‘വിഭജിക്കപ്പെടാത്ത ഹൃദയാര്‍പ്പണം സമൂല മാറ്റത്തിന്’: വിശുദ്ധപദത്തില്‍ ഏഴുപേര്‍

‘വിഭജിക്കപ്പെടാത്ത ഹൃദയാര്‍പ്പണം സമൂല മാറ്റത്തിന്’: വിശുദ്ധപദത്തില്‍ ഏഴുപേര്‍

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച ആഗോള സിനഡില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരും മെത്രാന്മാരും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആയിരകണക്കിന് വിശ്വാസികളും ലോകമെങ്ങും നിന്നുള്ള തീര്‍ഥാടകരും ഉള്‍പ്പെടെ എഴുപതിനായിരത്തിലേറെ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇരുപതാം നൂറ്റാണ്ടിലെ ആധ്യാത്മിക-ധാര്‍മിക മണ്ഡലത്തിലെ രണ്ട് ഉജ്വലതാരങ്ങളായ പോള്‍ ആറാന്‍ പാപ്പാ, എല്‍ സാല്‍വദോറിലെ രക്തസാക്ഷിയായ ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ റോമേരോ എന്നിവരെയും പത്തൊന്‍പതുകാരനായ അല്മായ യുവാവിനെയും രണ്ടു വൈദികരെയും രണ്ട് സന്യാസിനിമാരെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
സഭയില്‍ നവീകരണത്തിന്റെ വാതായനങ്ങള്‍ തുറന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും മനുഷ്യജീവന്റെ പവിത്രതയെയും മഹിമയെയും ഉദ്‌ഘോഷിച്ച ഹ്യുമാനെ വീത്തെ എന്ന ചാക്രികലേഖനത്തിലെ മൗലിക പ്രബോധനത്തിനും വേണ്ടി ഏറെ യാതനകള്‍ സഹിച്ച പോള്‍ ആറാമന്‍ പാപ്പായെയും ലാറ്റിനമേരിക്കയിലെ പാവങ്ങളുടെ പക്ഷത്തുനിന്ന് സൈനിക സമഗ്രാധിപത്യത്തിനും വലതുപക്ഷ തീവ്രവാദത്തിനുമെതിരെ ധീരമായി നീതിയുടെയും സത്യത്തിന്റെയും ശബ്ദമുയര്‍ത്തി അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ ‘വിശ്വാസത്തെ വെറുക്കുന്നവരുടെ’ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ആര്‍ച്ച്ബിഷപ് റോമേരോയെയും തന്റെ അപ്പസ്‌തോലിക ശുശ്രൂഷയുടെ അനന്യ പ്രചോദനമായി ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ തിരുക്കര്‍മവേളയില്‍ ആ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ തന്റെ തിരുവസ്ത്രങ്ങളോടൊപ്പം അണിഞ്ഞു. എല്‍ സാല്‍വദോറില്‍ 1980 മാര്‍ച്ച് 24ന് ആശുപത്രി ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ആര്‍ച്ച്ബിഷപ് റോമേരോ ധരിച്ച ചോരപുരണ്ട അരപ്പട്ടയും പോള്‍ ആറാമന്‍ പാപ്പായുടെ സ്ഥാന മേല്‍വസ്ത്രമായ പാലിയവും ഫ്രാന്‍സിസ് പാപ്പ അണിഞ്ഞിരുന്നു. പോള്‍ ആറാമന്‍ പാപ്പായുടെ അംശവടി പ്രദക്ഷിണത്തില്‍ കൈയിലേന്തിയ പരിശുദ്ധ പിതാവ് ആ വിശുദ്ധന്‍ ഉപയോഗിച്ചിരുന്ന കാസയും നാമകരണചടങ്ങിലെ ദിവ്യബലിയര്‍പ്പണത്തിന് ഉപയോഗിച്ചു.
