വിശപ്പ് എന്ന വൈറസ്

വിശപ്പ് എന്ന വൈറസ്

”ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ” എന്ന വരികള്‍ കേരളസമൂഹത്തില്‍ ഈ കൊവിഡ് കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 1990കള്‍ക്കു മുമ്പുള്ള കേരളമാണ് ദാരിദ്ര്യം അതിന്റെ പൂര്‍ണതോതില്‍ അനുഭവിച്ചിട്ടുള്ളത്. 40 വയസിന് താഴെയുള്ളവര്‍ പട്ടിണിയുടെ അത്രയും വലിയ ഭീകരരൂപത്തെ കണ്ടിട്ടുണ്ടാവില്ല. കേരളമോഡലിനെ പുകഴ്ത്തിയവരും ഇപ്പോഴും അതിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നവരും പട്ടിണിയെ ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ”ഒരു മുറി അരിയില്ല,” ”കപ്പലണ്ടി പിണ്ണാക്കില്ലെങ്കില്‍ പണ്ടേ ചത്തേനെ” തുടങ്ങിയ പരമദാരിദ്ര്യത്തിന്റെ ഒറ്റവരി തത്വശാസ്ത്രമൊന്നും പുതിയ തലമുറ കേട്ടുകാണില്ല. മുതലാളിമാരുടെ തെങ്ങിന്‍തടത്തിലെ ചാളവളം രാത്രിയുടെ മറവില്‍ മാന്തിയെടുത്ത് മരച്ചീനി പുഴുങ്ങിയതും കൂട്ടി മൃഷ്ടാന്നഭോജനമുണ്ടവരും ഉപ്പുമാവു കിട്ടുമല്ലോ എന്നു കരുതി മാത്രം സ്‌കൂളില്‍ പോയവരും ഇപ്പോഴും ചാകാതെയുണ്ട്. 70കളിലും 80കളിലും തൊഴിലന്വേഷിച്ച് കേരളത്തിനു പുറത്തുപോയവര്‍ക്കും പറയാനുണ്ടാകും നഗരങ്ങളിലെ വഴിയോരങ്ങളിലെ പൊതുടാപ്പുകള്‍ എത്ര ദിവസം അവരുടെ വിശപ്പടക്കിയിട്ടുണ്ടെന്ന്.

കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും തൊഴില്‍സജ്ജരായ വലിയൊരു വിഭാഗത്തെ സൃഷ്ടിച്ചു. പ്രവാസം മുന്നോട്ടുവച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ കേരളം പരമദാരിദ്ര്യത്തില്‍ നിന്ന് കരകയറി തുടങ്ങി. തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണ നയങ്ങള്‍ തുറന്ന വിപണിയായി രാജ്യത്തെ മാറ്റിയപ്പോള്‍ പ്രലോഭനങ്ങള്‍ മലയാളിക്ക് നിരസിക്കാന്‍ കഴിഞ്ഞില്ല. വാങ്ങല്‍ശേഷി കൂടുതലുള്ള, ഉപരിവര്‍ഗശ്രേണിയിലേക്ക് കുതിച്ചുകയറാന്‍ വെമ്പുന്ന മലയാളിസമൂഹം എളുപ്പത്തില്‍ വിപണിയുടെ ഇരകളായി മാറ്റപ്പെട്ടു. ഉല്‍പാദനത്തില്‍ ആരും താല്‍പര്യം കാണിച്ചില്ല – സര്‍ക്കാരും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സാന്ദ്രതയും ഇതോടൊപ്പം വര്‍ധിച്ചു. ദാരിദ്ര്യമെന്നത് രണ്ടു നില വീടുള്ളവനോട് ഒരു നില വീടുള്ളവനും, രണ്ടു കാറുള്ളവനോട് ഒരു കാറുള്ളവനും പ്രകടിപ്പിക്കുന്ന അസൂയയായി മാറി. സോഷ്യലിസത്തിനു വേണ്ടി രാപ്പകല്‍ നേതാക്കള്‍ വിയര്‍പ്പൊഴുക്കുന്ന സംസ്ഥാനത്ത് വിശപ്പനുഭവിക്കുന്നവരും അനുഭവിക്കാത്തവരും രണ്ടു ലോകത്ത് ജീവിക്കുന്നവരായി. പരസ്പരം അറിയാത്ത, മനസിലാക്കാത്ത രണ്ടു കൂട്ടര്‍.

