. അത്രകണ്ടു വലിയ ഊര്‍ജമാണു ഓരോരുത്തര്‍ക്കും ഈ മിഷന്‍ കോണ്‍ഗ്രസ് പകര്‍ന്നുനല്‍കിയത്.
ഇത്തരമൊരു സമ്മേളനം കേരള ലത്തീന്‍ സഭയുടെ ചരിത്രത്തില്‍ നടാടെയാണ്. (ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് അലക്‌സിസ് ദെ മെനേസിസ് 1599ല്‍ വിളിച്ചുചേര്‍ത്ത ഉദയംപേരൂര്‍ സുന്നഹദോസിനെ വിസ്മരിക്കുന്നില്ല. കേരളത്തിലെ തോമാക്രിസ്ത്യാനികള്‍ക്കു വേണ്ടിയായിരുന്നു ഈ സിനഡ് മുഖ്യമായും നടത്തപ്പെട്ടത്). ഇനി ഇതുപോലെയുള്ള മറ്റൊരു സമ്മേളനം വിജയകരമായി സംഘടിപ്പിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. വല്ലാര്‍പാടം സംഗമത്തിന്റെ പേരു തന്നെ വളരെ പ്രധാനപ്പെട്ടതാണ്. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന്‍ എന്നാണ്. ആദ്യം ഇത്തരമൊരു സമ്മേളനത്തെക്കുറിച്ചു ആലോചിച്ചപ്പോള്‍ കുടുംബ യൂണിറ്റുകളുടെ സംഗമം (ബിസിസി കണ്‍വെന്‍ഷന്‍) എന്ന ആശയം മാത്രമാണുണ്ടായിരുന്നത്. പിന്നീടായിരുന്നു മിഷന്‍ എന്ന ലക്ഷ്യം കൂടി ദൈവപരിപാലനയാല്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടത്. മിഷന്‍ കോണ്‍ഗ്രസ് കൂടിയായി ഈ സംഗമം ഉയര്‍ത്തപ്പെട്ടു.
‘മിഷന്‍’ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവപദമാണ്. പ്രേഷിതദൗത്യം അഥവാ പ്രേഷിതനിയോഗം എന്നതാണു മലയാളത്തിലെ സമാനപദം. പ്രേഷിത ദൗത്യമെന്നാല്‍ അയക്കപ്പെട്ടവന്റെ ദൗത്യമാണ്. അയച്ചവനാണല്ലോ ദൗത്യമെന്തെന്നു നിശ്ചയിച്ചുനല്‍കുന്നത്. അയച്ചവന്‍ ഭരമേല്പിച്ചിരിക്കുന്ന നിയോഗത്തിന്റെ നൈരന്തര്യം കാത്തു സൂക്ഷിക്കുകയെന്നതാണ് ഒരു സഭാസമൂഹത്തിന്റെ മൗലിക ഉത്തരവാദിത്വം. അതുകൊണ്ടാണു തിരുസഭ ജന്മനാ പ്രേഷിതയാണെന്നു രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്. സമകാലിക സമൂഹത്തില്‍ ഒരു സഭാസമൂഹത്തിന്റെ സംഘടിത പ്രേഷിത നിയോഗത്തെ തിരിച്ചറിയാനുള്ള കൂട്ടായ ശ്രമമാണു മിഷന്‍ കോണ്‍ഗ്രസുകള്‍. ഇതിനുമൂന്നുതലത്തിലും അഞ്ച് തരത്തിലുമുള്ള കാഴ്ചകളും നോട്ടങ്ങളും ആവശ്യമാണ്. മുകള്‍കാഴ്ച, ഉള്‍ക്കാഴ്ച, പുറംകാഴ്ച, പിന്‍കാഴ്ച, മുന്‍കാഴ്ച എന്നിവകളാണവ. വിശുദ്ധഗ്രന്ഥത്തിന്റെയും സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിലും പ്രാര്‍ത്ഥനാരൂപിയുടെ വെളിച്ചത്തിലും സമകാലിക നിജസ്ഥിതിയെ ആഴത്തില്‍ വിലയിരുത്തുക എന്നതാണു പ്രഥമപടി. ദൈവമെന്താണു പറയുന്നതെന്നു തിരിച്ചറിയാനുള്ള ശ്രമം. ഇതാണു മുകള്‍കാഴ്ച. അടുത്തതായി ഉള്‍നോട്ടവും പുറന്നോട്ടവും നടത്തണം. കാരണം പ്രേഷിത നിയോഗ നിര്‍വഹണം സഭയുടെ ഉള്ളിലും സഭയുടെപുറത്തും (സമൂഹം) ആണു നടത്തപ്പെടേണ്ടത്. ജനങ്ങളുടെ ജീവിതാവസ്ഥ മനസിലാക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്. ഒരു പ്രസ്ഥാനത്തിന്റെ സമകാലിക പ്രസക്തിയും തനിമയും നിശ്ചയിക്കാന്‍ ഏറ്റവും സഹായിക്കുന്നത് ഈ രണ്ടു കാഴ്ചകളാണ്. മൂന്നാമതായി പിന്‍നോട്ടവും മുന്‍നോട്ടവും നടത്തണം. അതായത്, ഇന്നലെകളില്‍ സഞ്ചരിച്ച പാതകളെ നിയോഗത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം. അതുപോലെ തന്നെ നാളെയ്ക്കുള്ള കര്‍മ പദ്ധതികള്‍ നിയോഗത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തണം. ഈ അഞ്ചുതരം കാഴ്ചകളില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും സമഗ്രതയും കാര്യക്ഷമതയുമാണ് ഒരു മിഷന്‍ സമ്മേളനത്തിന്റെ വിജയത്തിനുള്ള അടിത്തറ.
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വല്ലാര്‍പാടം സംഗമത്തെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിക്കുകയാണ്. അനുകൂലവും പ്രതികൂലവുമായ തലങ്ങളിലും ഘടകങ്ങളിലും നോട്ടം പതിയേണ്ടിയിരിക്കുന്നു. മിഷന്‍ കോണ്‍ഗ്രസിന്റെ വിജയകരമായ പരിസമാപ്തിക്ക് നിദാനമായ ചില വശങ്ങളെ ആദ്യം കാണാന്‍ ശ്രമിക്കുന്നു. ഇവ ഈ സംഗമം ഉല്പാദിപ്പിച്ച സാമൂഹിക മൂലധനം അഥവാ ഈടുവയ്പുകളാണ്.
പങ്കാളിത്തം: ഏതു തലത്തിലെടുത്തു വിലയിരുത്തിയാലും അതിശയകരമായ പങ്കാളിത്തമാണു വല്ലാര്‍പാടം സംഗമത്തിന്റെ പ്രത്യേകത. ആദ്യം എണ്ണം തന്നെ നോക്കാം. 3,353 പേരായിരുന്നു, രജിസ്ട്രര്‍ ചെയ്തിരുന്നത്. അതില്‍ 2,982 പ്രതിനിധികള്‍ ഇതില്‍ സംബന്ധിക്കുകയുണ്ടായി. ഹാജരാകാത്തവരുടെ എണ്ണം കേവലം പതിനൊന്നു ശതമാനം മാത്രമായിരുന്നു. ഇത്രയും വലിയൊരു ത്രിദിന സംഗമത്തില്‍ പതിനൊന്നു ശതമാനം പേരുടെ ഹാജരില്ലായ്മ ഗൗരവതരമല്ല. (പ്രതിനിധികളുടെ വിശദാംശങ്ങള്‍ അന്യത്ര ചേര്‍ത്തിട്ടുണ്ട്).
