Breaking News

വിശുദ്ധ തോമസ് ഭാരതം സന്ദര്‍ശിച്ചിരുന്നോ?

വിശുദ്ധ തോമസ് ഭാരതം സന്ദര്‍ശിച്ചിരുന്നോ?

തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ മനസിലാക്കി അതു രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു പതിവ് ഭാരതചരിത്രരംഗത്ത് അപൂര്‍വമാണ്. ആ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ചരിത്രവസ്തുതകള്‍ വേണ്ടത്ര പഠിക്കാതെയും വിലയിരുത്താതെയും കഥപോലെ ചരിത്രമെഴുതുന്ന ഒരു രീതി ക്രൈസ്തവ സഭാചരിത്രരംഗത്തും വ്യാപകമാണ്. പലപ്പോഴും നേരത്തെ പലരും കുറിച്ചുവച്ച കാര്യങ്ങള്‍ ഒരു പരിശോധനയും സ്വന്തമായി നടത്താതെ പകര്‍ത്തിയെഴുതി വരുന്ന പതിവുമുണ്ട്. ശാസ്ത്രീയ ചരിത്രരീതിയില്‍ (ഹിസ്റ്റോറിക്കല്‍ മെത്തേഡ്) നിന്ന് ഏറെ അകലെയാണ് അവരുടെ കാഴ്ചപ്പാടുകള്‍. വിശ്വാസിസമൂഹത്തെ തൃപ്തിപ്പെടുത്താനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ നിഷ്പക്ഷരായ ചരിത്രകാരന്മാര്‍ അംഗീകരിക്കുകയില്ലെന്നു മാത്രമല്ല പുച്ഛിച്ചുതള്ളുകയും ചെയ്യും.

റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഴുതിയ ‘ഭാരത ക്രൈസ്തവരുടെ അപ്പസ്‌തോലിക പൈതൃകം’ എന്ന പുസ്തകം സഭാചരിത്ര രചനയില്‍ വ്യത്യസ്തത പുലര്‍ത്തുന്നത് നേരത്തെ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സഭാചരിത്രമാണ് പരാമര്‍ശിക്കുന്നതെങ്കിലും ഗോത്രസംസ്‌കൃതിയില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള ഒരു സഞ്ചാരപാത ഗ്രന്ഥകാരന്‍ ഇവിടെ വെട്ടിത്തുറക്കുന്നുണ്ട്. ചരിത്രവിവരണങ്ങളുടെ ധാരാളിത്തം കണ്ട് മനംമയങ്ങി കാടുകയറിപ്പോകുന്നുമില്ല.

യേശുക്രിസ്തുവിലും സഭാചരിത്രത്തിലും തുടങ്ങുന്നു ഭാരത ക്രൈസ്തവരുടെ അപ്പസ്‌തോലിക പൈതൃകം എന്ന പുസ്തകം. യേശു ചരിത്രപുരുഷനാണ് എന്നു സ്ഥാപിക്കലാണ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റെ പ്രഥമദൗത്യം. എ.ഡി 27-28 വര്‍ഷങ്ങളില്‍ യേശു തന്റെ പരസ്യജീവിതം ആരംഭിച്ചിരിക്കാമെന്ന് പന്തിയോസ് പിലാത്തോസ്, ഹേറോദേസ് അന്തിപ്പാസ്, തിബേരിയാസ് തുടങ്ങിയ ഭരണാധിപന്മാരുടെ കാലം കണക്കാക്കി റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ വ്യക്തമാക്കുന്നു (പേജ് 16). ഇതേ വഴിയിലൂടെ സഞ്ചരിച്ചാണ് എ.ഡി 29 ഏപ്രില്‍ ഏഴാം തീയതിയാണ് യേശുവിനെ യഹൂദപ്രമാണികള്‍ വിചാരണ ചെയ്ത് കുരിശില്‍ തറച്ചതെന്ന് അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിരിക്കുന്നതും (പേജ് 17). എ.ഡി 29ലെ പെന്തക്കോസ്താ തിരുനാളിലാണ് യേശുവിന്റെ ശിഷ്യന്മാര്‍ സുവിശേഷപ്രഘോഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും വിശദീകരിക്കുന്നുണ്ട്. എ.ഡി 29 മുതല്‍ എ.ഡി 50 വരെയുള്ള സഭയിലെ സുപ്രധാന സംഭവങ്ങള്‍ ആദ്യത്തെ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ സ്റ്റീഫന്റെ രക്തസാക്ഷിത്വം എ.ഡി 34ലും വിശുദ്ധ യാക്കോബിന്റെ രക്തസാക്ഷിത്വം എ.ഡി 44ലും ആണെന്ന് ഈ വിവരണത്തിലുണ്ട്.

