Breaking News

വിധിവര്‍ഷം; വിചാരണയുടെയും

വിധിവര്‍ഷം; വിചാരണയുടെയും

”രാജ്യസ്‌നേഹം എന്റെ
ആത്മീയ അഭയമല്ല
എന്റെ അഭയം മനുഷ്യവംശ
മാണ്.
ജീവിക്കുന്നിടത്തോളം കാലം
മനുഷ്യവംശത്തിന് മുകളില്‍
ഉയര്‍ന്നു നില്ക്കാന്‍
രാജ്യസ്‌നേഹത്തെ ഞാന്‍
അനുവദിക്കില്ല”

ഇതെഴുതിയത് ദേശീയഗാനം രചിച്ച അതേ വിരലുകളാണ്. പൗരത്വവും ദേശീയതയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട 2019ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ അന്നും ഇന്നും എന്നും പ്രസക്തം.
ഇന്ത്യയിലെ ജനാധിപത്യ-മതേതര നയങ്ങള്‍ക്കെതിരെ രാജ്യം ഭരിക്കുന്നവര്‍ ബോധപൂര്‍വം നടത്തിയ കടന്നാക്രമണങ്ങളും നിയമനിര്‍മാണങ്ങളുമാണ് പോയവര്‍ഷത്തെ രേഖപ്പെടുത്തുന്നത്. സ്വയംനിര്‍മിത അതിദേശീയതയുടെ കണ്ണാടിയിലൂടെ ദേശീയതയെ വീക്ഷിക്കാന്‍ അവര്‍ ജനത്തെ നിര്‍ബന്ധിച്ചപ്പോള്‍ ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും വ്യത്യാസങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്നത് ബാക്കിപത്രം.
അധികാരം പിടിച്ചെടുക്കല്‍ ഭ്രാന്തമായ ആവേശമായി മാറിയപ്പോള്‍ ജനാധിപത്യമൂല്യങ്ങള്‍ ബലികഴിക്കപ്പെട്ടു. ആള്‍ക്കൂട്ടഭീഷണിയില്‍ നീതിന്യായാലയങ്ങള്‍പോലും പലപ്പോഴും ചാഞ്ചാടി. എനിക്ക് ഈ കടലാസില്‍ എഴുതുന്നത് മുഴുവന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്ന അറബ് കവി മുസ്തഫാ മന്‍ഫലൂത്വിയുടെ (കവിത-നാളെ) ആധി നെഞ്ചില്‍ സൂക്ഷിക്കുന്നവര്‍ക്കേ വര്‍ത്തമാനകാലത്തിന്റെ അട്ടിമറികളില്‍ ആശങ്കപ്പെടാന്‍ കഴിയൂ.
രാജ്യം രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിചിത്രത്തിനുനേരെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ദാമോദര്‍ സവര്‍ക്കറുടെ ചിത്രമാണ്. ‘പോയ് വിജയിച്ചൂവരൂ’ എന്ന് ശിഷ്യന്‍ നാഥുറാം ഗോഡ്‌സെയെ അനുഗ്രഹിച്ചയച്ച അതേ സവര്‍ക്കര്‍.
കാലം പോകുന്നു, ഈ കാലവും കാലുമാറും എന്നു മാത്രമേ നമുക്കിപ്പോള്‍ ആശിക്കാനാകൂ-2019ലെ പ്രധാന സംഭവങ്ങളിലൂടെ…

അയോധ്യയുടെ ഗതി


ഒരു ദീര്‍ഘകാല തര്‍ക്കത്തിന്റെ നിയമപരമായ അന്ത്യമായിരുന്നു നവംബര്‍ ഒന്‍പത് ശനിയാഴ്ച സംഭവിച്ചത്. അയോധ്യാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായി. മുസ്ലീങ്ങള്‍ക്ക് തര്‍ക്കഭൂമിയില്‍ തങ്ങളുടെ കൈവശാവകാശം തെളിയിക്കാനാകാത്തതുകൊണ്ടും ഹിന്ദുക്കള്‍ തര്‍ക്കസ്ഥലത്തിനടുത്ത് പ്രാര്‍ഥന തുടര്‍ന്നുപോന്നതുകൊണ്ടും തര്‍ക്കഭൂമിയുടെ ഉടമസ്ഥത ഹിന്ദുക്കളുടേതാണെന്ന് തെളിയുന്നുവെന്നായിരുന്നു ഹൈന്ദവര്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാനായി അയോധ്യയിലെ ഭൂമി വിട്ടുകൊടുക്കാനുള്ള വിധിയുടെ ചുരുക്കം. പള്ളി നിര്‍മിക്കാന്‍ മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. തീര്‍ച്ചയായും ഏവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധിയായിരുന്നില്ല സുപ്രീംകോടതിയുടേത്. നിയമപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയല്ല, മറിച്ച് രാഷ്ട്രീയ നിര്‍ണയങ്ങളെ ആസ്പദമാക്കിയാണ് വിധിയെന്ന് വിമര്‍ശനമുണ്ടായി. എങ്കിലും ക്രമസമാധാനനില തകരാറിലാക്കാന്‍ ആരും മുതിര്‍ന്നില്ലെന്നത് ആശ്വാസകരം.
കോടതിയുടെ ശനിയാഴ്ച അവധി ഒഴിവാക്കിയാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വായിച്ചത് 1045 പേജുള്ള വിധിന്യായം. വിധി ഏകകണ്ഠമായിരുന്നു. ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്), ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു അഞ്ചംഗ ഭരണഘടനാബെഞ്ചിലെ മറ്റു അംഗങ്ങള്‍. അയോധ്യാഭൂമി തര്‍ക്കകേസിലെ ഭരണഘടനാബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പിന്നീട് പരിഗണിച്ചെങ്കിലും വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല.
ശബരിമലയില്‍ സൂര്യോദയം