പ്രാതിനിധ്യം: എല്ലാ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നു. കേരളത്തിനു പുറത്തു വസിക്കുന്നവരുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ ആദ്യന്തം സംബന്ധിക്കുകയുണ്ടായി. രൂപതകള്‍ എന്നു പറയുന്നതിനേക്കാള്‍ ഉത്തമം ഇടവകകള്‍ എന്നു പറയുന്നതാണ്. മിക്കവാറും എല്ലാ ഇടവകകളുടെയും തന്നെ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. എല്ലാ രൂപതകളുടെയും മെത്രാന്മാര്‍ ഇതില്‍ സംബന്ധിച്ചു. വത്തിക്കാന്റെയും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെയും സഹോദര കത്തോലിക്കാ സഭയുടെയും പ്രാതിനിധ്യം കൊണ്ടു കോണ്‍ഗ്രസ് അനുഗ്രഹിക്കപ്പെട്ടു. ഉത്തരേന്ത്യയിലെ പന്ത്രണ്ട് മിഷന്‍ രൂപതകളില്‍ നിന്നും പന്ത്രണ്ട് മെത്രാന്മാര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍, വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെട്ട ഈ സംഗമം യഥാര്‍ത്ഥത്തില്‍ കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ നേര്‍പരിച്ഛേദമായിരുന്നു.
നേതൃസംഗമം: ഈസംഗമത്തില്‍ സംബന്ധിച്ചവര്‍ കേവലം വ്യക്തികളെന്ന നിലയിലായിരുന്നില്ല പങ്കെടുത്തത്. ഇടവകയിലെയും രൂപതയിലെയും സന്യാസസമൂഹത്തിലെയും വിവിധ സംവിധാനങ്ങളുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വം വഹിക്കുന്നവരെന്ന നിലയിലായിരുന്നു സംബന്ധിച്ചത്. സഭാനേതൃത്വത്തിന്റെയും സമുദായനേതൃത്വത്തിന്റെയും സംഗമമായിരുന്നു മിഷന്‍ കോണ്‍ഗ്രസ്.
പരിശീലനം: വേണ്ടത്ര തയ്യാറെടുപ്പുകളോടെയും പരിശീലനത്തോടെയുമായിരുന്നു എല്ലാവരും കോണ്‍ഗ്രസില്‍ പങ്കെടുത്തത്. പ്രതിനിധികള്‍ ഓരോരുത്തരും പ്രത്യേകമായി പ്രാര്‍ത്ഥിച്ചും പഠിച്ചും ഒരുങ്ങിയിരുന്നു. ഇതു ഈ സംഗമത്തിന്റെ അച്ചടക്കത്തിനും വിജയത്തിനും പിന്നിലെ പ്രധാന നിദാനമായി മാറി.
ഐക്യവും ഉദ്ഗ്രഥനവും: വിവിധ ജാതിമത വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുവിന്റെ രക്ഷാകര സന്ദേശത്തില്‍ ആകൃഷ്ടരായി മുന്നോട്ടുവന്നവരുടെ സംഘടിത സാക്ഷ്യത്തിലൂടെ ആവിര്‍ഭവിച്ചതാണു കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. യേശു പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ യഥാര്‍ത്ഥ ചെറുരൂപമാണു കേരളത്തിലെ ലത്തീന്‍ സഭയെന്നു അഭിമാനിക്കാം. ഒരേ വിശ്വാസവും ഒരേ ആരാധനക്രമങ്ങളും തീക്ഷ്ണതയോടെ പിന്തുടരുന്നവരാണെങ്കിലും കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഇനിയും ഏകരൂപത്തിലുള്ള പൂര്‍ണ്ണസമുദായമായി മാറിയിട്ടില്ല. ഭരണ കേന്ദ്രങ്ങളില്‍ നിന്നും ലത്തീന്‍ കത്തോലിക്കര്‍ നിരന്തരം നേരിടുന്ന അവഗണനയുടെ മുഖ്യകാരണം സമുദായത്തിന്റെ ഈ ശിഥിലാവസ്ഥയാണ്. സമുദായ സംഘടനയുടെയും, പ്രാദേശിക