Breaking News

വിമോചന ശുശ്രൂഷയ്ക്ക് ചരിത്രനിയോഗം

വിമോചന ശുശ്രൂഷയ്ക്ക് ചരിത്രനിയോഗം

പൗരോഹിത്യ കൂദാശയുടെ പൂര്‍ണതയാണ് മെത്രാഭിഷേകം. ഡീക്കന്‍ എന്ന നിലയില്‍ സഭാശുശ്രൂഷയുടെയും, വൈദികന്‍ എന്ന നിലയില്‍ വിശുദ്ധീകരണത്തിന്റെയും, മെത്രാന്‍ എന്ന നിലയില്‍ ഭരണകര്‍തൃത്വത്തിന്റെ ദൈവകൃപാവരം ലഭിക്കുന്നു. അപ്പസ്‌തോലന്മാരുടെ പിന്‍തുടര്‍ച്ചക്കാരനായി അഭിഷിക്തനാകുന്ന മെത്രാന്‍ രൂപതയുടെ മാത്രമല്ല, സാര്‍വത്രിക സഭയുടെ ഭരണനിര്‍വഹണത്തില്‍ റോമിന്റെ മെത്രാനായ പരിശുദ്ധ പിതാവിനോടൊപ്പം മെത്രാന്മാരുടെ ഐക്യത്തില്‍ പങ്കുകാരനാകുന്നു. വിവാഹത്തിലെന്നപോലെ തന്റെ രൂപതയെ വരിക്കുന്നതിന്റെ അടയാളമാണ് മെത്രാന്റെ സ്ഥാനമോതിരം. ആചാര്യന്റെ പ്രതീകമാണ് മെത്രാന്റെ ശിരോലങ്കാരം. ശിരസില്‍ ഒഴിക്കുന്ന പരിശുദ്ധ തൈലം പ്രധാന പുരോഹിതന്റെ അടയാളമാണ്. കൈകളില്‍ ഏന്തുന്ന അംശവടി അജഗണത്തിന്റെ ഇടയന്‍ എന്നതിന്റെ അടയാളവും. മെത്രാഭിഷേക തിരുക്കര്‍മങ്ങളുടെ പവിത്രതയും പെരുംപൊരുളും ദൈവജനത്തിന്റെ ‘അഭിവൃദ്ധിയും വിശ്വാസത്തിലുള്ള സന്തോഷവും’ എന്ന ഡോ. പോള്‍ ആന്റണി മുല്ലശേരി പിതാവിന്റെ അജപാലന ദൗത്യപ്രഖ്യാപനത്തെ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കുന്നു.

മെത്രാന്‍ പദവി ഭയാവഹമാണെന്നാണ് റോമാ സാമ്രാജ്യത്തിലെ ആഫ്രിക്കയില്‍ ഹിപ്പോയിലെ ബിഷപ്പായിരുന്ന വിശുദ്ധ അഗസ്തീനോസ് പറഞ്ഞത്: ‘ഞാന്‍ നിങ്ങള്‍ക്ക് എന്താണെന്ന് ഓര്‍ക്കുന്നത് എനിക്കു ഭയമാണ്; അതേസമയം ഞാന്‍ നിങ്ങളോടൊപ്പം എന്താണെന്നത് ആശ്വാസദായകവും. നിങ്ങള്‍ക്ക് ഞാന്‍ മെത്രാനാണ്; നിങ്ങളോടൊപ്പം ഞാന്‍ ക്രൈസ്തവനും. ആദ്യത്തേത് ഒരു ഉദ്യോഗമാണ്, രണ്ടാമത്തേത് കൃപാവരവും. ആദ്യത്തേത് അപകടകാരിയാണ്, രണ്ടാമത്തേക്ക് രക്ഷയും.’

