വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ

വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ

 

ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്‍കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന് ഇന്ന് നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പറയാം. കഴിഞ്ഞുപോയ കാലത്തിന്റെ നേരെഴുത്താകണം ചരിത്രം. ഈ ലോക ചരിത്രത്തിന്റെ നിലനില്പു തന്നെ നേരാംവണ്ണമാകണമെങ്കില്‍ ചരിത്രത്തിന്റെ ഈ സാത്വിക സമീപനം ആവശ്യമാണ്. ചരിത്രത്തില്‍ കൂടിച്ചേര്‍ക്കലുകളാകാം. ചരിത്ര ഗവേഷകന്മാര്‍ ചെയ്യേണ്ടത് അതാണ്. എന്നാല്‍ അവ എഴുത്തുകാരന്റെ ഭാവനയില്‍ നിന്നുള്ള കൂട്ടിച്ചേര്‍ക്കലാകരുത്. കല്പനകള്‍ക്ക് ചരിത്രത്തില്‍ സ്ഥാനമില്ലാത്തത് അതുകൊണ്ടാണ.് ചരിത്രത്തിന് സത്യത്തോടാണ് ബന്ധമുണ്ടാകേണ്ടത്. കഥാരചന നടത്തുന്നതുപോലെ ചരിത്രരചനയ്ക്ക് മുതിരുന്നവര്‍ ചരിത്ര നിര്‍മാതാക്കളാണ്. ചരിത്രം നിര്‍മിക്കപ്പെടുമ്പോള്‍ അവ യഥാതഥമായ അവസ്ഥയില്‍ നിന്ന് വളരെ അകന്നു പോകുന്നു. ചരിത്രം നിര്‍മ്മിക്കപ്പെട്ടാല്‍ അത് ഭാവിയെ തെറ്റായ വഴിയിലൂടെ കൂട്ടിക്കൊണ്ട് പോകും. അതു ഭീതിതമാണ്.

ചരിത്ര നിര്‍മ്മിതിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഇങ്ങിനെ ആമുഖമായി പറയുന്നതിന് ഒരു കാരണമുണ്ട്. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റു ചെയ്ത് അയിന്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുനപ്രതിഷ്ഠ എന്ന ഗ്രന്ഥം’ വായിക്കുവാന്‍ ഇടയായി. വിശുദ്ധ ‘ചാവറയച്ചനെക്കുറിച്ച് ഏറെ ഗ്രന്ഥങ്ങളുണ്ട് പിന്നെയും ഒരു ഗ്രന്ഥം എന്തിന് എന്ന ചോദ്യം പ്രസക്തമാണ്. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ആ ചോദ്യത്തിന് നേരായ ഉത്തരം ലഭിക്കും. എന്നതാണ് വസ്തുത. പുന:പ്രതിഷ്ഠ എന്ന പ്രയോഗം തന്നെ ഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമാക്കുന്നുണ്ട്.

ചാവറയച്ചന്റെ പേരില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പലതും അദ്ദേഹത്താല്‍ ചെയ്യപ്പെട്ടതല്ല എന്നുവന്നാല്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുക്കും. ആധ്യാത്മികവും ഭൗതികവുമായ മേഖലകളില്‍ തുല്യപ്രാധാന്യത്തോടെ പ്രവര്‍ത്തിച്ച പുണ്യാത്മാവാണ് ചാവറയച്ചന്‍. എന്നാല്‍ അദ്ദേഹം പോലും രേഖപ്പെടുത്താതിരുന്ന പലതും പിന്‍മുറക്കാര്‍ അവിടുത്തെപ്പേരില്‍ ചാര്‍ത്തുമ്പോള്‍ സംജാതമാകുന്ന ചരിത്ര നിര്‍മിതിയെ വിലയിരുത്തുകയും ആ ധന്യജീവിതത്തിന് ഒരു കോട്ടവും വരുത്താതെ അദ്ദേഹത്തെ പുന:പ്രതിഷ്ഠിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ലേഖനങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണ് വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ.

ഈ ഗ്രന്ഥത്തില്‍ ഒമ്പത് ലേഖനമാണുള്ളത്. ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍, പ്രൊഫ. സേവ്യര്‍ പടിയാരംപറമ്പില്‍, ഫാ. ആന്റണി ചെറിയ കടവില്‍, സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സിടിസി, ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എന്നിവരാണ് ലേഖകര്‍.

