വിശുദ്ധ കുര്യാക്കോസച്ചന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?

വിശുദ്ധ കുര്യാക്കോസച്ചന്‍ അന്തരിച്ചത്  കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?

ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന പുസ്തകത്തില്‍ 44-ാം പേജില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”വിശുദ്ധന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തില്‍1871ല്‍. കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തില്‍ നിന്നും ഈ പുസ്തകം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിതരണം ചെയ്യുകയുണ്ടായി.
1901ല്‍ സിഎംഐ സഭയുടെ പൊതുശ്രേഷ്ഠനായിരുന്ന ബഹുമാനപ്പെട്ട യൗസേപ്പ് യോഹന്നാനാണ് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമം പണികഴിച്ചത്. നേര്യാപറമ്പില്‍ യോഹന്നാനച്ചനാണ് ആശ്രമത്തിലെ പ്രഥമ പ്രീയോരച്ചന്‍. 1943ല്‍ മുഖവാരം ഇടിഞ്ഞുവീണ ആശ്രമദേവാലയം പുനര്‍നിര്‍മിച്ചത് ബഹുമാനപ്പെട്ട മണ്ണൂര്‍ റെമീജിയസ് അച്ചനാണ്. 1909 മുതല്‍ 1914 വരെ ആശ്രമം പൊതുശ്രേഷ്ഠന്റെ ആസ്ഥാനമായിരുന്നു. 1960 വരെ വൈദിക വിദ്യാര്‍ത്ഥികളുടെ പഠനവ്യൂഹം ആയിരുന്നു. (കൂനമ്മാവ്-ഒരു ചരിത്രം: ആന്റണി ചക്യാത്ത് , ചാവറ ചരമശതവാര്‍ഷിക സ്മരണിക, 1942, പേജ് 186).