ദൈവജനത്തോടൊപ്പം ക്രൈസ്തവരായിരിക്കുന്നതില്‍ ആനന്ദിക്കുന്ന ഇടയന്മാരെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പായും സംസാരിക്കുന്നത്. ഓരോ രാജ്യത്തെയും മെത്രാന്മാരുടെ നിയമനത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന പേപ്പല്‍ നുണ്‍ഷ്യോമാരെ അഭിസംബോധന ചെയ്തുകൊണ്ട് ആ പദവിയിലേക്കു പരിഗണിക്കപ്പെടേണ്ടവര്‍ എത്തരത്തിലുള്ളവരായിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ 2013 ജൂലൈയില്‍ വ്യക്തമാക്കി: ”സഹോദരന്മാരെപ്പോലെ, പിതാക്കന്മാരെപ്പോലെ, ജനങ്ങളുമായി അടുപ്പമുള്ള സഭാപരിപാലകരായിരിക്കണം അവര്‍. സൗമ്യരും, ക്ഷമാശീലരും, കരുണാര്‍ദ്രരും, ആന്തരിക ദാരിദ്ര്യത്തിന്റെയും കര്‍ത്താവിന്റെ സ്വാതന്ത്ര്യത്തിന്റെയും ചൈതന്യം ഉള്‍ക്കൊണ്ട് ലാളിത്യത്തിന്റെയും തീവ്രവിരക്തിയുടെയും ജീവിതം നയിക്കുന്നവരായിരിക്കണം അവര്‍. രാജകുമാരന്മാരുടെ മനഃശാസ്ത്രം അവര്‍ക്കുണ്ടാകരുത്.’

ഫ്രാന്‍സിലെ അവിഞ്ഞോണ്‍ കേന്ദ്രീകരിച്ച് പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തില്‍ വാണ ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പാ, 689 വര്‍ഷം മുന്‍പ് – 1329 ആഗസ്റ്റില്‍ – കൊല്ലത്ത് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപത സ്ഥാപിച്ചുകൊണ്ട് ഫ്രഞ്ചുകാരനായ ഡൊമിനിക്കന്‍ മിഷനറി ജോര്‍ദാന്‍ കത്തലാനിയെ പ്രഥമ മെത്രാനായി തിരഞ്ഞെടുത്തത് ഈ വാഴ്‌വോടെയാണ്: ”പൗരോഹിത്യശുശ്രൂഷയില്‍ ദൃഢചിത്തനും തിരുവചനങ്ങളില്‍ നിപുണനും മറ്റു സംസ്‌കാരങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ ജീവിതരീതിയെയും പ്രകൃതത്തെയുംകുറിച്ച് നല്ല പരിജ്ഞാനം ആര്‍ജിച്ച്, അനേകം ആത്മാക്കളെ നമ്മുടെ കര്‍ത്താവിങ്കലേക്കു നയിക്കുകയും… പരിശുദ്ധ വിശ്വാസത്തിന്മേലുള്ള തീക്ഷ്ണതയും ജീവിതവിശുദ്ധിയും യേശുവിന്റെ വലതുകരത്തിന്റെ ശക്തി പ്രകടിപ്പിക്കുന്ന വരപ്രസാദവും കൃപാവരങ്ങളും കൊണ്ട് സര്‍വഥാ യോഗ്യനെന്നു ബോധ്യപ്പെട്ടതിനാല്‍ െൈദവജനത്തിന്റെ രക്ഷയ്ക്കും സന്തോഷത്തിനുമായി മെത്രാന്‍ പട്ടം നല്‍കാന്‍ കല്പനയായി …’

ക്രിസ്തുവിന്റെ തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് 1291ല്‍ ജൊവാന്നി മൊന്തെ കൊര്‍വീനോ എന്ന ഫ്രാന്‍സിസ്‌കന്‍ മിഷനറിയെ നിക്കൊളസ് നാലാമന്‍ പാപ്പാ ചൈനയുടെ തലസ്ഥാനമായ പെക്കിങ്ങിന്റെ മെത്രാപ്പോലീത്തയും കിഴക്കിന്റെ മുഴുവന്‍ പാത്രിയാര്‍ക്കുമായി അയച്ചപ്പോള്‍ ചൈനയിലേക്കുള്ള യാത്രാമധ്യേ 13 മാസം കൊല്ലത്തും മൈലാപ്പൂരും താമസിച്ച് അനേകരെ ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു.

