വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര്‍ മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

by admin | December 6, 2018 9:31 am

കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര്‍ മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്‌ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷനും എന്‍ഡോവ്‌മെന്റ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കടല്‍വാതുരുത്ത് ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി. ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ഗില്‍ബര്‍ട്ട് ആന്റണി തച്ചേരി ആമുഖപ്രസംഗം നടത്തി. ഫാ. ജോണ്‍സണ്‍ റോച്ച, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഡി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടൈറ്റസ് ഗോതുരുത്ത്, കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി അംഗം പി. ജെ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. എ രാജേഷ്, പി. ആര്‍ ലോറന്‍സ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ആന്റണി തയ്യില്‍, ഷാജു പീറ്റര്‍, അനില്‍ കുന്നത്തൂര്‍, ടോമി തൗണ്ടശേരി എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ എസ്എസ്എല്‍സി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ ഉന്നതവിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍പരം വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ കെഎല്‍സിഎയോടൊപ്പം പ്രവര്‍ത്തിച്ച എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയ പറവൂര്‍ ഡോണ്‍ബോസ്‌കോ ഹോസ്പിറ്റല്‍, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബിനോയ് പുളിക്കല്‍, ഐസിവൈഎം ദേശീയ യുവജന അവാര്‍ഡ് ജേതാവ് അജിത്ത് കെ. തങ്കച്ചന്‍, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ജോസഫ് സലിം എന്നിവരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജേക്കബ് സ്വാഗതവും വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ സേവ്യര്‍ പുതുശേരി നന്ദിയും പറഞ്ഞു.
തുരുത്തിപ്പുറം മേഖല കണ്‍വീനര്‍ ഷാജി കാട്ടാശേരി, മാനാഞ്ചേരിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ജിജന്‍ എന്നിവര്‍ നയിച്ച വിളംബര ജാഥ രൂപതാ സെക്രട്ടറി സേവ്യര്‍ പടിയില്‍, ഫാ. ജാക്‌സണ്‍ എന്നിവര്‍ ഫഌഗ് ഓഫ് ചെയ്തു. കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഷീല ബാബു, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ഷൈജ ആന്റണി, രൂപത വൈസ് പ്രസിഡന്റ് ഷേളി കിഷോര്‍, ഷീന എന്നിവര്‍ റാലിക്ക് സ്വീകരണം നല്‍കി.

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%81/