വിദ്യാഭ്യാസ നയം പൊളിച്ചെഴുതാന്‍ എന്തിത്ര തിടുക്കം?

നിപ വൈറസ് ഭീഷണി പൊട്ടിപുറപ്പെടും മുന്‍പേ കേരളത്തില്‍ പുതിയ അധ്യയനവര്‍ഷം കലുഷിതമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ കുടക്കീഴിലാക്കി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന് ഏറെ തിടുക്കത്തില്‍ ഏകപക്ഷീയമായി ഉത്തരവിറക്കി ഇടതു മുന്നണി ഗവണ്‍മെന്റ് വീണ്ടും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഏറ്റുമുട്ടലിന്റെ പോര്‍ക്കളമാക്കി മാറ്റാനുള്ള ഒരുമ്പാടിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ രാഷ്ട്രീയ ആഖ്യാനഗതി മറ്റെങ്ങോട്ടോ തിരിച്ചുവിടാനാണ് ഭരണപക്ഷം ഇതിലൂടെ ശ്രമിക്കുന്നതെങ്കില്‍, കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക മുന്നേറ്റത്തിന്റെയും ബഹുമുഖ മികവിന്റെയും പര്യായമായ വിദ്യാഭ്യാസ പുരോഗതിയില്‍ വികലമായ ഈ ഘടനാമാറ്റം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.
സ്‌കൂള്‍ പ്രവേശനോത്സവവും അധ്യാപക പരിശീലനവും ബഹിഷ്‌കരിക്കുമെന്നും, അധ്യയനം, പരീക്ഷാജോലികള്‍ എന്നിവയൊഴികെ മറ്റൊന്നുമായി സഹകരിക്കില്ലെന്നും യുഡിഎഫ് അനുകൂല അധ്യാപക-അനധ്യാപക, സര്‍വീസ് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും മറ്റു ചില പ്രസ്ഥാനങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ഭാഗികമായി മാത്രം സമര്‍പ്പിക്കപ്പെട്ട ഡോ. എം.എ. ഖാദര്‍ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ ആധാരമാക്കി പ്രായോഗിക തലത്തിലുള്ള വിശദാംശങ്ങളില്‍ വ്യക്തത വരുത്താതെയും നിയമപരമായി പുതിയ സംവിധാനം കൊണ്ടുവരുന്നതിനുള്ള സ്‌പെഷല്‍ റൂള്‍സിനു രൂപം നല്‍കാതെയും ശമ്പളവിതരണത്തിനുള്ള ഏകീകൃത സംവിധാനം ഏര്‍പ്പെടുത്താതെയുമാണ് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്‌കൂളുകളുടെ പൊതുചുമതലയും ഹയര്‍ സെക്കന്‍ഡറി അക്കാദമിക ചുമതലയും പ്രിന്‍സിപ്പലിനാണ്. ഹയര്‍ സെക്കന്‍ഡറി കൂടിയുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെല്ലാം വൈസ് പ്രിന്‍സിപ്പല്‍മാരായി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്‍ നിലവില്‍ വന്നു. മൂന്നു പരീക്ഷാവിഭാഗങ്ങളെയും ഒന്നിപ്പിച്ചു, ഒറ്റ ഡയറക്ടറേറ്റ് എന്നപോലെ ഒറ്റ പരീക്ഷാഭവനുമായി. അഭിപ്രായസമന്വയമോ വേണ്ടത്ര മുന്നൊരുക്കമോ കൂടാതെ ഇത്ര അടിയന്തരമായി ഈ അവ്യവസ്ഥിത പരിഷ്‌കാരം നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
സംസ്ഥാനത്തെ 2,075 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സര്‍ക്കാരിന്റേതായി 817 എണ്ണമേയുള്ളൂ; ബാക്കിയെല്ലാം സ്വകാര്യ മേഖലയിലാണ്: ഗവണ്‍മെന്റ് എയ്ഡഡ് 846 എണ്ണവും പ്രൈവറ്റ് അണ്‍എയ്ഡഡ് 412 എണ്ണവും. 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സര്‍ക്കാരിന്റേതായി 261 എണ്ണം, എയ്ഡഡ് 128. ഹൈസ്‌കൂളുകള്‍ മൊത്തം 3,119, ഇതില്‍ സര്‍ക്കാരിന്റേത് 1,227, എയ്ഡഡ് 1,433, അണ്‍എയ്ഡഡ് 459. അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ 2,986 എണ്ണമുള്ളതില്‍ സര്‍ക്കാര്‍ വക 871, എയ്ഡഡ് 1,871, അണ്‍എയ്ഡഡ് 244. എല്‍പി സ്‌കൂളുകള്‍ 6,866 – സര്‍ക്കാരിന്റേത് 2,597, എയ്ഡഡ് 3,912, അണ്‍എയ്ഡഡ് 357. പ്രീപ്രൈമറി സ്‌കൂള്‍ 6,142 എണ്ണമുള്ളതില്‍ എയ്ഡഡ് 3,203, അണ്‍എയ്ഡഡ് 224. