വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

വിശപ്പിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് ?

ഡോ. ഗാസ്പര്‍ സന്യാസി

കേന്ദ്ര വനിതാ-ശിശുവികസന വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി 2017ല്‍ ലോക്സഭയില്‍ അറിയിച്ചതനുസരിച്ച്, മൂന്നു വര്‍ഷത്തിന്റെ കാലപരിധി നിര്‍ണയിച്ച് 2017 ഡിസംബര്‍ 18ന് ആരംഭിക്കുന്ന പോഷണ്‍ അഭിയാണ്‍ പദ്ധതിക്കുവേണ്ടി ബജറ്റില്‍ വകയിരുത്തിയത് 9046 കോടി രൂപയാണ് (ഒമ്പതിനായിരത്തി 46 കോടി) രൂപയാണ്. 2017-18 വര്‍ഷം തുടങ്ങിയ പദ്ധതി 2020 ആകുമ്പോഴേയ്ക്ക് ഏതാണ്ട് ഫലപ്രാപ്തി കണ്ടുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മന്ത്രിയുടെ പ്രസംഗത്തില്‍ സൂചിപ്പിച്ചതനുസരിച്ച് സമഗ്രമായ സമീപനമാണ് പദ്ധതി വിഭാവനം ചെയ്തത്. 6 വയസുവരെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ പ്രശ്നം പരിഹരിക്കുകയും കൗമാരത്തിലെത്തിയ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നിങ്ങനെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളോടെ സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കണമെന്നതായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.

2020 അവസാനമാകുമ്പോള്‍ ഭക്ഷ്യസുരക്ഷാ ഇന്‍ഡക്സില്‍ ആഗോളവിശപ്പു സൂചികയുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ആശാവഹമല്ലാത്ത നിലയിലാണെന്ന അറിവ് ഖേദകരമാണ്. എവിടെയാണ് നമ്മുടെ പദ്ധതികള്‍ക്ക് പാളിച്ചകള്‍ സംഭവിക്കുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചു നടത്തുന്ന പദ്ധതികളില്‍ പൊതുവേ കാണുന്ന ഉദാസീനതയുടെ മറവില്‍ ഈ പദ്ധതിയെയും എഴുതിത്തള്ളിയാല്‍ മതിയോ? പോരായെന്ന മറുപടിക്ക് നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപ്പാക്കല്‍ ശ്രമവും കൂടെയുണ്ടാകേണ്ടതാണ്. രാഷ്ട്രീയ നിലപാടുകളിലുള്ള വ്യത്യാസങ്ങള്‍ക്കപ്പുറം വിശപ്പ് മനുഷ്യജീവന്റെ പൊതുവായ രാഷ്ട്രീയപ്രശ്നമെന്ന നിലയില്‍ത്തന്നെ അഭിസംബോധന ചെയ്യപ്പെടേണ്ടതാണ്.

ഭക്ഷ്യസുരക്ഷാനിയമവും സാര്‍വത്രിക പൊതുവിതരണ സമ്പ്രദായവും നിലവിലുള്ള നാട്ടില്‍, സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടു പോയവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും മനുഷ്യര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന വൈരുധ്യം ഗൗരവതരമായി പരിശോധിക്കപ്പെടേണ്ടതുമാണ്. ആറുമാസങ്ങളുടെ കൊറോണക്കാലത്തേക്ക് നമ്മുടെ സകലപാളിച്ചകളും എഴുതിച്ചേര്‍ക്കാനാവില്ലല്ലോ? പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ ജനസമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേയ്ക്ക് എത്തിച്ചേരാനെടുക്കുന്ന സമയദൈര്‍ഘ്യത്തിന് മനുഷ്യജീവന്റെ വിലയാണുള്ളത്.

