വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടണം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടണം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

പത്തനാപുരം: വികസിത സമൂഹത്തിനായുള്ള മുന്നേറ്റത്തില്‍ ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ മേഖല കാലത്തിനനുസൃതമായി മെച്ചപ്പെടണമെന്ന് കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷനായ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. കെആര്‍എല്‍സിസി വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതി വിലയിരുത്തിയ സെഷനില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമനസായി പ്രവര്‍ത്തിച്ചാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസത്തിലൂടെ പുരോഗതി നേടിയ ഒരു സമുദായം രൂപപ്പെടും.
ഇടവക സമൂഹങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനെന്ന പോലെ ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലകളാണ്. സെമിനാരി വിദ്യാര്‍ഥികള്‍ ബിരുദധാരികളായിരിക്കണം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലും ബിരുദധാരികള്‍ എന്ന നിലയിലുള്ള മികവു കാട്ടുന്നതിലും വൈദികവിദ്യാര്‍ഥികള്‍ പൊതുവെ ഏറെ പരിശ്രമിക്കാനുണ്ടെന്ന് ബിഷപ് സ്റ്റാന്‍ലി റോമന്‍ ഓര്‍മിപ്പിച്ചു.
താഴെത്തട്ടില്‍ നിന്നു വിദ്യാഭ്യാസ മുന്നേറ്റം: കര്‍മപദ്ധതികള്‍ പുരോഗമിക്കുന്നു
പത്തനാപുരം: ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമുദായ തലത്തില്‍ താഴെത്തട്ടില്‍ നിന്നുതന്നെയുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള ബദല്‍ പ്രവര്‍ത്തനരേഖയുടെയും കര്‍മപദ്ധതികളുടെയും അടിസ്ഥാനത്തില്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ നിശ്ചയിച്ച സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ വിവിധ രൂപതകളില്‍ ആശാവഹമായ രീതിയില്‍ പുരോഗമിക്കുന്നതായി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചാള്‍സ് ലിയോണ്‍ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപതകളില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കോര്‍പറേറ്റ് മാനേജര്‍മാര്‍ക്കു പുറമെ വിദ്യാഭ്യാസ ഡയറക്ടര്‍മാരെ പ്രത്യേകം നിയമിക്കണമെന്ന നിര്‍ദേശം പലയിടത്തും നടപ്പാക്കികഴിഞ്ഞു. കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷനില്‍ തോമസ് സ്റ്റീഫന്‍, ജെസി ജെയിംസ് എന്നിവരെ അസോസിയേറ്റ് സെക്രട്ടറിമാരായി നിയമിച്ചു. വിദ്യാഭ്യാസ ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം സംസ്ഥാന തലത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലും നവംബറിലും ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കൗമാരപ്രായക്കാരുടെയും യുവജനങ്ങളുടെയും ഇടയില്‍ ജീവിതനൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മാര്‍ഗദര്‍ശനത്തിന് നേതൃത്വം നല്‍കാന്‍ വൈദികവിദ്യാര്‍ഥികളുടെ സേവനം ലഭ്യമാക്കണം എന്ന നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ ലത്തീന്‍ സമുദായത്തിലെ സന്ന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 375 വൈദികവിദ്യാര്‍ഥികള്‍ പങ്കെടുത്ത ശിബിരം ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ നടത്തി. വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇടവകകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ജീവിതനൈപുണ്യ പരിശീലന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കെആര്‍എല്‍സിസി നല്‍കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ രൂപതാ തലത്തില്‍ വാര്‍ഷിക കര്‍മപദ്ധതി തയാറാക്കി വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയുടെയും ബിസിസികളുടെയും പങ്കാളിത്തത്തോടെ വിവിധ നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചുവരികയാണ്. അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇടവകകളില്‍ ബദല്‍ വിദ്യാഭ്യാസ കര്‍മപദ്ധതി മാതൃകാപരമായി നടപ്പാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. രൂപതാ തലത്തില്‍ വിദ്യാഭ്യാസ ധനസഹായനിധി രൂപീകരണവും വിവിധ സാധ്യതകള്‍ ആരായലും ഇതിന്റെ ഭാഗമാണ്.
കെആര്‍എല്‍സിസി തലത്തില്‍ ആരംഭിച്ച പഠനങ്ങളുടെ ഭാഗമായ യുവജന നിജസ്ഥിതി പഠനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അനുബന്ധ അവസ്ഥകളെയും കുറിച്ചുള്ള പഠനവും വിവരങ്ങളുടെ ക്രോഡീകരണവും പൂര്‍ത്തിയാകാനുണ്ട്. സംസ്ഥാനത്തെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക, രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവ, സന്ന്യസ്തസഭകള്‍ നടത്തുന്നവ, ഇടവകയുടെ ഉടമസ്ഥതയിലുള്ളവ എന്നീ ക്രമത്തില്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു.
സംസ്ഥാന തലത്തില്‍ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ മൊത്തം 354 (രൂപതകളുടെ കീഴില്‍ എയ്ഡഡ് എല്‍പി സ്‌കൂളുകള്‍ 172, അണ്‍എയ്ഡഡ് 12;
സന്ന്യസ്തസഭകളുടെ നിയന്ത്രണത്തില്‍ എയ്ഡഡ് 88, അണ്‍എയ്ഡഡ് 59; ഇടവകകളുടെ കീഴില്‍ എയ്ഡഡ് 10, അണ്‍എയ്ഡഡ് 13).
യുപി സ്‌കൂളുകള്‍ ആകെ 144. (രൂപത എയ്ഡഡ് 44, അണ്‍എയ്ഡഡ് 11; സന്ന്യസ്തസഭ എയ്ഡഡ് 56, അണ്‍എയ്ഡഡ് 24; ഇടവക എയ്ഡഡ് 3, അണ്‍എയ്ഡഡ് 6).
ഹൈസ്‌കൂളുകള്‍ ആകെ 151 (രൂപത എയ്ഡഡ് 42, അണ്‍എയ്ഡഡ് 10; സന്ന്യസ്തസഭ എയ്ഡഡ് 44, അണ്‍എയ്ഡഡ് 39; ഇടവക എയ്ഡഡ് 11, അണ്‍എയ്ഡഡ് 5). എച്ച്എസ്എസ് കൂടിയുള്ള ഹൈസ്‌കൂളുകള്‍ മൊത്തം 113 (രൂപത എയ്ഡഡ് 35, അണ്‍എയ്ഡഡ് 6; സന്ന്യസ്തസഭ എയ്ഡഡ് 17, അണ്‍എയ്ഡഡ് 48; ഇടവക എയ്ഡഡ് 7). എച്ച്എസ്എസ് മാത്രമായി മൊത്തം 3 (രൂപത അണ്‍എയ്ഡഡ് 2; സന്ന്യസ്തസഭ അണ്‍എയ്ഡഡ് 1).
ആര്‍ട്‌സ് കോളജ് ആകെ 27 (രൂപത എയ്ഡഡ് 5, അണ്‍എയ്ഡഡ് 8; സന്ന്യസ്തസഭ എയ്ഡഡ് 6, അണ്‍എയ്ഡഡ് 7; ഇടവക എയ്ഡഡ് 1).
പ്രഫഷണല്‍ കോളജ് മൊത്തം 5 (രൂപത അണ്‍എയ്ഡഡ് 4; സന്ന്യസ്തസഭ അണ്‍എയ്ഡഡ് 1).
എന്‍ജിനിയറിംഗ് കോളജ് മൊത്തം 3 (രൂപത അണ്‍എയ്ഡഡ് 3).
പോളിടെക്‌നിക്, ഐടിസി മൊത്തം 8 (രൂപത അണ്‍എയ്ഡഡ് 8).
ഡിഎഡ് മൊത്തം 9 (രൂപത എയ്ഡഡ് 3).


