വിവരാവകാശ കമ്മീഷണറെ ആര്‍ക്കാണു പേടി?

വിവരാവകാശ കമ്മീഷണറെ ആര്‍ക്കാണു പേടി?

പത്തു രൂപ മുടക്കി ഒരു വെള്ളക്കടലാസില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ രാജ്യത്തെ ഭരണനിര്‍വഹണ സംവിധാനത്തിലെ ഏതു തലത്തില്‍ നിന്നും ഏതൊരു പൗരനും ഔദ്യോഗിക നടപടികളുടെ കൃത്യമായ വിവരവും കണക്കും ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്ന വിവരാവകാശ (ആര്‍ടിഐ) നിയമത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഭേദഗതി ബില്ല് പ്രതിപക്ഷ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ലോക്‌സഭയില്‍ 79ന് എതിരേ 218 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വളരെ വേഗത്തില്‍ പാസാക്കിയെടുക്കാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിന് നിഷ്പ്രയാസം സാധിച്ചു. കൂട്ടിലടച്ച തത്ത, പല്ലുകൊഴിഞ്ഞ കടുവ എന്നും മറ്റുമുള്ള ആക്ഷേപം അന്വര്‍ഥമാക്കുംവണ്ണം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെയും മറ്റു കമ്മീഷണര്‍മാരുടെയും പദവിയും അന്തസും പരമാധികാരവും സ്വാതന്ത്ര്യവും അസ്ഥിരപ്പെടുത്തിയും ഇടിച്ചുതാഴ്ത്തിയും അവരെ കേന്ദ്രത്തിലെ ഭരണാധികാരികളുടെ ചൊല്പടിക്കു നിര്‍ത്താനുള്ള ആസൂത്രിതമായ രാഷ്ട്രീയ നീക്കത്തിന് ഇനി രാജ്യസഭയുടെ അംഗീകാരത്തിന്റെ കുറവേയുള്ളൂ.
ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാനുള്ള അവകാശം ഭരണഘടനാപരമായി ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് ഇന്ത്യയിലെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതി, വിവേചനം, അനീതി, സ്വജനപക്ഷപാതം, ക്രമക്കേട്, ചമപ്പുനാട തുടങ്ങി അധികാരകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥവൃന്ദങ്ങളിലെയും കൊള്ളരുതായ്മകളുടെയും ചട്ടലംഘനങ്ങളുടെയും കള്ളി വെളിച്ചത്താവുകയും, പദ്ധതി നടത്തിപ്പിലെയും ക്ഷേമാനുകൂല്യങ്ങളിലെയും വീഴ്ചകളുടെയും പൊരുത്തക്കേടിന്റെയും, ആരൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന കണക്കുകളുടെയും നിജസ്ഥിതിയുടെ രേഖകള്‍ സാധാരണക്കാരന്റെ കൈവശമെത്തുകയും ചെയ്യുന്നതിലൂടെ ജനാധിപത്യം കരുത്തുറ്റതായിത്തീരും എന്ന ബോധ്യത്തോടെയാണ് 14 കൊല്ലം മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്റ് ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുംശേഷം ഏകകണ്ഠമായി വിവരാവകാശ നിയമം പാസാക്കിയത്.
റേഷന്‍ വിഹിതത്തിലെ തിരിമറി തൊട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുനിരോധനവും, പ്രതിരോധ വകുപ്പിനെ നോക്കുകുത്തിയാക്കിയുള്ള റഫാല്‍ പോര്‍വിമാന ഇടപാടും, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചില പ്രമുഖ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഔദ്യോഗിക രേഖകളും തമ്മിലുള്ള ഗുരുതരമായ അന്തരവും, തെരഞ്ഞെടുപ്പ് ബോണ്ടിന്റെയും കോര്‍പറേറ്റ് ഫണ്ടിംഗിന്റെയും സ്രോതസും, തൊഴിലില്ലായ്മയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ രേഖയും വരെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യാനുള്ള അധികാരം സാധാരണ പൗരന്മാര്‍ക്കു സംലഭ്യമായത് അങ്ങനെയാണ്. 2005ല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്നുവരെ 60 ലക്ഷത്തോളം സാധാരണക്കാര്‍ തങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് ആര്‍ടിഐയിലൂടെ പ്രതിവിധി തേടി. സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിതാന്ത ജാഗ്രതയോടെ ജനങ്ങള്‍ക്കുവേണ്ടി ഇടപെട്ടുവന്ന വിവരാവകാശ പ്രവര്‍ത്തകരില്‍ 80 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു എന്നത് വിവരാവകാശം ചില പ്രബലശക്തികളെ എത്രമാത്രം പ്രകോപിപ്പിച്ചു എന്നതിന്റെ കൂടി സൂചനയാണ്.