കടലാസിലും മനുഷ്യചിന്തയിലും പദ്ധതികള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആഹാരം എന്ന ജൈവസത്യം ഫലവത്താകുകയില്ല. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും വരുന്ന വീഴ്ചകളെ കൃത്യതയോടെ മോണിറ്റര്‍ ചെയ്ത് ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് എത്തിക്കാനായാല്‍ മാത്രമേ മനുഷ്യര്‍ക്ക് വിശപ്പ് എന്ന സത്യത്തെ നേരിടാനാകൂ.
തൊഴില്‍ ലഭ്യത രാജ്യത്ത് കുറയുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ രാഷ്ട്രീയമായി മാത്രം നേരിടേണ്ട ഒന്നാണോ? രാജ്യത്തിന്റെ സാമ്പത്തിക വികസനകാര്യങ്ങള്‍ പഠിക്കാനായി സാമ്പത്തിക വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന മാതൃകകളുടെയും സൂചികകളുടെയും വ്യത്യാസങ്ങളെക്കുറിച്ചും അവയുടെ രാഷ്ട്രീയ ധ്വനികളെയും കുറിച്ച് തര്‍ക്കിച്ച് വിവാദങ്ങള്‍ കൊഴുപ്പിച്ച് പുകമറ സൃഷ്ടിക്കാനെടുക്കുന്ന ഊര്‍ജത്തിന്റെ ചെറിയ പങ്ക് മതിയാകും മനുഷ്യജീവിത പ്രശ്നങ്ങള്‍ പരിഹരിച്ചെടുക്കാനെന്നത് ലളിതമായ പാഠമാണ്.

മുഖത്ത് അഴുക്കുപുരണ്ടിട്ടുണ്ടെങ്കില്‍ കണ്ണാടി തകര്‍ക്കുന്നതുകൊണ്ട് കാര്യമുണ്ടാകില്ല. മനുഷ്യരുടെ വാങ്ങല്‍ ശേഷി അവരുടെ തൊഴിലുമായി ബന്ധപ്പെട്ടതാകയാല്‍ പോഷകാഹാരലഭ്യതയ്ക്കായി ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് (കോടിക്കണക്കിനുവരുമവര്‍) ചിലവഴിക്കാന്‍ ശേഷിയുള്ള തുകയെത്രയെന്ന് പഠനങ്ങള്‍ ലഭ്യമാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ പഠനങ്ങളില്‍ പൊതുവേയുള്ള അപ്രവചനീയതയുടെ അംശത്തെ പരിഗണിച്ചുകൊണ്ടു തന്നെ അവയിലൂടെ കണ്ണോടിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നത്. രാജ്യത്തിന്റെ നേട്ടങ്ങള്‍ കാണാതെ കോട്ടങ്ങള്‍ മാത്രം കാണുന്നവരെന്നും, രാജ്യത്തിന്റെ പ്രൗഢമുഖത്തിന് പരിക്കേല്‍പ്പിക്കുന്നവരെന്നും ഇത്തരം പഠനങ്ങള്‍ നടത്തുന്നവരെ കുറ്റപ്പെടുത്തുന്നതു മാത്രമാണോ പ്രശ്നത്തിനുള്ള പ്രതിവിധി? ഏറ്റവും പുതിയ പഠനങ്ങളിലൊന്ന് അന്താരാഷ്ട്ര പ്രസിദ്ധമായ ഫുഡ് പോളിസി എന്ന ജേണലില്‍ പ്രസിദ്ധീകൃതമായതാണ്.
രാജ്യത്ത് ഈ വര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ‘താലിനോമിക്സ്’ എന്ന സാമ്പത്തിക പ്രയോഗത്തിന്റെ വിശദാംശങ്ങളെ ഈ പഠനം വിമര്‍ശവിധേയമാക്കുന്നുണ്ട്. 2020 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ സാമ്പത്തികസര്‍വേയിലാണ് ഒരു തളികയില്‍ വിളമ്പുന്ന സമീകൃതാഹാരത്തിന്റെ കണക്ക് നിരത്തി ഇന്ത്യയുടെ ആളോഹരിവരുമാനത്തിന്റെ പുതിയ സൂചിക അവതരിപ്പിക്കപ്പെട്ടത്. ഒരു തളികയില്‍ സമീകൃതാഹാരം ഒരുക്കാന്‍ (പച്ചക്കറി സമ്യദ്ധമോ മാംസസമൃദ്ധമോ ആയത്) വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിക്കു സാധിക്കുന്നതിന്റെ ചെലവാണ് സാമ്പത്തിക സര്‍വേ തളിക ഊണിന്റെ പ്രതീകത്തിലൂടെ അവതരിപ്പിച്ചത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച ഫുഡ് പോളിസി പഠനം അവിദഗ്ദ്ധ തൊഴിലാളികളെയും ഗ്രാമീണമേഖലയെയും കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. അന്താരാഷ്ട്ര ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ദ്ധയായ കല്യാണി രഘുനാഥിന്റെയും സഹപ്രവര്‍ത്തകരുടെയും ഈ പഠനം ഇന്ത്യയുടെ ‘താലിനോമിക്സ്’ സാമ്പത്തിക സൂത്രവാക്യത്തെ വിമര്‍ശിക്കുന്നു. ഗ്രാമീണ ഇന്ത്യയില്‍ പോഷകാഹാരത്തിനായുള്ള ചെലവഴിക്കല്‍ ശേഷി എന്ന് പേരിട്ടിരിക്കുന്ന ഈ പഠനം മുന്നോട്ടു വയ്ക്കുന്ന ചിത്രം അത്രസുഖകരമല്ല.
2018 അന്താരാഷ്ട്ര വനിതാദിനത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പോഷന്‍ അഭിയാന്‍ പദ്ധതിയുടെ വികസനത്തിനായി അതിനോട് ചേര്‍ന്ന് നിരവധി പദ്ധതികളും പരിപാടികളും കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ മാസത്തെ പോഷണ്‍മാസമായി പ്രഖ്യാപിച്ചതു മുതല്‍ ബില്‍ഗേറ്റ്സ്, മിലിന്ദ ഗേറ്റ്സ് ദമ്പതികളുടെ എന്‍ജിഒയോട് ചേര്‍ന്നുള്ള പത്തോളം പ്രധാനപ്പെട്ട പദ്ധതികളാണ് ഇതിലുള്‍പ്പെട്ടത്. ഫിറ്റ് ഇന്ത്യയടക്കമുള്ള പരിപാടികള്‍ക്ക് നല്ല പ്രചാരണം നല്‍കിയിരുന്നു. പക്ഷേ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ വിജയം സംസ്ഥാനസര്‍ക്കാരുകളുടെ നിസംഗതയില്‍ തട്ടി ഇല്ലാതാകുന്നതായാണ് 2019ല്‍ നടത്തിയ പരിശോധന വെളിവാക്കുന്നത്.

