വായന കണ്ടെത്തുന്ന വര്‍ത്തമാനങ്ങള്‍

വായന കണ്ടെത്തുന്ന വര്‍ത്തമാനങ്ങള്‍

ശരത്കാലത്തിന്റെ ചിറകുകളെപ്പറ്റിയും അഗ്നിയുടെയും മഞ്ഞിന്റെയും കുതിപ്പുകളെക്കുറിച്ചും കഥകളെഴുതുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ തന്റെ ഒരു ചെറുകുറിപ്പില്‍ എഴുതി: മരണമെത്തും മുന്‍പേ ഹാ, വായനക്കാരി, നീ ആയിരം ജന്മങ്ങള്‍ ജീവിക്കുന്നു. കൈവിരല്‍ സ്പര്‍ശനത്താല്‍ ഒരു താള് പോലും മറിച്ചുനോക്കാത്തവന്‍ ഹാ, ഒരു ജന്മം പോലും കഷ്ടി ജീവിക്കുന്നു. വായിക്കാനായി പുസ്തകം കിട്ടാത്ത നാളുകളില്‍ നിങ്ങള്‍ ആകാശത്തെ നോക്കുകയും മണ്ണില്‍ ചവിട്ടിനടക്കുകയും വേണമെന്ന അര്‍ഥത്തിലുള്ള ഒരു ഉറുദു കവിത ഗസല്‍രൂപത്തില്‍ സുഹൃത്ത് ആലപിക്കുന്നത് ചെറിയ സദസ്സ് നിറകണ്ണുകളോടെ കേള്‍ക്കുകയും തുറന്നിട്ട ജാലകത്തിലൂടെ എത്തിനോക്കുന്ന സന്ധ്യാകാശത്തെ കാണുകയും ചെയ്യുന്നു. വായനയ്ക്കുവേണ്ടിയും ഒരു ദിനം ഓര്‍മ്മയായെത്തുന്നുവെന്ന് പറയാതെ പത്രപ്രവര്‍ത്തകരുടെ ജീവിതം സാധ്യമേയല്ലെന്ന് ഒരാള്‍ പറഞ്ഞുകൊണ്ടിരിക്കണം.
എല്ലാ വായനകളും ഒരാളെ സംവാദങ്ങളിലേക്ക് നയിക്കുന്നുണ്ടാകും. ഇങ്ങനെ മാത്രം കണ്ടാല്‍ മതി, ഇങ്ങനെ മാത്രം വായിച്ചാല്‍ മതി എന്ന് മുന്‍കൂറായി നിര്‍ദ്ദേശം തരുന്ന സ്വേച്ഛാധികാരത്തെ പുച്ഛിച്ചുകൊണ്ടുതന്നെയാണ് സൂക്ഷ്മരാഷ്ട്രീയ പ്രവര്‍ത്തനമായി തുടങ്ങുന്നതും തുടരുന്നതും. ക്ലാസിക്കുകളിലേക്ക് നിരന്തരം മനുഷ്യര്‍ മടങ്ങുന്നത് വായിച്ചെത്താനാകാത്ത അര്‍ഥങ്ങളുടെ ആഴങ്ങള്‍ തേടി അലയുന്നതുകൊണ്ടുതന്നെയാണ്. ഇത് തിരിച്ചറിയാനാകാതെ വങ്കത്തരം വിളമ്പുകയാണ് ഒരാള്‍; സ്വയം വലിയ വായനക്കാരനായി അയാള്‍ ഭാവിക്കുന്നു. മേശപ്പുറത്തിരിക്കുന്ന ക്ലാസിക്ക് കൃതി ചൂണ്ടിക്കാട്ടി അയാള്‍ പറയുന്നു: നീ ഇതുവരെ ഇത് വായിച്ചിട്ടില്ലേ? ഞാനിത് പത്താം തരത്തില്‍ പ്രവേശിച്ചപ്പോഴേ വായിച്ചുകഴിഞ്ഞതാണ്. വായനയെ ഒറ്റ ശ്വാസത്തില്‍ ഒതുക്കുന്ന ഭവാന് മന്ദഹാസത്തില്‍ പൊതിഞ്ഞ നെടുവീര്‍പ്പോടെ നല്ല നമസ്‌ക്കാരം പറയുകതന്നെവേണം. പുസ്തകത്തിന്റെ അവസാനപുറവും മറിച്ചുകഴിയുമ്പോള്‍ അത് നമ്മളെ വേട്ടയാടിത്തുടങ്ങുന്നുവെന്ന്, പുസ്തകം നമ്മളെ വായിക്കാന്‍ തുടങ്ങുന്നുവെന്ന് എഴുതിയ ചിന്തകനായ ലക്കാനെക്കുറിച്ച് അവരോട് പറഞ്ഞ് സമയം പാഴാക്കേണ്ടതില്ല. കഴിഞ്ഞയിടെ സംഭവിച്ച ഏറ്റവും മനോഹരമായ പ്രസാധക സംരംഭങ്ങളിലൊന്ന് കഴിഞ്ഞ മൂന്നു നാല് തലമുറകള്‍ വായിച്ചുവളര്‍ന്ന മലയാള പാഠാവലിയിലെ പാഠങ്ങളുടെ പ്രസിദ്ധീകരണമായിരുന്നു. ഗൃഹാതുരതയെ വില്പനയ്ക്ക് വയ്ക്കുന്ന സ്വകാര്യ പ്രസാധക സംരംഭകരുടെ ബിസിനസ്സ് തന്ത്രങ്ങളെ മാറ്റിനിര്‍ത്തി നോക്കിയാല്‍, അതിമനോഹരമായ പ്രസിദ്ധീകരണം. വായനയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന സുഹൃദ് വലയത്തില്‍, പഴയപാഠങ്ങള്‍ വായിച്ചുരസിച്ച് ഞങ്ങള്‍ ആഹ്ലാദം കൊണ്ടു. നീ ഈ പാഠം ഓര്‍മ്മിക്കുന്നുണ്ടോ എന്ന് ഒരുവള്‍ ചോദിക്കുകയാണ്. പഴയ മരബഞ്ച്, ഇടവപ്പാതിയുടെ തോരാമഴക്കാലം, ഓടുമേഞ്ഞ മേല്‍ക്കൂര, വിടവില്‍ നിന്ന് ക്ലാസില്‍ പതിക്കുന്ന മഴത്തുള്ളികള്‍. ആരായിരുന്നു അന്ന് ഈ പാഠം പഠിപ്പിച്ചത്? മേരി ടീച്ചര്‍? താണ്ട ടീച്ചര്‍? മെറ്റില്‍ഡ ടീച്ചര്‍? ഇന്ന് കുറേക്കാലം പിന്നിട്ട് ആ പഠനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പുതിയ നാമ്പുകള്‍ കിളിര്‍ക്കുന്നു. പുതിയ പൂക്കാലങ്ങള്‍ വിടരുന്നു. കുഞ്ഞുനാളില്‍ മനസ്സില്‍ വീണ മൂല്യത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് വളര്‍ന്ന് നൂറുമേനി വിളയിക്കുന്നു. പതിരായിപ്പോയില്ല ഒരു പാഠവും എന്ന് പുതിയ കാലത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ വായിച്ചെത്തുന്ന ഒരോ പുറവും പറയുന്നുണ്ട്.
സംഗീതത്തില്‍ ഇംപ്രൊവൈസേഷന്‍ എന്നുണ്ടല്ലോ – പുതുക്കിയെടുക്കല്‍, പുതിയ വഴി തെളിച്ചെടുക്കല്‍; ഇനിയും കണ്ടെത്താനാകാത്ത പക്ഷിയുടെ പിറകേയുള്ള പാച്ചില്‍ കണക്കേ ഒന്ന്. ഏതു പാഠമാണ്, ഏതു വായനയാണ് അര്‍ഥത്തെ/അര്‍ഥങ്ങളെക്കുടിച്ചുവറ്റിച്ച്, സ്വാസ്ഥ്യത്തിന്റെ തീരത്തണഞ്ഞത്? ഇതാണ് ശുദ്ധ പാഠം എന്ന ധാര്‍ഷ്ട്യത്തിനുമീതെ വായനയുടെ കാലാതിവര്‍ത്തിയായ ചിറകടികള്‍ ഉയരുന്നു. ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്ത നിത്യമായ സത്യവും അര്‍ഥവും തേടി, നിന്നിലെത്തുന്നതുവരെ കിതച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ഓരോ വായനയിലുമുണ്ട്. ”കിളിപ്പാട്ട്” എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി:
ഭാഷയുടെ ദണ്ഡകാരണ്യത്തില്‍
വിറകൊള്ളുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
നുറുങ്ങിയ പ്രകാശത്തിന്റെ
വജ്രകണങ്ങളെ ചിതറിച്ച്
കാറ്റിനെ തുളയ്ക്കുന്ന പാട്ടുമായി
അസ്ത്രം പോലെ പാഞ്ഞുപോയതാരാണ്?
അതെ, പാഞ്ഞുപോവുകയാണ് സത്യത്തിന്റെ മിന്നലൊളികള്‍. വായനയില്‍ അതിനെ പിന്‍തുടര്‍ന്ന് ഒരാള്‍ കിതയ്ക്കുന്നു.
വായനയും എഴുത്തും ശിക്ഷയ്ക്കും വിധിക്കും കാരണമാകുന്ന കാലത്ത് ജാഗ്രതയുടെ തുറന്ന കണ്ണുകളുമായി കാത്തിരിപ്പു തുടരാന്‍, പ്രതിരോധം തീര്‍ക്കാന്‍ വായനദിനം പറയുന്നുണ്ടാകണം. ചുവരെഴുത്തുകള്‍ വായിച്ച് പുതിയ രാഷ്ട്രീയ പാഠങ്ങള്‍ വായിച്ച്, ഭരണഘടനയുടെ പുത്തന്‍ വ്യാഖ്യാനങ്ങള്‍ വായിച്ച്, റിപ്പബ്ലിക്കിന്റെ പുതുക്കിയെഴുത്തുകള്‍ വായിച്ച് പ്രതിരോധത്തിന്റെയും പ്രതിപക്ഷനിലപാടുകളിലേക്ക് നീങ്ങാന്‍ സമയമായിട്ടുണ്ട്. പ്രതിരോധവും