വിശുദ്ധിക്ക് ദുര്‍മുഖമല്ല, നര്‍മഭാവം വേണം

വിശുദ്ധിക്ക് ദുര്‍മുഖമല്ല, നര്‍മഭാവം വേണം

വിശുദ്ധിയുടെ അടയാളമാണ് ആനന്ദം. വിശുദ്ധിയെ ഭയക്കേണ്ടതില്ല; അത് നിങ്ങളുടെ ഊര്‍ജമോ വീര്യമോ സന്തോഷമോ ഇല്ലാതാക്കുകയില്ല. ‘ആനന്ദിച്ചാഹ്ലാദിക്കുവിന്‍’ (ഗൗദേത്തേ എത്ത് എക്‌സുല്‍താത്തേ) എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ സമകാലീന ലോകത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിയുടെ പൊരുളെന്തെന്ന് എത്രയും സരളമധുരമായി ഏറ്റവും പുതിയ അപ്പസ്‌തോലിക ആഹ്വാനത്തില്‍ പഠിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ലൂമെന്‍ ജെന്‍സിയും’ (ജനതകളുടെ വെളിച്ചം) എന്ന പ്രമാണരേഖയില്‍ വിളംബരം ചെയ്ത ‘വിശുദ്ധിയിലേക്കുള്ള സാര്‍വത്രിക ക്ഷണം’ ഈ കാലഘട്ടത്തിന് ഇണങ്ങുംവണ്ണം സുവിശേഷഭാഗ്യങ്ങളുടെ കരുണാര്‍ദ്രമായ ഹൃദയഹാരിതയോടെ പുനര്‍നിര്‍വചിക്കുകയാണ് എണ്‍പത്തൊന്നുകാരനായ, സൊസൈറ്റി ഓഫ് ജീസസ് സന്യാസ സഭാ പാരമ്പര്യമുള്ള, അര്‍ജന്റീനക്കാരനായ പാപ്പാ.
ഇതിനു മുന്‍പത്തെ രണ്ട് അപ്പസ്‌തോലിക ആഹ്വാനങ്ങളിലും തുടിച്ചുനില്‍ക്കുന്ന ‘സന്തോഷം’ – ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹിക വാഴ്ചയുടെ പ്രമാണപത്രം എന്നു വിശേഷിപ്പിക്കപ്പെട്ട ‘സുവിശേഷത്തിന്റെ ആനന്ദം’ (എവാന്‍ഗേലിയീ ഗൗദിയും, 2013 നവംബര്‍), കുടുംബങ്ങളെ സംബന്ധിച്ച ക്രൈസ്തവ പ്രബോധനമായ ‘സ്‌നേഹത്തിന്റെ സന്തോഷം’ (അമോറിസ് ലെത്തീസിയ, 2016 മാര്‍ച്ച്) – ഈ ഉദ്‌ബോധനത്തിലും മുഖ്യപ്രമേയത്തില്‍ അന്തര്‍ലീനമാണ്. അമോറിസ് ലെത്തീസിയയിലെ ചില അടിക്കുറിപ്പുകളിലെ ‘കാരുണ്യപൂര്‍ണമായ’ ഉദാരസമീപനങ്ങളുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ രണ്ടു വര്‍ഷമായിട്ടും ചിലയിടങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല. പോള്‍ ആറാമന്‍ പാപ്പായുടെ ഹ്യുമാനെ വീത്തെയ്ക്കുശേഷം അമോറിസ് ലെത്തീസിയയോളം ഇത്രയേറെ സംവാദങ്ങള്‍ക്കിടയാക്കിയ മറ്റൊരു പ്രബോധനരേഖയുണ്ടാവില്ല. യാഥാസ്ഥിതിക പക്ഷത്തുനിന്നുള്ള ചില വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടി ഗൗദേത്തേ എത്ത് എക്‌സുല്‍താത്തേയുടെ വരികള്‍ക്കിടയില്‍ നിന്നു ചിലര്‍ വായിച്ചെടുക്കുന്നുണ്ട്.