രാഷ്ട്രീയ-നയപര വ്യത്യാസങ്ങള്‍ക്കപ്പുറമുള്ള നടപടികള്‍ അനിവാര്യമാകുന്ന ഈ പദ്ധതിക്കായി വകയിരുത്തിയ തുകയുടെ മുപ്പതു ശതമാനം പോലും ചെലവഴിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലായെന്നതാണ് വാസ്തവം. മിസോറാം, ഹിമാചല്‍പ്രദേശ്, ബീഹാര്‍, ലക്ഷദ്വീപ് എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു സംസ്ഥാനവും കേന്ദ്രപ്രദേശവും അമ്പതുശതമാനം തുക പോലും ചെലവഴിച്ചതിന്റെ കണക്ക് കാണിക്കുന്നില്ല. കേരളത്തിന് പത്തുശതമാനം പോലും ചെലവഴിക്കാനായിട്ടില്ല. നിരത്താന്‍ നിരവധി കണക്കുകളുണ്ടാകും. എന്നാല്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഉയരുന്ന ചോദ്യമിതാണ്: നമ്മുടെ ജനാധിപത്യഭരണകൂടങ്ങളുടെ മുന്‍ഗണനാക്രമം യഥാര്‍ത്ഥത്തില്‍ എന്താണ്? ദരിദ്രരില്‍ ദരിദ്ര്യരായവരുടെ ഉന്നമനം എന്നു പ്രസംഗിച്ച് കയ്യടി നേടി വോട്ടുനേടി ഭരണത്തിലേറുന്നുവെന്നതിനപ്പുറം എന്താണ് ഈ നാടിനെ നമ്മള്‍ ഉയര്‍ത്തിയെടുക്കാന്‍ ചെയ്യുന്നത് എന്ന നേരെചൊവ്വെയുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താനായാല്‍ പദ്ധതികള്‍ ഈ നാട്ടില്‍ വിജയിക്കും. മനുഷ്യര്‍ക്ക് വികസനത്തിന്റെയും വിജയത്തിന്റെയും പുതിയ പ്രഭാതങ്ങള്‍ വിരിയും. വിശപ്പും ദാരിദ്ര്യവും രാഷ്ട്രീയപ്രശ്നങ്ങള്‍ തന്നെയായിരിക്കുന്നിടത്തോളം ആര്‍ക്കാണ് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുന്നത്?

 


Related Articles

സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ

  2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ

കെആര്‍എല്‍സിസി മാധ്യമപുരസ്‌കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്‌

എറണാകുളം: കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയ്ക്ക്. കേരള ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ മുഖ്യപത്രാധിപരാണ്. വരാപ്പുഴ

തീവ്ര ദുരന്താരോഹണത്തില്‍ ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: കൊറോണവൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനം ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലെത്തി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,95,655

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*