വാക്കിനെ ആര്‍ക്കാണ്‌ പേടി?

വാക്കിനെ ആര്‍ക്കാണ്‌ പേടി?

ഹെംലക്ക്‌ ചെടിയുടെ ചാറുമായി സോക്രട്ടീസ്‌ നില്‍പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത്‌ രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്‌, സോക്രട്ടീസ്‌; കറുപ്പിന്റെ വിധിയാളന്‍മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്‌. ജ്ഞാനത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഏഥന്‍സ്‌ പഴംകഥയൊന്നുമല്ല. മന:സാക്ഷിയുടെ ശബ്ദത്തെ വിഷദ്രാവകം കൊണ്ട്‌ മൗനത്തിലേക്ക്‌ ഒഴുക്കിവിട്ട അധികാരത്തിന്റെ ക്രൂരോന്മാദം പിന്നെ എത്രയാവര്‍ത്തിച്ചു! ഇപ്പോഴും എത്രയാവര്‍ത്തിക്കുന്നു… നമുക്കിടയില്‍, നമുക്കു ചുറ്റും. കുരീപ്പുഴ ശ്രീകുമാറിന്‌ നേരെ നടന്നത്‌ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. അവസാനത്തേതുമല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ആത്മാഭിമാനം എന്ന്‌ വാഴ്‌ത്തിയിരുന്ന എംടി മുതല്‍ കവി സച്ചിദാനന്ദന്‍ വരെ ഫാസിസത്തിന്റെ കോപത്തിന്‌ വിധേയരായി. ജീവനെടുക്കാത്തത്‌ ഇവിടെ മാത്രം. മതേതരത്തിന്റെ ശ്വാസവും വീര്യവും ഇനിയും ബാക്കിയുള്ള നമ്മുടെ മണ്ണില്‍. ഗൗരി ലങ്കേഷിന്റെ വിധി പലരൂപമെടുക്കുന്നു, മറ്റു ദേശങ്ങളില്‍. ഈ കെട്ടകാലത്തിന്റെ ചുവരെഴുത്ത്‌ വായിക്കുമ്പോള്‍ ഒരു നടുക്കത്തോടെ ബോധവാനാകുന്നു-നട്ടെല്ലുള്ള വ്യക്തിശബ്ദങ്ങളുടെ കഴുത്തു ഞെരിക്കുന്ന കാലമാണിത്‌!
ചരിത്രത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പാകുന്നു: `ദീപസ്‌തംഭം മഹാശ്ചര്യം! എനിക്കും കിട്ടണം പണം!’ എന്ന്‌ പാടിയിട്ടുള്ളവര്‍ക്കേ പൊന്നും പണവും കിട്ടിയിട്ടുള്ളൂ, ആയുസ്സും! ഭരണകൂടഭ്രാന്തിനെതിരെ കലഹിക്കാനും മന:സാക്ഷിയുടെ സ്വരം കേട്ട്‌ ഉണര്‍ച്ച പ്രാപിക്കാനും അതുറക്കെ ഏറ്റുപാടാനും മുതിര്‍ന്നവരെയെല്ലാം തേടി ഹെംലക്ക്‌ ചാറ്‌ എത്തിയിട്ടുണ്ട്‌-പല രൂപത്തില്‍, പല രുചിഭേദങ്ങളില്‍. ജീവനെടുത്തും, തടവിലാക്കിയും അധികാരത്തിന്റെ സംഘനൃത്തം തുടരുന്നു.