വിശുദ്ധ കുര്യാക്കോസച്ചന്‍
അന്തരിച്ചതെവിടെ ?
എല്ലാവര്‍ക്കും അറിയാവുന്ന ഒരു ചരിത്ര സത്യമാണ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി പിതാവ് ലത്തീന്‍കാര്‍ക്ക് മാത്രമായി 1857ല്‍ വിശുദ്ധ ഫിലോമിനയുടെ നാമത്തില്‍ കൂനമ്മാവില്‍ ഒരാശ്രമം സ്ഥാപിച്ചെന്നും, പിന്നീട് വേണ്ടത്ര സന്യാസിമാരെ ഈ ആശ്രമത്തില്‍ വിളിച്ചുചേര്‍ത്തുവെന്നും. 1864ല്‍ ബച്ചിനെല്ലി പിതാവിന്റെ ആഗ്രഹപ്രകാരം മാന്നാനം ആശ്രമത്തില്‍ നിന്നും വിശുദ്ധ കുര്യാക്കോസച്ചന്‍ കുനമ്മാവ് വിശുദ്ധ ഫിലോമിനാ ആശ്രമത്തില്‍ വന്നു താമസിക്കുകയും 7 വര്‍ഷക്കാലം സേവനം ചെയ്തശേഷം, 1871 ജനുവരി 3-ാം തീയതി വെള്ളിയാഴ്ച കാലത്ത് 7.30ന് കുനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമമുറിയില്‍ അന്തരിച്ചെന്നും 4-ാം തീയതി ശനിയാഴ്ച വിശുദ്ധ ഫിലോമിന പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അവിടുത്തെ പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്നുവെന്നും (Light on the burnt horizon, chavara, the- reformer saint; editor: John mannarathara 2017, p. 42,44).
ആത്മസുഹൃത്തും കുമ്പസാരക്കാരനുമായിരുന്ന ലെയോപോള്‍ഡ് ബൊക്കാറോ അച്ചന്‍ എഴുതിയ ജീവചരിത്രത്തില്‍ വിശുദ്ധ കുര്യാക്കോസച്ചന്‍ കൂനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമമുറിയില്‍ അന്തരിച്ചെന്നും വിശുദ്ധ ഫിലോമിന പള്ളിയില്‍ അവിടുത്തെ പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്നുവെന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതാണ് വിശുദ്ധന്റെ ആദ്യത്തെ ജീവചരിത്രം. കൂനമ്മാവ് വിശുദ്ധ ഫിലോമിന ഇടവകയില്‍ വിശുദ്ധന്‍ അന്തരിച്ച മുറിയും പൂജ്യശരീരം അടക്കം ചെയ്തിരിക്കുന്ന കബറിടവും ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നു.
ഈ ചരിത്ര സത്യങ്ങളും സാക്ഷ്യങ്ങളും ചിലര്‍ കണ്ടില്ലെന്നു നടിച്ചു. അവസാന നാളുകള്‍ വിശുദ്ധന്‍ ചിലവഴിച്ചത് മാന്നാനത്താണെന്നും മാന്നാനം ആശ്രമമുറിയിലാണ് അന്തരിച്ചതെന്നും ആ പൂജ്യശരീരം അടക്കം ചെയ്തത് മാന്നാനത്താണെന്നും വിശ്വവിജ്ഞാന കോശത്തില്‍ എഴുതിപിടിപ്പിക്കുകയും (വാല്യം 7, പേജ് 673) ചെയ്തു. പാപ്പാ കോട്ടയത്ത് വന്നപ്പോള്‍ വ്യാജ അറിവുകള്‍ പാപ്പായെകൊണ്ട് വിളിച്ചു പറയിപ്പിക്കുകയും അങ്ങനെ വിശ്വാസിസമൂഹത്തെ ധരിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ കൂനമ്മാവുകാര്‍ 1990ല്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുകയും 3 വര്‍ഷക്കാലത്തെ കേസ് നടത്തിപ്പിനുശേഷം ( നമ്പര്‍ 0.5, 309/90) 1993 മാര്‍ച്ച് 29-ാം തീയതി വിധി നേടിയെടുക്കുകയും ചെയ്തു. ആ വിധിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1871 ജനുവരി 3-ാം തീയതി കുനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമത്തില്‍ അന്തരിക്കുകയും, കുനമ്മാവ് വിശുദ്ധ ഫിലോമിന പള്ളിയില്‍ മൃതശരീരം അടക്കം ചെയ്യുകയും ചെയ്തു.
കുര്യാക്കോസച്ചന്റെ നാമകരണത്തിനുള്ള വൈസ് പോസ്റ്റുലേറ്റര്‍ ആയിരുന്ന ജോണ്‍ റോമിയോ സിഎംഐ അച്ചന്‍, കുര്യാക്കോസച്ചന്‍ മരിച്ച് 18 വര്‍ഷങ്ങള്‍ക്കുശേഷം ഭൗതീകാവശിഷ്ടങ്ങള്‍ മാന്നാത്തേയ്ക്കു കൊണ്ടുപോയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഞായറാഴ്ചകളിലുള്ള ദൈവവചന പ്രബോധനങ്ങള്‍ നല്‍കേണ്ടതെന്തിനെന്നും മനസമ്മതത്തിനു മുമ്പുള്ള നമസ്‌കാരം പഠിക്കുന്നതെന്തിനെന്നും പഠിച്ച കാര്യങ്ങള്‍ യുവതി യുവാക്കള്‍ക്ക് മനസിലായോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെയെന്നും മരണാസന്നരായവര്‍ക്ക് തൈലാഭിഷേക കര്‍മം നിര്‍വഹിക്കേണ്ടതെങ്ങനെയെന്നും പള്ളികളില്‍ ജ്ഞാനസ്‌നാന തൊട്ടിയും കുമ്പസാരകൂടും ക്രമീകരിക്കേണ്ടതെങ്ങനെയെന്നും കുട്ടികളുടെ ആദ്യകുമ്പസാരവും പ്രഥമദിവ്യകാരുണ്യസ്വീകരണവും നടത്തേണ്ടതിനാവശ്യമായ കാര്യങ്ങളെന്തെല്ലാമെന്നും തുടങ്ങി ഉത്തമക്രൈസ്തവ വിശ്വാസജീവിതത്തിന് അടുക്കും ചിട്ടയും കൈവരിക്കുവാന്‍ വേണ്ട സമഗ്രമായ നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഈ പ്രാദേശിക സഭയില്‍ സംജാതമാക്കുവാന്‍ മഹാമിഷണറിയെന്ന അഭിധാനത്തിന് തികച്ചും അര്‍ഹനായ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിക്ക് കഴിഞ്ഞു.
