Breaking News

വഴിയരികിലെ അത്ഭുതം

വഴിയരികിലെ അത്ഭുതം

കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ് വണ്ടി ഓടിച്ചിരുന്നത്. പെട്ടെന്നതാ അല്പം മുമ്പിലായി ഒരു സ്ത്രീ റോഡിന്റെ ഒത്ത നടുക്കു നില്‍ക്കുന്നു. നീണ്ട ഒരു ഗൗണ്‍ ആണ് വേഷം. രണ്ടു കൈയും ഉയര്‍ത്തി വണ്ടി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതുപോലെയാണ് നില്‍ക്കുന്നത്. ഒരു ലിഫ്റ്റിനുവേണ്ടിയാണോ, അതോ ആക്രമിക്കുന്നതിനുവേണ്ടിയാണോ? കാറിലുണ്ടായിരുന്ന ഭാര്യയ്ക്ക് ഭയമായി. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. നിറുത്താതെ പോകാം, വല്ല അക്രമികളും പതുങ്ങിയിരിക്കുന്നുണ്ടാകും.
വാഹനം ആ സ്ത്രീയെ തൊടാതെ സൈഡിലേക്കെടുത്ത് ഓടിച്ചുപോകാം എന്നു കരുതിയെങ്കിലും അവരെ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അവരുടെ ഡ്രസ് ആകെ ചോര പുരണ്ടിരിക്കുകയാണ്. നെറ്റിത്തടത്തിലും കൈയിലും ഒക്കെ മുറിപ്പാടുകളുണ്ട്. പ്ലീസ് സ്റ്റോപ്പ് എന്ന് അവര്‍ ദയനീയമായി പറയുന്നതും കേട്ടു. ഇനി വല്ല അപകടവും പറ്റിയിട്ട് സഹായത്തിനായി കേഴുകയാണെങ്കിലോ? ആ വഴി വേറെ വാഹനങ്ങളൊന്നും വന്നില്ലെങ്കില്‍ അവര്‍ രക്തം വാര്‍ന്ന് മരിക്കാനിടയാകും. നിറുത്തണ്ട എന്ന് ഭാര്യ പറഞ്ഞെങ്കിലും അയാള്‍ക്ക് വാഹനം മുന്നോട്ടെടുക്കാന്‍ മനഃസാക്ഷി അനുവദിച്ചില്ല. വണ്ടി നിറുത്തിയ ഉടനെ വഴിയില്‍നിന്ന സ്ത്രീ പറഞ്ഞു: പ്ലീസ്, രക്ഷിക്കണം. ഞാനും ഭര്‍ത്താവും കുഞ്ഞും വാഹനത്തില്‍ വരുമ്പോള്‍ വഴിതെറ്റി മരത്തിലിടിച്ചു. ആ ആഘാതത്തില്‍ വണ്ടി ഓടിച്ചിരുന്ന ഭര്‍ത്താവ് മരിച്ചെന്നു തോന്നുന്നു. കുഞ്ഞിന് ജീവനുണ്ട്. അതിനെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ഒന്നു സഹായിക്കണം.
അല്പം ദൂരെയായി അവരുടെ കാറിന്റെ ടെയ്ല്‍ ലൈറ്റ് കാണാമായിരുന്നു. ഭര്‍ത്താവ് കാറില്‍ നിന്നിറങ്ങി, ആ സ്ത്രീയോട് തന്റെ ഭാര്യയോടൊപ്പം അവിടെ നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് അയാള്‍ അപകടം പറ്റിയ വാഹനത്തിനടുത്തേയ്ക്കു നടന്നു. കാറിനുള്ളില്‍ രണ്ടുപേര്‍ ചലനമില്ലാതെ മുന്‍സീറ്റില്‍ ഇരിക്കുന്നതും ബാക്ക് സീറ്റില്‍ ഒരു കുഞ്ഞിനെയും കണ്ടു. ആ കുട്ടിക്ക് മുറിവേറ്റിരുന്നു. കരഞ്ഞുകൊണ്ടിരുന്ന ആ കുട്ടിയെയും എടുത്ത് കാറിനടുത്തേക്ക് നടന്നു. കുഞ്ഞിനെ അതിന്റെ അമ്മയെ ഏല്‍പ്പിക്കാമെന്നു കരുതി കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ അതില്‍ തന്റെ ഭാര്യയെ മാത്രമേ കണ്ടുള്ളൂ. വഴിയില്‍ നിന്നിരുന്ന സ്ത്രീ എന്തിയേ? അയാള്‍ തന്റെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ ഭാര്യ പറഞ്ഞു: നിങ്ങള്‍ ആ കാറിനടുത്തേക്ക് പോയ ഉടനെ അവരും നിങ്ങളുടെ പുറകെ വന്നല്ലോ. അവര്‍ അവിടെ എത്തിയില്ലേ? ഞാന്‍ ശ്രദ്ധിച്ചില്ലായിരിക്കും. നമുക്ക് ഉടനെ ഈ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം. ഞാനവരെ പോയി വിളിച്ചുകൊണ്ടുവരാം എന്നുപറഞ്ഞ് അയാള്‍ വീണ്ടും അപകടം പറ്റിയ വാഹനത്തിനടുത്തേയ്ക്ക് ചെന്നു.
ആ സ്ത്രീയെ അവിടെയെങ്ങും കണ്ടില്ല. അപ്പോഴാണ് അയാള്‍ മുന്‍സീറ്റില്‍ ചലനമില്ലാതെ ഇരിക്കുന്ന രണ്ടുപേരെയും ശ്രദ്ധിച്ചത്. ഒന്ന് ഒരു പുരുഷനും, മറ്റൊന്ന് ഒരു സ്ത്രീയും രണ്ടുപേര്‍ക്കും ജീവന്റെ യാതൊരു ലക്ഷണവുമില്ല. അയാള്‍ തന്റെ കൈയിലുണ്ടായിരുന്ന ടോര്‍ച്ച് തെളിച്ച് അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. റോഡില്‍ സഹായത്തിനായി നിന്ന അതേ സ്ത്രീയുടെ രൂപം തന്നെ. അതേ വസ്ത്രങ്ങള്‍, മുറിവുകള്‍. അപകടത്തില്‍ മുന്നില്‍ ഇരുന്നിരുന്ന രണ്ടുപേരും മരിച്ചു. പിന്നെ എങ്ങനെ ആ സ്ത്രീ വഴിയില്‍ എത്തി, തങ്ങളോട് സഹായത്തിനായി അപേക്ഷിച്ചു. അവരുടെ കുഞ്ഞിനെ രക്ഷിക്കാന്‍ അവരുടെ ആത്മാവ് അവിടെ നിന്നതാണോ? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!
നമുക്കജ്ഞാതമായ എന്തെല്ലാം സംഭവങ്ങളാണ് നമുക്കുചുറ്റും നടക്കുന്നത്? തങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്ക് എന്തോ ഒരു അപകടം ഉണ്ടായി, അല്ലെങ്കില്‍ ഒരു ആപത്ത് ഉണ്ടാകാന്‍ പോകുന്നു എന്ന് മൈലുകള്‍ക്കപ്പുറത്ത് താമസിക്കുന്ന ഒരാള്‍ക്ക് എങ്ങനെ സൂചന ലഭിക്കുന്നു? ഒരാളെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷത്തില്‍ അപ്രതീക്ഷിതമായി അയാളില്‍നിന്ന് ഒരു ഫോണ്‍കോള്‍ ലഭിക്കുന്നത് എങ്ങനെയാണ്?
മരിച്ചുപോയ ചില വ്യക്തികളെ നമ്മള്‍ സ്വപ്‌നത്തില്‍ കാണുന്നത് എന്തുകൊണ്ടാണ്? തലനാരിഴയ്ക്ക് ഒരു അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ക്ക് സാധിക്കുന്നത് എന്തുകൊണ്ടാണ്? വിഷപ്പാമ്പുകടിയേറ്റ ഒരാളെ ഇപ്പോള്‍ ചികിത്സയ്ക്കായി കൊണ്ടുവരും എന്ന് ചില നാട്ടുവൈദ്യന്മാര്‍ എങ്ങനെ മനസിലാക്കുന്നു? ഇവയ്‌ക്കൊന്നും വ്യക്തമായ ഒരു ഉത്തരം പറയുക സാധ്യമല്ല.