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 56 ശതമാനവും എയ്ഡഡ് സ്‌കൂളുകളാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ 36 ശതമാനവും, അണ്‍എയ്ഡഡ് എട്ടു ശതമാനവും. ലോകമെങ്ങും ഓരോ പ്രായവിഭാഗത്തിന്റെയും സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി വികേന്ദ്രീകരണത്തിലൂടെയാണ് കൂടുതല്‍ കാര്യക്ഷമതയും മികവും കൈവരിക്കുന്നതെങ്കില്‍, ഇവിടെ ഒന്നാം തരം മുതല്‍ 12-ാം ക്ലാസുവരെയുള്ളവരുടെ എല്ലാ കാര്യങ്ങളും നോക്കാന്‍ സ്‌കൂള്‍ സമുച്ചയത്തിന്റെ മൊത്തം മേധാവിയായി പ്രിന്‍സിപ്പല്‍ ത
സ്തികയില്‍ എല്ലാം ഏകീകരിക്കുന്നു. ചില സാമുദായിക വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലുള്ള എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള രാഷ്ട്രീയ താല്പര്യങ്ങള്‍ പുതിയ ഘടനാമാറ്റത്തിനു പിന്നിലുണ്ടെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അതില്‍ തെറ്റുണ്ടെന്നു പറയാനാവില്ല.
സംസ്ഥാനത്തെ സ്വയംഭരണ കോളജുകളുടെമേലും കടിഞ്ഞാണിടുന്നതിന് പുതിയ നിയമനിര്‍മാണത്തിനു നീക്കമുണ്ട്. കേരളത്തില്‍ 19 സ്വയംഭരണ കോളജുകളുണ്ട്; എറണാകുളം മഹാരാജാസ് കോളജ് ഒഴികെയുള്ളതെല്ലാം സ്വകാര്യ മേഖലയിലാണ്. ഈ കോളജുകളുടെ ഭരണം കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിന് കോളജ് യൂണിയന്‍ ചെയര്‍മാനെ ഗവേണിംഗ് കൗണ്‍സിലിലും സെക്രട്ടറിയെ അക്കാദമിക് കൗണ്‍സിലിലും ഉള്‍പ്പെടുത്തണമെന്നാണ് ഇടതുപക്ഷ ആഭിമുഖ്യത്തിലുള്ള പുതിയ നിര്‍ദേശം.
ഇതിനെക്കാള്‍ ബൃഹത്തായ പൊളിച്ചെഴുത്താണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും നിര്‍ദേശിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ സമൂല പരിവര്‍ത്തനം അഞ്ചുവര്‍ഷത്തെ ഭരണകാലാവധിക്കുള്ളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എന്നതിന്റെ പോരായ്മ നികത്താന്‍, കഴിഞ്ഞയാഴ്ച മോദിയുടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര മാനവശേഷി മന്ത്രാലയം കൊച്ചി സ്വദേശി ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ അധ്യക്ഷനായ ഒന്‍പതംഗ ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതിയുടെ 450 പേജ് വരുന്ന റിപ്പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നിലവിലുള്ള 10+2 സംവിധാനത്തിനു പകരം മൂന്നു വയസു മുതല്‍ 18 വയസുവരെ നാലു ഘട്ടങ്ങളായി 15 വര്‍ഷം നീളുന്ന 12-ാം ക്ലാസ് വരെയുള്ള പഠനത്തിന് 5+3+3+4 എന്ന പുതിയ ഘടനയും നാലു വര്‍ഷത്തെ അണ്ടര്‍ഗ്രാജ്വേറ്റ് പഠനവും ഗവേഷണവും ഉള്‍പ്പടെയുള്ള ഉന്നതപഠന പദ്ധതികളും ഉള്‍പ്പെടുന്നതാണ് ഈ കരടുരേഖ.
നളന്ദ, തക്ഷശില എന്നീ പുരാതന ഭാരതീയ വിദ്യാപീഠങ്ങളുടെ മഹിത പാരമ്പര്യം, ഭാരതീയ സംസ്‌കാരം, പരമ്പാരഗത ജ്ഞാനവ്യവസ്ഥ, ധാര്‍മിക മൂല്യങ്ങള്‍, ദേശീയത, സംസ്‌കൃതപഠനം, ഭാരതീയ ഭാഷകള്‍, സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്‌കാമ കര്‍മം തുടങ്ങി സംഘപരിവാര്‍ ദര്‍ശനത്തിന്റെ മൂലമന്ത്രങ്ങളോടൊപ്പം പാലി, പ്രാകൃത്, പേര്‍ഷ്യന്‍ ഭാഷകള്‍ക്കായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, നാലു വര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിബറല്‍ ആര്‍ട്‌സ്, ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്കും അനുസൃതമായി ഓരോ സംസ്ഥാനത്തിന്റെയും അധികാരാവകാശങ്ങളെയും മാതൃഭാഷയുടെയും തനതു സംസ്‌കാരത്തിന്റെയും പ്രാമുഖ്യത്തെയും അംഗീകരിക്കുന്ന കണ്‍കറന്റ് പട്ടികയില്‍ നിന്ന് വിദ്യാഭ്യാസത്തെ കേന്ദ്രഭരണത്തിന്‍ കീഴിലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമെന്നോണം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന ദേശീയ സൂപ്പര്‍ സമിതി, പ്രത്യേക സാമ്പത്തിക മേഖലയുടെ മാതൃകയിലുള്ള സ്‌പെഷല്‍ എജ്യുക്കേഷണല്‍ സോണുകള്‍, രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച 200 ആഗോള സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം, ലോക ബാങ്ക് ഗ്രൂപ്പിന്റെ ഫണ്ടിംഗ് വ്യവസ്ഥകള്‍ അപ്പാടെ അംഗീകരിക്കുന്ന സമീപനം എന്നിവയെല്ലാം ഈ ദേശീയ നയരേഖയുടെ മുഖമുദ്രകളാണ്.
ബിജെപിയുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒളിഞ്ഞിരിക്കുന്ന അജന്‍ഡകളില്‍, രാജ്യവ്യാപകമായി ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥയാണ് തുടക്കത്തിലേ കല്ലുകടിയായത്. ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിലും ത്രിഭാഷാ പഠനത്തിന്റെ മറവില്‍ എട്ടാം ക്ലാസു വരെ ഹിന്ദി നിര്‍ബന്ധമാക്കാനായിരുന്നു നീക്കം. തമിഴ്‌നാട്ടില്‍ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ അടക്കം എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളും അതിശക്തമായ ചെറുത്തുനില്പിന് ആഹ്വാനം നല്‍കിയപ്പോള്‍ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ബംഗാളിലും ഉള്‍പ്പെടെ ഹിന്ദി വിരുദ്ധ വികാരം അലയടിച്ചുയര്‍ന്നു. കസ്തൂരിരംഗന്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നാല് അംഗങ്ങള്‍ അടക്കം സമിതിയാണ് ഹിന്ദിയും മൃതഭാഷയായ സംസ്‌കൃതവും സാര്‍വത്രികമാക്കാന്‍ ശിപാര്‍ശ ചെയ്തത് എന്നോര്‍ക്കണം. (അല്‍ഫോന്‍സ് കണ്ണന്താനവും ഈ സമിതിയില്‍ അംഗമായിരുന്നു, എന്നാല്‍ 2017ല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായപ്പോള്‍ അദ്ദേഹം സമിതി അംഗത്വം ഉപേക്ഷിച്ചു). കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മാനവശേഷി മന്ത്രാലയത്തിലെ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യവും തമിഴ് മക്കളുടെ ആശങ്കയകറ്റാന്‍ തമിഴില്‍ ട്വീറ്റു ചെയ്തു. കേവലം കരട് നിര്‍ദേശം മാത്രമാണിതെന്നു പറഞ്ഞ് ഒടുവില്‍ ഹിന്ദി എന്ന പദം തന്നെ പാടേ ഉപേക്ഷിച്ച് ത്രിഭാഷാ ഐച്ഛിക വിഷയമെന്ന മട്ടില്‍ ഭേദഗതി വരുത്തി കരടിന്റെ ആ ഭാഗം പുനരവതരിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചേ അടുത്ത മാസം നയരേഖയ്ക്ക് അന്തിമ രൂപം നല്‍കൂ എന്നാണ് കേന്ദ്ര മാനവശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്.