പ്രതിഷേധവും വായിക്കുന്നവളുടെ വേരുകള്‍ പായുന്ന മണ്ണിന്റേതുകൂടിയാണ്. വായനയില്‍ ഒരാള്‍ നില്‍ക്കുന്ന മണ്ണിന്റെ തുടിപ്പറിയുന്നുണ്ട്. അതുകൊണ്ടാണ് ഏത് മേധാവിത്തശ്രമത്തിനെതിരെയും ഒരാള്‍ ചെറുത്തുനില്‍പ്പാകുന്നത്. അവരവരുടെ ഭാഷയും വേരുകളും കണ്ടെത്തുന്നതു കൂടിയാണ് വായനയുടെ ദൗത്യങ്ങളിലൊന്ന്. ത്രിഭാഷാപഠനപദ്ധതിയെക്കുറിച്ചും ഹിന്ദി പഠനത്തിന്റെ അടിച്ചേല്പിക്കലിനെപ്പറ്റിയും അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്ക് അവരവരുടെ ഭാഷയോടും വേരുകളോടുമുള്ള അടുപ്പത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളോട് ചാര്‍ച്ചയുണ്ട്.
അവരവരുടെ ഭാഷ കളഞ്ഞുപോകുമ്പോള്‍ എന്തെല്ലാമാണ് ആ വഴിയെ മറയുന്നതെന്ന് സച്ചിദാനന്ദന്‍ മാഷ് ”പുതിയഭാഷകള്‍” എന്ന കവിതയില്‍ കുറിക്കുന്നുണ്ട്. ഇങ്ങനെയാണ് ഭാഷകള്‍ മരിക്കുന്നത്. ആദ്യമാദ്യം കടം കൊള്ളുന്ന വാക്കുകള്‍ വിദേശനാണ്യം പോലെ ഭാഷയുടെ ഖജനാവ് സമ്പന്നമാക്കുന്നു. പിന്നെ അവ സ്വന്തം വാക്കുകളെ പുറത്താക്കുന്നു; അഥവാ അവയുടെ വിലക്കെടുത്തുന്നു.’ മാഷ് തുടര്‍ന്നെഴുതുന്നു.
‘ആദ്യം മരിക്കുന്നത് ശബ്ദമാണ്. പിന്നെ അക്ഷരങ്ങള്‍. ചില വാക്കുകള്‍ പോകുമ്പോള്‍ കവിതയില്‍ നിന്ന് നാടും ജനതയും പോയ്മറയുന്നു. കിളികളെയും വിത്തുകളെയും തിരിച്ചറിയാന്‍ വയ്യാതാകുന്നു. വാക്കിനു മറുവാക്കില്ലാതാകുന്നു. വാക്ക് അര്‍ത്ഥത്തിന്റെ വിപരീതമാകുന്നു. ഓരോ നാട്ടുചെടിക്കും മുമ്പില്‍ കുട്ടികള്‍ ഊമകളാകുന്നു. വൃക്ഷങ്ങളും മൃഗങ്ങളും തങ്ങള്‍ ആരെന്നറിയാതെ അമ്പരക്കുന്നു. ദൈവങ്ങള്‍ കാവുകളുടെ ഇരുട്ടില്‍ നിന്ന് ബധിരരെപോലെ തുറിച്ചുനോക്കുന്നു. ഇലകളും പുഴകളും സംസാരം നിര്‍ത്തുന്നു. കാറ്റ് ഇലകള്‍ക്കിടയില്‍ മിണ്ടാനാകാതെ പുളയുന്നു.’
വായനയിലൂടെ വാക്കുകള്‍ തിരിച്ചെത്തുകയും നാടിന്റെ ഉണര്‍വ് അനുഭവവേദ്യമാകുകയും ചെയ്യട്ടെ. വായന വര്‍ത്തമാനത്തെ വീണ്ടെടുക്കട്ടെ.


Related Articles

പള്ളിത്തോട് സീസണ്‍ ഗ്രൂപ്പ് മത്സ്യത്തൊഴിലാളി കുടുംബസംഗമം സംഘടിപ്പിച്ചു

  കൊച്ചി: ലോക മത്സ്യതൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പള്ളിത്തോട് സീസണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മത്സ്യതൊഴിലാളി കുടുംബസംഗമം ഭക്ഷ്യ മന്ത്രി ജി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. എ. എം

സൗമ്യ സന്തോഷിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച്‌

സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

  വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് സാധാരണക്കാരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*