ദൈവം നമ്മെ ഓരോരുത്തരെയും വിശുദ്ധിയിലേക്കു വിളിക്കുന്നു. നാം ഏത് അവസ്ഥയിലാണെങ്കിലും ഏതു പരിതസ്ഥിതിയിലാണ് ജീവിക്കുന്നതെങ്കിലും വിശുദ്ധീകരണം സാധ്യമാണ്. വിശുദ്ധരാകാനുള്ള യേശുവിന്റെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ധ്യാനവും പ്രയോഗദീപികയുമാണ് ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാമത്തെ അപ്പസ്‌തോലിക ആഹ്വാനം. വിശുദ്ധിയെക്കുറിച്ച് എത്രയൊക്കെ സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളുമുണ്ടെങ്കിലും യേശുവിന്റെ വചനത്തിലേക്കു തിരിയുന്നതുപോലെ, അവിടുന്ന് സത്യം പഠിപ്പിക്കുന്നത് എങ്ങനെയെന്നു കാണുന്നതുപോലെ നമ്മെ ഉദ്ബുദ്ധരാക്കുന്ന യാതൊന്നുമില്ല. ഏറ്റവും സരളമായി വിശുദ്ധി എന്താണെന്ന് യേശു വിശദീകരിക്കുന്നുണ്ട്. മലമുകളിലെ പ്രസംഗത്തിലെ അഷ്ടസൗഭാഗ്യങ്ങള്‍ ക്രൈസ്തവന്റെ ഐഡന്റിറ്റി കാര്‍ഡാണ്. ദൈവത്തോടും അവിടുത്തെ വചനത്തോടും വിശ്വസ്തത പുലര്‍ത്തുന്നവര്‍ തങ്ങളുടെ സ്വയാര്‍പ്പണത്തിലൂടെ യഥാര്‍ഥ സന്തോഷം അനുഭവിക്കുന്നു.
മഹാസിദ്ധികളോടെ, മഹിമ നിറഞ്ഞ ആധ്യാത്മിക ജീവിതം നയിച്ച് വിശുദ്ധിയുടെ സ്വര്‍ഗീയ കിരീടം അണിയുന്നവരെ അനുകരിക്കാന്‍ വൃഥാശ്രമിക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം പാത തിരിച്ചറിയാനുള്ള വിവേകവും വിവേചനശക്തിയും കൈവരുന്നതിനുള്ള ദൈവകൃപ തേടുന്നതാണ്. ആധ്യാത്മിക സാധനയുടെ ആനന്ദമൂര്‍ഛയല്ല വിശുദ്ധി. നാം യഥാര്‍ഥത്തില്‍ എന്താണോ അതാവണം വിശുദ്ധിയുടെ ഉപാധി. തികച്ചും സാധാരണമായ ദൈനംദിന ജീവിതം കൊണ്ടുതന്നെ നമുക്ക് വിശുദ്ധരാകാന്‍ കഴിയും. തങ്ങളുടെ സന്താനങ്ങളെ അളവറ്റ സ്‌നേഹത്തോടെ പരിപാലിക്കുന്ന മാതാപിതാക്കളുടെയും, കുടുംബത്തെ പോറ്റുന്നതിന് കഠിനാധ്വാനം ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെയും, ഒരിക്കലും പുഞ്ചിരി മായാത്ത വയോധികരായ അര്‍പ്പിതരുടെയും രോഗികളുടെയും നിത്യവൃത്തിയില്‍ വിശുദ്ധിയുണ്ട്. പൊരുതുന്ന സഭയുടെ വിശുദ്ധി ഇവരുടെ അനുദിനമുള്ള അശ്രാന്തപരിശ്രമത്തില്‍ നാം കാണുന്നു. നമ്മുടെയിടയില്‍ ജീവിച്ചുകൊണ്ട് ദൈവിക സാന്നിധ്യം പ്രതിഫലിപ്പിക്കുന്ന നമ്മുടെ അയല്‍ക്കാരില്‍ മിക്കവാറും ഈ വിശുദ്ധി കണ്ടെത്താനാവും. വിശുദ്ധിയുടെ മധ്യവര്‍ഗം എന്ന് അടുത്ത വീട്ടുകാരെ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയും. സ്‌നേഹത്തില്‍ ജീവിക്കുക, നമ്മള്‍ ചെയ്യുന്നതിലെല്ലാം ദൈവത്തിന് സാക്ഷ്യം വഹിക്കുക – ഇത്രയും മതി വിശുദ്ധി നേടാന്‍. ചെറിയ ഭാവപ്രകടനങ്ങള്‍, എളിയ ത്യാഗങ്ങള്‍ എന്നിവയ്ക്കും പ്രാധാന്യമുണ്ട് വിശുദ്ധിയുടെ മാര്‍ഗത്തില്‍.