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ രക്തസാക്ഷിത്വത്തിന്റെ വിവരങ്ങളാണ് രണ്ടാമത്തെ അദ്ധ്യായത്തില്‍ വിശദീകരിക്കുന്നത്. തീര്‍ച്ചയായും പലര്‍ക്കുമിത് പുതിയ അറിവുകളായിരിക്കും. ഭാരതത്തിലെയും കേരളത്തിലെയും ആദ്യനൂറ്റാണ്ടുകളിലെ ക്രൈസ്തവസഭാ സാന്നിധ്യത്തെക്കുറിച്ച് മൂന്നാമത്തെ അദ്ധ്യായത്തില്‍ വളരെ ഹ്രസ്വമായി സൂചിപ്പിക്കുന്നു.

നാലാം അദ്ധ്യായം മുതലാണ് വിശുദ്ധ തോമായുടെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങള്‍ എപ്രകാരമായിരുന്നുവെന്ന അന്വേഷണം ആരംഭിക്കുന്നത്. സെന്റ് തോമസിന്റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പാശ്ചാത്യവും ഭാരതീയവുമായ പാരമ്പര്യങ്ങള്‍ വിശദീകരിക്കുന്നു. ചേരരാജാവ്, കൊടുങ്ങല്ലൂര്‍ രാജാവ് (തിരുവഞ്ചിക്കുളം) തുടങ്ങിയവരുള്‍പ്പെടെ പല പ്രമുഖരെയും വിശുദ്ധ തോമസ് ജ്ഞാനസ്‌നാനപ്പെടുത്തിയതായി ഈ പാരമ്പര്യങ്ങളില്‍ പറയുന്നുണ്ട്. ഏഴരപ്പള്ളികള്‍ സ്ഥാപിച്ചതും മെത്രാന്മാരെയും പുരോഹിതരെയും നിയമിച്ചതും പാരമ്പര്യങ്ങളിലുണ്ട്. തമിഴ്‌നാട്ടില്‍ വിശുദ്ധനെ കാളിപൂജയില്‍ പങ്കെടുപ്പിക്കുവാന്‍ ചിലര്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുരിശിന്റെ ശക്തിയില്‍ അവരുടെ ക്ഷേത്രം തകര്‍ത്തെന്നും പറയുന്നു (പേജ് 33).

ആറാം അദ്ധ്യായത്തില്‍ വിശ്വാസപാരമ്പര്യത്തിലെ ചരിത്രവസ്തുതകള്‍ പരിശോധിക്കപ്പെടുന്നു. അദ്ധ്യായത്തിലെ അവസാനഖണ്ഡികയില്‍ (പേജ് 45) പരിശോധനയുടെ പ്രഥമഫലം അദ്ദേഹം പുറത്തുവിടുന്നുണ്ട്; ബി.സി എന്നും എ.ഡി എന്നും ചരിത്രത്തെ വേര്‍തിരിച്ച് കണക്കാക്കുന്ന ആശയം വരുന്നത് അഞ്ചാം നൂറ്റാണ്ടിലാണെന്നിരിക്കെ സെന്റ് തോമസ് എ.ഡി 52ല്‍ ഭാരതത്തില്‍ വന്നു എന്ന് ആദ്യനൂറ്റാണ്ടു മുതല്‍ തലമുറ തലമുറയായി കൈമാറ്റപ്പെട്ടുവെന്ന ഒരു വാചികപാരമ്പര്യവും അതിന്റെ അടിസ്ഥാനത്തിലുള്ള ലിഖിത പാരമ്പര്യവും അതിനാല്‍ത്തന്നെ യുക്തിരഹിതമാണ്” എന്നാണ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റെ വ്യക്തമായ നിലപാട്. നിഷ്പക്ഷരായ പല ചരിത്രകാരന്മാരും ഡോ. ജോണ്‍ ഓച്ചന്തുരുത്തിനെ പോലുള്ള പ്രഗത്ഭരും നേരത്തെ തന്നെ വെളിവാക്കിയ വസ്തുതകളെ ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കുകയാണ് ഗ്രന്ഥകാരന്‍.

അത്യുക്തിയും വൈകാരികതയുമല്ല ഒരു ചരിത്രഗ്രന്ഥത്തിന് അടിസ്ഥാനമാകേണ്ടതെന്ന് അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചിരിക്കുന്നു.

