വിവരചോര്‍ച്ച ആവര്‍ത്തിക്കുമ്പോള്‍

വിവരചോര്‍ച്ച ആവര്‍ത്തിക്കുമ്പോള്‍

എല്ലാവര്‍ക്കും തങ്ങളുടെ സ്വകാര്യത ഏറ്റവും വിലമതിച്ചതുതന്നെയാണ്. സ്വകാര്യതയില്‍ കടന്നുകയറാനുള്ള താല്പര്യത്തിനും അത്രത്തോളം തന്നെ വിലമതിപ്പുണ്ട്. സ്വകാര്യത ചോര്‍ത്തി വില്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വിലയിലെ ആകര്‍ഷകത്വം കൊണ്ടുതന്നെ. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ സ്‌പൈവെയര്‍ ഉപയോഗിച്ചുവെന്ന് വാട്ട്‌സ്ആപ്പ് സ്ഥിരീകരിക്കുമ്പോള്‍ സാങ്കേതികത പുരോഗമിക്കുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ നിസാരമായി ലംഘിക്കപ്പെടുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണരമായി അതു മാറുന്നു.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിനെ നിരീക്ഷിക്കാനായി ഇസ്രായേലിന്റെ സ്‌പൈവെയറായ പെഗാസസാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാന്‍ഫ്രാസിസ്‌കോയിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച കേസിനെ തുടര്‍ന്നായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ എന്‍എസ്ഒ ഗ്രൂപ്പ്, 1,400 വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടതെന്നായിരുന്നു വെളിപ്പെടുത്തല്‍. സമൂഹം നേരിടുന്ന സൈബര്‍ ഭീഷണികള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബാണ് ചോര്‍ത്തലിനെക്കുറിച്ച് ആദ്യം കണ്ടെത്തല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടിയാണ് ചോര്‍ത്തല്‍ നടന്നതെന്ന് ആരോപണമുണ്ടെങ്കിലും ഇനിയും ്അതിന്മേല്‍ വെളിപ്പെടുത്തലുകള്‍ വരാനുണ്ട്.
വാട്ട്‌സ് ആപ്പ് വോയ്‌സ്‌കോള്‍ സംവിധാനത്തിലെ പാളിച്ചകള്‍ മുതലെടുത്താണ് ഫോണുകളില്‍ അപകടകാരികളായ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞതെന്നാണ് കണ്ടെത്തല്‍. ഒരു മിസ്‌കോള്‍ ചെയ്യുന്നതിലൂടെ സൈബര്‍ ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. കോള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ചാരന്‍ വിദഗ്ധമായി ഫോണില്‍ കയറിപ്പറ്റുകയും ചോര്‍ത്തല്‍ തുടങ്ങുകയും ചെയ്യും. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണിലെ കാമറ, മൈക്രോഫോണ്‍ തുടങ്ങിയവയെ തന്റെ സ്വാധീനമേഖലയിലാക്കിയാണ് ചാരപ്പണി പുരോഗമിക്കുന്നത്.
ഭരണകൂടങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരും തങ്ങളുടെ ശത്രുക്കളെന്നു കരുതുന്നവരെയും വിമര്‍ശകരെയും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കെല്പുള്ളവരെയുമാണ് നിരീക്ഷണവിധേയരാക്കുന്നത്. നിരീക്ഷണം അതീവരഹസ്യമായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇസ്രായേലി സൈബര്‍ വെപ്പണ്‍സ് കമ്പനിയുടെ ചാര സോഫ്റ്റ്‌വെയറുകളണ് പെഗാസസ്. ഇസ്രായേലി സാങ്കേതിക സ്ഥാപനമായ എന്‍എസ്ഒയാണ് പെഗാസസിന്റെ ഉല്പാദകരും മൊത്തക്കച്ചവടക്കാരും. അറബി രാജ്യങ്ങള്‍ ഇസ്രായേലിന്റെ പ്രഖ്യാപിത ശത്രുക്കളാണെങ്കിലും പെഗാസസ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അവരാണ്. 70,77,02,50,000 രൂപയാണ് (ഒരു ബില്യണ്‍ ഡോളര്‍) എന്‍എസ്ഒ എന്ന ഗവേഷണസ്ഥാപനത്തിന്റെ ആസ്തി. 