Breaking News

വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കാം

വിശുദ്ധ യൗസേപ്പിതാവിനെ മാതൃകയാക്കാം

അനീതി നിറഞ്ഞ ലോകത്തില്‍ നീതിപൂര്‍വം എങ്ങനെ ജീവിക്കാമെന്ന്, മാതൃകയാലും മാധ്യസ്ഥത്താലും നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹാവിശുദ്ധനാണ് ‘നീതിമാനായ’ വിശുദ്ധ യൗസേപ്പ്. നാം ജീവിക്കുന്ന ഈ ലോകവും സമൂഹവും അതിന്റെ സങ്കീര്‍ണ്ണമായ ഘടനകളും നമ്മുടെ ജീവിതങ്ങളെ അഥവാ ബന്ധങ്ങളെ കൂടുതല്‍ നിസംഗവും, ഉപരിപ്ലവവും യാന്ത്രികവും കാര്‍ക്കശ്യം നിറഞ്ഞതുമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന അഴുക്കുപിടിച്ച കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
‘ജീവിക്കുക’ എന്നതിനര്‍ഥം ‘ബന്ധപ്പെടുക’ എന്നതായിരിക്കെ, ദൈവത്തോടും പ്രകൃതിയോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധങ്ങള്‍ ഏറെ പ്രശ്‌ന സങ്കീര്‍ണമായിരിക്കുന്നു എന്നത് ഇന്നിന്റെ യാഥാര്‍ഥ്യമാണ്. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ഥരും അഹങ്കാരികളും അസൂയക്കാരും അജ്ഞരും ക്രൂരരും മര്യാദയില്ലാത്തവരും അവിശ്വാസികളും അധാര്‍മ്മികരുമായി മാറിക്കൊണ്ടിരിക്കുന്ന ഈ ചരിത്രസന്ധിയില്‍, ‘നീതിമാനായ’ വിശുദ്ധ യൗസേപ്പിന്റെ ജീവിതം സൂക്ഷ്മമായി പഠിക്കുന്നതും ആ ത്യാഗപൂര്‍ണ-ജീവിതത്തിലെ ആത്മീയപാഠങ്ങള്‍ സ്വജീവിതത്തില്‍ അനുകരിക്കുന്നതും നീതിയോടെ ജീവിക്കുന്നതിനും ബന്ധങ്ങളെ ത്യാഗമനുഷ്ഠിച്ച് കാത്തുസൂക്ഷിക്കുന്നതിനും തീര്‍ച്ചയായും നമ്മെ സഹായിക്കും.

ആരാണ് നീതിമാന്‍ ?
ഒറ്റവാക്കില്‍ നീതിനിഷ്ഠയുള്ളവനാണ് നീതിമാന്‍. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് നല്കുന്നവനാണ് നീതിമാന്‍. (Justice is a concept on Ethics and law that means that people behave in a way that is fair, equal and balanced for everyone.) എല്ലാ ധാര്‍മിക കടമകളുടെയും അന്തഃസത്തയായ നീതി, പ്രവര്‍ത്തനനിരതമായ സത്യമാണ്. പഴയ നിയമത്തില്‍ ദൈവമായ കര്‍ത്താവിന്റെ ഗുണവിശേഷങ്ങളിലൊന്ന് അവിടുന്ന് ‘നീതിപാലകനാണ്’ എന്നതാണ് (ലേവ്യര്‍ 19:36, നിയ 25:1), സങ്കീ. 1:6, സുഭാ 8:20). നീതിയുടെ മാനദണ്ഡങ്ങള്‍ വിശദമാക്കി, നീതിമാന്റെ ചിത്രം വരയ്ക്കുന്ന ഒരു സങ്കീര്‍ത്തനമുണ്ട്; 15-ാം സങ്കീര്‍ത്തനം. അതിന്‍പ്രകാരം, നിഷ്‌കളങ്കമായി ജീവിക്കുകയും നീതി പ്രവൃത്തിക്കുകയും ഹൃദയംതുറന്ന് സത്യം പറയുകയും ചെയ്യുന്നവനാണ് നീതിമാന്‍. അവന്‍ പരദൂഷണം പറയില്ല, സ്‌നേഹിതരെ ദ്രോഹിക്കില്ല, അപവാദം പരത്തില്ല. ദുഷ്ടനെ പരിഹാസ്യനായി കാണും, ദൈവഭക്തനോട് ആദരം കാട്ടും. നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റും. അവന്‍ പലിശ വാങ്ങില്ല, കൈക്കൂലി വാങ്ങില്ല. സങ്കീര്‍ത്തകന്റെ വീക്ഷണത്തില്‍ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സദാ നീതിനിഷ്ഠ പുലര്‍ത്തുന്നവനാണ് നീതിമാന്‍. അവന്‍ ദൈവത്തിന് പ്രിയങ്കരനും അമൂല്യനുമാണ്.

ബൈബിളിലെ ‘നീതിമാന്മാര്‍’
ബൈബിളില്‍ ‘നീതിമാന്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പലരെയും നമുക്ക് കാണാനാകും. (ആബേല്‍, അബ്രഹാം, നോഹ, ദാനിയേല്‍, ജോബ്, അരിമത്തേക്കാരന്‍ ജോസഫ്, കൊര്‍ണേലിയോസ്, സക്കറിയാസ്, എലിസബത്ത്, സ്‌നാപക യോഹന്നാന്‍, വിശുദ്ധ യൗസേപ്പ്, ശിമയോന്‍, യേശുക്രിസ്തു ലരേ…) ഇവരില്‍ ചില നീതിമാന്മാരിലൂടെ സവിശേഷമായി നമുക്ക് കടന്നുപോകാം. വിശുദ്ധ യൗസേപ്പിനെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിന് ഇത് നമ്മെ സഹായിക്കും. എസെക്കിയേല്‍ പ്രവാചകനാല്‍ ‘നീതിമാന്മാരായി’ തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരുണ്ട്. അവരാണ് നോഹ, ദാനിയേല്‍, ജോബ്. (എസെ 14:14) പുതിയ നിയമത്തില്‍ വളരെ പ്രത്യേകതയോടെ നീതിമാന്മാരായി വിശേഷിപ്പിക്കപ്പെടുന്ന മൂന്നു പേരുണ്ട്; സ്‌നാപക യോഹന്നാല്‍, വിശുദ്ധ യൗസേപ്പ് പിന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു.
ബൈബിളിലെ ഈ നീതിമാന്മാര്‍ക്ക് പൊതുവായ ചില ആത്മീയ സവിശേഷതകളുണ്ട്; പൊരുത്തങ്ങളുണ്ട്. ദൈവത്തോടുള്ള അഗാധമായ സ്‌നേഹം, ജീവിതത്തിലെ തീക്ഷ്ണമായ ദുരിതാനുഭവങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നുപോകുമ്പോഴും നഷ്ടമാകാത്ത വിശ്വാസം, മരണഭയത്തില്‍ പോലും കാത്തുസൂക്ഷിക്കുന്ന ദൈവഭക്തി, ക്രൂരപീഢനമേല്ക്കുമ്പോഴും ദൂഷണം പറയാത്ത നാവ്, ക്ഷമിക്കുന്ന സ്‌നേഹം എന്നിവയാണവ. സര്‍വമനുഷ്യര്‍ക്കും അനുകരിക്കാന്‍ ദൈവം കനിഞ്ഞുനല്കിയ സുകൃതസമ്പന്നരാണിവര്‍, പുണ്യപുരുഷന്മാരാണിവര്‍.
ദൈവദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായി കാണപ്പെടുകയും മനുഷ്യര്‍ ദുര്‍മാര്‍ഗികളായി എങ്ങും അക്രമം നടമാടുകയും ചെയ്ത ഒരു കാലയളവില്‍, നോഹയെ മാത്രമാണ് ദൈവം നീതിമാനായി കണ്ടത്. അവനായിരുന്നു ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍ നടന്നു. (ഉല്പ. 6:9)
സര്‍വസമ്പന്നനായിരിക്കെ അതിവേഗം തന്റെ സമ്പത്തും പ്രിയമക്കളും നഷ്ടമാകുമ്പോഴും തന്റെ ശരീരത്തില്‍ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍ നിറഞ്ഞ് അതീവ ദുരിതത്തില്‍ അകപ്പെടുമ്പോഴും ജോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ദൈവഭക്തി ഉപേക്ഷിക്കുകയോ വിശ്വാസം നഷ്ടമാക്കുകയോ നാവുകൊണ്ട് പാപം ചെയ്യുകയോ ഉണ്ടായില്ല. ആ കഠിന ദുരിതത്തിലും കര്‍ത്താവിനെ സ്രാഷ്ടാംഗം നമസ്‌കരിച്ച് അവന്‍ പറഞ്ഞു: ”അമ്മയുടെ ഉദരത്തില്‍നിന്ന് നഗ്നനായി ഞാന്‍ വന്നു. നഗ്നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നു, കര്‍ത്താവ് എടുത്തു. കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! (ജോബ്. 1:21) ദൈവം പോലും ഉപേക്ഷിച്ചു എന്നു തോന്നുന്ന നിമിഷങ്ങളില്‍ പോലും, മരണകരമായ പീഡാനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴും ദൈവത്തെയും തന്റെ ബോധ്യങ്ങളെയും തള്ളിപ്പറയാതെ, അതിനെ അതിജീവിച്ച ജോബിന്റെ വിശ്വാസ മനോഭാവമാണ് ജോബിനെ നീതിമാനാക്കുന്നത് (ജോബ്. 1:1).
ദാരിയൂസ്, സൈറസ് എന്നീ രാജാക്കന്മാരുടെ കാലത്ത് രാജാവിനെയും ബേല്‍ എന്ന വിഗ്രഹത്തേയും ആരാധിക്കാന്‍ വിസമ്മതിക്കുകയും, ”ആകാശവും ഭൂമിയും സൃഷ്ടിച്ചവനും സകല ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യമുള്ളവനുമായ ജീവനുള്ള ദൈവത്തെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളൂ, മനുഷ്യനിര്‍മിതമായ ബിംബങ്ങളെ ഞാന്‍ പൂജിക്കുകയില്ല” (ദാനി 14:5) എന്ന് സധൈര്യം വിശ്വാസപ്രഖ്യാപനം ചെയ്തവനാണ് ദാനിയേല്‍. സിംഹങ്ങളുടെ കുഴിയില്‍ എറിയപ്പെട്ടിട്ടുപോലും തന്റെ വിശ്വാസബോധ്യത്തില്‍നിന്ന് പിന്തിരിയാതിരുന്ന ദാനിയേല്‍ അങ്ങനെ നീതിമാന്മാരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു.
അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനാണ് സ്‌നാപക യോഹന്നാന്‍ (ലൂക്ക 1:15) ”സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്‌നാപക യോഹന്നാനേക്കാള്‍ വലിയവന്‍ ഇല്ല” (മത്താ. 11:11) എന്നു യേശുവിനാല്‍ പ്രകീര്‍ത്തിക്കപ്പെട്ട സ്‌നാപക യോഹന്നാനാണ് പുതിയ നിയമത്തിലെ നീതിമാന്മാരിലൊരാള്‍. സത്യത്തിനുവേണ്ടി സാക്ഷ്യം വഹിക്കുകയും, യേശുവിനായി വഴിയൊരുക്കുകയും ചെയ്ത സ്‌നാപക യോഹന്നാന്‍ തന്റെ വിശ്വാസ ബോദ്ധ്യങ്ങളെ പ്രതി ജീവന്‍ ബലികഴിച്ച ‘നീതിമാനാണ്’.