മക്കള്‍ സര്‍ക്കാര്‍ കിറ്റിന്റെ സുഭിക്ഷിത അനുഭവിച്ചിരുന്നെങ്കിലും 10 രൂപയ്ക്ക് പലഹാരവും ചായയും കിട്ടുന്ന ഇടുങ്ങിയ ഇടങ്ങളിലേക്ക് നഗരങ്ങളില്‍ തൊഴിലിനെത്തുന്ന ഗൃഹനാഥന്മാരും ഗൃഹനാഥകളും തള്ളിവിടപ്പെട്ടു. വിശക്കുന്ന മനുഷ്യന് ഒരുപാടു വിഭവങ്ങളൊന്നും വേണ്ടെങ്കിലും കുടുംബശ്രീക്കാരുടെ സാമ്പാറും കൂട്ടുകറിയും അച്ചാറും പപ്പടവും ഉള്‍പ്പെടുന്ന ഊണ് അവര്‍ക്കു വിഭവസമൃദ്ധമായ സദ്യതന്നെയാകുന്നത് അവിടെയാണ്.

ഈ വിഷയം സംസാരിച്ചപ്പോള്‍ ഭരണകക്ഷിയിലെ യുവാവായ ഒരു രാഷ്ട്രീയനേതാവ് ചോദിച്ചത്, അതിന് ഇപ്പോള്‍ എവിടെയാണ് പട്ടിണിയെന്നാണ്.

ആ പട്ടിണിയെ നേരിട്ടു കാണണമെങ്കില്‍ എറണാകുളത്ത് പരമാര റോഡിലെ പഴയ ലിബ്ര ഹോട്ടലിലെത്തണം. ഇന്ന് കൊച്ചിന്‍ കോര്‍പറേഷന്റെ അന്നദാന കേന്ദ്രമാണത്. കുടുംബശ്രീ ഹോട്ടല്‍ എന്നു പറഞ്ഞാല്‍ ഉപരിപ്ലവമായി പോകും. കാരണം 10 രൂപയ്ക്ക് ഊണ് നല്‍കുന്ന സ്ഥാപനത്തെ ഹോട്ടല്‍ എന്നു വിളിക്കാനാകുമോ? പുറത്തു പറയാത്ത കേരളത്തിന്റെ പട്ടിണിയാണ് രാവിലെ 11 മണി മുതല്‍ അവിടെ ക്യൂ നില്‍ക്കുന്നത്. ആദ്യദിനത്തില്‍ 1,000 പേരാണ് അന്നമുണ്ടതെന്ന് ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു.

ഉപ്പും മുളകും ചോറില്‍ കുഴച്ച് കഴിക്കുന്നവര്‍ ഇപ്പോഴും കേരളത്തിലുണ്ട്. അതില്‍ റേഷന്‍കാര്‍ഡുള്ളവരും ഇല്ലാത്തവരുമുണ്ട്. ഒരു വര്‍ഷത്തോളം നീണ്ട കിറ്റു വിതരണത്തിന് വിരാമമാകുമ്പോഴാണ് കുടുംബശ്രീക്കാരുടെ 20 രൂപ, 10 രൂപ ഊണുകള്‍ വരുന്നതെന്നതും ശ്രദ്ധേയം. ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സര്‍ക്കാരും (20 രൂപ), കൊച്ചിന്‍ കോര്‍പറേഷനും(10 രൂപ) ആവിഷ്‌കരിച്ച പദ്ധതിയെ അഭിനന്ദിക്കുന്നു. വിശപ്പിന്റെ രാഷ്ട്രീയമാണ് അവര്‍ പയറ്റുന്നത്. പക്ഷേ എന്തായിരിക്കും ഈ പദ്ധതിയുടെ ഭാവി? 10 രൂപയ്ക്ക് സിനിമാകൊട്ടകയില്‍ ഒരു നിര സീറ്റ് റിസര്‍വ് ചെയ്യണമെന്ന് മുമ്പ് ഡിഎംകെ നേതാവ് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉത്തരവുണ്ടായിരുന്നു. നൂറും ഇരുന്നൂറും രൂപ ടിക്കറ്റ് ചാര്‍ജ് ഉണ്ടായിരുന്ന കാലത്ത് സിനിമാഭ്രാന്തരായ പാവപ്പെട്ട തമിഴര്‍ക്ക് അതു വലിയൊരു ആശ്വാസമായിരുന്നു. ഒന്നാം നിരയിലെ നിശ്ചിത സീറ്റിനുവേണ്ടി തല്ലുണ്ടാക്കുകയും സിനിമകാണുന്നതിന്റെ ആയാസത്തില്‍ കഴുത്തുളുക്കുകയും ചെയ്യുന്നത് അന്ന് നിത്യസംഭവങ്ങളായിരുന്നു. ഇപ്പോഴും അത്തരം മനോഹരമായ ആചാരങ്ങളെല്ലാം അയല്‍നാട്ടില്‍ ഉണ്ടോ എന്നറിയില്ല. ജയലളിതയുടെ കാലത്ത് ഏര്‍പ്പെടുത്തിയ രണ്ടു രൂപയ്ക്ക് ഊണ് പദ്ധതി സ്റ്റാലിന്റെ കാലത്തും തുടരുന്നുണ്ട്.