വരാനിരിക്കുന്ന ചില ദൂരന്തങ്ങളെക്കുറിച്ചും സൗഭാഗ്യങ്ങളെക്കുറിച്ചും മുന്‍കൂട്ടി പറയുവാന്‍ പ്രവാചകന്മാര്‍ക്ക് കഴിയുമായിരുന്നു എന്ന് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ചിലര്‍ക്ക് സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കുവാനും അതിന്റെ വെളിച്ചത്തില്‍ ഭാവിയില്‍ എന്തുസംഭവിക്കും എന്നു പറയുവാനും സാധിക്കുമായിരുന്നു. ശുദ്ധീകരണസ്ഥലത്ത് പീഢകളനുഭവിക്കുന്ന ചില ആത്മാക്കള്‍ തങ്ങളുടെ ശിക്ഷയില്‍നിന്ന് മോചനം നേടാനായി വിശുദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ച് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായും കേട്ടിട്ടുണ്ട്..
മരിച്ചിട്ട് അധികം മണിക്കുറുകളോ ദിവസങ്ങളോ ആയിട്ടില്ലാത്തവരുടെ ആത്മാക്കള്‍ പരലോകത്തിലേയ്ക്ക് പോകുന്നതിനുമുമ്പ് ഒരുപക്ഷേ തങ്ങള്‍ക്ക് ചെയ്തു തീര്‍ക്കുവാനുള്ള ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ദൈവം ഒരവസരം കൊടുക്കുന്നു എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മറ്റു ചിലര്‍ക്ക് തങ്ങളുടെ ഭവനം വിട്ടുപോകാത്ത തരത്തിലുള്ളത്ര അഭേദ്യമായ ബന്ധം ഉള്ളതുകൊണ്ട് അവരുടെ ആത്മാവ് കുറച്ചുദിവസം കൂടി അവിടെ തങ്ങാറുണ്ടത്രേ. ജീവിച്ചിരിക്കുന്നവര്‍ക്ക് ചില വിഷമഘട്ടങ്ങളില്‍ മുന്നോട്ടുപോകുവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചിലരുടെ ആത്മാക്കള്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് നല്‍കാറുണ്ടെന്നും ചില വിദഗ്ധര്‍ പറയാറുണ്ട്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാനായി മരിച്ചവരുടെ ആത്മാക്കളുമായി സംവദിക്കുന്നത് വളരെ കര്‍ശനമായി ബൈബിളില്‍ നിരോധിച്ചിട്ടുണ്ട്. വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ കര്‍ത്താവിനു നിന്ദ്യരാണ് (നിയമ. 18: 11-12). ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ സഹായകന്‍ പരിശുദ്ധാത്മാവാണ്. അവിടുന്ന് നമ്മെ നേര്‍വഴിയിലൂടെ നയിക്കട്ടെ.


Related Articles

അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച

ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്‍

വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ

കൊന്തയച്ചന്റെ ദീപ്ത സ്മരണ

കുഞ്ഞുനാളിലെ ഓര്‍മകളില്‍ നിറഞ്ഞുനല്ക്കുന്നു വര്‍ണവും വാദ്യവും ഇടകലര്‍ന്ന പള്ളി പെരുന്നാള്‍. ആ ദിവസങ്ങളില്‍ പുലര്‍ച്ചെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന സുപരിചിതമായ പ്രാര്‍ഥന ഈണത്തില്‍ മൈക്കിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*