വാര്‍ദ്ധക്യത്തിലെ ഹൃദ്രോഗബാധ

by admin | March 25, 2019 6:23 am

65 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഹൃദ്രോഗ ബാധയാലാണ്. വയോധികരായ 37 ശതനമാനം പുരുഷന്മാര്‍ക്കും 26 ശതമാനം സ്ത്രീകള്‍ക്കും ഹൃദ്രോഗം ഉണ്ടാകുന്നു. എന്തൊക്കെയാണ് വയസായ ഹൃദയത്തിന് സംഭവിക്കുന്നത്. ഹൃദയത്തിലെ കോശനാശമാണ് പ്രധാനം. 75 വയസുള്ള ഒരാള്‍ക്ക് 20 വയസുള്ളപ്പോള്‍ ഉണ്ടായിരുന്നതിന്റെ 10 ശതമാനം ഹൃദയകോശങ്ങളേ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. സ്വയം ഉത്തേജക കോശങ്ങള്‍ക്കാണ് ഈ അപചയം കൂടുതല്‍ സംഭവിക്കുന്നത്. ഹൃദയഭിത്തികള്‍ അമിതമായി കട്ടിപിടിക്കുകയും പ്രവര്‍ത്തനയോഗ്യമായ കോശങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു. ധമനികളില്‍ കാല്‍സ്യം കൂടുതലായി പറ്റിപ്പിടിച്ച് ഉള്‍വ്യാസം ചെറുതാകുകയും രക്തപര്യയനം ദുഷ്‌കരമാവുകയും ചെയ്യുന്നു. ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന അഡ്രിനേര്‍ജിക് സ്വീകരണികള്‍ പ്രവര്‍ത്തനരഹിതമാകുന്നു. അമിതമായ രക്തസമ്മര്‍ദവും പ്രമേഹ ബാധയും വിനയാകുന്നു.
ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഓട്ടോണമിക് നാഡിവ്യൂഹത്തിന് ഉണ്ടാകുന്ന അപചയം മൂലം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നു. അനുഭവപ്പെടേണ്ട നെഞ്ചുവേദന തിരിച്ചറിയാതെ പോകുന്നു. അതുകൊണ്ടാണ് പലപ്പോഴും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ കൃത്യമായി ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തത്. പിന്നീട് ഏറെ സങ്കീര്‍ണതകളുമായി മാരകാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അപ്പോഴേക്കും പല സുപ്രധാന ചികിത്സകളും നല്‍കേണ്ട സമയം കഴിഞ്ഞിരിക്കും. ഇത് അവരിലെ മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറുപ്പക്കാര്‍ക്ക് ഉണ്ടാകുന്ന പല രോഗലക്ഷണങ്ങളും ഹൃദ്രോഗികളായ വയോധികര്‍ക്ക് ഉണ്ടായെന്നുവരില്ല. നെഞ്ചുവേദനയ്ക്കുപകരം മറ്റ് രോഗലക്ഷണങ്ങള്‍ ആണ് അനുഭവപ്പെടുക. അവയെ കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ ഉടനടി സംവിധാനം ചെയ്യേണ്ടത് ഭിഷഗ്വരന്റെ കടമതന്നെ. എല്ലാ ഹൃദ്രോഗപരിശോധനകളും ചികിത്സകളും വയോധികരില്‍ അടിച്ചേല്‍പ്പിക്കരുത്. എന്തിനും മിതത്വം പാലിക്കണം. ഇത് യുവതലമുറ ഡോക്ടര്‍മാര്‍ക്ക് അത്ര പരിചയമില്ലതാനും. പ്രായമേറിയ ഹൃദ്രോഗികളെ ചികിത്സിക്കുന്നതും ഒരു കലയാണ്. പരിചയസമ്പത്തും വിവേകവും അനുകമ്പയും കൂടിച്ചേര്‍ന്ന ഒരു കല.

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b5%8d%e0%b4%b0/