രണ്ട്‌ കുറ്റങ്ങളായിരുന്നു യവനചിന്തകരില്‍ ഏറ്റവും മഹാനായിരുന്ന സോക്രട്ടീസില്‍ ഏഥന്‍സ്‌ പൗരക്കോടതി കണ്ടെത്തിയത്‌. യവനദേവഗണങ്ങളോട്‌ ഭക്തിയില്ല എന്നത്‌ ആദ്യത്തെ കുറ്റം. യുവാക്കളെ വഴി തെറ്റിക്കുന്നു എന്നത്‌ രണ്ടാമത്തെ കുറ്റം. പിന്നീട്‌ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ സ്വതന്ത്ര ശബ്ദങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ കുറ്റങ്ങള്‍ക്ക്‌ വിധി കേട്ടവരാണ്‌.
ഭക്തിയില്ല എന്നത്‌ ഭൂരിപക്ഷത്തിന്റെയോ അധികാരസ്ഥാനത്ത്‌ ഇരിക്കുന്നവരുടെയോ വിശ്വാസപ്രമാണങ്ങളോടും നിലപാടുകളോടും വിയോജിക്കുന്നു എന്ന്‌ വിശാലമായി വായിക്കാവുന്നതാണ്‌. വാഴുന്നോര്‍ എന്നു പറയുന്ന കൂട്ടം, അധികാരം കയ്യാളുന്നവര്‍, എപ്പോഴും അതിന്റെ വിധേയ ജനതയുടെ നേര്‍ക്ക്‌ ഒരു കപടശാന്തത വച്ചുനീട്ടുന്നുണ്ട്‌. ഞങ്ങളെ ചോദ്യം ചെയ്യാന്‍ വരരുത്‌. ഞങ്ങള്‍ പറയുന്നത്‌ വിഴുങ്ങുക. എങ്കില്‍ നിങ്ങള്‍ക്ക്‌ സമാധാനം അനുഭവിക്കാം. അധികം ചിന്തയൊന്നും വേണ്ട! ചോദ്യവും വേണ്ട! ഈ ലോകം അടക്കി ഭരിക്കുകയും ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ സാമ്രാജ്യങ്ങളും അവകാശപ്പെടുന്ന ആഭ്യന്തര സമാധാനം എന്ന്‌ പറയുന്നത്‌ ഈ മൗനമാണ്‌.
സ്വതന്ത്ര ചിന്തകള്‍ അധികാരത്തിന്റെ നിലപാടുകളെ തൊട്ടുകളിച്ചു തുടങ്ങുമ്പോഴാണ്‌ എല്ലായിടത്തും പ്രശ്‌നം തുടങ്ങുന്നത്‌. ചോദ്യം ചെയ്യാതെ വിഴുങ്ങുന്ന ഭക്തി, ഏത്‌ അവസ്ഥയിലായാലും, വ്യക്തിയുടെ മരണമാണ്‌. എന്തെങ്കിലുമൊക്കെ ഭൗതിക നേട്ടങ്ങളുടെ പേരില്‍ ഉള്ളിലുണരുന്ന ആത്മാവിന്റെ ചോദ്യങ്ങളെ വിഴുങ്ങിയവരായിരുന്നു, ചരിത്രത്തില്‍ ഭൂരിഭാഗവും എന്നതിന്റെ തെളിവാണ്‌ സാമ്രാജ്യങ്ങള്‍ ശാന്തത സൂക്ഷിക്കുന്നതില്‍ വിജയിച്ചു എന്നത്‌. അത്‌ മരണത്തിന്റെ ശാന്തതയായിരുന്നു. ആ ചോദ്യങ്ങളെ വിഴുങ്ങാതെ ഉറക്കെ ചോദിച്ചവരെല്ലാം എന്നും സോക്രട്ടീസിന്റെ വിധി ഏറ്റുവാങ്ങുന്നു! സോക്രട്ടീസിന്‌ പോലും ആ കപടശാന്തത വച്ചുനീട്ടപ്പെട്ടിയിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ അന്ത്യകാലത്തിന്റെ സാക്ഷ്യപത്രങ്ങള്‍ പറയുന്നു. ധനികരായിരുന്ന ശിഷ്യന്മാര്‍ തടവറ സൂക്ഷിപ്പുകാര്‍ക്ക്‌ പണം കൊടുത്ത്‌ അദ്ദേഹത്തിന്‌ മോചനം സാധ്യമാക്കാന്‍ അവസരം ഒരുക്കിയിരുന്നു. എന്നാല്‍ തന്റെ വാക്കിന്റെ നേരിനെ ജീവിതം കൊണ്ട്‌ അനശ്വരമായി അടയാളപ്പെടുത്താന്‍ ആഗ്രഹിച്ച സോക്രട്ടീസ്‌ ആ വാഗ്‌ദാനം പുഞ്ചിരിയോടെ നിരസിച്ചു!