അയോധ്യകേസില്‍ വിധിപറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ശബരിമലകേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് അതായത് 2019 ജനുവരി രണ്ടിനാണ് കേരളത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വനിതകള്‍ സംഘടിപ്പിച്ച നവോത്ഥാന മതില്‍ എന്ന വന്‍പരിപാടിയുണ്ടായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു രണ്ടു സംഭവങ്ങളും. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്ന ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് രണ്ടാംതീയതി പുലര്‍ച്ചെ 3.45നോടുകൂടി ദര്‍ശനം നടത്തിയത്. മഫ്ടി പൊലീസ് ഒരുക്കിയ സുരക്ഷയിലായിരുന്നു ഇരുവരും മലകയറിയത്. ബിന്ദുവിന് 42ഉം കനകദുര്‍ഗയ്ക്ക് 44ഉം വയസായിരുന്നു പ്രായം.
ഭരണഘടനാപ്രകാരമുള്ള തുല്യതയ്ക്ക് സ്ത്രീക്കും അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 2018ല്‍ സുപ്രീംകോടതി ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധിപ്രകാരം ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സംരക്ഷണം നല്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പിന്നീട് കേരളമാകെ വ്യാപിച്ച പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. സുപ്രീംകോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പ് പിന്നീടെന്ന് നവംബര്‍ 14ന് കേസ് പരിഗണിച്ച ഭരണഘടനാബെഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ ഏഴംഗബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തന്നെ തടയുകയും തിരികെ വിടുകയുമായിരുന്നു. എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസിനടുത്തുവച്ച് ബിന്ദു അമ്മിണിക്കുനേരെ ഹൈന്ദവ തീവ്രവാദികളുടെ മുളകുസ്േ്രപ ആക്രമണവുമുണ്ടായി. ശബരിമല യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലെന്നും പക്ഷേ സ്ഥിതി സ്‌ഫോടനാത്മകമായതുകൊണ്ട് ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്നും സുപ്രീംകോടതി 2019 ഡിസംബര്‍ 13ന് രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ഹര്‍ജികളില്‍ വ്യക്തമാക്കി. അന്തിമവിധിക്കായി ഇനിയും കാത്തിരിക്കണമെന്ന് സാരം. ഈ മണ്ഡലകാലം സമാധാനപരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.
കൊലക്കയര്‍ നിഴലില്‍ നിര്‍ഭയ കേസ് പ്രതികള്‍


ഡല്‍ഹി നിര്‍ഭയകേസിലെ പ്രതി അക്ഷയ്‌സിംഗിന്റെ പുനഃപരിശോധനാ ഹര്‍ജി കൂടി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയതോടെ നാലു പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായി. ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ചാണ് അക്ഷയ്‌സിംഗിന്റെ ഹര്‍ജി തള്ളിയത്. മുകേഷ് കുമാര്‍, വിനയ്, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ ഹര്‍ജികള്‍ 2018ല്‍ തള്ളിയിരുന്നു. കുറ്റംകൃത്യം ചെയ്യുമ്പോള്‍ തന്റെ പ്രായം 18 വയസില്‍ താഴെയായിരുന്നുവെന്ന് അവകാശപ്പെട്ട് പവന്‍കുമാര്‍ ഗുപ്ത നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി.
ഇന്ത്യന്‍ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായ കേസെന്ന് നിര്‍ഭയകേസിനെ വിശേഷിപ്പിക്കാം. 2012 ഡിസംബര്‍ 16ന് രാത്രി സുഹൃത്തിനൊപ്പം സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ ആ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ചു. രാത്രിയില്‍ ദക്ഷിണ ഡല്‍ഹിയിലെ സാകേത് സെലക്ട് സിറ്റി വാക്ക് തിയേറ്ററില്‍ സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുനീര്‍ക്കയില്‍നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈന്‍ ബസിലാണ് പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനും ശാരീരികാക്രമണത്തിലും വിധേയയായത്.
പ്രൊഫഷണലായ അന്വേഷണവും തെളിവു ശേഖരണവും ഉണ്ടാകുന്ന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാണെന്ന് തെളിയിക്കുന്നതാണ് നിര്‍ഭയ കേസ്. പൊലീസ്, പ്രോസിക്യൂഷന്‍ സംവിധാനങ്ങള്‍ ചേര്‍ന്ന് കോടതിയില്‍ പഴുതടച്ചു സമര്‍പ്പിച്ച കുറ്റപത്രമാണ് കൊടുംക്രൂരത നടത്തിയവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കിയത്. സംഭവം നടന്നിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ അപാകതയായി ശേഷിക്കുന്നുവെങ്കിലും ഇതിനിടെ ഒരിക്കല്‍പോലും പ്രതികള്‍ക്ക് ജാമ്യം നേടാനുള്ള സാഹചര്യവും പൊലീസ് സൃഷ്ടിച്ചില്ല. പിടികൂടിയ ഓരോരുത്തരുടെയും ഈ കുറ്റകൃത്യത്തിലുള്ള പങ്ക് സംശയാതീതമായി കോടതിക്കുമുന്നില്‍ തെളിയിക്കാന്‍ അന്വേഷണസംഘവും അഭിഭാഷകരും കാണിച്ച ശുഷ്‌കാന്തി അനുകരണീയമായമാണ്.
വധശിക്ഷ നടപ്പാക്കി തെലുങ്കാന പൊലീസ്