Tags assigned to this article:
krlcc

Related Articles

കോവിഡ്കാലത്ത് നിര്‍ദ്ധനര്‍ക്ക് സൗജന്യമായി ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ; ദിനം പ്രതി എത്തുന്നത് 100 ലധികം പേര്‍

  അനില്‍ ജോസഫ് നെയ്യാറ്റിന്‍കര ; കോവിഡ്കാലത്ത് സൗജന്യമായി നിര്‍ദ്ധനര്‍ക്ക് ഭക്ഷണം വിളമ്പി വ്ളാത്താങ്കരയിലെ അമ്മ ഊണ് ശ്രദ്ധ നേടുന്നു. പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര

സോഷ്യല്‍ മീഡിയയിലൂടെ ആരെയും എന്തും പറയാമോ ? അഡ്മിന്‍ പ്രതിയാകുമോ ?

അഡ്വ. ഷെറി ജെ തോമസ് സ്വകാര്യമായി സ്വന്തം മുറിയില്‍ സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ സ്വയം തീരുമാനിച്ച് ചെയ്യുന്ന പല സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ പിന്നെ അത്

ബിസിസി റീജിയണല്‍ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം

ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ദേശീയ മെത്രാന്‍ സമിതികളുടെ കീഴില്‍ വരുന്ന 14 മേഖല ബിസിസി കമ്മീഷന്‍ സെക്രട്ടറിമാരുടെയും ദേശീയ ബിസിസി സര്‍വ്വീസ് ടീം അംഗങ്ങളുടെയും വാര്‍ഷിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*