അജപാലനസമിതിയായ കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ സമുദായ ഉദ്ഗ്രഥനത്തിനായി കാര്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നു പറയാം. എന്നാല്‍, സമുദായാംഗങ്ങളുടെ ഐക്യത്തിനും ഉദ്ഗ്രഥനത്തിനുമായുള്ള പ്രക്രിയയില്‍ മിഷന്‍ കോണ്‍ഗ്രസ് വഴി ഒരു കുതിച്ചു ചാട്ടമാണു നടന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര മുതല്‍ കണ്ണൂര്‍ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളിലും തങ്ങള്‍ ലത്തീന്‍ കത്തോലിക്കര്‍ എന്ന വലിയ കുടുംബത്തിലെ അംഗങ്ങളാണെന്ന അവബോധം ഉളവാക്കാന്‍ കഴിഞ്ഞു. പ്രാദേശികതയുടെയും ഭാഷയുടെയും ഉപജാതിയുടെയും പരിമിതികളെയെല്ലാം വിശ്വാസത്തിന്റെ ഐക്യത്തില്‍ അലിയിച്ചുകളഞ്ഞ അനുഭവമായിരുന്നു പ്രതിനിധികളുടെ രണ്ടു ദിവസങ്ങളിലെയും താമസം ഉളവാക്കിയത്. ഇടവകകളുടെയും രൂപതകളുടെയും ഉപജാതികളുടെയും അതിര്‍വരമ്പുകള്‍ അപ്രത്യക്ഷമായ അനുഭവം. വിവിധ ജീവിത ശൈലികളുടെയും ഉപസംസ്‌കാരങ്ങളുടെയും പങ്കുവയ്ക്കലും കൈമാറലുമായിരുന്നു നടന്നത്. യേശു നടത്തിയിരുന്ന ഊട്ടുമേശ വിപ്ലവങ്ങളുടെ പുതിയ പതിപ്പ്. ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സാമുദായി
ക ഉദ്ഗ്രഥന ചരിത്രത്തില്‍ ഉജ്വലമായ സ്ഥാനമാണു മിഷന്‍ കോണ്‍ഗ്രസിന് ഉള്ളത്.
ഒരുക്കം: മിഷന്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ കഠിനാദ്ധ്വാനം നിറഞ്ഞ തയ്യാറെടുപ്പുകള്‍ കാണാം. മൂന്നു ഘട്ടങ്ങളായുള്ള ഒരുക്കം ഉണ്ടായിരുന്നു. അവസാനത്തെ ഒരു വര്‍ഷം മൂന്നാംഘട്ടം തുടര്‍ച്ചയായതും ക്രമാനുഗതമായതുമായ ഒരുക്ക പരിപാടികളാണു നടന്നത്. ഇടവകകളും കുടുംബയൂണിറ്റുകളുമായിരുന്നു പ്രവര്‍ത്തനങ്ങളുടെ ഫോക്കല്‍പോയിന്റ്. ഓരോ ശുശ്രൂഷാസമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിമാസപരിപാടികള്‍ നടന്നത്. ഈ ഘട്ടത്തിലെ ഒരുക്ക പരിപാടികള്‍ ഇടവക ബിസിസി തലങ്ങളില്‍ സംഘാടകസമിതി ഉദ്ദേശിച്ചതുപോലെ നടന്നില്ലായെന്ന വിമര്‍ശനത്തെ തള്ളിക്കളയാനാകില്ല. എങ്കിലും അവസാനത്തെ ഒന്നുരണ്ടു മാസക്കാലം മൊത്തം ഒരു ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞു, പ്രത്യേകിച്ചു പ്രതിനിധികള്‍ക്കു ആതിഥ്യമരുളിയ ഇടവകകളിലെങ്കിലും.
മിഷന്‍കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷന്‍ വഴി വലിയ അളവില്‍ സാമൂഹികമൂലധനം രൂപപ്പെട്ടിട്ടുണ്ട് എന്നു നാം കണ്ടു കഴിഞ്ഞു. ഈ ഈടുവയ്പുകള്‍ എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും വല്ലാര്‍പാടം സംഗമത്തിന്റെ ചരിത്രപരമായ പ്രസക്തി നിശ്ചയിക്കപ്പെടുന്നത്. വിവിധ മടങ്ങുകളായി തിരിച്ചു കിട്ടാന്‍ വേണ്ടി, ദൈവം കേരള ലത്തീന്‍ സഭയെ ഏല്‍പിച്ചിട്ടുള്ള താലന്തുകളാണിവ.