തെലുങ്കാനയില്‍ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു പ്രതികളെ പൊലീസ് വെടിവച്ചുകൊന്നത് ഡിസംബര്‍ അഞ്ചിന് രാത്രിയാണ്. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതികള്‍ പൊലീസിനെ ആക്രമിച്ചെന്നും തിരിച്ച് വെടിവച്ചപ്പോള്‍ നാലു പേരും കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പൊലീസ് നടപടികള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പൊലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. എന്നാല്‍ തെലുങ്കാന കേസില്‍ പൊതുജനങ്ങളില്‍ മിക്കവരും പൊലീസിന് അനുകൂല നിലപാടെടുത്തു. പീഡനക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സംഭവങ്ങള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയെ ജനങ്ങള്‍ ന്യായീകരിച്ചത്.
അന്വേഷണം പാഴായ വാളയാര്‍ കേസ്


52 ദിവസത്തെ ഇടവേളയില്‍ പതിമൂന്നും ഒമ്പതും വയസുള്ള രണ്ടു സഹോദരിമാര്‍ പാലക്കാട് വാളയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കുട്ടികളെ പീഡിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 26നുമായി വിട്ടയച്ച സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. മൂത്തകുട്ടിയെയാണ് ആദ്യം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. രണ്ടുമാസത്തിനുള്ളില്‍ രണ്ടാമത്തെ കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആ കുട്ടിയുടെ പെറ്റിക്കോട്ടിനുള്ളില്‍നിന്ന് ചേച്ചിയുടെ ഫോട്ടോ കണ്ടെടുക്കുന്നു. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അവര്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേര്‍ത്ത് വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഈ രണ്ടു മരണങ്ങളുടെയും അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് അന്നുതന്നെ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. മൂത്തകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന പൊലീസ് ഒരുപരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണങ്ങളുണ്ടായി, നടപടിയുണ്ടായി. പാലക്കാട് നര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി എം.ജി.സോജന്‍ നടത്തിയ ഡിപ്പാര്‍ട്ടുമെന്റല്‍ എന്‍ക്വയറിയില്‍ കേസ് ആദ്യമന്വേഷിച്ച വാളയാര്‍ എസ്‌ഐ പി.സി.ചാക്കോ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുശേഷം എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശുഷ്‌കാന്തിയോടെ തുടരന്വേഷണങ്ങള്‍ നടന്നെങ്കിലും തെളിവുകള്‍ ശേഖരിക്കുന്നതിലും കോടതിയില്‍ അത് സമര്‍ഥമായി അവതരിപ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു.
വാളയാര്‍ കേസില്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രാദേശികനേതൃത്വം പ്രതികള്‍ക്കനുകൂലമായി ഇടപെട്ടുവെന്ന് ആരോപണമുയര്‍ന്നതോടെ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനും കേസില്‍ അപ്പീല്‍ നല്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ഉന്നാവ് കേസ്: മുന്‍ എംഎല്‍എയ്ക്ക് ജീവപര്യന്തം


ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 2017ല്‍ 17 വയസുള്ള പെണ്‍കുട്ടി പീഡനത്തിന്നിരയായ സംഭവത്തില്‍ പ്രതി ബിജെപിയുടെ മുന്‍ എംഎല്‍എ കുല്‍ദീപ്‌സിംഗ് സെന്‍ഗറിന് ഡിസംബര്‍ 20ന് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തൊഴില്‍തേടി ജനപ്രതിനിധിയെ സമീപിച്ച പെണ്‍കുട്ടിയെ സെന്‍ഗറും സഹോദരനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നായിരുന്നു കേസ്. കേസില്‍ സെന്‍ഗറിന് നല്കിയ ശിക്ഷ കുറഞ്ഞുപോയെന്ന് കരുതുന്നവരുണ്ട്. കാരണം, പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടശേഷം അതിനോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളുണ്ടായി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. അമ്മാവനെ 19 വര്‍ഷംമുമ്പുള്ള കേസില്‍ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്കിടിച്ച് രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. കേസ് ഉയര്‍ന്ന കോടതികളിലേക്ക് പോകുന്നതോടെ പ്രതിയുടെ ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേസിന്റെ വിചാരണ നടക്കുന്ന വേളയിലാണ് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ തുടര്‍ച്ചയായ അക്രമങ്ങളുണ്ടായത്. സെന്‍ഗര്‍ ജയിലിനു പുറത്തുവരുന്ന സാഹചര്യമുണ്ടായാല്‍ എന്തുസംഭവിക്കുമെന്നാണ് സ്വാഭാവികമായ ആശങ്ക.
കെവിന്‍ കൊലപാതകത്തില്‍ ശിക്ഷ


