Breaking News

വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി  മുല്ലശ്ശേരി
നൂറ്റാണ്ടുകളുടെ പൈതൃകം തേടുന്ന ചിരപുരാതനമായ കൊല്ലം രൂപത-അറബിക്കടലും അഷ്ടമുടിക്കായലും തഴുകിയുണര്‍ത്തുന്ന ഭാരതസഭാചരിത്രത്തിന്റെ പിള്ളത്തൊട്ടില്‍.  ക്രിസ്തുവിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹയാലും ഭാരതത്തിന്റെ ദ്വിതീയ അപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനാലും പടുത്തുയര്‍ത്തപ്പെട്ട വിശ്വാസസമൂഹം. എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങളുള്ള, വര്‍ത്തമാനത്തെയും ഭാവിയെയും പ്രകമ്പനം കൊള്ളിക്കുന്ന ചരിത്രത്തിന്റെ കാഹളധ്വനിയായി മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്ന ദേശിംഗനാടിന്റെ – കൊല്ലം രൂപതയുടെ ചരിത്രത്തിലേക്ക് സ്വര്‍ഗത്തില്‍നിന്നും പെയ്തിറങ്ങുന്ന വിശുദ്ധിയുടെ പൊന്‍തൂവലായി മാറുന്നു പുണ്യശ്ലോകനായ ജറോം പിതാവിന്റെ ദൈവദാസ പദവി.  
40 വര്‍ഷക്കാലം കര്‍മ്മം കൊണ്ടും ഹൃദയവിശുദ്ധികൊണ്ടും കൊല്ലം രൂപതയുടെ ചരിത്രത്തെ മാറ്റിമറിച്ച് സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളിലേക്ക് തന്റെ ആടുകളെ നയിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം.  ഫ്രാന്‍സിസ് പാപ്പയുടെ ‘ആടുകളുടെ മണമുള്ള ഇടയന്‍’ എന്ന അജപാലനദര്‍ശനത്തോടു ചേര്‍ത്തു വയ്ക്കാവുന്ന ജീവിതമായിരുന്നു ബിഷപ്പ് ജറോമിന്റേത്.  ”എല്ലാ പ്രകാരത്തിലും കുറെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി മാറി” എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ  ജീവിതം. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്പിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചുകൊണ്ട് ജറോം പിതാവ് എല്ലാവര്‍ക്കും എല്ലാമായി മാറി.  കൊല്ലം രൂപതയുടെ ചരിത്രത്തെതന്നെ ജറോം പിതാവിനു മുമ്പും ശേഷവുമെന്ന് നമുക്ക് വിശേഷിപ്പിക്കാം. എല്ലാ പ്രകാരത്തിലും ഒരുപാട് പിന്നോക്കാവസ്ഥയില്‍ നിന്ന ഒരു രൂപതയെയാണ് ഇടയശുശ്രൂഷ ഏറ്റെടുത്തപ്പോള്‍ ജറോം പിതാവിന് ലഭിച്ചത്.  ദൈവം അദ്ദേഹത്തെ ഭരമേല്പിച്ച കൊല്ലം രൂപതയെന്ന നാണയത്തുട്ടിനെ മണ്ണില്‍ കുഴിച്ചിടാതെ അതു വര്‍ധിപ്പിച്ച് ദൈവത്തിനു സമര്‍പ്പിക്കുന്ന വിശ്വസ്തനായ കാര്യസ്ഥന്റെ മുഖവുമായിട്ടാണ് പിതാവ് രൂപതാ ശുശ്രൂഷയുടെ പടിയിറങ്ങിയത്. ശൂന്യതയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്.  
തന്റെ കര്‍മ്മവീഥികളില്‍ പൊന്നുവിളയിച്ച പുണ്യവാന്‍.  അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് നാമിന്നു കാണുന്ന വളര്‍ച്ചകളൊക്കെ രൂപത കൈവരിച്ചത്. ജറോം പിതാവിന്റെ ത്യാഗോജ്വലമായ ജീവിതംകൊണ്ടാണ് കൊല്ലം രൂപത പുരോഗതിയുടെ പടവുതാണ്ടിയതെന്ന് നമുക്കു നിസംശയം പറയുവാന്‍ കഴിയും. ദൈവത്തിലും പരിശുദ്ധ കന്യകാമറിയത്തിലും ആശ്രയിച്ചുകൊണ്ട് അദ്ദേഹമെടുത്ത തീരുമാനങ്ങളും ഉറച്ച നിലപാടുകളുമാണ് ദീര്‍ഘമായ അദ്ദേഹത്തിന്റെ ഇടയശുശ്രൂഷയെ ഫലപ്രാപ്തിയിലെത്തിക്കാന്‍ സഹായിച്ചത്.  നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ കലര്‍പ്പില്ലാത്ത തീരുമാനങ്ങളുടെ ഉടമയായിരുന്നു വന്ദ്യപിതാവ്.  സത്യത്തിലും ധര്‍മത്തിലും ഊന്നിയ പോരാട്ടമായിരുന്നു ആ ജീവിതം.  ഇടയവഴികളില്‍ കടന്നുവന്ന എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്റെ ആദര്‍ശശുദ്ധിയുള്ള ജീവിതംകൊണ്ട് പരാജയപ്പെടുത്തുവാന്‍ അദ്ദേഹത്തിനായി.  