നീതിമാനായ വിശുദ്ധ യൗസേപ്പ്
വിശുദ്ധ യൗസേപ്പ് പുതിയ നിയമത്തിലെ ഒരു നിശബ്ദ കഥാപാത്രമാണ്. രക്ഷാകരചരിത്രത്തില്‍ അതിപ്രധാനമായ പങ്കുവഹിച്ച ഈ മഹാവിശുദ്ധന്റെ മഹത്വം ‘നീതിമാന്‍’ എന്ന സംജ്ഞയാല്‍ പുതിയ നിയമം പ്രഖ്യാപിക്കുന്നു. ഒരു യഹൂദനെന്ന നിലയിലും, ‘ദാവീദിന്റെ വംശജന്‍’ എന്ന സവിശേഷനിലയിലും ഒട്ടുമേ ലളിതമല്ലാത്ത സങ്കീര്‍ണ ജീവിത പ്രതിസന്ധികളിലൂടെയാണ് യൗസേപ്പ് കടന്നുപോയത്.
താന്‍ വിവാഹനിശ്ചയം ചെയ്ത യുവതി താനറിയാതെ ഗര്‍ഭിണിയായി എന്നറിയുന്ന ആ മനുഷ്യന്‍ (യൗസേപ്പ് മറിയത്തെപോലെ ജന്മപാപമില്ലാതെ ജനിച്ചവനല്ല, അയാള്‍ ഒരു സാധാരണക്കാരനായ മരപ്പണിക്കാരനാണ്) എത്രമാത്രം സ്വയം അപമാനിതനായിട്ടുണ്ടാവും. വഞ്ചിക്കപ്പെട്ടവനായി ചിന്തിച്ചിട്ടുണ്ടാവും, പ്രതികാര ചിന്തയാല്‍ നീറിയിട്ടുണ്ടാവും, ഭയന്നിട്ടുണ്ടാവും, ഭാവിയെയോര്‍ത്തു ആകുലപ്പെട്ടിട്ടുണ്ടാവും. തീര്‍ച്ചയായും അതിഭീകരമായ ആത്മസംഘര്‍ഷങ്ങളിലൂടെ ആ മനുഷ്യന്‍ കടന്നുപോയിട്ടുണ്ട്. പക്ഷേ, അപ്പോഴും അഗാധമായ പ്രാര്‍ഥനയില്‍ അയാള്‍ ശക്തിപ്പെടുകയായിരുന്നു. അതുകൊണ്ടാണ്, സ്വപ്‌നങ്ങളിലൂടെ ദൈവഹിതം വെളിപ്പെടുത്തപ്പെട്ടപ്പോള്‍, ഒരു മറുചോദ്യം പോലും ചോദിക്കാതെ, തന്റെ മാനുഷികമായ തീരുമാനത്തിനുപകരം ദൈവേഷ്ടത്തിന് പ്രാമുഖ്യ നല്കിക്കൊണ്ട് അത്യധികമായ വിശ്വാസതീക്ഷ്ണതയില്‍ അത് യൗസേപ്പ് പ്രാവര്‍ത്തികമാക്കിയത്. ഏറെ ദയയോടും കാരുണ്യത്തോടും സ്‌നേഹത്തോടും കൂടെ അയാള്‍ അങ്ങനെ മേരിയുടെ ഭര്‍ത്താവായി (മത്താ 1:24). തുടര്‍ന്ന് തന്റെ ഭാര്യയേയും കുഞ്ഞിനേയും സംരക്ഷിക്കുന്നതിനായി എല്ലാ പ്രയാസങ്ങളും ഏറ്റെടുക്കുകയും ചെയ്തു. (മത്താ 2:14, 2:21) പുതിയ നിയമം യൗസേപ്പിനെ നീതിമാന്‍ എന്നു വിളിക്കുന്നതിനുള്ള കാരണവും ഇതുതന്നെ.
യൗസേപ്പ് തിരസ്‌ക്കരിച്ചിരുന്നെങ്കില്‍ മറിയം അതിക്രൂരമായ യഹൂദമതവിധികളിലൂടെ കടന്നുപോകേണ്ടിവരുമായിരുന്നു. അത്യധികമായ കരുണയോടെ മറിയത്തെ സ്വീകരിച്ച യൗസേപ്പിന്റെ ഈ മാതൃകയാണ്, കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട ‘പാപിനിയായ സ്ത്രീയെ’ രക്ഷിക്കുന്നതിന് പിന്നീട് യേശുവിന് പ്രേരണയാകുന്നത് എന്ന് അനുമാനിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. നീതിമാനായ യൗസേപ്പിന്റെ പുത്രന്‍, ഒരു പൂര്‍ണമനുഷ്യനെന്ന നിലയില്‍, സര്‍വകാര്യങ്ങളിലും നീതിമാനായിരുന്നതില്‍ അതിശയോക്തിയില്ല. കുരിശില്‍ അവസാന നിമിഷങ്ങളില്‍ പീഡയനുഭവിക്കുമ്പോഴും പിതാവിനെ തള്ളിപ്പറയാതെ, അവിടുത്തെ ഹിതം നിറവേറ്റുന്ന, ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന യേശുവിന്റെ ചിത്രം സഹിക്കുന്ന നീതിമാന്റെ, ദൈവാശ്രയബോധ്യത്തിന്റെ, വിശ്വാസ സ്ഥൈര്യത്തിന്റെ, മഹത്വം വെളിപ്പെടുത്തുന്നു. അവിടുത്തെ മഹത്വമേറിയ മരണം കണ്ടിട്ടാണ്, ശതാധിപന്‍ ദൈവത്തെ സ്തുതിച്ച് ഇപ്രകാരം പറഞ്ഞത്: ”ഈ മനുഷ്യന്‍ തീര്‍ച്ചയായും, നീതിമാനായിരുന്നു” (ലൂക്ക 23:47).