അപ്പസ്‌തോലനായ തോമാശ്ലീഹാ മലയാളക്കരയില്‍ സ്ഥാപിച്ച ഏഴു ക്രൈസ്തവ സമൂഹങ്ങളില്‍ രണ്ടാമത്തേത് കൊല്ലത്തായിരുന്നു എന്നാണ് വിശ്വാസപാരമ്പര്യം. തോമാശ്ലീഹായുടെ പാരമ്പര്യമുള്ള ഏഴു സമൂഹങ്ങളില്‍ ഇന്ന് ലത്തീന്‍കാരുടേതായി നിലനില്‍ക്കുന്നത് കൊല്ലം മാത്രം. 1502ല്‍ ഫ്രാന്‍സിസ്‌കന്‍ മിഷണറിമാരോടൊപ്പം കൊല്ലത്ത് എത്തിയ പോര്‍ച്ചുഗീസുകാര്‍ തങ്കശേരിയില്‍ സാന്‍ തോം കോട്ട നിര്‍മിച്ചു. അവിടത്തെ പോര്‍ച്ചുഗീസ് ഗവര്‍ണറുടെ വസതിയോടു ചേര്‍ന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനിമാര്‍ ശുശ്രൂഷ ചെയ്തിരുന്ന കപ്പേളയാണ് കാലാന്തരത്തില്‍ കൊല്ലം ബിഷപ്പിന്റെ അരമന ചാപ്പലായി മാറിയത്. ഈ ചാപ്പലിലാണ് 1930 സെപ്റ്റംബറില്‍ റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ മുന്‍പാകെ മലങ്കര സുറിയാനി സഭയിലെ പുനരൈക്യപ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായ ദൈവദാസന്‍ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയും സംഘവും ചരിത്രപ്രധാനമായ വിശ്വാസപ്രഖ്യാപനം നടത്തിയത്.

അപ്പസ്‌തോലനായ വിശുദ്ധ ബര്‍ത്തലോമിയോയുടെ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവ സമൂഹം ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുണ്ട്. എന്നാല്‍ വിശ്വാസപൈതൃകത്തിന്റെ ഇത്ര വൈവിധ്യമാര്‍ന്ന സൗഷ്ഠവ ദൃഷ്ടാന്തങ്ങള്‍ കൊല്ലത്തല്ലാതെ മറ്റൊരിടത്തും കാണാനാവില്ല. അപ്പസ്‌തോലിക പിന്‍തുടര്‍ച്ചയുടെ കൗദാശിക സാക്ഷ്യമായ കൈവയ്പു ശുശ്രൂഷയുടെ ചരിത്രം തേടുന്നവര്‍ക്ക് കൊല്ലം രൂപതയില്‍ തന്റെ പിന്‍ഗാമിയുടെ ശിരസില്‍ കൈവയ്പുശുശ്രൂഷ നടത്തുന്ന ബിഷപ് സ്റ്റാന്‍ലി റോമന്റെ മഹിമാന്വിത എപ്പിസ്‌കോപ്പല്‍ ‘വംശാവലി’ 1565ലെ കോണ്‍സ്റ്റന്റിനോപ്പിളിലെ സ്ഥാനിക പാത്രിയാര്‍ക്ക് കര്‍ദിനാള്‍ ഷിപിയോന്‍ റെബീബ വരെ ചെന്നെത്തുന്നതിന്റെ ഡിജിറ്റല്‍ രേഖ കാണാം.