നിങ്ങള്‍ വിവാഹിതരാണെങ്കില്‍ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും വിശുദ്ധരായിരിക്കുക. നിങ്ങള്‍ സമര്‍പ്പിതരാണെങ്കില്‍ നിങ്ങളുടെ സമര്‍പ്പണം ആനന്ദത്തോടെ ജീവിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങള്‍ മാതാപിതാക്കളോ മുത്തശ്ശിയോ മുത്തച്ഛനോ ആണെങ്കില്‍ യേശുവിനെ പിന്‍ചെല്ലേണ്ടതെങ്ങനെയെന്ന് കുഞ്ഞുമക്കളെ ക്ഷമയോടുകൂടി പഠിപ്പിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങള്‍ തൊഴിലാളിയാണെങ്കില്‍ ആത്മാര്‍ഥതയോടും സാമര്‍ഥ്യത്തോടും നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ സേവനാര്‍ഥം അദ്ധ്വാനിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക. നിങ്ങള്‍ അധികാരസ്ഥാനത്തുള്ളവരാണെങ്കില്‍ പൊതുനന്മയ്ക്കായി പരിശ്രമിക്കുകയും വ്യക്തിഗതനേട്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധരായിരിക്കുക.
‘സ്ത്രീകള്‍ പൊതുവെ അവഗണിക്കപ്പെട്ടിരുന്ന കാലത്ത്’ തങ്ങളുടെ സവിശേഷ വിളിക്ക് സാക്ഷ്യം വഹിച്ച പുണ്യവതികളെപോലെതന്നെ തങ്ങള്‍ക്കു ചുറ്റുമുള്ളവരെ പരിപോഷിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ച ‘അജ്ഞാതരും വിസ്മരിക്കപ്പെട്ടവരുമായ സ്ത്രീകളും’ നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരാണ്. തന്റെ ജീവരഹസ്യത്തില്‍ ക്രിസ്തുവുമായി ഒന്നാകുന്നതിന്റെ അനുഭവമാണ് വിശുദ്ധിയുടെ കാതല്‍.
ജീവിതത്തില്‍ അര്‍ഥം കൊണ്ടുവരുവാനും ഒരു ലക്ഷ്യത്തിനുവേണ്ടി ജീവിക്കാനുമുള്ള പൊതു ധാരണ യുവജനങ്ങള്‍ക്കു മനസിലാകും. എന്നാല്‍ അതിനെ ദൈവത്തിന്റെ വിളിയും ദാനവുമായി ബന്ധിപ്പിക്കാന്‍ മിക്കവര്‍ക്കും അറിയില്ല. നിങ്ങളുടെ ജീവിതത്തെ അപ്പാടേ ഒരു പ്രേഷിതദൗത്യമായി കാണേണ്ടതുണ്ട്.
രണ്ടു പുരാതന പാഷണ്ഡതകള്‍ – ജ്ഞാനവാദവും (നോസ്റ്റിസിസം) പെലേജിയന്‍ സിദ്ധാന്തവും (പെലേജിയനിസം) – വിശുദ്ധിയുടെ വ്യാജ രൂപങ്ങളായി ഇക്കാലത്തും ഉടലെടുക്കുന്നുണ്ട്. തനിക്ക് എന്തൊക്കെയോ അറിയാം, ബുദ്ധിപരമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയും എന്നതുകൊണ്ട് താന്‍ വിശുദ്ധനാണെന്ന് ജ്ഞാനവാദി വിശ്വസിക്കുന്നു. ബൗദ്ധിക സമീപനമാണ് അവന് പൂര്‍ണതയുടെ പരമസ്വരൂപം, കാരുണ്യമല്ല. എല്ലാത്തിനും ഒരാള്‍ക്ക് ഉത്തരമുണ്ടെങ്കില്‍ അതിന് അര്‍ഥം അയാള്‍ നേര്‍ദിശയിലല്ല എന്നതാണ്. ഒരാളുടെ പൂര്‍ണത അളക്കേണ്ടത് അയാള്‍ക്കുള്ള വിവരങ്ങളുടെയോ ജ്ഞാനത്തിന്റെയോ തോതുവച്ചല്ല, അയാളുടെ കാരുണ്യത്തിന്റെ ആഴം കൊണ്ടാണ്.