500 പേര്‍ പണിയെടുക്കുന്നു. ഭീകരതയെയും കുറ്റകൃത്യങ്ങളെയും നേരിടാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം. അതൊരു പുകമറയായിരുന്നുവെന്ന് വെളിപ്പെടുന്നതും ഇപ്പോഴാണ്.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്ന 2019 മെയ് വരെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ദളിത് ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ നിരവധി പേര്‍ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അവരുടെ വ്യക്തിഗത വിവരങ്ങളും കൃത്യമായ എണ്ണവും തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെങ്കിലും അത് ഒരു ചെറിയ സംഖ്യയല്ലെന്ന് പറയാന്‍ കഴിയുമെന്നാണ് യുഎസ് ആസ്ഥാനമായുള്ള വാട്‌സ്ആപ്പ് ഡയറക്ടര്‍ (കമ്യൂണിക്കേഷന്‍സ്) കാള്‍ വൂഗിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിരീക്ഷണത്തിനായി ലക്ഷ്യമിട്ടവരുടെ ‘കൃത്യമായ എണ്ണം’ വെളിപ്പെടുത്താന്‍ വിസമ്മതിച്ചെങ്കിലും അവരെക്കുറിച്ച് അറിയാമെന്നും അവരില്‍ ഓരോരുത്തരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിനു വേണ്ടിയാണ് ചാരപ്രവൃത്തി നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്‌ലോണ്ടറി ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ചിലരുടെ വിവരങ്ങള്‍ പുറുത്തുവിട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതില്‍ ഭീമ കൊറേഗാവ് കേസില്‍ പ്രതികള്‍ക്കായി ഇടപെട്ട അഭിഭാഷകന്‍ നിഹാല്‍ സിങ് റാത്തോഡ്, ചത്തീസ്ഗഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഭെല്ലാ ഭാട്ടിയ, ദളിത് ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദിഗ്രി പ്രസാദ് ചൗഹാന്‍, അധ്യാപകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ആനന്ദ് ടെല്‍ടുംബേ എന്നിവരും ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ 1400 വാട്ട്‌സാപ്പ് ഉപയോക്താക്കളും ഇന്ത്യയില്‍ 25 ഓളം പേരെയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് വിധേയമായെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം ചോര്‍ത്തലുകളില്‍ പുതുമയില്ലെന്നാണ് സൈബര്‍ലോക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ വരെ ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. 500 രൂപ നല്‍കിയാല്‍ പത്തു മിനിറ്റുകൊണ്ട് ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ സ്വന്തമാക്കാമെന്ന കണ്ടെത്തലിനെ ആരുമിതുവരെ ഖണ്ഡിച്ചിട്ടില്ല.
ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്തിന് വിരലടയാളത്തിന്റെയും കണ്ണുകളുടെയും ചിത്രം പോലും ചോര്‍ത്തിയെടുക്കാന്‍ പറ്റുന്നതായിരുന്നു ഒരുഘട്ടത്തില്‍ ആധാര്‍ ഡേറ്റാ ബേസ്. ആക്രമണം തുടര്‍ച്ചയായപ്പോള്‍ സുരക്ഷ ശക്തമാക്കി. അപ്പോഴേക്കും ലക്ഷക്കണക്കിനു പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ആധാര്‍ ചോര്‍ന്നതിന്റെ ഞെട്ടല്‍ മാറുംമുമ്പ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി നടത്തിയ നുഴഞ്ഞുകയറ്റത്തിന്റെ വിവരം വന്നു. ചോര്‍ച്ചയുടെ വഴികള്‍ അവിശ്വസനീയമാണ്. പ്രധാനമന്ത്രിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്രമോദി ആപ്പില്‍നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തിയിരുന്നു. ജനങ്ങളുമായി സംവദിക്കാനെന്നപേരില്‍ പ്രധാനമന്ത്രി ആപ്പ് തുടങ്ങിയത് ജനങ്ങള്‍ക്കുള്ള ആപ്പായി മാറി എന്നു ചുരുക്കം.