സാധാരണയായി വിവാഹചടങ്ങുകള്‍ സാഘോഷംനടത്തപ്പെടുന്ന പതിവ് നമ്മുടെ ഇടയിലുണ്ട്. വിഭവസമൃദ്ധമായ സദ്യ, വര്‍ണാഭനിറഞ്ഞ കലാപരിപാടികള്‍, മനോഹരങ്ങളായ അലങ്കാരങ്ങള്‍, വിഐപികളുടെ സാന്നിദ്ധ്യം, ഗംഭീര ക്വയര്‍, ഭക്തിനിര്‍ഭരമായകൂദാശകര്‍മങ്ങള്‍, കുതിരകളെ പൂട്ടിയതേരില്‍ വധുവരന്മാരെ ആനയിക്കല്‍, ആകാശത്തുനിന്നുള്ള പുഷ്പവൃഷ്ടി എന്നിവയൊക്കെ വിജയകരമായ വിവാഹാഘോഷങ്ങളുടെ പ്രതീകങ്ങളായാണു വിലയിരുത്തപ്പെടുന്നത്. വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. എന്നാല്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വൈവാഹികബന്ധം തകര്‍ന്നു പോകുകയാണെങ്കില്‍ ആര്‍ഭാടത്തോടെ നടത്തപ്പെട്ട വിവാഹാഘോഷങ്ങള്‍ക്കു യാതൊരു പ്രസക്തിയുമില്ലാതാകുമെന്നു മാത്രമല്ല ആഘോഷ രീതികളിലെ പലതും ഉതപ്പിനും വിമര്‍ശനത്തിനും കാരണമാകുകയും ചെയ്യും. അതായത്, വൈവാഹികജീവിതത്തിന്റെ ദൃഢതയും കരുത്തും തുടര്‍ച്ചയും ചൈതന്യവുമാണു വിവാഹാഘോഷങ്ങളുടെ ശോഭ കെടാതെ സൂക്ഷിക്കുന്നത്.
ഈ നിയമം മിഷന്‍ കോണ്‍ഗ്രസിനും ബാധകമാണ്. വല്ലാര്‍പാടം സംഗമം മുന്നോട്ടു വച്ചിട്ടുള്ള ആശയങ്ങള്‍ക്കും കര്‍മപദ്ധതികള്‍ക്കും മാംസം നല്‍കിയില്ലെങ്കില്‍ സംഗമത്തിന്റെ പ്രകാശവും പ്രസക്തിയും ഇല്ലാതാകും. പൊടിപിടിച്ചു കിടക്കുന്ന സ്മാരകമായി ഇതു ചുരുങ്ങി ചുരുങ്ങി വിസ്മൃതിയിലേക്കു പോകുകയും ചെയ്യും. സംഗമം രൂപപ്പെടുത്തിയ ഈടുവയ്പുകള്‍ തുരുമ്പെടുത്തു നശിച്ചുപോകും.
എന്തു പ്രേഷിത ദൗത്യമായിരുന്നു വല്ലാര്‍പാടം സംഗമം കേരള ലത്തീന്‍ സഭയെ ചുമതലപ്പെടുത്തിയതെന്നു നോക്കാം. യഥാര്‍ത്ഥത്തില്‍ വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസിനുള്ള ഒരുക്കം മൂന്നു വര്‍ഷം മുമ്പല്ല തുടങ്ങിയത് എന്നു പറയേണ്ടിയിരിക്കുന്നു. അതിനു പ്രാരംഭം കുറിച്ചതു പതിനഞ്ചു വര്‍ഷം മുമ്പു നടന്ന കെആര്‍എല്‍സിസിയുടെ രൂപീകരണത്തോടെയാണെന്നു പറയാം. കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ സഭാസമൂഹം മാത്രമല്ല സമുദായം കൂടിയാണെന്നു കെആര്‍എല്‍സിസി പ്രഖ്യാപിച്ചു. സഭാസമൂഹത്തിന്റെ നവീകരണവും സമുദായത്തിന്റെ ശക്തീകരണവും കെആര്‍എല്‍സിസിയുടെ സവിശേഷ ലക്ഷ്യമായി മാറി. ഏകോപനം, പങ്കാളിത്തം, ശക്തീകരണം എന്നിവ പ്രവര്‍ത്തന ശൈലിയായി തീര്‍ന്നു. സഭയുടെ നവീകരണത്തിനും സമുദായത്തിന്റെ ശക്തീകരണത്തിനും അല്മായ സമുദായ നേതൃവളര്‍ച്ചയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ബിസിസിതലം മുതല്‍ സമാരംഭിക്കുന്നതിനായിട്ടാണു ആറു ശുശ്രൂഷാസമിതികള്‍ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇതില്‍ അജപാലനസമിതിമാത്രമാണു സഭയുടെ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള അഞ്ചും (വിദ്യാഭ്യാസം, സാമൂഹികം, കുടുംബം, അല്മായര്‍, യുവജനങ്ങള്‍) എന്നിവ സമുദായ ശക്തീകരണത്തിനായി രൂപപ്പെടുത്തിയിട്ടുള്ളവയാണു.
മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വെന്‍ഷന്റെ സവിശേഷ ലക്ഷ്യമായി നാലു കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
1. കേരള ലത്തീന്‍സഭയില്‍ ഏകീകൃതവീക്ഷണവും സംവിധാനവും രൂപപ്പെടുത്തുക.
2. സഭയുടെ ചെറുപതിപ്പായി ബിസിസി യൂണിറ്റുകളെ മാറ്റുക.
3. ആറു ശുശ്രൂഷാസമിതികളെ സജീവമാക്കുക.
4. പ്രേഷിത ചൈതന്യത്തില്‍ എല്ലാവരെയും നിറക്കുക എന്നിവയാണവ. യഥാര്‍ത്ഥത്തില്‍ കെആര്‍എല്‍സിസി മുന്നോട്ടു വയ്ക്കുന്ന സഭയുടെ നവീകരണവും സമുദായത്തിന്റെ ശക്തീകരണവും എന്ന ദര്‍ശനം കൂടുതല്‍ ജനകീയമാക്കി വ്യാപിപ്പിക്കുകയാണു സംഗമം ചെയ്തത്. ദശവത്സര അജപാലന ദര്‍ശനരേഖ സംഗമത്തില്‍ വച്ചു പുറത്തിറക്കുകയുണ്ടായി. കേരള ലത്തീന്‍ സഭയിലെ ഇരുപത്തിമൂന്നു കമ്മീഷനുകളുടെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയാണിത്. മിക്കവാറും എല്ലാ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങള്‍ ഇടവക ബിസിസിതലങ്ങളില്‍ നടപ്പിലാക്കേണ്ടതു വിവിധ ശുശ്രൂഷാസമിതികള്‍ വഴിയാണ്. ഓരോ ബിസിസിയ്ക്കും ഒരോ ഇടവകകയ്ക്കും വേണ്ടി കൂടിയുള്ള പ്രവര്‍ത്തന മാര്‍ഗരേഖയാണിത്. വടക്കേ ഇന്ത്യയിലെ വിവിധ രൂപതകളുമായി ഉണ്ടാക്കിയിട്ടുള്ള മിഷന്‍ ലിങ്കേജ് പരിപാടി പ്രേഷിതപ്രവര്‍ത്തനത്തിനു സാര്‍വത്രികമാനം നല്‍കുന്നു.
കേരള ലത്തീന്‍ സഭയുടെയും സമുദായത്തിന്റെയും രൂപവും ഭാവവും മാറ്റുന്ന മഹത്തായ ദര്‍ശനവും കര്‍മപദ്ധതിയും മിഷന്‍കോണ്‍സിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവ സമയബന്ധിതമായി നടപ്പിലാക്കാന്‍ എത്രകണ്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു ഗൗരവമായി വിലയിരുത്താനുള്ള അവസരമാണിത്.