യുവാക്കളെ വഴിതെറ്റിക്കുന്നു എന്നതാണ്‌ രണ്ടാമത്തെ മഹാപരാധം. ബുദ്ധി ഉപയോഗിച്ചു ചോദ്യം ചോദിക്കാന്‍ പഠിപ്പിച്ചു എന്ന ഒരേയൊരു കുറ്റമേ സോക്രട്ടീസ്‌ ചെയ്‌തുള്ളൂ. സോക്രട്ടീസ്‌ യുവാക്കളെ ചോദ്യങ്ങള്‍ കൊണ്ടുണര്‍ത്തി. ആത്മാവിന്റെ ആഴത്തോളം തുളഞ്ഞു കയറുന്ന ചോദ്യശരങ്ങളാല്‍ അദ്ദേഹം ഒരു യുവതയെ ഉയിര്‍പ്പിച്ചു. അങ്ങനെ ഉണര്‍ന്ന യുവത അധികാരികളോടും ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. അതാണ്‌ അവരെ പ്രകോപിപ്പിച്ചതും സോക്രട്ടീസിനെ ശത്രുവായി കാണാന്‍ പ്രേരിപ്പിച്ചതും.
സമൂഹത്തെ ഉറക്കി കിടത്താനാണ്‌ എല്ലാ ഭരണകൂടങ്ങള്‍ക്കും താല്‌പര്യം. വിധേയന്മാരുടെ കൂട്ടത്തെ സൃഷ്ടിക്കലാണ്‌ എല്ലാ കാലത്തും കോര്‍പറേറ്റ്‌ സ്വഭാവമുള്ള നേതാക്കന്മാരുടെ തന്ത്രം. ഇത്‌ ഭരണകൂടങ്ങളുടെ മാത്രം തന്ത്രമല്ല, മതാധികാരികളും ഈ തന്ത്രം വിജയകരമായി ഉപയോഗിച്ചുപോരുന്നു. ആത്മാവില്‍ നിന്നുയരുന്ന ചോദ്യങ്ങളെ ഭയപ്പെടുന്ന ഭരണകൂടങ്ങളും മതാധികാരങ്ങളും സത്യത്തില്‍ നിന്ന്‌ ദൂരെയാണ്‌. അത്‌ കപടമാണ്‌.
ഗലീലിയോ ഗലീലി ഒരു വിലാപമായി ചരിത്രത്തില്‍ മുഴങ്ങുന്നത്‌ സ്വതന്ത്രമായ ചിന്തയെ നിര്‍മലമായ ഹൃദയത്തോടെ പിന്തുടര്‍ന്നതു കൊണ്ടാണ്‌. സത്യാന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നതാകണം മതവിശ്വാസവും സമൂഹവും. യഥാര്‍ത്ഥ ജനാധിപത്യം സത്യാന്വേഷണത്തെ സ്വാഗതം ചെയ്യണം. സത്യാന്വേഷണ സ്വഭാവമുള്ള ചോദ്യങ്ങളെ ഭയപ്പെടുകയും അടിച്ചമര്‍ത്തുകയും ആ ചോദ്യകര്‍ത്താവിനെ വധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കണം, ആ രാജ്യം ജനാധിപത്യത്തിന്റെ വഴിയില്‍ നിന്ന്‌ മാറിപ്പോയിരിക്കുന്നു. മുഖംമൂടിയിട്ട ഏകാധിപത്യമാണവിടെ വാഴുന്നത്‌. ഏകാധിപത്യത്തിന്‌ പല മുഖങ്ങളുണ്ടെന്നു മാത്രം!