ചാവറയച്ചന്റെ ജീവിതകാലത്തൊന്നും അദ്ദേഹം വിവാദ വിഷയമായിരുന്നില്ല. ദൈവേഷ്ടയ്ക്കൊത്തു നീങ്ങിയ ആ പുണ്യജീവിതം അഭികാമ്യവും അനുകരണീയവുമായിരുന്നു. എന്ന മുഖമൊഴിയോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത.് എന്നാല്‍ ഉള്ളതും ഇല്ലാത്തതുമായ അവകാശവാദങ്ങളും ചരിത്ര നിര്‍മിതിയും നടത്തി ആ ധന്യജീവിതത്തെ വിവാദത്തിന്റെ പടിക്കലെത്തിച്ചത് അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണെന്ന് ഗ്രന്ഥം കുറ്റപ്പെടുത്തുന്നു. നിര്‍മ്മിച്ചെടുത്ത ചരിത്രമില്ലെങ്കിലും ചാവറയച്ചന്‍ നടത്തിയ ആത്മീയവും സാമൂഹ്യമായ ജീവിതയാത്രയ്ക്ക് നിറഭേദം സംഭവിക്കില്ല. ”പള്ളിക്കൊരു പള്ളിക്കൂടം” എന്ന കല്പന ഇറക്കിയ മഹാമിഷണറി ബര്‍ണര്‍ദീന്‍ ബെച്ചിനെല്ലി മെത്രാപ്പോലീത്തയും കേരളത്തിലെ ആദ്യത്തെ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ദൈവദാസി മദര്‍ ഏലീശ്വയും ഒക്കെ ചെയ്ത കാര്യങ്ങള്‍ പലതും വിശുദ്ധ ചാവറയച്ചന്റെ കണക്കിലാണ് എഴുതപ്പെട്ടത്” എന്ന് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വെസ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആരോഗ്യപരമായ ചര്‍ച്ചയ്ക്കു വഴി തുറക്കും. മാന്നാനത്ത് സ്ഥാപിച്ച പ്രസ്സിന്റെ സ്ഥാപകന്‍ മുട്ടുചിറ പറമ്പില്‍ കുര്യാക്കോസ് കത്തനാരാണെന്നും എന്നാല്‍ സ്ഥാപക പദവിയില്‍ അവരോധിക്കപ്പെട്ടത് വിശുദ്ധ ചാവറ കുര്യാക്കോസച്ചനെയാണെന്നും അത്തരം പ്രചാരണങ്ങള്‍ക്കാണു പിന്നീട് വേരോട്ടമുണ്ടായതെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ഡോ. പീറ്റര്‍ കൊച്ചുവീട്ടിലിന്റെ ലേഖനത്തില്‍ ചാവറയച്ചന്‍ നയിച്ച ആത്മീയ ജീവിതത്തിന്റെ ഉടയാത്ത ചിത്രമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു ഗവേഷകന്റെ പാടവം വ്യക്തമാക്കുന്നുണ്ട്, ഈ ലേഖനം. ഉദയംപേരൂര്‍ സൂനഹദോസ് പാകിയ വിത്തുകള്‍ വേണ്ടവിധം മുളച്ചു പൊന്തിയില്ലെന്നും പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ അതേ വിത്ത് പുതിയ മണ്ണില്‍ വിതച്ചെന്നും സാവകാശം ആ വിത്ത് മുളച്ചെന്നും മാര്‍ത്തോമ ക്രിസ്ത്യാനികളുെട ഇടയില്‍ ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ നിയോഗമുണ്ടായത് ചാവറയച്ചനാണെന്നും ഡോ. കുര്യാസ് കുമ്പളക്കുഴി തന്റെ ലേഖനത്തിലൂടെ പറയുന്നുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രമെഴുതുന്നവര്‍ ഇത് കാണാതെ പോകരുതെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നുണ്ട്.