ആറു മാസക്കാലം കൊണ്ട് നാം നടന്നു തീര്‍ക്കേണ്ട ദൂരത്തിന്റെ നൂറിലൊന്നു പോലും നടന്നു തീര്‍ക്കാന്‍ നമുക്കു സാധിച്ചിട്ടില്ല എന്നതാണു ഈ ലേഖകന്റെ വിലയിരുത്തല്‍. എല്ലാ സംഭവങ്ങളെയും ആഘോഷങ്ങളാക്കി മാറ്റാനുള്ള അസാധാരണമായ ചാതുര്യം ലത്തീന്‍ കത്തോലിക്കര്‍ക്കുണ്ട്. മിക്കവാറും സമയങ്ങളില്‍ ആഘോഷങ്ങളുടെ തിരക്കില്‍ അരൂപിയും ദര്‍ശനവും അവഗണിക്കപ്പെട്ടു പോകാറാണു പതിവ്. ഈ ദുര്‍ഗതി മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വെന്‍ഷനു ഭവിക്കാതെ നോക്കണം. മറിച്ചാണു സംഭവിക്കുന്നതെങ്കില്‍ അതുല്യമായ ദൈവാനുഗ്രഹത്തെ നാം നിരാകരിക്കുകയാണു ചെയ്യുന്നത്. താലന്തുകള്‍ കുഴിച്ചിട്ടു വിലപിച്ച ഭൃത്യന്റെ ഗതികേട് ലത്തീന്‍ സഭയ്ക്കും ഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗൗരവമായും അടിയന്തിരമായും പരിഗണിക്കേണ്ട ചില നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു. ലത്തീന്‍ കത്തോലിക്കര്‍ വിശ്വാസസമൂഹവും സമുദായവുമാണെന്ന കെആര്‍എല്‍സിസിയുടെ മൗലീകവീക്ഷണം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നയിക്കുന്ന അടിസ്ഥാന തത്വം ആയി തന്നെ തുടരണം. സമുദായപരമായി വളരെ പിന്നാക്കം നില്‍ക്കുന്നതു മൂലവും അസംഘടിതരായി കഴിയുന്നതു മൂലവും രാജ്യത്തിന്റെ പൊതുസമ്പത്തില്‍ നിന്നും നമുക്കു അവകാശമായി ലഭിക്കേണ്ട പലതും തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാറി മാറി വരുന്ന ഭരണാധികാരികളില്‍ നിന്നും നിരന്തരം അവഗണനയുടെ കയ്പുനീര്‍ കുടിക്കേണ്ട ഗതികേടിലാണു സമുദായം. ഓഖി ദുരന്തം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണു. വല്ലാര്‍പാടം സംഗമം മുന്നോട്ടു വച്ച ദര്‍ശനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും അദ്യഘട്ടം മുതല്‍ നടപ്പിലാക്കേണ്ടതുമായ ചില പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.
• രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തതു പോലെ കേരള ലത്തീന്‍ സഭയെ പങ്കാളിത്ത സഭയായി പൂര്‍ണരൂപത്തില്‍ വളര്‍ത്തണം. സഭാപ്രവര്‍ത്തനങ്ങളിലുള്ള അല്മായ പങ്കാളിത്തത്തിന്റെ കാനോനിക സംവിധാനങ്ങളായ പാസ്റ്ററല്‍ കൗണ്‍സിലുകളും ഫിനാന്‍സ് കൗണ്‍സിലുകളും എല്ലാ രൂപതകളിലും രൂപതാ തലങ്ങളിലും ഇടവകതലങ്ങളിലും സ്ഥാപിക്കുകയും സജീവമാക്കകയും ചെയ്യണം. എല്ലാ തലങ്ങളിലും പ്ലാനും ബജറ്റും സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കണം. അജപാലന സൗകര്യങ്ങള്‍ക്കായി രൂപപ്പെടുത്തിയിട്ടുള്ള ശുശ്രൂഷാസമിതികള്‍ സജീവമാക്കണം. ആവശ്യമായ പരിശീലനം നല്‍കണം.