സമാനതകളില്ലാത്ത വ്യക്തിവൈഭവങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ആ ജീവിതം.  ഒരു കറകളഞ്ഞ ക്രൈസ്തവ താപസനും പൗരബോധമുള്ള ഉത്തമനായ ദേശസ്‌നേഹിയുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പ്രക്രിയയിലൂടെ സമൂഹത്തിലെ സകല അന്ധകാരവും മാറ്റുവാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.  അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിലൂന്നിയ അജപാലന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്.  വിദ്യാഭ്യാസം വിശുദ്ധനായ വിശ്വാസിയെയും പരിണിതപ്രജ്ഞരായ പൗരന്മാരെയും വാര്‍ത്തെടുക്കുമെന്ന് വിശ്വസിച്ചിരുന്ന വന്ദ്യപിതാവ് സഭയുടെയും സമൂഹത്തിന്റെയും വിദ്യാഭ്യാസ വികസനത്തിനുവേണ്ടി നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു.  
ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നു ജറോം പിതാവ്. അധകൃതരായ ന്യൂനപക്ഷങ്ങളുടെ ശബ്ദവും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു അദ്ദേഹം.  ഋഷിതുല്യമായ ആ ജീവിതം അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തിന്റെ മധ്യത്തില്‍ സര്‍വ്വേശ്വരന്‍ തെളിച്ച കുഞ്ഞു മണ്‍ചിരാതായിരുന്നു. ഒമ്പതു പതിറ്റാണ്ടുകാലത്തെ മണ്ണിലെ ആ ജീവിതം തന്റെ ജനത്തിനുവേണ്ടി കത്തിജ്വലിക്കുന്നതായിരുന്നു. ആഴമായ ദൈവവിശ്വാസവും മാതൃഭക്തിയും തുളുമ്പിനിന്ന അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ നന്മ ആപ്രകാശത്തെ അണയാതെ കാത്തുസൂക്ഷിച്ചു. 
മണ്ണില്‍ ദൈവം തെളിയിച്ച ആ മണ്‍ചിരാത് ഇന്ന് വിണ്ണിലെ വിശുദ്ധിയുടെ പൊന്‍താരകമായി മാറാന്‍ സര്‍വ്വശക്തന്റെ കൃപയുണ്ടാകണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.  

Related Articles

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി

എറണാകുളം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ താമസിച്ചിരുന്ന ആശ്രമത്തിന്റെ പുനര്‍നിര്‍മാണം കേരള സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തുന്നു. ചരിത്ര മ്യൂസിയത്തിന്റെ കല്ലിടല്‍ കര്‍മം

സീ യൂ സൂണ്‍

പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. ഒരു പൂര്‍ണ സ്‌ക്രീന്‍ ബേസ്ഡ് ചിത്രം, അതും റിയലിസ്റ്റിക് ആയ പ്രൊഡക്ഷന്‍

മുളവുകാട് വടക്കുംഭാഗം വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു

എറണാകുളം: വിശ്വാസികളുടെ കൂട്ടായ്മയില്‍ മുളവുകാട് വടക്കുംഭാഗത്ത് നിര്‍മിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയം ആശീര്‍വദിച്ചു. മെയ് ഒന്ന് വൈകീട്ട് മൂന്നിന് സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും വിശുദ്ധ യൗസേപ്പിതാവിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*