വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്‌കാര പ്രഖ്യാപനം

വിവാദങ്ങളിൽ ആടിയുലഞ്ഞ പുരസ്‌കാര പ്രഖ്യാപനം

കുറച്ചുകാലമായി അപസ്വരങ്ങളൊഴിഞ്ഞതായിരുന്നു സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയം. ഇത്തവണ പൂര്‍വാധികം ശക്തിയോടെ വിവാദം കത്തിക്കാളി. കേരളം ഒരു ഉപതിരഞ്ഞെടുപ്പിന്റെ ചൂടിലായതുകൊണ്ട് രാഷ്ട്രീയക്കാരും വിവാദത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ ശ്രമിച്ചു. നേരത്തെ പരിണതപ്രജ്ഞരായ സംവിധായകരാണ് അവാര്‍ഡുകള്‍ ലഭിക്കാത്തതിലും ലഭിച്ചത് പോരാത്തതിലും പഴിപറഞ്ഞിരുന്നതും പരസ്പരം പോര്‍വിളി നടത്തിയിരുന്നതും. അവരില്‍ പലരും ഇപ്പോള്‍ സിനിമാരംഗത്ത് സജീവമല്ല എന്നത് അവാര്‍ഡു കമ്മിറ്റികള്‍ക്ക് വലിയൊരാശ്വാസമായിരിക്കും. ഇന്ദ്രന്‍സിനെ പോലെ മിതഭാഷിയും സൗമ്യനുമായ ഒരു നടന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയതിനാല്‍ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹത്തെ പിന്താങ്ങുകയും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ സയ്യിദ് മിര്‍സയെ കണക്കിനു ചീത്തവിളിക്കുകയും ചെയ്തു.

പുരസ്‌കാര നിര്‍ണയത്തിന്റെ വിവാദഭാരമെല്ലാം കമ്മിറ്റിയുടെ തലയില്‍ വച്ച് സര്‍ക്കാരും വകുപ്പുമന്ത്രിയും തിരഞ്ഞെടുപ്പ് വേദിയിലേക്കു പോയി. നിങ്ങളായി നിങ്ങളുടെ പാടായി എന്നാണ് വകുപ്പുമന്ത്രി സജി ചെറിയാന്‍ പറയാനുദ്ദേശിച്ചത്. ഹോമിന്റെ നിര്‍മാതാവും അതിലെ നടനുമായിരുന്ന വിജയ് ബാബു ഹോമിലെ പ്രധാന നടിമാരിലൊരാളെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് തഴയലിനു കാരണമെന്ന കണ്ടുപിടുത്തവും സോഷ്യല്‍ മീഡിയ നടത്തിയിട്ടുണ്ട്. ഒളിവിലുള്ള വിജയ് ബാബു വെളിച്ചത്തുവരുമ്പോള്‍ മറുപടി പറയുമായിരിക്കും.

അവാര്‍ഡ് നിര്‍ണയിച്ച കമ്മിറ്റി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലഭിനയിച്ച ഹോം എന്ന സിനിമ കണ്ടിട്ടില്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും പ്രധാന ആരോപണം. സയ്യിദ് മിര്‍സ കയ്യോടെ അതു നിഷേധിച്ചു. ഹോം സിനിമ, കമ്മിറ്റിയംഗങ്ങളെല്ലാം പൂര്‍ണമായി കണ്ടെന്നും സിനിമ അവസാന റൗണ്ടില്‍ എത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നു പറഞ്ഞാല്‍, അവസാന ലാപ്പിലോടാനുള്ള ഊര്‍ജ്ജം (നിലവാരം) ഹോമിനുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. റോജന്‍ തോമസ് എന്ന പുതുമുഖ സംവിധായകനാണ് ഹോം അണിയിച്ചൊരുക്കിയത്. ഒരു മികച്ച കുടുംബചിത്രമായിരുന്നു ഹോം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നു പറഞ്ഞാല്‍ മുടങ്ങാതെ സീരിയലുകള്‍ കാണുന്നവര്‍ക്ക് എളുപ്പം ദഹിക്കാവുന്ന സിനിമയെന്നും പറയാം. കൊവിഡ് കാലമായിരുന്നതുകൊണ്ട് വീട്ടിലിരുന്നവര്‍ക്കും സിനിമ നന്നായി ബോധിച്ചു. ഡിജിറ്റല്‍ ലോകം മാറുന്ന വേഗത്തിനൊപ്പമെത്താന്‍ ശ്രമിക്കുന്ന കുടുംബനാഥനായി ഇന്ദ്രന്‍സും അദ്ദേഹത്തിന്റെ സഹധര്‍മിണിയായി മഞ്ജു പിള്ളയും മികച്ച അഭിനയം കാഴ്ചവച്ചു.

