വിശുദ്ധ യൗസേപ്പിതാവ്‌ പണിത ഗോവണി

വിശുദ്ധ യൗസേപ്പിതാവ്‌ പണിത ഗോവണി

മെക്‌സിക്കോയില്‍ സാന്റാഫെ എന്നു പറയുന്ന സ്ഥലത്ത്‌ ലോറേറ്റോ സിസ്റ്റേഴ്‌സിന്റെ ഒരു ചാപ്പലുണ്ട്‌. 1873-78 കാലഘട്ടത്തില്‍ പണിതതാണ്‌ ആ ചാപ്പല്‍. വളരെ മനോഹരമായ ഒരു പള്ളി.
പക്ഷേ, പണിയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്‌-തറയില്‍ നിന്ന്‌ 22 അടി ഉയരമുള്ള ബാല്‍ക്കണിയിലേക്ക്‌ കയറാന്‍ പള്ളിക്കകത്തുനിന്ന്‌ ഒരു സ്റ്റെയര്‍കേസ്‌ പണിതിട്ടില്ലെന്ന്‌. പുറത്തുനിന്ന്‌ മാത്രമെ അവിടേക്ക്‌ പ്രവേശിക്കാന്‍ സാധിക്കൂ.
സിസ്റ്റേഴ്‌സ്‌ ആകെ വിഷമത്തിലായി. പല എഞ്ചിനീയര്‍മാരേയും സമീപിച്ചു. അവരെല്ലാം പറഞ്ഞു, സ്റ്റെയര്‍കെയ്‌സ്‌ പണിയാനുള്ള സ്ഥലം പള്ളിക്കകത്തില്ല. പ്രത്യേകിച്ചും അത്രയും ഉയരത്തിലെത്തണമെങ്കില്‍ കുത്തനെ പണിയുവാന്‍ സാധിക്കുകയില്ല.
വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന സിസ്റ്റേഴ്‌സ്‌ വിശുദ്ധന്‍ ഇതിനൊരു പോംവഴി കാണിച്ചുതരും എന്ന വിശ്വാസത്താല്‍ ഒന്‍പതു ദിവസത്തെ നൊവേന ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, നോവേന അവസാനിച്ചതിന്റെ പിറ്റേ ദിവസം എവിടെയോ നിന്ന്‌ ഒരു കാര്‍പ്പെന്റര്‍ ആ മഠത്തിലെത്തി. ഒരു കഴുതക്കുട്ടിയുടെ പുറത്താണ്‌ അയാള്‍ വന്നത്‌. എന്തെങ്കിലും മരപ്പണി മഠത്തിലുണ്ടോ എന്നറിയാനാണ്‌ അയാള്‍ അവിടെ എത്തിയത്‌. അപ്പോള്‍ സിസ്റ്റേഴ്‌സ്‌ തങ്ങളുടെ വിഷമം പറഞ്ഞു. മുകളിലേയ്‌ക്കു പോകാന്‍ ഒരു ഗോവണി വേണമായിരുന്നു. പക്ഷേ, അത്‌ എങ്ങനെ പണിയും?
അയാള്‍ പറഞ്ഞു നിങ്ങള്‍ അതോര്‍ത്ത്‌ വിഷമിക്കേണ്ട. ഇവിടെ ഒരു ഗോവണി പണിയുവാന്‍ എനിക്കു സാധിക്കും. അയാളുടെ ആത്മവിശ്വാസം കണ്ട്‌ സിസ്റ്റേഴ്‌സിന്‌ ആശ്ചര്യമായി. ഏതാണ്ട്‌ എട്ടു മാസങ്ങള്‍ കൊണ്ട്‌ മനോഹരമായ ഒരു പിരിയന്‍ ഗോവണി (സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ്‌) അദ്ദേഹം പണിതു. പണിയെല്ലാം പൂര്‍ത്തിയായ ദിവസം ആരോടും ഒന്നും പറയാതെ, ഒരു പ്രതിഫലവും പറ്റാതെ ആ കാര്‍പ്പെന്റര്‍ സ്ഥലം വിട്ടു. സിസ്റ്റേഴ്‌സ്‌ അയാളെ അന്വേഷിച്ചിട്ട്‌ എങ്ങും കണ്ടെത്താനായില്ല. വിശുദ്ധ യൗസേപ്പിതാവു തന്നെയാണ്‌ ആ കാര്‍പ്പെന്റര്‍ എന്ന്‌ അപ്പോള്‍ അവര്‍ക്ക്‌ വിശ്വാസമായി.
അദ്ദേഹം പണിത ആ ഗോവണി ഏറ്റവും മനോഹരമാണ്‌. മാത്രമല്ല, എഞ്ചിനീയറിംഗ്‌ വിദഗ്‌ദ്ധര്‍ക്ക്‌ ഇപ്പോഴും ഒരു അത്ഭുതവുമാണ്‌. സെന്റര്‍ സപ്പോര്‍ട്ടൊന്നുമില്ലാതെയാണ്‌ ഗോവണി പണിതിരിക്കുന്നത്‌. സാധാരണ സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ്‌ പണിയുമ്പോള്‍ നടുക്കായി ഒരു തൂണുണ്ടായിരിക്കും. ഈ ഗോവണിക്ക്‌ അങ്ങനെയൊന്നും ഇല്ല. 360 ഡിഗ്രി തിരിയുന്ന ആ ഗോവണി ഉണ്ടാക്കുവാന്‍ ആണികളോ സ്‌ക്രൂവോ പശയോ ഉപയോഗിച്ചിട്ടില്ല. ഭാരം മുഴുവനും താഴെയാണ്‌. ഗ്രാവിറ്റി നിയമപ്രകാരം അതില്‍ ആരെങ്കിലും കയറിയാല്‍ താഴോട്ടു പോരേണ്ടതാണ്‌. പക്ഷേ, കഴിഞ്ഞ നൂറു വര്‍ഷങ്ങളായിട്ടും അത്‌ സിസ്റ്റേഴ്‌സ്‌ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നതാണ്‌ അത്ഭുതം.
