Breaking News

വിശുദ്ധവാരം ജനസാന്നിധ്യമൊഴിവാക്കി ആചരിക്കണമെന്ന് ലത്തീന്‍സഭ

വിശുദ്ധവാരം ജനസാന്നിധ്യമൊഴിവാക്കി ആചരിക്കണമെന്ന് ലത്തീന്‍സഭ

കൊച്ചി: കൊവിഡ്-19 പകര്‍ച്ചവ്യാധി മാനവരാശിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ 2020ലെ വിശുദ്ധവാരാചരണത്തിനു മാത്രമായി വത്തിക്കാനിലെ ആരാധനാക്രമത്തിനായുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രത്യേക നിര്‍ദേശങ്ങളും ഭാരത ലത്തീന്‍ മെത്രാന്‍ സമിതി (സിസിബിഐ) നല്കിയ പൊതുമാര്‍ഗരേഖയും പരിഗണിച്ച് കേരള ലത്തീന്‍ സഭയില്‍ 2020ലെ വിശുദ്ധവാരം ആചരിക്കുന്നതുസംബന്ധിച്ച് ആരാധനാക്രമ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആരാധനാക്രമത്തില്‍ പരമപ്രധാനമായ സ്ഥാനം പെസഹാ ത്രിദിനങ്ങള്‍ക്കുള്ളതിനാല്‍ മറ്റു തിരുന്നാളുകള്‍പോലെ ഇത് വേറൊരവസരത്തിലേയ്ക്ക് മാറ്റിവയ്ക്കാവുന്നതല്ല. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് ജനരഹിതമായിവേണം തിരുക്കര്‍മങ്ങള്‍ നടത്തുവാന്‍. തിരുകര്‍മങ്ങള്‍ക്ക് അത്യാവശ്യമായ ശുശ്രൂഷികളുള്‍പ്പെടെ ഒരു ദേവാലയത്തില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല.
രൂപതാധ്യക്ഷന്മാര്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അനുഷ്ഠിക്കുന്ന തിരുക്കര്‍മങ്ങളില്‍ പ്രാദേശിക ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വിശ്വാസികള്‍ക്ക് തത്സമയം ഭവനങ്ങളിലിരുന്ന് പങ്കുചേരാന്‍ വേണ്ട ക്രമീകരണങ്ങള്‍ സാധ്യമാകുന്നിടത്തോളം ചെയ്യേണ്ടതാണ്. മാധ്യമങ്ങളിലൂടെ തിരുകര്‍മങ്ങളില്‍ പങ്കുചേരാന്‍ സാധിക്കാത്തവര്‍ക്കായി കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ലിറ്റര്‍ജി കമ്മീഷന്‍ പ്രത്യേക ‘കുടുംബ ലിറ്റര്‍ജി’, വിശുദ്ധവാരത്തിലെ ഓരോ ദിവസങ്ങള്‍ക്കുമുള്ളത്, തയ്യാറാക്കി രൂപതകള്‍ക്ക് നല്കിയിട്ടുണ്ട്. അതുപയോഗിച്ച് കുടുംബാംഗങ്ങള്‍ ഭവനത്തില്‍ ഒരുമിച്ചുകൂടി കര്‍മാനുഷ്ഠാനത്തില്‍ പങ്കുചേരേണ്ടതാണ്.
ഓശാന ഞായറാഴ്ചത്തെ തിരുമര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ ദേവാലയങ്ങളില്‍ റോമന്‍ മിസാളില്‍ നല്കിയിരിക്കുന്ന ദ്വിതീയരൂപവും; ഇടവക ദേവാലയങ്ങളില്‍ ത്രിതീയരൂപവുമാണ് ഉപയോഗിക്കേണ്ടത്. കുരുത്തോല ആശിര്‍വാദവും ആമുഖ സുവിശേഷവും പ്രദക്ഷിണവും ഒഴിവാക്കുന്നു.
വിശുദ്ധതൈല പരികര്‍മപൂജയും, പൗരോഹിത്യ കൂട്ടായ്മാനുസ്മരണവും രൂപതാധ്യക്ഷന്മാരുടെ വിവേചനത്തിനനുസൃതമായി സൗകര്യപ്രദമായ മറ്റൊരു സമയത്തേയ്ക്ക് മാറ്റി വയ്ക്കാവുന്നതാണ്. പെസഹാവ്യാഴാഴ്ചയുടെ തിരുകര്‍മങ്ങളില്‍ പാദക്ഷാളനകര്‍മവും, ദിവ്യബലിയ്ക്കുശേഷം ആരാധനയ്ക്കായി ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഒഴിവാക്കുന്നു. പൊതുദിവ്യകാരുണ്യാരാധനയും നടത്തില്ല. ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍മാത്രം വൈകുന്നേരം ഒരുമിച്ചുചേര്‍ന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തുകയും തുടര്‍ന്ന് കെആര്‍എല്‍സിബിസി ലിറ്റര്‍ജി കമ്മീഷന്‍ നല്കിയിരിക്കുന്ന ക്രമമുപയോഗിച്ച് ആരാധാനാശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്നു.