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ 2014ല്‍ ഒരു ആപ്പ് ഉണ്ടാക്കുന്നു. 2,70,000 ലധികം ഡൗണ്‍ലോഡ്‌സ് ഉള്ള ആ ആപ്പ് ഫേസ്ബുക് വഴി ഉപയോഗിക്കുന്നവരുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാപ്തിയുള്ളതായിരുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായ ഡാറ്റ മൈനിങ് കമ്പനിയായ കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ വമ്പന്‍ ഡാറ്റ വാങ്ങുകയും അത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിന് ഉപയോഗിക്കുകയും ചെയ്തു. 2012ല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് കാമ്പയിനിങ്ങിനും ചോര്‍ത്തല്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഒബാമയുടെ കാലത്ത് ആപ്പ് ഉപയോഗിച്ചത് വോട്ടര്‍മാരുടെ അറിവോടെ ആയിരുന്നു. എന്നാല്‍ ട്രംപ് ചെയ്തത് വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ ഉപദേശിച്ച് സ്വാധീനിക്കുകയായിരുന്നു.
ഇ മെയില്‍ വിലാസമോ ഫേസ്ബുക്കോ വാട്‌സ്ആപ്പോ തുറന്നുവച്ച് സെര്‍ച്ച് എന്‍ജിനില്‍ മറ്റെന്തെങ്കിലും തെരച്ചിലുകള്‍ നമ്മള്‍ നടത്തുമ്പോള്‍ ആ നിമിഷം തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയാണ്. നമ്മള്‍ നല്കുന്ന ഓരോ ലൈക്കും അഭിപ്രായപ്രകടനവും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുകയാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗത വിവരങ്ങള്‍ നാളേറെയായി മോഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു പ്രദേശത്തെ രാഷ്ട്രീയത്തില്‍ മാറ്റംവരുത്താന്‍ ആ പ്രദേശത്തെ സംസ്‌കാരത്തെ മാറ്റണം. ഒരു പ്രദേശത്തെ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരണമെങ്കിലോ ആ പ്രദേശത്തെ ജനങ്ങളുടെ ചിന്തയില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞത് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിട്ട ക്രിസ്റ്റഫര്‍ വൈലിയാണ്.
നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ഇന്ത്യയിലെ സാധാരണക്കാരന്റെ ഡാറ്റകള്‍ ഒരുപക്ഷേ മോഷ്ടാക്കള്‍ക്ക് അധികഭാരമാകുന്നുണ്ടാകാം.


Tags assigned to this article:
hackingpegasus hacking

Related Articles

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ

കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

  കോട്ടപ്പുറം: വടക്കന്‍ പറവൂര്‍ വിശുദ്ധ ഡോണ്‍ബോസ്‌കോ ദേവാലയത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ ഭവനം ഇല്ലാത്ത നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന കാരുണ്യ ഭവനത്തിന് കോട്ടപ്പുറം രൂപത മത ബോധന

ഡല്‍ഹി ദീദി യാത്രയായി

1998 മുതല്‍ 2013 വരെ പതിനഞ്ചുവര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു വിജയിച്ചു. മെട്രോ റെയില്‍ പദ്ധതിയും മേല്‍പാലങ്ങളും അങ്ങനെ ക്രിയാത്മകമായ മാറ്റങ്ങള്‍ ഡല്‍ഹിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*