പെലേജിയൂസ് അഞ്ചാം നൂറ്റാണ്ടിലലെ ദൈവശാസ്ത്രജ്ഞനായിരുന്നു. സ്വന്തം കഴിവുകൊണ്ട് നമുക്ക് രക്ഷ നേടാം, അതിന് ദൈവത്തിന്റെ കൃപ ആവശ്യമില്ല എന്നതായിരുന്നു പെലേജിയന്‍ സിദ്ധാന്തം. ഇതിന്റെ നവീന ആവിഷ്‌കാരത്തില്‍ ‘നിയമത്തിന്റെയും പ്രമാണങ്ങളുടെയും ആചാരനിഷ്ഠയുടെയും കാര്യത്തില്‍ ഭ്രാന്തമായ വരിഷ്ഠതയും അധീശത്വവും’ പ്രകടിപ്പിക്കുന്നവര്‍ മറ്റുള്ളവരുടെ പോരായ്മകളും കുറവുകളും എപ്പോഴും എടുത്തുകാണിക്കും. എളിമയ്ക്കും കൃപയ്ക്കും ഇവിടെ തെല്ലും ഇടമില്ല.
ഇത്തരം സിദ്ധാന്തങ്ങളുടെ ഫലമായുണ്ടാകുന്ന പ്രത്യയശാസ്ത്ര സമീപനങ്ങളിലും അപാകതകളുണ്ട്. മനുഷ്യജീവന്റെ മഹത്വവും പവിത്രതയും മുന്‍നിര്‍ത്തി ഗര്‍ഭസ്ഥ ശിശുവിന്റെ സംരക്ഷണത്തിനായി സുവ്യക്തവും ദൃഢവും തീവ്രവികാരഭരിതവുമായ നിലപാടു സ്വീകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ജനിച്ചുകഴിഞ്ഞവരുടെ ദരിദ്രരുടെയും അഗതികളുടെയും നിരാലംബരുടെയും അനാഥരുടെയും പരിത്യക്തരുടെയും പരോക്ഷമായി ദയാവധത്തിനു വിധേയരാകേണ്ടിവരുന്ന ദുര്‍ബലരും വയോധികരുമായ രോഗികളുടെയും, ലൈംഗിക ചൂഷണത്തിനും അടിമത്വത്തിനും മനുഷ്യക്കടത്തിനും ഇരകളാകുന്നവരുടെയും ജീവന്റെ മഹത്വവും അത്രതന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പലരും ശ്രദ്ധിക്കുന്നില്ല. ചില ജൈവധാര്‍മിക പ്രശ്‌നങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യമില്ലെന്നു വിധിക്കുന്നതും വൈകല്യമാണ്.
സുവിശേഷഭാഗ്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം വിശുദ്ധമാണ്. ആത്മാവില്‍ ദരിദ്രരാവുക, വിലപിക്കുക, ശാന്തശീലരാവുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, ഹൃദയശുദ്ധിയുള്ളവരാകുക, സമാധാനം സ്ഥാപിക്കുക, നീതിക്കുവേണ്ടി പീഡനം എല്‍ക്കുക തുടങ്ങിയ യേശുവിന്റെ വചനങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് കരുണയുള്ളവരാവുക എന്നതാണ്. മറ്റുള്ളവരെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക എന്നതിനു പുറമെ മറ്റുള്ളവരോടു പൊറുക്കുക, അനുരഞ്ജനപ്പെടുക എന്നുകൂടി ഇതിന് അര്‍ഥമുണ്ട്.