ഐഎസ്ആര്‍ഒ ചെയര്‍മാനും രാജ്യസഭാംഗവും കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ അംഗവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെയും രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയുടെയും ചാന്‍സലറുമൊക്കെയായിരുന്ന കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ കരടുരേഖയില്‍ ഒട്ടേറെ പുതുമയാര്‍ന്ന, സര്‍ഗാത്മക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സൗജന്യ വിദ്യാഭ്യാസത്തിനായുള്ള അവകാശം 6-14 പ്രായപരിധിയില്‍ നിന്ന് മൂന്നു മുതല്‍ 18 വരെയാക്കും. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്കു പകരം ഒന്‍പതിനും 12നുമിടയില്‍ സെമസ്റ്ററുകളുടെ അവസാനം മോഡുലര്‍ രീതിയില്‍ പരീക്ഷ; ഓരോ സെമസ്റ്ററിലും ഇങ്ങനെ മൂന്നു പരീക്ഷകള്‍, മൊത്തം 24 പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി എന്ന സങ്കല്പം തന്നെ ഇല്ലാതാകും. ഉന്നത വിദ്യാഭ്യാസ മേഖലയെ ദേശീയ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരും. യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷന്‍ കേവലം ഗ്രാന്റുകള്‍ അനുവദിക്കാന്‍ മാത്രമായിരിക്കും. സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യാ കൗണ്‍സില്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നിവ പ്രഫഷണല്‍ ഗുണനിലവാരം നിശ്ചയിക്കുന്ന പ്രസ്ഥാനങ്ങളായിരിക്കും. മൂന്നു തരം സര്‍വകലാശാലകളുണ്ടാകും – ഗവേഷണത്തിനു മാത്രമായുള്ളവ, സമഗ്രമായ അധ്യാപനത്തിനും ഗവേഷണത്തിനുമായുള്ളവ, അധ്യാപനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവ. ഗുണമേന്മയുള്ള ഗവേഷണത്തിനായി പ്രതിവര്‍ഷം 20,000 കോടി രൂപയുടെ ഗ്രാന്റിനായി ദേശീയ ഗവേഷണ ഫൗണ്ടേഷന്‍. നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദപഠനത്തിനു ചേര്‍ന്നാല്‍ രണ്ടു വര്‍ഷമാകുമ്പോള്‍ ഡിപ്ലോമ വാങ്ങി മറ്റേതെങ്കിലും വിഷയത്തിലേക്കു മാറാം, അല്ലെങ്കില്‍ ഓണേഴ്‌സ് ഇല്ലാതെ മൂന്നാം വര്‍ഷം ഡിഗ്രി നേടി പോകാം.
രാഷ്ട്രത്തിന്റെയും ജനതയുടെയും ജീവിതത്തെയും സംസ്‌കാരത്തെയും ദര്‍ശനങ്ങളെയും ഇത്ര ആഴത്തില്‍ പരിവര്‍ത്തനവിധേയമാക്കുന്ന വിദ്യാഭ്യാസ നയത്തിന്റെ വിപുലവും സമഗ്രവുമായ പൊളിച്ചെഴുത്തിന് ബിജെപിക്ക് ലോക്‌സഭയില്‍ വേണ്ടതിലേറെ അംഗബലമുണ്ടെങ്കിലും ദേശീയ തലത്തില്‍ വിശദമായ അവലോകനത്തിനും സംവാദങ്ങള്‍ക്കും അവസരം നല്‍കി സമവായത്തിലൂടെ, ദീര്‍ഘവീക്ഷണത്തിലും നീതിയിലും പുരോഗമനാശയങ്ങളിലും അധിഷ്ഠിതമായ വിദ്യാഭ്യാസ നയം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതിലാണ് ദേശീയ ഉല്‍ക്കര്‍ഷത്തിന്റെ രാജ്യതന്ത്രജ്ഞത.


Related Articles

മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

കേരളത്തിന്റെ സാഹിത്യ-സാമൂഹിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി വിടവാങ്ങി. കോവിഡ് രോഗബാധയെതുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മേശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. സാമൂഹിക- പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കാന്‍

വിശപ്പ് എന്ന വൈറസ്

”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40

ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിംഫണി ആര്‍ട്ട്‌സ് ക്ലബ് ഉദ്ഘാടനം നടത്തി.

തിരുവനന്തപുരം: പട്ടം തിരുസന്നിധിയില്‍ കെസിബിസി കമ്മീഷന്റെ നേത്യത്വത്തില്‍ ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്‌സ് ക്ലബിന്റെ ഉദ്ഘാടനം നടത്തി. കെസിബിസിയുടെ എസ്‌സി/എസ്റ്റി/ബിസി കമ്മീഷന്‍ വൈസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*