കേന്ദ്രത്തിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടേതിനു തുല്യമായ പദവിയും സേവന വേതന വ്യവസ്ഥയുമാണ് കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് 2005ലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. കേന്ദ്രത്തിലെ മറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ക്ക് ഇലക്ഷന്‍ കമ്മീഷണറുടേതിനു സമാനമായ പദവിയും വേതനവും അലവന്‍സും, സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടേതിന് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് നിശ്ചയിച്ചിരുന്നത്. അഞ്ചു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 65 വയസു തികയും വരെയായിരുന്നു നിയമന കാലാവധി.
പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍, നിയമനിര്‍മാണവുമായി ബന്ധപ്പെട്ട പൊതുസംവാദത്തിനോ ചര്‍ച്ചകള്‍ക്കോ പാര്‍ലമെന്റ് നടപടിക്രമത്തിന്റെ ഭാഗമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, സിലക്ട് കമ്മിറ്റി എന്നിവയുടെ പ്രാരംഭ പരിശോധനയ്‌ക്കോ പഠനങ്ങള്‍ക്കോ അവസരം നല്‍കാതെ തികച്ചും ഏകപക്ഷീയമായി, വളരെ തിടുക്കത്തില്‍ സഭയില്‍ അവതരിപ്പിച്ച് മൂന്നു ദിവസത്തിനകം ശബ്ദവോട്ടോടെ പാസാക്കിയ വിവരാവകാശ നിയമ ഭേദഗതി ബില്ലില്‍ പറയുന്നത് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന കാലാവധിയും ശമ്പളവും അലവന്‍സുകളും മറ്റു സേവന വ്യവസ്ഥകളും കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിക്കും എന്നാണ്. തങ്ങള്‍ക്കു വഴങ്ങുന്നവരെ തങ്ങളുടെ അഭീഷ്ടത്തിന് ഒത്ത വ്യവസ്ഥകളിലും കാലത്തേക്കും നിയമിക്കും, അല്ലാത്തവര്‍ ആരാണ് മേലാളെന്ന് മനസിലാക്കി കീഴ്‌വഴങ്ങി കഴിഞ്ഞാല്‍ നന്ന്. പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടിനാല്‍ രൂപം നല്‍കിയ വിവരാവകാശ കമ്മീഷന് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്റെ പദവി നല്‍കാനാവില്ലെന്നു വിശദീകരിക്കുന്ന മോദി സര്‍ക്കാര്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണെങ്കില്‍ പിന്നെ ആ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകുന്നതിലെ വൈരുധ്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. ജനാധിപത്യവ്യവസ്ഥയുടെ പരിപാലനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥാപിത സംവിധാനങ്ങളായ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ലോക്പാല്‍ തുടങ്ങിയവയുടെ കാര്യത്തിലെന്നപോലെ വിവരാവകാശ കമ്മീഷന്റെയും പ്രവര്‍ത്തനസ്വാതന്ത്ര്യ ഘടനയും സുസ്ഥിരമായ സ്വയംഭരണ പദവിയും അട്ടിമറിക്കുന്നതിനോടൊപ്പം സംസ്ഥാനങ്ങളിലെ കമ്മീഷണര്‍മാരുടെമേലും കേന്ദ്രം കൈകടത്തുകയാണ്. ഇത് അധികാരവികേന്ദ്രീകരണത്തിന്റെ ഫെഡറല്‍ സങ്കല്പത്തിന് വിരുദ്ധമാണ്.
മോദിയുടെ ആദ്യ സര്‍ക്കാര്‍ 2017 ജൂണില്‍ 19 സ്റ്റാറ്റിയൂട്ടറി ട്രൈബ്യൂണലുകള്‍ക്കും അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റികള്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു സമാനമായ പദവിയും സേവനവ്യവസ്ഥകളും അനുവദിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. എന്നിട്ടാണ് വിവരാവകാശ കമ്മീഷന്റെ പരമാധികാരം ഇല്ലാതാക്കാന്‍ നോക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മുമ്പാകെ 23,000 