നമുക്ക് വിശുദ്ധ യൗസേപ്പിനെ മാതൃകയാക്കാം
ഗ്രീക്കു തത്വചിന്തയില്‍ പ്ലേറ്റോയും അരിസ്റ്റോട്ടിലും ആഴത്തില്‍ അപഗ്രഥിച്ചിട്ടുള്ള ഒരാശയമാണ് ‘മിമേസിസ്'(Mimesis). ‘മിമേസിസ്’ എന്ന വാക്കിന് അനുകരണം (Imitation)- എന്നാണര്‍ഥം. പ്രകൃതിയുടെ അഥവാ ജീവിതത്തിന്റെ സൂക്ഷ്മ-സ്ഥൂല, സത്യ-ശക്തി-സൗന്ദര്യഭാവങ്ങളെ, താളം, ചലനം, നിറം, ശബ്ദം, ഭാഷ തുടങ്ങിയ മാധ്യമങ്ങളിലൂടെ അനുകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ‘മിമേസിസ്’. കലയുടെ അടിസ്ഥാന സിദ്ധാന്തമാണിത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഓരോ വ്യക്തികളുടെയും ആത്മീയജീവിതവും അഥവാ വിശ്വാസജീവിതവും ഒരനുകരണമാണ്, പുനര്‍-നിര്‍മിതിയാണ് എന്നു മനസിലാവും. ദൈവത്തെ, വെളിപാടുകളെ, വിശുദ്ധ ജീവിതങ്ങളെ, സുകൃതപാഠങ്ങളെ അനുകരിക്കുന്ന ജീവിതമാണത്. നന്മയെ അനുകരിച്ചാല്‍ സുകൃതജീവിതം; തിന്മയെ അനുകരിച്ചാല്‍ അധമജീവിതം.
തീര്‍ച്ചയായും, പഴയ നിയമത്തിലെ പിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതമാതൃകകളും പാഠങ്ങളും ഹൃദയപൂര്‍വം സ്വീകരിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്താണ് യൗസേപ്പ് എന്ന സാധാരണക്കാരന്‍ ദൈവകൃപയുടെ നിറവില്‍, നീതിമാനായ യൗസേപ്പിതാവായി, മറിയത്തിന്റെ ഭര്‍ത്താവായി, ഉണ്ണിയേശുവിന്റെ വളര്‍ത്തുപിതാവായി മഹത്വീകൃതനാകുന്നത്. തന്റെ ജീവിതത്തോട് യൗസേപ്പ് കാട്ടിയ ആത്മാര്‍ഥതയും നീതിയും തന്റെ തൊഴിലിലും നിറഞ്ഞുതുളുമ്പിയതിനാലാണ് തൊഴിലാളികളുടെ മദ്ധ്യസ്ഥനായും യൗസേപ്പ് ഉയര്‍ത്തപ്പെട്ടത്.
സ്വാര്‍ഥതയെ വെടിഞ്ഞ്, ത്യാഗപൂര്‍വം അപരനുവേണ്ടിയുള്ള പുറപ്പാടിലാണ് ഒരുവന്റെ സ്‌നേഹത്തിന്റെ, വിശ്വാസത്തിന്റെ യഥാര്‍ഥ സ്വഭാവവും ആഴവും ആത്മീയതയും തെളിയുന്നത്. ദൈവസ്‌നേഹത്താലും മനുഷ്യസ്‌നേഹത്താലും പ്രചോദിതരായി മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്ന മനുഷ്യര്‍ ‘തനിക്കപ്പുറത്തേക്കാണ്’ വളരുന്നത്. സ്വജീവിതത്തെ ത്യാഗപൂര്‍വം ദൈവത്തിങ്കലേക്കും അപരനിലേക്കും വലിച്ചു നീട്ടുന്ന, സ്വയം പിളരുന്ന, ആത്മസമര്‍പ്പണത്തിലാണ് യഥാര്‍ഥ ജീവിത നിര്‍വൃതി അഥവാ ജീവിതസാഫല്യം. ഒരുവന്‍ തന്റെ സ്വത്വത്തില്‍നിന്ന്, സ്വാര്‍ഥതയുടെ തടവറയില്‍നിന്ന്, പുറത്തു വരുന്ന അനുഭവത്തെയാണ് ഗ്രീക്കു തത്വചിന്തയില്‍ Ecstacy (നിര്‍വൃതി) എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. (Ex – out : stasis – stand = Stand outside oneself = Ecstacy) ഈ അര്‍ഥത്തിലാണ് കര്‍ത്താവ് പറഞ്ഞത്: ”സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും” (മത്തായി 10:39).
സ്വന്തം ജീവന്‍ മറിയത്തിനായും ഉണ്ണിയേശുവിനായും മനുഷ്യരക്ഷാചരിത്രത്തിനുമായി നഷ്ടപ്പെടുത്തിയ വിശുദ്ധ യൗസേപ്പ് അങ്ങനെ ജീവിതസാഫല്യം നേടി. കുടുംബത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി ആത്മാര്‍ഥതയോടെ തൊഴില്‍ ചെയ്തു, നീതിയോടെ ജീവിക്കാന്‍ വിശുദ്ധ യൗസേപ്പിന്റെ മാതൃകയും മാദ്ധ്യസ്ഥവും നമ്മെ നിരന്തരം പ്രചോദിപ്പിക്കട്ടെ.


Related Articles

ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഭേദഗതികള്‍ വരുത്തി ജമ്മുകശ്മീര്‍ വിഷയത്തിലുണ്ടായ സര്‍ക്കാര്‍ നടപടികളെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. അഡ്വ. ജയശങ്കര്‍

ഫാ.ജോർജ്ജ് ഇലഞ്ഞിക്കൽ (80) നിര്യാതനായി .

  കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍ (80) നിര്യാതനായി. 2016 മുതല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടപ്പുറം രൂപത ചാന്‍സലര്‍, രൂപത ആലോചന

കെആര്‍എല്‍സിസി 38-ാമത് ജനറല്‍ അസംബ്ലി

ജനുവരി 8, 9 തീയതികളില്‍ ആലപ്പുഴയില്‍ മുഖ്യവിഷയം: ലത്തീന്‍ കത്തോലിക്കര്‍ – സാമൂഹിക പുരോഗതിയിലെ വെല്ലുവിളികള്‍, സാധ്യതകള്‍ ആലപ്പുഴ: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*