കൊവിഡിന്റെ പ്രതിസന്ധി കാലത്ത് ഊണിന് 10, 20 രൂപ എന്ന പദ്ധതിക്ക് വലിയ അംഗീകാരം തന്നെ കൊടുക്കണം. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് 25 രൂപയ്ക്ക് ഊണു കൊടുത്തിരുന്ന ഹോട്ടലുകളുണ്ടായിരുന്നു. അധികകാലം തുടരാനായില്ലെന്നു മാത്രം. 10 രൂപ സബ്‌സിഡി നല്‍കിയാണ് സര്‍ക്കാരിപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ആരംഭിച്ചിരിക്കുന്നത്. ലിബ്ര ഹോട്ടലില്‍ 15 പേരാണ് തൊഴിലാളികള്‍. ആധുനിക യന്ത്രവത്കൃത സഹായവും ഉണ്ട് (വൈദ്യുതി നല്ല അളവില്‍ വേണമെന്ന് സാരം). ഈ സ്ത്രീകള്‍ എല്ലുമുറിയെ പണിയെടുത്താണ് ദിവസേന 1,000 പേര്‍ക്ക് അന്നമൊരുക്കുന്നത്. അവര്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. നല്ല ഭക്ഷണമില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയവുമില്ല. 10 രൂപയ്ക്കും 20രൂപയ്ക്കും ഊണുകൊടുക്കുമ്പോള്‍ അതിനുവേണ്ടി ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടിലേക്കും നീങ്ങുന്ന മറ്റാരു കൂട്ടരുണ്ടെന്നത് അധികൃതര്‍ മറന്നുപോകുന്നു. കൊവിഡ് കാലത്തെ തൊഴിലില്ലായ്മയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. ആ തൊഴിലില്ലായ്മ ഉണ്ടായതോ വകതിരിവില്ലാത്ത ഉദ്യോഗസ്ഥ ഭരണം മൂലമല്ലേ? മുഖ്യമന്ത്രി ശക്തനായതുകൊണ്ടുമാത്രം കാര്യമില്ല, നയപരിപാടികളുണ്ടാകണം. ഉദ്യോഗസ്ഥര്‍ തോന്നിയപോലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിച്ച് അടച്ചുപൂട്ടലുകള്‍ നടത്തുമ്പോള്‍ അതു പരിശോശോധിച്ച് തെറ്റുകള്‍ കണ്ടെത്താന്‍ കഴിയണം. ആരോഗ്യകാര്യങ്ങളില്‍ മലയാളിയുടെ പാരമ്പര്യമായ അറിവില്ലായ്മകളും അതിരുവിട്ട ഉത്കണ്ഠയും കൊവിഡ് കാലത്തും വിനയായി. പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഭക്ഷണത്തിനു മാത്രം കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊവിഡിനും ദാരിദ്ര്യത്തിനും ഒരു കുറവുമില്ലാത്ത അവസ്ഥയിലായി. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കുന്നു.

അശാസ്ത്രീയ അടച്ചുപൂട്ടല്‍ മൂലം സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിയെന്നു മാത്രമല്ല സാമ്പത്തിക ക്രയവിക്രയവും നിലച്ചു. മുടങ്ങാതെ ശമ്പളം കിട്ടിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വരുമാനം നിക്ഷേപമായി മാറ്റുമ്പോള്‍ സാധാരണക്കാരനും കൂലിപ്പണിക്കാരനുമാണ് പൊതുവിപണിയെ ചലിപ്പിക്കുന്നതെന്ന സാമ്പത്തികശാസ്ത്രം ഓതാന്‍ ആരുമുണ്ടായില്ല. മാളുകള്‍ നാടുനീളെ നിറയുകയും ചിക്കന്റെ വേവിച്ചതും വേവിക്കാത്തതുമായ വകഭേദങ്ങള്‍ വഴിയരികില്‍ തകൃതിയായി വില്‍പ്‌ന നടക്കുമ്പോഴും നാളത്തെ അരച്ചാണ്‍ വയറിനെയോര്‍ത്ത് വേവലാതി തിന്നു ജീവിക്കുന്നവരുമുണ്ടായി.