കോട്ടയത്തെ കെവിന്‍ എന്ന യുവാവിന്റെ മരണം ദുരഭിമാനക്കൊലയാണെന്നു കണ്ടെത്തിയ വിചാരണകോടതി കുറ്റവാളികള്‍ക്ക് ജീവപര്യന്തശിക്ഷ വിധിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതചരിത്രത്തില്‍ ദുരഭിമാനക്കൊലയുടെ പേരില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്നതാണ് വിധിയുടെ പ്രത്യേകത. ആറുമാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുണ്ടായിരുന്നത്. നീനുവിന്റെ പിതാവ് ചാക്കോ അടക്കം നാലു പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. ഒന്നാംപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെയാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ ജാതിവിവേചനത്തിനും ജാതി അടിമത്തത്തിനും നിരോധനമുണ്ട്. ഉന്നതകുലജാതിമേന്മയുടെയും വംശമഹിമയുടെയും ഇരയായിരുന്നു കെവിന്‍.
ഉള്ളി കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ്


ഇന്ത്യയും ബ്രസീലുംപോലുള്ള വികസ്വര രാജ്യങ്ങളിലെ സാമ്പത്തികസ്ഥിതി അതീവരൂക്ഷമാണെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ(ഐഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അടുത്തിടെ സ്ഥാനമേറ്റയുടനെ വ്യക്തമാക്കിയത്. ലോകത്തെ വികസിത രാജ്യങ്ങളായ അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി സാമ്പത്തികനില തകരാറിലാകുമ്പോള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ അത് പ്രകടമായി കാണാന്‍ സാധിക്കുമെന്നാണ് ക്രിസ്റ്റീന നിരീക്ഷിക്കുന്നത്. എന്നുപറഞ്ഞാല്‍ ഉള്ളിവില കുതിച്ചുയര്‍ന്നതുപോലെ എന്നാകാം ക്രിസ്റ്റലീന ഉദ്ദേശിച്ചത്. കിലോയ്ക്ക് 160 രൂപ വരെ ഉള്ളി വില ഉയര്‍ന്നിരുന്നു. ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉരുണ്ടുകയറുകയാണ്. ജനത്തിന്റെ കൈയില്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആസന്നമായൊരു വന്‍ സാമ്പത്തികപ്രതിസന്ധിയുടെ സൂചന ലഭിച്ചതുകൊണ്ടോ കാര്‍ തുടങ്ങിയ ആഡംഭരവസ്തുക്കളുടെ വില്പന വല്ലാതെ ഇടിഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറിയശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റിന്റെ ഏകകൗതുകം അതു തുകല്‍പ്പെട്ടിക്കുപകരം തുണിസഞ്ചിയിലാക്കി കൊണ്ടുവന്നു എന്നതാണ്. ആശങ്കയുണര്‍ത്തുന്ന വിലയിരുത്തലുകളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പുറത്തുവരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തിരുന്നവരും സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളായിരുന്നവരും വിഷമകരമാണ് സാഹചര്യങ്ങളെന്ന് വിലയിരുത്തിക്കഴിഞ്ഞു. മൂലധനനിക്ഷേപം വലിയതോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. സമ്പത്ത് കുന്നുകൂടിയിരിക്കുന്ന ഏതാനും ചിലരൊഴികെ നിക്ഷേപം നടത്താന്‍ തയ്യാറാകുന്നില്ല. ഒന്നാം മോദി സര്‍ക്കാര്‍ ആസൂത്രണകമ്മീഷന്‍ പിരിച്ചുവിട്ട് നിയമിച്ച നീതി ആയോഗ് തന്നെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് തുറന്നുപറഞ്ഞു കഴിഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മൊത്തം ആഭ്യന്തരോല്പാദനം ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞതായി ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പറയുന്ന കണക്കനുസരിച്ചുതന്നെ അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ച വെറും 2.1 ശതമാനമായി താഴോട്ടുപോന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയത് കീശ കാലിയായതിന്റെ തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.
സാധാരണക്കാരായ നിക്ഷേപകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട അസാധാരണ സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തിന്റെ സാമ്പത്തിക ഉപദേശക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാര്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും അദ്ദേഹം പറയുന്നുണ്ട്. സ്വകാര്യമേഖലയെന്നത് ഏതാനും പേരിലേക്കൊതുങ്ങി. പൊതുമേഖല തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനില്ക്കുന്നു. പക്ഷേ ഇതെല്ലാം താത്കാലിക പ്രതിസന്ധി മാത്രമാണെന്നും രാജ്യമിതിനെ അതിജീവിക്കുമെന്നുമാണ് ധനമന്ത്രി അവകാശപ്പെടുന്നത്.
തൊഴില്‍നിയമ ഭേദഗതി


തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 446 രൂപയായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ കുറഞ്ഞ വേതനം 178 രൂപയായി നിജപ്പെടുത്തി പുതിയ നിയമം പാസാക്കി. രണ്ടുവര്‍ഷംമുമ്പ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ ദിവസ വേതനത്തേക്കാള്‍ കേവലം രണ്ടുരൂപയുടെ വര്‍ധന മാത്രം. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന 30 ശതമാനത്തോളമാണെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികളുടെ നിര്‍ദേശങ്ങളും 15-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകള്‍ കണക്കാക്കിയതനുസരിച്ചുള്ള വേതന നിര്‍ണയ മാനദണ്ഡവും 25 ശതമാനം വര്‍ധനയെന്ന സുപ്രീംകോടതി വിധിയുമെല്ലാം മറികടന്നാണ് ഈ തീരുമാനം. കോര്‍പറേറ്റുകള്‍ക്ക് 400 കോടിയിലധികം തുകയുടെ ഇളവുകള്‍ നല്‍കിയപ്പോഴാണ് പാവപ്പെട്ട തൊഴിലാളികളോട് സര്‍ക്കാരിന്റെ ചിറ്റമ്മ നിലപാട്. തൊഴില്‍ വിഷയം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കാതെ കുറഞ്ഞ വേതനം പ്രഖ്യാപിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയര്‍ന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞ വിജയത്തില്‍ മതിമറന്ന് രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിനുനേരെ വാളോങ്ങുകയാണ് ഈ തൊഴില്‍ നിയമങ്ങളുടെ നീതീകരണമില്ലാത്ത ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ശക്തമായ ആരോപണമുണ്ട്.
വിവരാവകാശ നിയമ ഭേദഗതി


കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, സേവന, വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്ന വിവരാവകാശ നിയമ ഭേദഗതി ബില്ലും മോദി സര്‍ക്കാര്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 79നെതിരെ 178 വോട്ടിനാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ തലത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിവരാവകാശ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യംചെയ്യാനും പുറത്തുകൊണ്ടുവരാനുമുള്ള പൗരന്മാരുടെ അവകാശമാണ് ഭേദഗതിയോടെ ഇല്ലാതായതെന്ന് ആരോപണമുണ്ട്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് നിലവില്‍ ലഭിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് തുല്യമായ വേതന വ്യവസ്ഥകള്‍ ഒഴിവാക്കുന്നതാണ് ബില്‍. കേന്ദ്ര-സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ സ്വതന്ത്രാധികാരം വെട്ടിക്കുറയ്ക്കാനും സര്‍ക്കാരുകള്‍ക്ക് വിധേയമാക്കാനും പുതിയ ബില്‍ ലക്ഷ്യമിടുന്നു. ഭരണഘടനയോടും നിയമനിര്‍മാണ സഭയോടും ജുഡിഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയ ഭേദഗതി നിയമമെന്നും സുപ്രീംകോടതിയുടെ നിര്‍ദേശത്തെ ലംഘിക്കുന്ന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമൊക്കെ നിരീക്ഷണങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല.
വിദ്യാഭ്യാസ നയവ്യതിയാനം


കഴിഞ്ഞ 50 വര്‍ഷത്തിലധികമായി ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് മാര്‍ഗദര്‍ശകമായിരുന്ന കോത്താരി കമ്മീഷന്‍ നിര്‍ദേശിച്ച ഘടനയെ മാറ്റിമറിച്ചാണ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയം തയ്യാറാക്കിയിരിക്കുന്നത്. ഘടന, സെമസ്റ്ററൈസേഷന്‍, കരിക്കുലം, നൈപുണി വിദ്യാഭ്യാസം, ബോധനസമീപനം എന്നിവയിലെല്ലാം സമൂലമാറ്റം നിര്‍ദേശിച്ചിരിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കുന്നതിനുമുന്‍പ് അക്കാദമിക തലത്തില്‍ ഒരു സംവാദവും നടന്നിരുന്നില്ല എന്നതുതന്നെ രേഖയുടെ ഏറ്റവും വലിയ കുറവായി. ദേശീയ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന പല പദ്ധതികളും കേരളീയ പശ്ചാത്തലത്തില്‍ അനുഗുണമാകാറില്ല എന്ന പൊതുസവിശേഷത ഈ കരട് നിര്‍ദേശത്തിലും ശക്തമായി പ്രതിഫലിക്കുന്നുണ്ട്. കരട് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കേരളത്തില്‍ കാര്യമായ പഠനങ്ങള്‍ നടക്കുകയോ ഗുണദോഷങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുകയോ ഉണ്ടായില്ല.
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസരംഗം വളരെ ശക്തമാണ്. ഈ കരട് നിര്‍ദേശത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ഉദ്ദേശിച്ച് പബ്ലിക് സ്‌കൂളുകളെന്നും അണ്‍ എയ്ഡഡ് സ്‌കൂളുകളെ ഉദ്ദേശിച്ച് പ്രൈവറ്റ് സ്‌കൂളുകളെന്നുമാണ് പരാമര്‍ശിച്ചിട്ടുള്ളത്. കേരളത്തിലെ എയ്ഡഡ് മേഖല ഇതില്‍ എവിടെ ഉള്‍പ്പെടുമെന്നതു സംബന്ധിച്ച് അവ്യക്തത നിലനില്ക്കുകയാണ്. കരടിലെ സുപ്രധാന ആശയമായ സ്‌കൂള്‍ കോംപ്ലക്‌സിനെ വിവക്ഷിച്ചിരിക്കുന്നത് ക്ലസ്റ്റര്‍ ഓഫ് പബ്ലിക് സ്‌കൂള്‍ എന്നാണ്.
അഞ്ചു മുതല്‍ 10 മൈലിനുള്ളില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളെ കോര്‍ത്തിണക്കി ഒരു കോംപ്ലക്‌സ് ആക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. ഈ കോംപ്ലക്‌സില്‍ ഒരു സെക്കന്‍ഡറി സ്‌കൂള്‍ ഉണ്ടാകണം. ഈ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ കോംപ്ലക്‌സിന്റെ അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍, അക്കാദമിക് അധികാരമുള്ള അധിപനായിരിക്കുമെന്നും സ്‌കൂള്‍ കോംപ്ലക്‌സുകളാണ് അടിസ്ഥാന ഭരണനിര്‍വഹണ യൂണിറ്റുകളെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം യൂണിറ്റുകള്‍ അര്‍ധസ്വയംഭരണ സംവിധാനമായിരിക്കുമെന്നും കരട് നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രാഥമികമായി ഒരു കാര്യം വ്യക്തമാണ്: സ്‌കൂള്‍ കോംപ്ലക്‌സ് ഒരു കോംപ്ലക്‌സ് (സങ്കീര്‍ണ) വിഷയം തന്നെയാണ്.
കശ്മീരിന്റെ വേദന