പരമ്പരാഗത യഹൂദ ചിന്തകളെയും അവരുടെ ഇടയില്‍ നിലനിന്നിരുന്ന മിഥ്യാധാരണകളെയും ചോദ്യം ചെയ്യുകയും നേരിന്റെ പ്രകാശം അന്വേഷിക്കുകയും ചെയ്‌ത ക്രിസ്‌തുവിന്റെ അനുയായികളുടെ പിന്‍മുറക്കാര്‍ തന്നെയാണ്‌ ഗലീലിയോയുടെ വായ്‌ മൂട്ടിക്കെട്ടാന്‍ തുനിഞ്ഞതെന്നതാണ്‌ സങ്കടകരമായ സത്യം! വിശ്വാസങ്ങള്‍ അധികാര കേന്ദ്രങ്ങളാകുകയും, അധികാരം വിശ്വാസങ്ങളുടെ വിനയത്തെ മറികടന്ന്‌ ഉന്മത്തമാകുകയും ചെയ്യുമ്പോഴാണ്‌ അപകടം. ഈശ്വരന്റെ അധികാരം സ്വയം കൈയേറാന്‍ തുടങ്ങുന്ന മതങ്ങള്‍ അപകടകാരികളാണ്‌. മുകളില്‍ ഇനി ആരുമില്ലല്ലോ ചോദിക്കാന്‍ എന്നൊരു ഭീകരമായ മിഥ്യാധാരണയാണതിന്‌ കാരണമാകുന്നത്‌. ഹ്യൂഗോയുടെ `നോത്രദാമിലെ കൂനന്‍’ എന്ന നോവലിലെ ആര്‍ച്ച്‌ഡീക്കനെ ഓര്‍ത്തു പോകുന്നു. അത്തരം മനോഭാവമുള്ള മനുഷ്യരും കൂട്ടങ്ങളും സംഘങ്ങളും പെരുകുന്ന കാലത്തില്‍ സാധാരണ മനുഷ്യന്‌ ആര്‌ രക്ഷ നല്‍കും!
യുക്തിരഹിതമായ ചിന്തകളിലും ബോധ്യങ്ങളിലും പടുത്തുയര്‍ത്തപ്പെടുന്ന അധികാരങ്ങള്‍ ഭയപ്പെടുന്നത്‌ ചിന്തകരെയും സമൂഹത്തിന്റെ ചിന്തയെ ഉണര്‍ത്തുന്ന എഴുത്തുകാരെയുമാണ്‌. അതുകൊണ്ടാണ്‌ അവര്‍ സ്വതന്ത്ര ബോധമുള്ള എഴുത്തുകാരെ ലക്ഷ്യം വയ്‌ക്കുന്നത്‌. കടുത്ത അസഹിഷ്‌ണുത ഇവിടെ വളരുന്നുണ്ട്‌. പ്രകാശമുള്ള ചിന്തയോടാണ്‌ അതിന്റെ വിരോധം. ചോദ്യം ചെയ്യലിനെയാണ്‌ അത്‌ ഏറ്റവും വെറുക്കുന്നത്‌. അപ്പോള്‍ അതിന്റെ ശരിക്കുള്ള പേര്‌ ധിക്കാരം നിറഞ്ഞ അജ്ഞത എന്നാണ്‌. ഈ അജ്ഞതയെയാണ്‌ സോക്രട്ടീസ്‌ തിന്മ എന്നു വിളിച്ചത്‌. അതിനെയാണ്‌ നാം ചെറുക്കേണ്ടത്‌. വെളിച്ചത്തെ കൊല്ലുന്ന അജ്ഞതയെ. ഒരു ജനതയെ അജ്ഞതയുടെ ഇരുളിലേക്ക്‌ പിന്നെയും പിന്നെയും വലിച്ചുതാഴ്‌ത്തുന്ന ഇരുണ്ട മനസ്സുകളെ. ഹെംലക്ക്‌ ചെടികളല്ല നമുക്കിനി വേണ്ടത്‌, ഉള്‍ക്കണ്ണ്‌ തുറക്കുന്ന അഞ്‌ജനം!

അഭിലാഷ്‌ ഫ്രേസര്‍


Related Articles

മഹാദുരിതകാലത്തെ കടുംവെട്ട്

കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി

സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കുക : ബിഷപ് അലക്സ് വടക്കുംതല

  കേരളത്തിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക

ഒരു ഡിജിറ്റല്‍ അപാരത

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*