ആധ്യാത്മിക മണ്ഡലത്തില്‍ അതിശക്തമായ പോരാട്ടത്തിന്റെ ആവശ്യമുണ്ട്. പിശാച് വെറും മിഥ്യയോ, സാങ്കല്പിക ആവിഷ്‌കാരമോ, അടയാളമോ, ഒരു ഭാഷാപ്രയോഗമോ, ആശയമോ അല്ല. ആത്മാക്കളെ നശിപ്പിക്കുന്ന തിന്മയുടെ ശക്തിക്കെതിരെ നിതാന്ത ജാഗ്രതയും ചെറുത്തുനില്പും കൂടിയേ തീരൂ. പ്രാര്‍ഥന, ധ്യാനം, ദിവ്യബലി, അനുരഞ്ജന കൂദാശ, ദിവ്യകാരുണ്യ ആരാധന, കാരുണ്യപ്രവൃത്തികള്‍, സാമൂഹിക ശുശ്രൂഷ തുടങ്ങി ശക്തമായ നിരവധി ആയുധങ്ങള്‍ ദൈവം നമുക്ക് തന്നിട്ടുണ്ട്.
കാരൂണ്യപൂര്‍ണമായ കടാക്ഷത്തിലേക്കാണ് ഫ്രാന്‍സിസ് പാപ്പാ ഈ അപ്പസ്‌തോലിക ആഹ്വാനത്തെയും കൊണ്ടുചെന്നെത്തിക്കുന്നത്. ‘തണുപ്പുള്ള രാത്രിയില്‍ വെളിയില്‍ ഒരു വ്യക്തി കിടക്കുന്നതു കണ്ടാല്‍ എനിക്ക് അവനെയോ അവളെയോ ഒരു ശല്യമായി, എനിക്കു മാര്‍ഗതടസം സൃഷ്ടിക്കുന്ന ആളായി, എന്നെ അസ്വസ്ഥമാക്കുന്ന കാഴ്ചയായി, രാഷ്ട്രീയക്കാര്‍ പ്രതിവിധി കാണേണ്ട പ്രശ്‌നമായി, അല്ലെങ്കില്‍ പൊതുസ്ഥലത്ത് അടിഞ്ഞുകൂടിയ മാലിന്യമായി വേണമെങ്കില്‍ പരിഗണിക്കാം. അല്ലെങ്കില്‍ വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചത്തില്‍ എനിക്കു പ്രതികരിക്കാം, എന്നിലെ മാനവ മഹിമയോട് താദാത്മ്യമുള്ള മനുഷ്യവ്യക്തിയായി, പിതാവായ ദൈവം അഗാധമായി സ്‌നേഹിക്കുന്ന ഒരു സൃഷ്ടിയായി, ദൈവത്തിന്റെ പ്രതിഛായയായി, യേശുക്രിസ്തു രക്ഷിച്ച ഒരു സഹോദരനോ സഹോദരിയോ ആയി ആ വ്യക്തിയെ കാണാം. ക്രൈസ്തവന്‍ എന്നതിന്റെ അര്‍ഥം ഇതാണ്. ഓരോ മനുഷ്യാത്മാവിന്റെയും മഹിമ തിരിച്ചറിയുന്ന ഈ ചൈതന്യപൂര്‍ണമായ കാഴ്ചപ്പാടില്ലാതെ വിശുദ്ധി എന്തെന്ന് മനസിലാക്കാന്‍ കഴിയുമോ?’ സുവിശേഷത്തിലൂന്നിയ വ്യക്തിനിഷ്ഠമായ ഈ ആരായലാണ് വിശുദ്ധിയുടെ കാതല്‍.


Related Articles

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം

ജനതയുടെ ആത്മാവിനേറ്റ മുറിവുകള്‍

ശരീരത്തില്‍ ഏല്പിക്കുന്ന ഓരോ മുറിവും, ഓരോ അപമാനവും, ഓരോ കൈയേറ്റവും സ്രഷ്ടാവായ ദൈവത്തിന്റെ നേര്‍ക്കുള്ള കൊടിയ നിന്ദയാണെന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിലെ

കടലെടുക്കുന്നു, തീരവും ജീവിതങ്ങളും

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ഫോനി ചുഴലിക്കാറ്റായി മാറുന്നതിനു മുന്‍പുതന്നെ കേരളത്തിന്റെ തെക്കന്‍ തീരത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായിരുന്നു. ഇനി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ സംസ്ഥാനത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*