അപ്പീലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുമ്പോള്‍ നാലു കമ്മീഷര്‍മാരുടെ ഒഴിവ് നികത്തിയിട്ടില്ല. ആന്ധ്രപ്രദേശില്‍ ഇപ്പോള്‍ ഒരു ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പോലുമില്ല. കര്‍ണാടകത്തില്‍ കമ്മീഷണര്‍മാരുടെ ആറ് ഒഴിവുകളും മഹാരാഷ്ട്രയില്‍ നാല് ഒഴിവുകളും നിയമനം കാത്തുകിടപ്പാണ്. രണ്ടിടത്തുമായി 70,000 അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ട്. കേന്ദ്രത്തില്‍ 2017-18 കാലത്ത് ആര്‍ടിഐ അപേക്ഷകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ 35 ശതമാനം വര്‍ധനയുണ്ടായി. ജനാധിപത്യബോധം വളരുന്നതിന്റെ അടയാളമായി വേണം ആര്‍ടിഐ മുന്നേറ്റത്തെ കാണേണ്ടത്.
കനത്ത സമ്മര്‍ദവും ഭീഷണിയും ചിലപ്പോഴൊക്കെ വല്ലാത്ത പ്രീണനവുമൊക്കെയായി രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെ വരുതിക്കു നിര്‍ത്തുന്ന സമഗ്രാധിപത്യസ്വഭാവമുള്ള ഭരണകൂടത്തിന് ജനങ്ങളോട് കണക്കു ബോധിപ്പിക്കാനും സുതാര്യതയോടെ പ്രവര്‍ത്തിക്കാനുമുള്ള ബാധ്യതയുണ്ടെന്ന് നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടെ ഓര്‍മിപ്പിക്കുകയും വീഴ്ചയുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്ന വിവരാവകാശ കമ്മീഷണര്‍മാരുടെമേല്‍ കൂച്ചുവിലങ്ങിടുകയാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യം. സമാനമായ രീതിയില്‍ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബില്ലും തിടുക്കത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച്, പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതികള്‍ പരിശോധിക്കുകപോലും ചെയ്യാതെ പാസാക്കുകയുണ്ടായി. കമ്മീഷന്‍ നിയമനത്തിന്റെ അഞ്ചുവര്‍ഷ കാലാവധി മൂന്നു വര്‍ഷമായി ചുരുക്കുകയും, സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായിരുന്നവര്‍ വേണം കേന്ദ്രത്തിലും സംസ്ഥാനത്തും യഥാക്രമം മനുഷ്യാവകാശ കമ്മീഷണര്‍ ആകേണ്ടതെന്ന വ്യവസ്ഥ മാറ്റി, രണ്ടിടത്തെയും ഏതെങ്കിലും ജഡ്ജിയായാല്‍ മതി എന്നു ഭേദഗതി വരുത്തുകയും ചെയ്തിരിക്കുന്നു. ലോക്‌സഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും രൂപവത്കരിക്കുന്നതിനു മുന്‍പ് ഇതിനകം 11 ബില്ലുകള്‍ അതിശീഘ്രം രാജ്യസഭയിലെത്തിച്ച് പുതിയ സര്‍ക്കാര്‍ പാസാക്കിക്കഴിഞ്ഞു എന്നത് എത്ര ലാഘവത്തോടെയാണ് ഈ രാജ്യത്ത് സുപ്രധാന നിയമനിര്‍മാണം നടക്കുന്നത് എന്നതിന്റെ ആപല്‍സൂചനയാണ്. കേവലമൊരു നിയമഭേദഗതിയിലൂടെ ഒരു ജനതയുടെ അറിയാനുള്ള അവകാശത്തിനായുള്ള ജനാധിപത്യ മുന്നേറ്റത്തെ എത്രകാലം തടുത്തുനിര്‍ത്താനാകും?


Related Articles

പുനർ നിർമാണത്തിന്റെ സമയത്ത് വിഭാഗീയത ദുഃഖകരം: ഡോ. ജോസഫ് മാര്‍ തോമാ മെത്രാപ്പോലീത്ത

പത്തനാപുരം: സഭാ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കേരളത്തില്‍ കൂടുതല്‍ വ്യക്തത കൈവരുന്ന കാലഘട്ടമാണിതെങ്കിലും സമൂഹത്തില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന സാഹചര്യമാണുള്ളതെന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാമേലധ്യക്ഷന്‍ ഡോ. ജോസഫ്

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

കരിമണലിലെ കണ്ണീര്‍ച്ചാലുകളില്‍ കടല്‍കയറുമ്പോള്‍

ധാതുമണല്‍ ഖനനം മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പരിദേവനം കേട്ട് ഉള്ളുലഞ്ഞവരെയും പ്രത്യക്ഷത്തില്‍ യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ 75 ദിവസത്തിലേറെയായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*