‘പീഡിതരെ സദ്‌വാര്‍ത്ത അറിയിക്കാനും ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും’ അഭിഷേകം ചെയ്യപ്പെടുന്നവരുടെ, ‘ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും’ വിളിക്കപ്പെടുന്നവരുടെ ധന്യത അവരുടെ അജപാലനപരമായ പരിവര്‍ത്തനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിക്കാറുണ്ട്. തന്റെ അര്‍പ്പിത ജീവിതത്തിലുടനീളം മരിയഭക്തിയുടെയും ജപമാല വണക്കത്തിന്റെയും അനുഗ്രഹസാക്ഷ്യം വഹിച്ച അഭിവന്ദ്യ പോള്‍ ആന്റണി പിതാവ് ജീവന്റെ പവിത്രതയും അലംഘനീയ മഹത്വവും ഉയര്‍ത്തിക്കാട്ടി, മാനവികതയ്ക്കും സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ നയിക്കാനും ധീരത കാട്ടിയ ഇടയശ്രേഷ്ഠനാണ്. ഓപ്പുസ് ദേയി സാങ്തി സമൂഹത്തിന്റെയും ധ്യാനത്തിലും പ്രാര്‍ത്ഥനയിലും മുഴുകി, വേദനിക്കുന്നവരുടെ സഹനത്തിലും പരിത്യാഗങ്ങളിലും പങ്കുകാരായി ദൈവശുശ്രൂഷ ചെയ്യുന്ന തപസ്വിനികളുടെ സമൂഹങ്ങളുടെയും ആദ്ധ്യാത്മിക ഗുരുവായും ആഴമേറിയ ആദ്ധ്യാത്മിക സാധനയില്‍ മുഴുകുമ്പോഴും സാധാരണ മനുഷ്യര്‍ നേരിടുന്ന കുടുംബപ്രശ്‌നങ്ങളില്‍ ‘കാനോന്‍ നിയമത്തിന്റെയും നൈയാമിക വ്യവസ്ഥയുടെയും പരിധികള്‍ ലംഘിക്കാതെ തന്നെ’ എങ്ങനെ ഇടപെടാന്‍ കഴിയും എന്നു കാണിച്ചുതന്ന പുരോഹിതശ്രേഷ്ഠനാണ് അദ്ദേഹം. ബിഷപ്‌സ് ഹൗസില്‍ തന്നെ കാണാനെത്തുന്നവര്‍ക്ക് ആശിര്‍വാദത്തോടൊപ്പം വിശുദ്ധ ബെനഡിക്ടിന്റെ ചെറിയ കാശുരൂപം നല്‍കിക്കൊണ്ട് അദ്ദേഹം ‘വിടുതല്‍ പ്രാര്‍ത്ഥന’യുടെ രഹസ്യം കൂടി വെളിപ്പെടുത്തും. കൊല്ലം രൂപതയ്ക്കു മാത്രമല്ല, കേരള സമൂഹത്തിനും ഭാരത സഭയ്ക്കും വിമോചനത്തിന്റെ ഈ മാദ്ധ്യസ്ഥവും അജപാലന ശുശ്രൂഷയും അനിവാര്യമാണ്.


Related Articles

ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെങ്ങനെ

കാലം മാറിപ്പോയി, കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി ഇത്യാദി കുമാരനാശാന്റെ വരികളും പെണ്‍പക്ഷ നവോത്ഥാന മതിലിന്റെ ‘ആര്‍പ്പോ’ കാല്പനിക വായ്ത്താരിയുമൊക്കെ മാറ്റിനിര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക നയരേഖ എന്ന

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം

രാജ്യദ്രോഹ ചാപ്പകുത്തലിന് ഇടവേള താല്‍കാലികമോ?

അഭിപ്രായസ്വാതന്ത്ര്യത്തെ ക്രിമിനല്‍ക്കുറ്റമാക്കി എതിര്‍സ്വരങ്ങളുടെ നാവരിയുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി ഭരണകൂടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തലങ്ങും വിലങ്ങും എടുത്തുവീശുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തിന്റെ 124എ വകുപ്പ് തല്‍ക്കാലത്തേക്കു മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*