ജമ്മുകശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുമാറ്റുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം 2019 ആഗസ്റ്റ് അഞ്ചിന് യഥാര്‍ഥ്യമായി. അന്നാണ് 2019ലെ ഭരണഘടനാ ഭേദഗതി ജമ്മുകശ്മീരിന് ബാധകമാക്കി രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. അതോടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള അവകാശങ്ങള്‍ കശ്മീരികള്‍ക്ക് നഷ്ടപ്പെട്ടു. ജമ്മുകശ്മീരിന് സംസ്ഥാനപദവിയും ഭരണഘടനാപരമായ പ്രത്യേകപദവിയും ഇല്ലാതായി. രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനം മാറി.
17-ാം ലോക്‌സഭയുടെ പ്രഥമസമ്മേളനത്തിന്റെ അവസാനദിവസങ്ങളില്‍ വളരെ തിടുക്കപ്പെട്ട് മൂന്നു ഘട്ടങ്ങളിലായി നടത്തിയ നിമയനിര്‍മാണ പ്രക്രിയയില്‍കൂടിയാണ് ഭരണകക്ഷി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കിയത്. 370-ാം അനുഛേദത്തിലെ മൂന്നാംവകുപ്പില്‍ കശ്മീരിന്റെ ഭരണഘടന അസംബ്ലി എന്ന പദപ്രയോഗം മാറ്റി സംസ്ഥാന നിയമസഭ എന്ന പ്രയോഗം കൊണ്ടുവന്നു. ഇത്രയും തിടുക്കത്തില്‍ കൊണ്ടുവന്ന ഒരു നിയമവും അനുബന്ധ പുനഃസംഘടനയും പാര്‍ലമെന്റില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഭരണഘടനയെയും നിയമങ്ങളെയും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നല്കിയും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുമാണ് ഇത് നടപ്പാക്കിയതെന്ന ശക്തമായ ആരോപണമുണ്ട്.
രാഷ്ട്രീയനേതാക്കളെയെല്ലാം കരുതല്‍തടങ്കിലാക്കിയും താഴ്‌വരയില്‍ വന്‍തോതില്‍ പട്ടാളത്തെ വിന്യസിച്ചുമാണ് സര്‍ക്കാര്‍ കശ്മീര്‍ നിയമ ഭേദഗതി പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തനത്തിനും കൂച്ചുവിലങ്ങു വീണുകഴിഞ്ഞു.