വിശ്വാസജീവിതത്തിന്റെ നവീകരണം മുഖ്യ അജണ്ടയായി മാറണം. ബൈബിള്‍, ആരാധന എന്നിവയേക്കാള്‍ പ്രാധാന്യം ആചാരനുഷ്ഠാനങ്ങള്‍ക്കു കൈവന്നിരിക്കുന്നു. തിരുനാളുകളുടെ എണ്ണവും ആര്‍ഭാടവും ആഘോഷങ്ങളും ഊട്ടുസദ്യകളും പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരുന്നു. ഓരോ ഇടവകകളിലും കപ്പേളകളിലേതുള്‍പ്പടെ നാലും അഞ്ചും പെരുന്നാളുകളാണു നടത്തപ്പെടുന്നത്. പല ഇടവകകളിലും ബിസിസി കേന്ദ്രക്കമ്മിറ്റികളുടെ പ്രധാന ചുമതല പെരുന്നാളുകള്‍ പ്ലാന്‍ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതായി മാത്രം ചുരുങ്ങിയിരിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. വിശ്വാസാരൂപിക്കും സഭാപ്രബോധനങ്ങള്‍ക്കും വിരുദ്ധമായ വന്‍ ആഘോഷങ്ങള്‍ക്ക് എതിരെ ബോധവല്കരണവും കര്‍ശനമായനിയന്ത്രണവും ഏര്‍പ്പെടുത്തണം. ഇടവകകളിലെ തിരുന്നാളുകള്‍ സംയോജിപ്പിച്ചു നടത്തുന്നതു ഉചിതമാണ്. അതുപോലെ തന്നെ മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടെ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണം. ലത്തീന്‍ കത്തോലിക്കരുടെ സാമുദായികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പുരോഗതിയ്ക്കു ഉപയോഗിക്കപ്പെടേണ്ട ഊര്‍ജവും വിഭവങ്ങളും ആഘോഷങ്ങള്‍ക്കായി ദുര്‍വ്യയം ചെയ്യപ്പെടുന്നതു മൂലം സമുദായം കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്കു തള്ളപ്പെടുന്നു.
• ഇടവക സമൂഹത്തിനു ആവശ്യമുള്ളതിനേക്കാള്‍ വലിയ ദൈവാലയ നിര്‍മാണങ്ങള്‍ ഇന്നു വ്യാപകമാകുകയാണു. ഇവ പലപ്പോഴും ഇടവകയിലെ സാധാരണ വിശ്വാസികള്‍ക്കു താങ്ങാനാകാത്ത ചുമടായിമാറുന്നു. മാത്രമല്ല, ചില നിര്‍മാണങ്ങള്‍ പൊതുസമൂഹത്തിനു ഉതപ്പായി മാറുന്നുമുണ്ട്. നിര്‍മാണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനുമായ സംവിധാനം എല്ലാ രൂപതകളിലും ഉണ്ടാകണം.
ഓരോ ഇടവകയിലെ ബജറ്റിലും സമുദായ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വകയിരുത്തല്‍ഉണ്ടാകണം. യുവജനങ്ങളില്‍നിന്നും അല്മായരില്‍ നിന്നും സമൂഹത്തിലെ വിവിധതലങ്ങളില്‍ നേതൃത്വം രൂപപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം.
കെആര്‍എല്‍സിസി തലത്തില്‍ സമുദായ കാര്യങ്ങള്‍ക്കായി പ്രത്യേക സംവിധാനം ഉണ്ടാകണം. അല്മായ നേതൃത്വത്തിന്റെ പരിശീലനത്തിനുളള വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
മിഷന്‍ കോണ്‍ഗ്രസിലൂടെ ദൈവം വര്‍ഷിച്ച അരൂപിയും ദര്‍ശനവും ഉള്‍ക്കൊണ്ട് നവീകരിക്കപ്പെട്ട ദൈവജനമായി നമുക്കു മാറാം.
‘അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്നും അകന്നു നില്‍ക്കുക’. (2 തിമോത്തി 3:5).

ജോയി ഗോതുരുത്ത്


Tags assigned to this article:
catholicskeralacatholicskrlcclatinmissioncongress

Related Articles

ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും

കൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു

മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്‌ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍  പൊലീസ്

ജില്ലാതല നിയമബോധന അമൃത മഹോത്സവത്തിന് വിരാമമായി

  എറണാകുളം: അമൃത മഹോത്സവ നിയമബോധന പരിപാടിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഔപചാരിക സമാപന സമ്മേളനവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*