വാല്‍വുകളുടെ അപചയവും രോഗലക്ഷണങ്ങളും

by admin | May 3, 2018 10:21 am

ഡോ. ജോര്‍ജ് തയ്യില്‍

വാതപ്പനിമൂലം ഘടനാപരിവര്‍ത്തനം സംഭവിച്ച വാല്‍വുകള്‍ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ ഏറെയാണ്. ഹൃദയ അറകളിലൂടെയുള്ള രക്തപര്യയനം നിര്‍വിഘ്‌നം സംഭവിച്ചാലേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം നടക്കുകയുള്ളൂ. ഓക്‌സീകരണം സംഭവിച്ച് ശുദ്ധീകരിക്കപ്പെട്ട രക്തം ശ്വാസകോശങ്ങളില്‍ നിന്ന് ധമനിയിലൂടെ ഇടത്തെ മേലറയില്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് മൈട്രല്‍ വാല്‍വ് വഴി ഇടത്തെ കീഴറയില്‍ എത്തുന്നു. ഈ കീഴറയില്‍ നിന്നുത്ഭവിക്കുന്ന മഹാധമനി വഴിയാണ് ശുദ്ധരക്തം ശരീരത്തിന്റെ നാനാഭാഗങ്ങളിലെത്തിച്ചേര്‍ന്ന് പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും നല്‍കുന്നത്. ശരീര കോശങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും സദാസമയവും വേണം. കോശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അശുദ്ധരക്തം ഓക്‌സീകരണത്തിനായി വീണ്ടും ശ്വാസകോശങ്ങളിലെത്തിച്ചേരുന്നതു വലത്തെ ഹൃദയ അറകളിലൂടെയാണ്. ഹൃദയ അറകളിലൂടെയുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നത് വാല്‍വുകളാണ്. വാതപ്പനി മൂലം ഈ വാല്‍വുകള്‍ക്ക് പരിക്കുകളേല്‍ക്കുന്നതിലൂടെ രോഗിക്ക് ദുസഹമായ രോഗലക്ഷണങ്ങളും ഉണ്ടാകുന്നു. രക്തപ്രവാഹം ചുരുങ്ങിയ വാല്‍വിലൂടെ സുഗമമാകാതെ വന്നാല്‍ രക്തം പിന്‍ദിശകളില്‍ കെട്ടിക്കിടന്ന് ശ്വാസതടസം, നെഞ്ചിലസ്വാസ്ഥ്യം, നീര്‍ക്കോള്, നെഞ്ചിടിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാക്കുന്നു. പിന്‍ദിശകളിലുള്ള അറകള്‍ വീര്‍ത്തു തടിക്കുന്നു. അവസാനം അവയുടെ സങ്കോചശേഷി ക്ഷയിക്കുന്നു. ഹൃദയ അറകള്‍ വീര്‍ത്തുവലുതായി സങ്കോച വികസന പ്രക്രിയ അവതാളത്തിലാകുന്നു. താളം തെറ്റിയ നെഞ്ചിടിപ്പ്, കലശലായ ശ്വാസതടസം, നീര്‍ക്കോള്, തളര്‍ച്ച, ശേഷിക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ തീവ്രമായി രോഗി ശയ്യാബദ്ധമാകുന്നു. ഇവിടെ ഔഷധവിധി പോരാതെ വന്നാല്‍ വാല്‍വുകള്‍ റിപ്പയര്‍ ചെയ്യുകയോ മാറ്റിവയ്ക്കുകയോ വേണം. കൃത്യസമയത്ത് രോഗതീവ്രത നിര്‍ണയിച്ച് ചികിത്സിച്ചില്ലെങ്കില്‍ രോഗി ശയ്യാബദ്ധമാകുന്നു.

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%aa%e0%b4%9a%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b5%8b%e0%b4%97/