കര്‍ത്താവിന്റെ പീഡാസഹന വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ ഭവനത്തില്‍ ഒരുമിച്ച് കുരിശിന്റെ വഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ദേവാലയത്തില്‍ നടത്തുന്ന തിരുക്കര്‍മങ്ങളില്‍ കാര്‍മികന്‍ മാത്രം ക്രൂശിതരൂപം ചുംബിക്കുന്നു. മറ്റുള്ളവരുടെ ആരാധനയ്ക്കായി കാര്‍മികന്‍ ക്രൂശിതരൂപം ഉയര്‍ത്തിപ്പിടിക്കുന്നു. അന്നത്തെ സാര്‍വത്രിക പ്രാര്‍ഥനയില്‍ കൊവിഡ്-19 മഹാമാരിയില്‍പ്പെട്ട രോഗികള്‍ക്കും മരണമടഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കേണ്ടതാണ്. ദേവാലയത്തിനോ ഭവനത്തിനോ പുറത്തുള്ള കുരിശിന്റെ വഴിയും, പരിഹാരപ്രദക്ഷിണവും പീഡാനുഭവ തിരുസ്വരൂപവുമായുള്ള നഗരികാണിക്കലും യാതൊരു കാരണവശാലും ഈ ദിവസം നടത്തരുത്. പാരമ്പര്യമായുള്ള ഇത്തരം പരിഹാരകര്‍മങ്ങള്‍ ഈ വര്‍ഷം വിശുദ്ധ കുരിശിന്റെ തിരുന്നാള്‍ദിനമായ സെപ്റ്റംബര്‍ 14നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുന്നാള്‍ദിനമായ സെപ്റ്റംബര്‍ 15നോ നടത്താവുന്നതാണ്.
വിശുദ്ധവാര ദിനങ്ങളില്‍ വിശ്വാസികള്‍ ഭവനങ്ങളില്‍ യാമപ്രാര്‍ഥനകള്‍, ജപമാല, കുരിശിന്റെ വഴി, കരുണക്കൊന്ത എന്നിവ ചൊല്ലി ഭക്തിയുടെ അന്തരീക്ഷം നിലനിര്‍ത്തുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. വലിയ ശനിയാഴ്ച വൈകുന്നേരത്തെ പെസഹാ ജാഗരാനുഷ്ഠാന കര്‍മങ്ങള്‍ സൂര്യാസ്തമയത്തിനുശേഷം നടത്താവുന്നതാണ്. പുത്തന്‍ തീ ആശീര്‍വാദവും പ്രദക്ഷിണവും ഒഴിവാക്കി പെസഹാത്തിരി തെളിച്ചതിനുശേഷം പെസഹാ പ്രഘോഷണം നടത്തുന്നു. വിശുദ്ധഗ്രന്ഥ വായനകളുടെ എണ്ണം നിയമാനുസൃതം കുറയ്ക്കാവുന്നതാണ്; ജ്ഞാനസ്‌നാനവ്രത നവീകരണം മാത്രം നടത്തുന്നു; ജനങ്ങളുടെ ഉപയോഗത്തിനുള്ള ജലം ആശിര്‍വദിച്ചു സൂക്ഷിക്കുകയോ, അല്ലെങ്കില്‍ പിന്നീട് സൗകര്യപ്രദമായ സമയത്ത് ആശിര്‍വദിച്ച് ജനങ്ങള്‍ക്കു നല്കുകയോ ചെയ്യേണ്ടതാണ്.
വ്യക്തിഗതമായ കുമ്പസാരം ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ കാനോന്‍ നിയമവും ആരാധനാക്രമ വ്യവസ്ഥകളും പാലിച്ചുകൊണ്ട് പൊതുപാപമോചനത്തിനും അനുരഞ്ജനത്തിനുമുള്ള ശുശ്രൂഷകള്‍ സൗകര്യപ്രദമായ സമയങ്ങളില്‍ വിശ്വാസികളെ അറിയിച്ചുകൊണ്ട്, ദേവാലയങ്ങളില്‍ നടത്തുകയും അവര്‍ ഭവനങ്ങളിലിരുന്ന് അനുതാപപൂര്‍വം മാധ്യമങ്ങളിലൂടെ അതില്‍ പങ്കുചേരുകയും ചെയ്യേണ്ടതാണ്.
ദിവ്യകാരുണ്യ സ്വീകരണവും ഇപ്പോള്‍ നേരിട്ട് സാധ്യമല്ലാത്തതിനാല്‍ വ്യവസ്ഥാപിതമായ രീതിയില്‍ ആത്മീയ ദിവ്യകാരുണ്യ സ്വീകരണം നടത്തുവാന്‍ വിശ്വാസികളെ സഹായിക്കേണ്ടതാണ്.
കൊറോണ വൈറസിനിരയായവരും സാമ്പത്തികമായി കഷ്ടപ്പെടുന്നവരുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതാണ്. ആദിമക്രൈസ്തവ സമൂഹത്തെപ്പോലെ നമുക്കുള്ളത് നമ്മുടെ സഹോദരരുമായി പങ്കുവയ്ക്കാന്‍ സാധിക്കണം. വേദന അനുഭവിക്കുന്ന സഹോദരരെ നമ്മുടെ സ്വന്തം സഹോദരരായി കണ്ടുകൊണ്ട് അവരെ അകമഴിഞ്ഞ് സഹായിക്കാന്‍ സന്നദ്ധരാകേണ്ടതാണ്. ദിവസവേതനക്കാരായ സാധാരണക്കാര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യകാര്യങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങളോട് സഹകരിച്ചുകൊണ്ട് പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരേണ്ടതാണ്. ജാതിമതഭേദമന്യേ വേദന അനുഭവിക്കുന്ന എല്ലാ സഹോദരരെയും സഹായിക്കണമെന്നും ആര്‍ച്ച്ബിഷപ് സൂസപാക്യം ആഹ്വാനം ചെയ്തു.