കുടുംബശ്രീ ഹോട്ടല്‍ പരിപാടി എത്രകാലം തുടരാനാകും? 25 രൂപ മുതല്‍ 40 രൂപ വരെ ലാഭം കിട്ടിയാല്‍ മാത്രമേ നഗരങ്ങളിലെ ഹോട്ടല്‍ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നാണ് റസ്റ്റാറന്റ് ഉടമകള്‍ പറയുന്നത്. മുടക്കുമുതലിന്റെ 20 ശതമാനമെങ്കിലും ലാഭമില്ലെങ്കില്‍ ആ ഹോട്ടല്‍ ‘റിസ്‌ക് ഏരിയ’യിലാണെന്നു പറയാം. കൊവിഡ് വ്യാപനത്തില്‍ അടച്ചുപൂട്ടിയ ഹോട്ടലുകളെല്ലാം ഇത്തരത്തില്‍ ലാഭവിഹിതം കുറഞ്ഞവയായിരുന്നു. ചോറിനൊപ്പം സാമ്പാര്‍, കൂട്ടുകറി, തോരന്‍, അച്ചാര്‍, പപ്പടം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതാണ് കുടുംബശ്രീക്കാരുടെ ഉച്ചഭക്ഷണം. ഇതിനുവേണ്ട അസംസ്‌കൃത സംഗതികള്‍ക്കൊപ്പം ലേബര്‍ കോസ്റ്റും മറ്റു ചെലവുകളും കാണണം. അപ്പോള്‍ എവിടെയാണ് ഈ പ്രസ്ഥാനത്തിന്റെ ലാഭം? സബ്‌സിഡി നല്‍കുന്ന പണം മറ്റുള്ളവരുടെ നികുതി പണമാണെന്നും ഓര്‍ക്കണം. എല്ലാക്കാലത്തും നികുതി പണം ഇത്തരത്തില്‍ ചെലവാക്കാനാകുമോ? കെഎസ്ആര്‍ടിസി പോലെ വെള്ളാനകളെ തീറ്റുന്ന സ്ഥാപനങ്ങളായി കുടുംബശ്രീ ഹോട്ടലുകള്‍ മാറരുത്. നഷ്ടക്കണക്ക് ആ പാവപ്പെട്ട സ്ത്രീകളുടെ ചുമലില്‍ ചാരുവാനുള്ള സാധ്യതയും ഏറെ.

ബിസിനസിനെ ബിസിനസായി തന്നെ കാണണം. ഈ മഹാമാരി കാലത്ത് ആളുകള്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം കിട്ടുന്നത് സന്തോഷകരമായ കാര്യം തന്നെ. വടക്കന്‍ ജില്ലകളിലൊഴിച്ചാല്‍ 50 രൂപയ്ക്ക് താഴെ ഊണുകിട്ടുന്ന ഹോട്ടലുകള്‍ സംസ്ഥാനത്ത് വിരളമാണ്. മാത്രമല്ല, അടിക്കടി വിലകൂട്ടുന്ന ഹോട്ടലുകാര്‍ക്ക് ഇതൊരു താക്കീതുമാകും. അതേസമയം ഈ സംവിധാനം നാടാകെ വ്യാപിപ്പിക്കാം, ഭക്ഷണ വിപ്ലവം കൊണ്ടു വരാം എന്നു ചിന്തിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഓരോ പുതിയ കുടുംബശ്രീ ഹോട്ടല്‍ തുടങ്ങുമ്പോഴും ജനങ്ങളുടെ നികുതിപ്പണം ഒഴുകിപൊയ്‌ക്കൊണ്ടിരിക്കും. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യങ്ങളുമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ചെപ്പടി വിദ്യകള്‍ അധികകാലം തുടരാനാകില്ല.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
10 rs lunchkochikudumbasree janakeeya hotel

Related Articles

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ

മെസിയെ മറികടന്ന സുനില്‍ ഛേത്രി

കാല്‍പന്തിന്റെ ആരാധകരുടെ ദൈവങ്ങളിലൊരാളായ ലയണല്‍ മെസിയെയാണ് സുനില്‍ ഛേത്രിയെന്ന കുറിയ ഇന്ത്യക്കാരന്‍ ഗോള്‍വേട്ടയില്‍ മറികടന്നത്. ലോകഫുട്‌ബോളിന്റെ പുല്‍മൈതാനത്തിന്റെ സമീപത്തേക്കു പോലും എത്തിനോക്കാന്‍ കഴിയാത്ത ഒരു രാജ്യത്തിന്റെ കപ്പിത്താന്

സ്ത്രീ (അ)ശക്തയോ?

മാനവകുലത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് ഒരു പതിനാറുവയസുകാരി ദൈവഹിതത്തിനു നല്‍കിയ അതെ എന്ന പ്രത്യുത്തരത്തിലൂടെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നവരും, അതോടൊപ്പം പരിതപിക്കുന്നവരും ഇന്നുണ്ട്. ഒരു ക്രൈസ്തവ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*