2022-ല്‍ റിലീസ് ചെയ്ത വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് ജനപ്രീതിക്കുള്ള പുരസ്‌കാരം നേടിയത്. 2021-ലെ പുരസ്‌കാര നിര്‍ണയത്തില്‍ 2022-ലെ സിനിമ കടന്നുകൂടിയത് എഡിറ്റിംഗ് നേരത്തെ തീര്‍ത്ത് പുരസ്‌കാര നിര്‍ണയത്തിനു സമര്‍പ്പിച്ചതുകൊണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നേരത്തേയും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹോമിനെ പ്രണയത്തിന്റെ കൂടെ ചേര്‍ത്തുനിര്‍ത്താമായിരുന്നു എന്ന ഇന്ദ്രന്‍സിന്റെ അഭിപ്രായം 100 ശതമാനം ശരിയാണ്. കാരണം, രണ്ടും പൈങ്കിളി സിനിമകളാണ്. ജനപ്രീതിയുടെ കാര്യത്തില്‍ തോളോടു തോളും ചേരും. ഒന്നു തീയറ്ററിലും മറ്റേത് ഒടിടിയിലും ഹിറ്റായിരുന്നു. പ്രണയത്തിന്റെ മികച്ച വേര്‍ഷനുകള്‍ നേരത്തെ തന്നെ മലയാളത്തില്‍ വന്നിട്ടുണ്ട്. തമിഴില്‍ 90കളില്‍ പ്രണയസിനിമകളുടെ സ്ഥിരം നായകനായിരുന്ന മോഹന്‍രാജ് സിനിമകളുടെ 2022-ലെ അവിയല്‍ പരുവമെന്ന് ഹൃദയത്തെ വിശേഷിപ്പിക്കാം. പഴയ സിനിമകളില്‍ വിഷം കഴിച്ചോ ട്രെയിനിനു തലവച്ചോ കാന്‍സര്‍ ബാധിച്ചോ വില്ലന്‍ തല്ലിക്കൊന്നോ നായകനോ നായികയോ കഥാവശേഷരാകുന്നതായിരുന്നു ക്ലൈമാക്‌സെങ്കില്‍ പ്രണയം കാലത്തിനൊത്തു മാറിയെന്നു പറയാം. ഹോമിനെക്കുറിച്ചും ചില്ലറ ആരോപണങ്ങളെല്ലാമുണ്ട്. പ്രത്യേകിച്ച് വികാരനിര്‍ഭരമായ ക്ലൈമാക്‌സ് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിന്റെ പകര്‍പ്പാണെന്നും മറ്റും. അപ്പോള്‍ അവാര്‍ഡ് ദാനം നടത്തിയവര്‍ ഒന്നുകില്‍ രണ്ടു സിനിമകളെയും ചേര്‍ത്തു നിര്‍ത്തണമായിരുന്നു. അല്ലെങ്കില്‍ ഒരുപോലെ തള്ളിക്കളയണമായിരുന്നു. ഹോമിനോട് ചിറ്റമ്മ നയം കാണിച്ചുവെന്ന പരാതിയുടെ കാതല്‍ അവിടെയാണ്.