വിശുദ്ധ തോമസ് കേരളത്തില്‍ ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു എന്ന ചില ക്രൈസ്തവസഭാ ചരിത്രകാരന്മാരുടെ നിലപാടുകള്‍ ഗ്രന്ഥകര്‍ത്താവ് ചുരുട്ടിക്കെട്ടുന്നുണ്ട് (സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളുടെ ചരിത്രപരത പേജ് 51). അതേസമയം തന്നെ വിശുദ്ധന്റെ ഭാരതസന്ദര്‍ശനത്തെയോ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങളെയോ പൂര്‍ണമായും നിരാകരിക്കുന്നുമില്ല. സെന്റ് തോമസ് കേരളത്തിലെ യഹൂദരോടു സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തി എന്നത് ചരിത്രത്തില്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയുന്നു (പേജ് 60). ബ്രാഹ്മണമാനസാന്തരവും കെട്ടുകഥ തന്നെ. അതേസമയം തന്നെ സെന്റ് തോമസ് കുരിശുകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആദ്യമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ ബുദ്ധമതക്കാരായിരുന്നോ എന്ന സംശയം റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ഉയര്‍ത്തുന്നുണ്ട്.

സഭാപക്ഷപാതങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു ശ്രമവും അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനാകില്ല.  സെന്റ് തോമസിന്റെ ഭാരതസന്ദര്‍ശനം ഇപ്പോള്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി തെളിയിക്കാനാകില്ലെന്നും (പേജ് 74), സെന്റ് തോമസിനെ സംബന്ധിച്ച് ഇന്ന് പ്രബലമായ പല വിശ്വാസങ്ങളും ചരിത്രപരമായ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മാത്രമാണെന്നും (പേജ് 76) ഉപസംഹാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്റ് തോമസിന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമെന്ന് പലരും പ്രചരിപ്പിക്കുന്ന മാര്‍ഗംകളിപ്പാട്ട്, വീരടിയാന്‍പാട്ട്, റമ്പാന്‍പാട്ട് മുതലായവ വിശുദ്ധന്റെ കാലത്തിന് ഏറെ നൂറ്റാണ്ടുകള്‍ക്കു ശേഷം എഴുതപ്പെട്ടതാകയാല്‍ ചരിത്രപരമായി കണക്കിലെടുക്കാനാകില്ലെന്നും റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ പറഞ്ഞുവയ്ക്കുന്നു. സഭാചരിത്രത്തെ തന്റെ പ്രധാന മേച്ചില്‍പ്പുറങ്ങളിലൊന്നായി തിരഞ്ഞെടുത്തിട്ടുള്ള അദ്ദേഹം വേറിട്ട മുദ്രതന്നെയാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. വളരെ ലളിതമായി ഈ വിഷയം അവതരിപ്പിച്ച് സാധാരണക്കാര്‍ക്കു പോലും എളുപ്പത്തില്‍ അനുഭവവേദ്യമാക്കുവാനും ശ്രമിച്ചിട്ടുണ്ട്.

ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ ചിലര്‍ക്ക് അഭിമാനവും, മറ്റു ചിലര്‍ക്ക് അസ്വസ്ഥതയും സൃഷ്ടിക്കാറുണ്ട്. സത്യത്തെക്കുറിച്ച് യേശു വിശദമാക്കിയശേഷവും എന്താണ് സത്യമെന്ന് വീണ്ടും ചോദിക്കുന്ന പീലാത്തോസുമാരും ധാരാളം. അവര്‍ക്ക് സത്യം കണ്ടെത്താനുള്ള വഴി കൂടി തുറന്നിടുകയാണ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍. അതുകൊണ്ടാണ് പാരമ്പര്യങ്ങളെ പോലും അദ്ദേഹം പൂര്‍ണമായും തള്ളിക്കളയാത്തത്. സഭാ ചരിത്രത്തിലെ നെല്ലും പതിരും തിരിച്ചറിയണമെന്നാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

അയിന്‍ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വില 50 രൂപ.

-ബിജോ സില്‍വേരി


Related Articles

പുനലൂര്‍ രൂപതതല സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം

പുനലൂര്‍: ആഗോള കത്തോലിക്കാ തിരുസഭയില്‍ ആരംഭിച്ച സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന പുനലൂര്‍ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. ബിഷപ്പിന്റെ

പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!

ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍

സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സഭാപഠനം അത്യന്താപേഷിതം -ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

കൊല്ലം: കത്തോലിക്കാ സഭയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനം സമുദായ സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്യന്താപേഷിതമാണെന്ന്‌ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ വ്യക്തമാക്കി. കെഎല്‍സിഎയുടെ 45-ാമത്‌ ജനറല്‍ കൗണ്‍സില്‍ ജോര്‍ജ്‌ തെക്കയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*