ഈ ഗോവണിക്കുപയോഗിച്ചിരിക്കുന്ന മരപ്പലകകള്‍ എവിടെ നിന്നു കൊണ്ടുവന്നു എന്നതും അത്ഭുതമാണ്‌. കാരണം, അത്തരത്തിലുള്ള മരങ്ങളൊന്നും അവിടെ അടുത്തെങ്ങുമില്ല. സ്റ്റെയര്‍കെയ്‌സിന്‌ ആകെ 33 പടികളാണുള്ളത്‌. നമ്മുടെ കര്‍ത്താവിന്റെ ഈ ഭൂമിയിലെ ജീവിതകാലമായിരുന്നല്ലോ 33 വര്‍ഷങ്ങള്‍. ധാരാളം തീര്‍ത്ഥാടകര്‍ ഇവിടെ വന്ന്‌ ഈ ഗോവണിയെ അത്ഭുതത്തോടെ നോക്കി ദൈവത്തിന്‌ നന്ദിയര്‍പ്പിക്കുന്നു. ഇന്റര്‍നെറ്റില്‍ നോക്കുകയാണെങ്കില്‍ ഈ സ്റ്റെയര്‍കേയ്‌സിന്റെ ചിത്രവും ചരിത്രവും കാണാം.
വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്താല്‍ എത്രയെത്ര അത്ഭുങ്ങളാണ്‌ ലോകമെമ്പാടും നടക്കുന്നത്‌!. പല ദൈവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും, കോണ്‍വെന്റുകളുടെയും, സ്‌കൂളുകളുടെയും, ആശുപത്രികളുടെയും, ഓര്‍ഫനേജുകളുടെയും പണികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടുള്ളത്‌ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്താലാണെന്ന്‌ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ബംഗളൂരുവിലുള്ള മനോഹരമായ ഹോളി ഗോസ്റ്റ്‌ ചര്‍ച്ചും അതിനോടനുബന്ധിച്ചുള്ള വലിയ സെമിനാരിയും റെഡംപ്‌റ്ററിസ്റ്റു വൈദികര്‍ 1950കളില്‍ പണിതത്‌ വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥത്താലാണ്‌. 65 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കെട്ടിടത്തിന്റെ ശില്‌പമാധുര്യം വര്‍ണനാതീതമാണ്‌.
“തിരുക്കുടുംബത്തിന്റെ കാവല്‍ക്കാരനും, തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും കരങ്ങളേയും അങ്ങേ സന്നിധിയിലേയ്‌ക്ക്‌ ഞങ്ങള്‍ തിരിക്കുന്നു. അപകടങ്ങളില്‍ നിന്ന്‌ ഉണ്ണീശോയെയും മാതാവിനെയും കാത്തുപരിപാലിച്ച വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളേയും ശത്രുക്കളുടെ കരങ്ങളില്‍ അകപ്പെടാതെ കാത്തുകൊള്ളണമേ.
}ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കഴിവുകളും വരങ്ങളും നഷ്‌ടപ്പെടാതെ അവ ദൈവതിരുമനസിന്‌ അനുസൃതമായി ഉപയോഗപ്പെടുത്തുവാന്‍ ഞങ്ങളെ പ്രാപ്‌തരാക്കേണമേ. തൊഴില്‍ ചെയ്യുവാനുള്ള മനസും ആരോഗ്യവും ഞങ്ങള്‍ക്ക്‌ തരണമേ.
നീതിമാനായ യൗസേപ്പിതാവേ, പാപത്തെയും അനീതിയെയും ചെറുക്കുവാനുള്ള ശക്തി ഞങ്ങള്‍ക്ക്‌ നല്‌കണമേ. ഞങ്ങളുടെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും യഥാസമയം പൂര്‍ത്തിയാക്കുവാനുള്ള വരവും ഞങ്ങള്‍ക്ക്‌ നല്‍കേണമെ ആമേന്‍”.


Related Articles

വഴിയരികിലെ അത്ഭുതം

കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്

എലിയുടെ പിന്നാലെ പായുന്നവര്‍

പണ്ട് പണ്ട് ഒരാള്‍ക്ക് ഫോക്‌സ്ഹൗണ്ട് ഇനത്തില്‍പ്പെട്ട ഒരു നായക്കുട്ടിയുണ്ടായിരുന്നു. വേട്ടയാടാന്‍ മിടുക്കരാണ് ഫോക്‌സ്ഹൗണ്ട് ശ്വാനന്മാര്‍. ഏതു മാളത്തില്‍ ഒളിച്ചിരിക്കുന്ന മൃഗത്തെയും മണത്തറിഞ്ഞ് അവയെ പുറത്തു ചാടിച്ച് പിടിച്ചുകൊണ്ടുവരും.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി

അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന്‍ പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്‌സര്‍സൈസ് ചെയ്യാം. എല്ലാവരും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*