 

 

ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം
ചെയര്‍മാന്‍, കെആര്‍എല്‍സിബിസി ലിറ്റര്‍ജി കമ്മീഷന്‍


Tags assigned to this article:
holyweekjeevanaadamjeevanewskeralasoosaipakiam

Related Articles

പുണ്യസാംഗോപാംഗങ്ങളുടെ അട്ടിപ്പേറ്റി പിതാവ്

ഭൂമിയിലെ ഒരു മഹാജീവിതം സഭയില്‍ വിശ്വാസപദപ്രാപ്തിക്കു പരിഗണിക്കപ്പെടുന്നതിനുള്ള നിയാമകാംശം, ആ വ്യക്തിയുടെ ധീരസാഹസികയത്‌നങ്ങളല്ലെന്നും പ്രത്യുത, പുണ്യസാംഗോപാംഗം അഥവാ സുകൃതങ്ങളാണെന്നും വേദശാസ്ത്രികള്‍ സിദ്ധാന്തിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, അനന്യസുരഭിയായൊരു ജീവിതശിഷ്ടം

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

കര്‍സേവക്പുരത്ത് തുടരുകയാണ് ആ സംരംഭങ്ങള്‍

ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയന്‍ തത്വശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന നിക്കോളോ ഡി ബെര്‍ണാഡോ മാക്കിയവെല്ലിയാണ് ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും’ എന്ന് ഉപദേശിച്ചത്. മാക്കിയവെല്ലിയുടെ വാക്കുകള്‍ അക്ഷരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*