ഗ്രേറ്റ തുന്‍ബെര്‍ഗും നൗഷാദ് ഇക്കയും


സെപ്റ്റംബര്‍ 23ന് യുഎന്‍ പൊതുസഭയില്‍ ലോകനേതാക്കളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന 16കാരി സ്വീഡിഷ് പെണ്‍കുട്ടി വാക്കുകള്‍കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. മുതിര്‍ന്നവരെയും ലോകനേതാക്കളെയും അക്ഷരാര്‍ഥത്തില്‍ ഈ കൊച്ചുപെണ്ണ് നാണംകെടുത്തി. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യംവന്നുവെന്ന അവളുടെ ചോദ്യത്തിനുമുന്നില്‍ നേതാക്കള്‍ നിശബ്ദരായി.
ആമസോണ്‍ കാടുകള്‍ക്ക് തീപിടിച്ച സമയത്തുതന്നെയാണ് നിയമംലംഘിച്ച് കായലോരത്ത് പണിത കൊച്ചിയിലെ മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി കര്‍ക്കശമായി ഉത്തരവിട്ടതും. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍ കാടുകളിലെ തീനാളങ്ങള്‍ക്കും പ്രാദേശിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത മരട് ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി നല്കിയ ഉത്തരവിനും പൊതുവായുള്ള സവിശേഷത, രണ്ടിടത്തും മുറിവേറ്റത് പ്രകൃതിക്കാണെന്നതാണ്. 2018ലെയും ’19ലെയും വെള്ളപ്പൊക്കങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രകൃതിയെന്നും പരിസ്ഥിതിയെന്നുമൊക്കെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയതുപോലെ പരിഹാസം നേരിടേണ്ടിവരുന്നില്ല എന്നതു വലിയ കാര്യം. 2018നെ അപേക്ഷിച്ച് ’19 ലെവെള്ളപ്പൊക്കത്തിന് പ്രഹരശേഷി കുറഞ്ഞിരുന്നെങ്കിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ദുരന്തം കൊയ്തു. വിവിധ സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടു.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ തുണിക്കടയിലെ വസ്ത്രങ്ങളെല്ലാം എടുത്തുകൊടുത്താണ് വൈപ്പിന്‍കാരനായ നൗഷാദ് ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ അടയാളം കുറിച്ചിട്ടത്. ടൈം മാസിക ഗ്രേറ്റ തുന്‍ബെര്‍ഗിനെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ അത്തരം പുരസ്‌കാരങ്ങള്‍ നല്കുന്ന നമ്മുടെ മാധ്യമങ്ങളുടെ പ്രാഥമികപട്ടകയില്‍ പോലും നൗഷാദിന് ഇടംലഭിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി.
തുടരുന്നു അസഹിഷ്ണതയുടെ കാലം
ധനതത്വശാസ്ത്രത്തിനുള്ള 2019ലെ നൊബേല്‍ സമ്മാനത്തിനര്‍ഹനായ അഭിജിത് ബാനര്‍ജിയെയും ചരിത്രകാരിയും ദാര്‍ശനികയുമായ റോമിലാ ഥാപ്പറെയും പ്രത്യേക കാരണമൊന്നുമില്ലാതെയാണ് സംഘ്പരിവാറിനെ അനുകൂലിക്കുന്നവര്‍ താറടിക്കാന്‍ ശ്രമിച്ചത്. ജെഎന്‍യുവിന്റെ സ്ഥാപനകാലമായ എഴുപതുകളുടെ തുടക്കം മുതല്‍ അതിന്റെ ചരിത്ര വിഭാഗത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായ റോമിലയോട്, പ്രൊഫസര്‍ എമിറിറ്റയായി ഇനി തുടരണമെങ്കില്‍ യോഗ്യതകള്‍ അറിയിക്കണമെന്നാണ് ജെഎന്‍യു അധികാരികള്‍ പറഞ്ഞത്. അഭിജിത് ബാനര്‍ജിയെ വ്യക്തിഹത്യ നടത്താനാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. രാജ്യത്തെ ആള്‍ക്കൂട്ടഭീകരതയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്കിയതിന് മണിരത്‌നവും അടൂര്‍ ഗോപാലകൃഷ്ണനുമടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെമേല്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കാന്‍വരെ ശ്രമമുണ്ടായി. ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും ജീവിതങ്ങള്‍ കവര്‍ന്നെടുത്തവര്‍ക്ക് ഇതൊന്നും വലിയ കാര്യമായിരിക്കില്ല.
ജോക്കറും കുഞ്ഞപ്പനും
കുമ്പളങ്ങിയിലെ രാത്രികളും


ഹോളിവുഡില്‍ വല്ലപ്പോഴും സംഭവിക്കുന്ന സിനിമകളിലൊന്നായി ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ എന്ന ചിത്രം മാറി. വിപരീതസന്ദേശം നല്കുന്നുവെന്നും ഇഴയുന്ന സിനിമയെന്നും വ്യാപകപ്രചരണമുണ്ടായിട്ടും ജോക്കര്‍ വന്‍വിജയമായി. ജോക്കറായി വേഷമിട്ട വാക്കിന്‍ ഫിനിക്‌സ് അഭിനയത്തിന്റെ പുതിയ മേഖലകളിലെത്തി.
മലയാളത്തില്‍ രണ്ടു സിനിമകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.2 ഉം. നവാഗത സംവിധായകര്‍ കഥ പറിച്ചിന് തിരഞ്ഞെടുക്കുന്ന വിഷയത്തിലും രീതിയിലുമുള്ള പുതുമകളാണ് സിനിമകളുടെ ആകര്‍ഷണമായിരിക്കുന്നത്. സൗബിന്‍, ഷെയ്ന്‍ നിഗം എന്നിവര്‍ കുമ്പളങ്ങി നൈറ്റ്‌സിലും സുരജ് വെഞ്ഞാറമൂടും സൗബിനും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും തകര്‍ത്തഭിനയിച്ചിരിക്കുന്നു.
മറിയം ത്രേസ്യ വിശുദ്ധപദവിയില്‍


കുടുംബങ്ങള്‍ക്കുള്ള പ്രേഷിതപ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ബ്രസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്‌സര്‍ലന്‍ഡുകാരി മാര്‍ഗ്രറ്റ് മെയ്‌സ് എന്നിങ്ങനെ ആഗോള സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു.
ഡോ. ജയിംസ് റാഫേല്‍ ആലപ്പുഴ മെത്രാന്‍
ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 11ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം.
ബിഷപ് ഡോ. ജോസഫ് കരിയില്‍
കെആര്‍എല്‍സിസി അധ്യക്ഷന്‍

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെയും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയായ കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റായി കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയിലിനെ തെരഞ്ഞെടുത്തു. കെസിബിസി സെക്രട്ടറി ജനറല്‍, പുനലൂര്‍ രൂപതാധ്യക്ഷന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെആര്‍എല്‍സിബിസിയുടെ വൈസ് പ്രസിഡന്റായിരുന്നു. ‘ജീവനാദം’ പത്രത്തിന്റെ വൈസ് ചെയര്‍മാനുമാണ്.
നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനായ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ കെആര്‍എല്‍സിബിസിയുടെയും കെആര്‍എല്‍സിസിയുടെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പുനലൂര്‍ രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. 2009 മുതല്‍ കെആര്‍എല്‍സിസിയുടെയും മെത്രാന്‍ സമിതിയുടെയും പ്രസിഡന്റായിരുന്ന ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം സഭാനേതൃത്വത്തില്‍നിന്ന് ഇതോടെ വിരമിച്ചു.
ലക്ഷ്യത്തിലെത്താന്‍ ലത്തീന്‍ കത്തോലിക്കര്‍