 

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വച്ച് സ്റ്റെബിലീനിയില്‍ നിന്നുമാണ് ചാവറയച്ചന്‍ പൗരോഹിത്യം സ്വീകരിച്ചതെന്ന് പറയുവാന്‍ ചാവറയച്ചന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് താല്പര്യമില്ലെന്ന വസ്തുത ഫാ. നെല്‍സണ്‍ തൈപ്പറമ്പിലിന്റെ ലേഖനത്തിലുണ്ട്. ചേന്നങ്കരി ഇടവകയില്‍ ‘വീടുകയറ്റം’ നിഷേധിച്ച ചാവറയച്ചനെ ‘തൊട്ടടുത്ത ആലപ്പുഴ ഇടവക വലിയ ആഘോഷത്തോടെ തന്നെ കുര്യാക്കോസിന്റെ വീടുകയറ്റം ഉത്സവമാക്കി’ (ചാവറയച്ചന്‍ കേരള ആധുനികത്വത്തിന്റെ ശില്പി-മാതൃഭൂമി ബുക്സ് പു
റം-30) ആലപ്പുഴയുമായി ചാവറയച്ചന്റെ ബന്ധം ചരിത്ര നിര്‍മ്മിതി നടത്തുന്നവര്‍ക്ക് അത്ര പെട്ടെന്ന് നിഷേധിക്കാനാകില്ല.

‘വികലമായ അസത്യങ്ങള്‍ തിരുത്തുന്ന ഒരു ന്യായമായ പ്രതികണത്തിന് വേദിയൊരുക്കുകയും ഒപ്പം അതില്‍ വിശുദ്ധ ചാവറയച്ചന്റെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്ന ‘ലേഖനമാണ്’ ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റേത്. പള്ളിക്കൊപ്പം പള്ളിക്കൂടം മാതൃക വരാപ്പുഴ വികാരിയത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബര്‍ണര്‍ദീന്‍ ബെച്ചിനെല്ലി (1859 – 1868)യുടെ സംഭാവനയാണെന്നും ചരിത്രത്തിന്റെ പിന്‍ബലത്തോടെ ലേഖകര്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്.

ഒരു ജനത ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന തെളിമയുള്ള വിഗ്രഹത്തിന്റെ അഴുക്കും മാറാലയും തുടച്ചുമാറ്റാനാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നതെന്ന് സാമാന്യമായി പറയാം. അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ പക്ഷം ചേരാതെ ചരിത്ര രേഖകളുടെ നാള്‍ വഴികളിലൂടെ യാത്ര ചെയ്യുകയാണ് വേണ്ടത്. അങ്ങിനെ സഞ്ചരിക്കുമ്പോള്‍ ബോധ്യമായവ അവതരിപ്പിക്കുക ചരിത്രകാരന്മാരുടെ കടമയാണ്. ഈ ഗ്രന്ഥം ചെയ്യുന്നത് അതാണ്. ചര്‍ച്ച ചെയ്യട്ടെ, ആ ചര്‍ച്ചകള്‍ യഥാര്‍ത്ഥ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ആകാംഷപകരും, തീര്‍ച്ച.

 

 


Related Articles

റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ

നിയുക്ത കൊല്ലം രൂപത മെത്രാൻ റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരിക്കു ജീവനാദം കുടുംബത്തിന്റെ അനുമോദങ്ങൾ അറിയിച്ചുകൊണ്ട് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ആന്റണി വിബിൻ സേവ്യറും, ചീഫ് എഡിറ്റർ

മൊസാംബിക്കിലെ ചുഴലിദുരന്തം മുസ്ലീം സഹോദരങ്ങള്‍ക്ക് അഭയമായി കത്തോലിക്കാ പള്ളികള്‍

പേംബാ: ആറാഴ്ചയ്ക്കിടെ രണ്ട് ചുഴലികൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ച മൊസാംബിക്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരകണക്കിന് ആളുകള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ കത്തോലിക്കാ സഭയും രാജ്യാന്തര സന്നദ്ധസംഘടനകളും മുന്‍കൈ എടുക്കുമ്പോള്‍

മിന്നല്‍പ്രളയങ്ങള്‍ ഇനിയുമുണ്ടാകും

തുലാവര്‍ഷത്തിന്റെ തുടക്കത്തിലെ ഒരൊറ്റ പെയ്ത്തില്‍ കൊച്ചി നഗരവും എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പോളിംഗും മിന്നല്‍പ്രളയത്തിലാണ്ടുപോയി. കാല്‍നൂറ്റാണ്ടിനിടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*