ബച്ചിനെല്ലി പിതാവിന്റെ ഏറ്റവും വലിയ സംഭാവന വിദ്യാഭ്യാസ പ്രേഷിതത്വമായിരുന്നു. ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതത്തിന് മൂല്യവും കാന്തിയും വര്‍ദ്ധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വരാപ്പുഴ വികാരിയാത്തിന്റെ ചുമതലയേറ്റയുടന്‍ പള്ളിക്കൊപ്പം പള്ളിക്കുടങ്ങള്‍ ഉണ്ടായിരിക്കണമെന്ന് കല്പിച്ചു. ”പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ ഈ ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ വലിയ ഒരു മാറ്റത്തിന്റെ ശംഖൊലിയായിരുന്നു. ഇടവകകളില്‍ മാത്രമല്ല എല്ലാ കരകളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്നദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഈ കാലത്ത് അദ്ദേഹം മാന്നാനം ആശ്രമത്തിലായിരുന്നു.
ശാരീരികമായും മാനസികമായും ആത്മീയമായും വിശുദ്ധ കുര്യാക്കോസച്ചന്‍ വേദനിച്ചാണ് ജീവിച്ചത്. അന്തരിച്ചതിനുശേഷവും വിശുദ്ധന് സമാധാനം കൊടുക്കില്ലേ? കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലല്ല വിശുദ്ധനെ എത്തിക്കേണ്ടത്. കൂനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമത്തിലാണ്.
ചരിത്രസത്യങ്ങള്‍ അംഗീകരിച്ചാല്‍ യഥാര്‍ത്ഥ വിശുദ്ധനെ ജനങ്ങള്‍ കാണും. വിശുദ്ധനെതിരെ അസത്യപ്രചരണങ്ങള്‍ നടത്തുന്നത് വിശുദ്ധനോട് ചെയ്യുന്ന വലിയ അപരാധമാണ്. സിഎംഐ സഭയുടെ പിതാവായ വിശുദ്ധ കുര്യാക്കോസച്ചന്‍ പഠിപ്പിച്ചത്, സത്യം പറയാനും സത്യത്തില്‍ നിലനില്‍ക്കാനുമല്ലേ?
കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തില്‍ നിന്നും കുനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമത്തില്‍ വിശുദ്ധന്‍ എത്തണം. വലിയ യാത്ര കഴിഞ്ഞു. ഇനി ഒരു ഹൃസ്വ യാത്ര മാത്രം മതി, കൂനമ്മാവ് വിശുദ്ധ ഫിലോമിന ആശ്രമത്തിലും പള്ളിയിലുമെത്താന്‍. വിശുദ്ധ കുര്യാക്കോസച്ചന്‍ അവസാന ഏഴു വര്‍ഷക്കാലം ജീവിച്ചതും അന്തരിച്ചപ്പോള്‍ അടക്കം ചെയ്തിരിക്കുന്നതും വിശുദ്ധ ഫിലോമിന ആശ്രമത്തിലും പള്ളിയിലുമാണ്. മറ്റൊരിടത്തല്ല. വിശുദ്ധന്റെ കബറിടം തുറന്നിട്ടില്ല. തുറന്നതായി കൂനമ്മാവില്‍ ആരും കണ്ടിട്ടില്ല. പറയുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ട രേഖകള്‍ വരാപ്പുഴ അതിരൂപത കൂരിയായിലോ, കൂനമ്മാവ് പള്ളിയിലോ സിഎംഐ സഭയുടെ പക്കലോ ഇല്ല. ഇതാണ് കൂനമ്മാവിലെ ചരിത്രാനുഭവ പാരമ്പര്യസത്യം. കോടതിവിധിയും അതാണ് ശരിവയ്ക്കുന്നത്. വിശുദ്ധ കുര്യാക്കോസച്ചന്‍ കൂനമ്മാവ് വിശുദ്ധ ഫിലോമിന പള്ളിയിലെ കബറിടത്തില്‍ സമാധാനത്തില്‍ അന്ത്യവിശ്രമം കൊള്ളട്ടെ. അവിടെ ഒരുമിച്ചുകൂടി നമുക്ക് പ്രാര്‍ത്ഥിക്കാം.


Related Articles

നഗരത്തിന്റെ ദാഹമകറ്റി ഇഎസ്എസ്എസ്

എറണാകുളം: ലോകജല ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജലദിനാചരണം കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള സംഭരണി

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരി മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കും.  ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും

മാനാട്ടുപറമ്പ് ദൈവാലയം ‘സമ്പൂര്‍ണ ജീവനാദം ഇടവക’

എറണാകുളം: വരാപ്പുഴ അതിരൂപതയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയദൈവാലയത്തിലെ 430 കുടുംബങ്ങളിലും ഇനി ‘ജീവനാദം’ മുടങ്ങാതെ എത്തും. ബിസിസി കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് വിദ്യാഭ്യാസശുശ്രൂഷ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*