2020ലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായത്തിന് നീതിപൂര്‍വകമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ട കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 34-ാമത് ജനറല്‍ അസംബ്ലി തീരുമാനിച്ചു. സമുദായത്തിന്റെ രാഷ്ട്രീയശക്തീകരണത്തിനും അധികാരവല്കരണത്തിനുമായി അടിസ്ഥാന ക്രൈസ്തവ സമൂഹ കൂട്ടായ്മതൊട്ട് ഫലപ്രദമായ ഏകോപനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹ്രസ്വകാല കര്‍മപദ്ധതിയും രാഷ്ട്രീയ ശക്തീകരണത്തിനുള്ള ദീര്‍ഘകാല പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ഒക്ടോബര്‍ 12, 13, 14 തീയതികളിലായി ചേര്‍ന്ന സമ്മേളനം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്കുന്ന മൂല്യങ്ങള്‍ക്ക് അനുസൃതമായി നീതിസമൂഹം രൂപപ്പെടുത്തുന്നതിന് അധികാരത്തിലുള്ള പങ്കാളിത്തം അനിവാര്യമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. ഡിസംബറില്‍ നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന കെഎല്‍സിഎ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൂറ്റന്‍ റാലിയും പൊതുസമ്മേളനവും ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടുവയ്പായി കണക്കാക്കാം. പിന്നീട് ഡിസംബര്‍ എട്ടിന് കൊല്ലത്ത് കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായസംഗമവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15ന് പറവൂരില്‍ സംഘടിപ്പിച്ച റാലിയിലും സമ്മേളനത്തിലും പതിനായിരങ്ങള്‍ അണിചേര്‍ന്നു.
അസാധാരണ പ്രേഷിതമാസം


2019 ഒക്‌ടോബര്‍ അസാധാരണ പ്രേഷിതമാസമായി ആഗോള കത്തോലിക്കാസഭ ആചരിച്ചു. 1919 നവംബര്‍ 30ന് ബെനഡിക്ട് 15-ാമന്‍ പാപ്പാ പ്രസിദ്ധീകരിച്ച ‘മാക്‌സിമും ഇല്ലുദ്’ (ഏറ്റവും വലിയ കാര്യം) എന്ന പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള ചാക്രിക ലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ഇപ്രകാരം ഒരു പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പാ നടത്തിയത്. 100 വര്‍ഷംമുമ്പ് രചിക്കപ്പെട്ട ‘മാക്‌സിമും ഇല്ലുദ്’ എന്ന ചാക്രിക ലേഖനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം.
അഭയാര്‍ഥികള്‍ കൂടുന്നു


ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ലോകത്താകമാനം അഭയാര്‍ഥികളായത് 6.5 കോടി ജനതയാണ്. അഭയാര്‍ഥി പ്രവാഹത്തെ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമ്പോഴും പോയവര്‍ഷം അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. ശരാശരി കണക്കനുസരിച്ച് ഓരോ മൂന്നു സെക്കന്റിലും ഓരോരുത്തര്‍ വീതം അഭയാര്‍ഥികളായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനും ഭീതി ഉണര്‍ത്തുന്ന മറ്റൊരു കാര്യം അഭയാര്‍ഥികളാകുന്നവരില്‍ പകുതിയും കുട്ടികളാണെന്നതാണ്.
ഹോങ്കോംഗ് പ്രക്ഷോഭം


ജനാധിപത്യ അവകാശങ്ങള്‍ക്കായി ഹോങ്കോംഗില്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ചൈനാവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുന്നു. 1997വരെ ബ്രിട്ടന്റെ ഭരണത്തിന്‍കീഴിലായിരുന്ന ഹോങ്കോംഗ് പിന്നീട് ചൈനയുടെ കീഴിലായി. ഒരു രാജ്യം രണ്ടു സംവിധാനം എന്ന രീതിയിലായിരുന്നു ഭരണം നടത്തിയിരുന്നത്. പ്രഭോക്ഷത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ ഈ ബില്‍ പിന്‍വലിച്ചെങ്കിലും പ്രക്ഷോഭത്തിന് അയവുണ്ടായില്ല.


Tags assigned to this article:
2019throwback

Related Articles

സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം

ഭക്തിസാന്ദ്രമായി തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം

നെയ്യാറ്റിന്‍കര: വിശുദ്ധകുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം എന്ന സന്ദേശവുമായി തെക്കന്‍ കുരിശുമലയുടെ 61-ാമത്‌ മഹാതീര്‍ത്ഥാടനത്തിന്‌ തുടക്കമായി. 18ന്‌ രാവിലെ നെയ്യാറ്റിന്‍കര മെത്രാസനമന്ദിരത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനപതാകയും, ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള

നെയ്യാറ്റിൻകര മീഡിയ കമ്മീഷൻ പുതിയ സാരഥികൾ ഡിസംബർ ഒന്നിന് ചുമതലയേൽക്കും

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ മീഡിയാ കമ്മീഷന്റെ പുതിയ സാരഥികളായി Msgr VP JOSE അച്ഛൻ ഡയറക്ടറും ഫാദർ സജിൻ തോമസ് ഫാദർ ജിബിൻ രാജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*