അള്‍ത്താരവണക്കത്തിനായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ഏഴു വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകള്‍ ബലിവേദിയില്‍ പരിശുദ്ധ കന്യാകാമാതാവിന്റെ തിരുസ്വരൂപത്തിന്റെ പാദാന്തികത്തില്‍ ചെമന്ന മെഴുകു മുദ്ര വച്ച അരുളിക്കകളില്‍ വണക്കത്തിനായി വച്ചിരുന്നു. കത്തോലിക്കാ സഭ പരമ്പരാഗതമായി ‘ഒന്നാം തരം’ തിരുശേഷിപ്പുകളായി പരിഗണിക്കുന്ന വിശുദ്ധരുടെ ശരീരത്തിന്റെ പൂജ്യാവശിഷ്ടങ്ങള്‍ – കൂടുതലും അസ്ഥികളുടെ ഭാഗം – അതിലുണ്ടായിരുന്നു.
ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ 1970 നവംബറില്‍ ബൊളീവിയക്കാരനായ ഒരു കലാകാരന്‍ കത്തികൊണ്ട് കുത്തിയപ്പോള്‍ പോള്‍ ആറാമന്‍ പാപ്പ അണിഞ്ഞിരുന്ന അണ്ടര്‍ഷര്‍ട്ട് രക്തം പുരണ്ട തിരുശേഷിപ്പായി ഗ്ലാസ് വെയ്‌സില്‍ സൂക്ഷിച്ചിരുന്നു.
വിശുദ്ധ ഓസ്‌കര്‍ റൊമേരോയുടെ അസ്ഥിയുടെ ഒരു ഭാഗം, വിശുദ്ധ ഫ്രാന്‍ചെസ്‌കോ സ്പിനെല്ലിയുടെ പാദത്തിലെ ഒരു എല്ല്, വിശുദ്ധ വിന്‍ചെന്‍സോ റൊമാനോയുടെ നട്ടെല്ലിന്റെ ഘടകാസ്ഥി, വിശുദ്ധ നുണ്‍ഷ്യോ സുള്‍പ്രിസിയോയുടെ കൈവിരലിലെ എല്ലിന്റെ ഭാഗം, വിശുദ്ധ കാതറിന്‍ കാസ്പറിന്റെ മുതുകിലെ അസ്ഥിയുടെ ഭാഗം, വിശുദ്ധ നസറിയ ഇഗ്നാസിയ മാര്‍ച്ച് മെസയുടെ മുടിച്ചുരുള്‍ എന്നിവയാണ് റെലിക്വറികളില്‍ വച്ചിരുന്നത്. പോള്‍ ആറാമനെയും ആര്‍ച്ച്ബിഷപ് റൊമേരോയെയും ഫ്രാന്‍സിസ് പാപ്പായും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത മറ്റു പലരും ജീവനോടെ കണ്ടിട്ടുള്ളതാണ്. വിശുദ്ധ ജീവിതം നയിച്ച് ജീവിച്ചിരുന്നവരാണ് ഈ വിശുദ്ധര്‍ എന്ന് ദൈവജനത്തെ ഓര്‍മിപ്പിക്കാനാണ് അവരുടെ തിരുശേഷിപ്പുകള്‍ സഭ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്.
‘യേശു സമൂലപരിഷ്‌കരണവാദിയാണ്. അവിടുന്ന് എല്ലാം നല്‍കുന്നു; അവിടുന്ന് എല്ലാം ആവശ്യപ്പെടുന്നു. അവിടുന്ന് നല്‍കുന്നത് സമ്പൂര്‍ണ സ്‌നേഹമാണ്, വിഭജിക്കപ്പെടാത്ത ഹൃദയമാണ് അവിടുന്ന് ആവശ്യപ്പെടുന്നത്,’ വചനസന്ദേശത്തില്‍ പാപ്പാ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖവാരത്തെ പടവുകള്‍ക്കരികെ സഹകാര്‍മികരായിരുന്ന 120 കര്‍ദിനാള്‍മാര്‍, 500 ബിഷപ്പുമാര്‍, 3,000 വൈദികര്‍, മുന്‍നിരയിലുണ്ടായിരുന്ന എല്‍ സാല്‍വദോര്‍, ചിലെ, ഇറ്റലി, പാനമ എന്നീ രാജ്യങ്ങളിലെ പ്രസിന്റുമാര്‍, സ്‌പെയിനിലെ മുന്‍ രാജ്ഞി സോഫിയ, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍, കാന്റര്‍ബറിയിലെ മുന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച്ബിഷപ് റോവന്‍ വില്യംസ്, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവ് അഡോള്‍ഫോ പെരെസ് എസ്‌ക്വിവെല്‍ തുടങ്ങിയവര്‍ പരിശുദ്ധ പിതാവിനെ ശ്രവിക്കുന്നുണ്ടായിരുന്നു.
വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ശുശ്രൂഷ ചെയ്യാനുള്ള യേശുവിന്റെ സമൂലപരിഷ്‌കരണത്തിന്റെ വിളിയോടു സ്വന്തം രീതിയില്‍ പ്രതികരിച്ചവരാണ് പോള്‍ ആറാമനും ആര്‍ച്ച്ബിഷപ് റോമേരോയും. വിദൂരത്തുള്ളവരെ തേടിയും പാവങ്ങളെ ശുശ്രൂഷിച്ചും, അതിരുകള്‍ താണ്ടിയും ദീര്‍ഘദര്‍ശിയായി സംവാദത്തിന്റെയും സുവിശേഷപ്രഘോഷണത്തിന്റെയും സജീവ സാക്ഷിയായും യേശുവിന്റെ സുവിശേഷം ജീവിച്ച സാര്‍വത്രിക സഭയുടെ നേതാവായിരുന്നു പോള്‍ ആറാമന്‍. ഏറെ തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നപ്പോഴും യേശുവിനെ പിന്‍ചെല്ലുന്നതിന്റെ ആനന്ദവും സൗന്ദര്യവും ഏറെ തീക്ഷ്ണതയോടെ കാണിച്ചുതന്ന പിതാവാണ് അദ്ദേഹം. ആഭ്യന്തര കലാപത്തിനു നടുവില്‍ എല്‍ സാല്‍വദോറിലെ അടിച്ചമര്‍ത്തപ്പെട്ട പാവങ്ങളെ ശുശ്രൂഷിക്കുകയും അവര്‍ക്കുവേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത ഇടയനാണ് ആര്‍ച്ച്ബിഷപ് റോമേരോ – ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.
ആര്‍ച്ച്ബിഷപ് റോമേരോയുടെ സഹപ്രവര്‍ത്തകനായിരുന്ന സഹായമെത്രാന്‍ ഗ്രിഗോറിയോ റോസ ഷാവെസ് – 2017ല്‍ ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍ പദത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു – നാമകരണ തിരുക്കര്‍മത്തില്‍ സഹകാര്‍മികനായി.
പാനമയില്‍ അടുത്ത ജനുവരിയില്‍ ലോക യുവജനദിനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ താന്‍ എല്‍ സാല്‍വദോറില്‍ വിശുദ്ധ ഓസ്‌കര്‍ റോമേരോയുടെ കബറിടത്തില്‍ പ്രാര്‍ഥിക്കുമെന്ന് പരിശുദ്ധ പിതാവ് സാല്‍വദോര്‍ മെത്രാന്മാരെയും വിശ്വാസിഗണത്തെയും അറിയിച്ചു.
യേശുവിന്റെ സമൂല മാറ്റത്തിനായുള്ള വിളിയോട് അവിഭക്ത ഹൃദയത്തോടെ പ്രതികരിച്ച മറ്റ് അഞ്ച് നവവിശുദ്ധരെയും – ഇറ്റലിക്കാരായ വൈദികര്‍ ഫ്രാന്‍ചെസ്‌കോ സ്പിനേലി, വിന്‍ചെന്‍സോ റോമാനോ, ജര്‍മന്‍കാരിയായ സന്യസ്ത മരിയ കാതറീന കാസ്പര്‍, സ്‌പെയിന്‍കാരിയായ പ്രേഷിത സന്യാസിനി നസറിയ ഇഗ്നാസിയ, പത്തൊന്‍പതുകാരനായ ഇറ്റാലിയന്‍ യുവാവ് നുണ്‍ഷ്യോ സുള്‍പ്രീസിയോ എന്നിവരുടെയും ധീര വിശ്വാസസ്ഥൈര്യത്തെയും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ആര്‍ച്ച്ബിഷപ് റോമേരോയുടെ സഹോദരന്മാരായ ടിബേരിയോ റോമേരോയും (93), ഗാസ്പര്‍ റോമേരോയും (88) സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എല്‍ സാല്‍വദോറില്‍ നിന്നുള്ള വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആംഗ്ലിക്കന്‍ സഭ ആര്‍ച്ച്ബിഷപ് റോമേരോയെ ഇരുപതാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കാന്റര്‍ബറിയിലെ മുന്‍ ആര്‍ച്ച്ബിഷപ് റോവന്‍ വില്യംസ് ആംഗ്ലിക്കന്‍ സഭയുടെ ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ട് തിരുക്കര്‍മങ്ങളില്‍ സന്നിഹിതനായിരുന്നു.
ജൊവാന്നി ബത്തിസ്താ മൊന്തീനി എന്ന പോള്‍ ആറാമന്‍ പാപ്പായുടെ ജന്മസ്ഥലമയാ വടക്കെ ഇറ്റലിയിലെ ബ്രേഷ്യയില്‍ നിന്നും അദ്ദേഹം മെത്രാപ്പോലീത്തയായി സേവനം അര്‍പ്പിച്ചിരുന്ന മിലാനില്‍ നിന്നും വിശ്വാസികളുടെ വലിയൊരു ഗണം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സന്നിഹിതരായിരുന്നു.
പോള്‍ ആറാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ തലേനാള്‍ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ മാത്തെര്‍ എക്ലേസിയെ ആശ്രമത്തില്‍ എമരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. പ്രായാധിക്യത്തിന്റെ ക്ഷീണം മൂലം ബെനഡിക്ട് പാപ്പാ എമരിറ്റസിന് ഏഴു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുക്കര്‍മങ്ങളില്‍ സംബന്ധിക്കാന്‍ കഴിയില്ലെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ജൊവാന്നി ആഞ്ജലോ ബെച്യു അറിയിച്ചിരുന്നു. 1977 ജൂണ്‍ 27ലെ തന്റെ അവസാനത്തെ കണ്‍സിസ്റ്ററിയിലാണ് പിന്നീട് പരിശുദ്ധ സിംഹാനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്‌സിംഗറെ പോള്‍ ആറാമന്‍ പാപ്പാ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ആ കണ്‍സിസ്റ്ററി കഴിഞ്ഞ് 13-ാം മാസം പോള്‍ ആറാമന്‍ കാലം ചെയ്തു.


Related Articles

പാക്കിസ്ഥാനില്‍ 700 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി

ലഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ക്രൈസ്തവ, ഹൈന്ദവ സമൂഹത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തി നിര്‍ബന്ധിച്ച് വിവാഹബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നതായി

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

ബില്ലി ഗ്രഹാം: ഒരു പ്രകാശവര്‍ഷത്തിന്റെ ഓര്‍മ

ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്‌ത സുവിശേഷകന്‍ കത്തോലിക്കനായിരുന്നില്ല. പക്ഷേ, ക്രിസ്‌തുവിനെ സ്‌നേഹിച്ച, ബൈബിളിനെ സ്‌നേഹിച്ച, വിശ്രമമില്ലാതെ ക്രിസ്‌തുവിനെ പ്രഘോഷിച്ച മഹാനായ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*