മികച്ച സിനിമയായി ഹോമിനെ തിരഞ്ഞെടുക്കുമെന്ന് ആരെങ്കിലും സ്വപ്‌നം കണ്ടിരുന്നോ എന്നറിയില്ല. ഇന്ദ്രന്‍സിനെയും മഞ്ജുപിള്ളയെയും പരിഗണിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ജോജുവിന്റെയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രേവതിയുടെയും പ്രകടനം ഒന്നാന്തരമെന്ന കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്കും രണ്ടുപക്ഷമില്ല. ജോജുവിന്റെ അവാര്‍ഡിന്റെ കൂട്ടത്തില്‍ ബിജു മേനോനെ പങ്കുചേര്‍ത്തത് എന്തിനെന്ന സംശയം ബാക്കിയാണ്. ബിജുമേനോനു പകരം ഇന്ദ്രന്‍സിനെയും രേവതിയോടൊപ്പം മഞ്ജുപിള്ളയെയും ചേര്‍ത്തു നിര്‍ത്തിയിരുന്നെങ്കില്‍ അവാര്‍ഡു നിര്‍ണയം കുറച്ചുകൂടി മെച്ചപ്പെട്ടതാകുമായിരുന്നു എന്നതില്‍ സംശയമില്ല. കാരണം, ഇന്ദ്രന്‍സിനും മഞ്ജുപിള്ളയ്ക്കുമൊക്കെ മികച്ച വേഷങ്ങള്‍ ഇനിയും കിട്ടുമോ എന്നത് പ്രവചിക്കാനാകില്ല.

കോണ്‍ഗ്രസിന്റെ ഒരു സമരപരിപാടി ഒറ്റയ്ക്ക് നാക്കുകൊണ്ടു തകര്‍ത്തതാണ് ജോജിയുടെ അഭിനയ മികവിനുകാരണമായി സര്‍ക്കാര്‍ കണ്ടതെന്ന രാഷ്ട്രീയ ആരോപണവും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തയാളായിരുന്നു ഇന്ദ്രന്‍സെന്നത് നാണയത്തിന്റെ മറുപുറം. എങ്ങനെ കൂട്ടിയാലും കിഴിച്ചാലും കൃത്യമായ ഉത്ത
രം കിട്ടാന്‍ പോകുന്നില്ല. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന് അവകാശപ്പെടുന്ന നമ്മുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചു എന്ന വേദനയാണ് ഇന്ദ്രന്‍സിന്. ”ഗുരോ നീയെന്നെ ഉപേക്ഷിച്ചുവോ” എന്നു ചോദിക്കുന്നതായിരുന്നു ഉത്തമം.

വിവാദം കത്തിപ്പടര്‍ന്നതിനാല്‍ മറ്റു പുരസ്‌കാര വിജയികളെല്ലാം അപ്രസക്തരായി. ഭൂതകാലം എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവു നടത്തിയ രേവതിയെ പോലും വിവാദനിഴലിലാക്കാന്‍ ട്രോളര്‍മാര്‍ക്കായി. ദേശീയ പുരസ്‌കാരവും (തേവര്‍ മകന്‍) പല തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ഫിലിം ഫെയറിന്റേതുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടിയിട്ടുള്ള രേവതിയെന്ന ആശ മലയാള സിനിമയിലാണ് തന്റെ കരുത്തുറ്റ, മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. സ്വഭാവ നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട സുമേഷ് മൂറും (കള) ഉണ്ണിമായയും (ജോജി) തകര്‍ത്തഭിനയിച്ചവരാണ്. വേണമെങ്കില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുണ്ടായിരുന്നവര്‍.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കര്‍ഷക സമരത്തിന് അഭിവാദ്യങ്ങള്‍- കെഎല്‍സിഎ കൊച്ചി രൂപത

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍

ഇന്ത്യയുടെ മതനിരപേക്ഷ സ്വരൂപത്തെ പൗരത്വ നിയമഭേദഗതിയിലൂടെ രായ്ക്കുരാമാനം പാര്‍ലമെന്റില്‍ മാറ്റിപ്പണിതവര്‍ക്കെതിരെ രാജ്യത്തെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും തെരുവുകളിലും യുവജനങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും രോഷാഗ്നി ആളിപ്പടരുകയാണ്. ജനകീയപ്രക്ഷോഭങ്ങളെ രാജ്യദ്രോഹികളുടെ കലാപമായി ചിത്രീകരിക്കാനും

കെഎല്‍സിഎ പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും

നെയ്യാറ്റിന്‍കര: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതയുടെ 5-മത് സമിതി പ്രവര്‍ത്തന ഉദ്ഘാടനവും ഏകദിന ശില്പശാലയും അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*