വിശുദ്ധ യൗസേപ്പ് അപമാനിക്കാന്‍ ഇഷ്ടമില്ലാത്തവന്

Print this article
Font size -16+
വചനമായ ദൈവത്തിന്റെ മനുഷ്യാവതാരത്തിനുവേണ്ടി, കന്യകമറിയത്തോടൊപ്പം, ദൈവപിതാവിന്റെ തിരുഹിതത്തിന് വിധേയപ്പെട്ട്, സ്വജീവിതം സമര്‍പ്പണം ചെയ്ത മഹാവിശുദ്ധനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. ഈ പുണ്യവാന്റെ ജീവിതത്തെക്കുറിച്ച് വിശുദ്ധ മത്തായി തന്റെ സുവിശേഷത്തില്‍ നല്കുന്ന ചെറിയ വിവരണത്തില്‍ സൂക്ഷിച്ചുനോക്കിയാല്‍ (മത്തായി 1: 18-19) ഈ പുണ്യാത്മാവിന്റെ സ്വഭാവമഹിമയും ആ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും സുതാര്യമായി പ്രതിഫലിക്കുന്നതു കാണാം. രണ്ടു സവിശേഷ വിശേഷണങ്ങളാണ് ബൈബിള്‍ യൗസേപ്പിനു നല്‍കിയിട്ടുള്ളത്.
1. ജോസഫ് നീതിമാനായിരുന്നു.
2. ജോസഫ് തന്റെ ഭാര്യയായ മറിയത്തെ അപമാനിതയാക്കാന് ഇഷ്ടപ്പെടാത്തവനായിരുന്നു.
ഈ രണ്ടു വിശേഷണങ്ങളും വിശുദ്ധ യൗസേപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ മഹനീയതയും ആത്മീയ സംസ്കാരവും പൂര്‍ണമായി വെളിപ്പെടുത്തുന്നവയാണ്. നീതിമാനായ യൗസേപ്പ് പഴയ നിയമത്തിലെ നീതിയെന്നത് നിയമം വള്ളിപുള്ളി തെറ്റിക്കാതെ അനുസരിക്കുന്നതിലൂടെ നിറവേറ്റപ്പെടുന്നതാണ്. നിയമങ്ങളെയും അനുഷ്ഠാനങ്ങളെയും വാച്യാര്‍ത്ഥത്തില്‍ അതേപടി ചെയ്യുന്നതാണ് ആ നീതി. പഴയ നിയമത്തിലെ ”കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന നീതിയുടെ ‘രീതിശാസ്ത്രത്തെ’ പക്ഷേ, ക്രിസ്തുവിനു മുമ്പായി, അവന്റെ വളര്ത്തുപിതാവാകാനിരുന്ന യൗസേപ്പ്, കരുണയുടെ, ഇളവിന്റെ സ്നേഹശൈലിയായി, വിപ്ലവകരമായി തിരുത്തി. അങ്ങനെയാണ് അവിഹിതമായി ഗര്‍ഭം ധരിച്ചവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന മോശയുടെ നിയമത്തിന്റെ ‘നീതി’യില്‍ നിന്ന് യൗസേപ്പ് മറിയത്തെ രക്ഷിക്കുന്നത്. മറിയത്തെ ശിക്ഷിക്കാന്‍ അവളെ നിയമത്തിനു മുന്നിലെത്തിക്കേണ്ടതിനു പകരം ആ മനുഷ്യന് മറിയം എന്ന സ്ത്രീയുടെ മാനവും ജീവനും രക്ഷിക്കാന്‍ നിയമം മറക്കാനും സന്നദ്ധനാകുന്നു. അതിലൂടെ ‘നീതി’യാണ് പ്രധാനം, നിയമമല്ല എന്ന വിപ്ലവകരമായ നിലപാട് എടുത്തു, ഈ വിശുദ്ധന്. ”സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന് സാബത്തിനുവേണ്ടിയല്ല” എന്ന് ദൈവപുത്രന് പിന്നീട് പ്രഖ്യാപിച്ചതിന്റെ പൈതൃക പശ്ചാത്തലം യൗസേപ്പിന്റെ ഈ നിലപാടില്‍ തെളിഞ്ഞുകാണാം. കരുണയ്ക്കും മനുഷ്യത്വത്തിനും മനുഷ്യമഹത്വത്തിനും പ്രാധാന്യം നല്കി തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കുന്നതാണ് നിയമാനുഷ്ഠാനത്തെക്കാള് ഉത്തമമെന്ന സന്ദേശം നല്‍കുന്നതിനും കൂടി വേണ്ടിയാണ് യൗസേപ്പിതാവിനെ നീതിമാനായി വിശുദ്ധഗ്രന്ഥം വിശേഷിപ്പിക്കുന്നത്. നീതിയുടെ ഇതേ മാനദണ്ഡമാണ്, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ക്രിസ്തുവും പുലര്‍ത്തിയത്. ”യഥാ പിതാ, തഥാ പുത്ര” എന്നാണല്ലോ പ്രമാണം. എന്നുവച്ചാല്‍, പിതാവ് എങ്ങനെയാണോ, അപ്രകാരം തന്നെയാവും പുത്രനും.
അപമാനിക്കാന്‍ ഇഷ്ടമില്ലാത്തവന്
അപരനെ വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും അപമാനിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തീര്‍ച്ചയായും ഉയര്‍ന്ന ധാര്‍മികത പുലര്‍ത്തുന്നവരാണ്. വിശുദ്ധ യൗസേപ്പിന് വിശുദ്ധഗ്രന്ഥം തന്റെ ഭാര്യയെ അപമാനിതയാക്കാന് ഇഷ്ടപ്പെടാത്തവന് എന്ന വിശേഷണം നല്കുമ്പോള് വിശുദ്ധ യൗസേപ്പ് പുതിയ നിയമം അവതരിപ്പിക്കുന്ന അതിശ്രേഷ്ഠമായ ധാര്‍മികതയാണു പുലര്‍ത്തിയത് എന്നു വെളിപ്പെടുകയാണ്. ഗിരിപ്രഭാഷണത്തില്‍ യേശു പഠിപ്പിച്ച അഹിംസയുടെ – സഹോദരനോട് കോപിക്കരുത്, അവനെ വിഡ്ഢി എന്നു വിളിക്കരുത്, ദുഷ്ടനെ എതിര്‍ക്കരുത്, വലത്തു കരണത്തടിക്കുന്നവന് ഇടത്തുകരണം കാണിച്ചുകൊടുക്കണം, ശത്രുവിനെ സ്നേഹിക്കണം, പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം എന്നീ മഹത്തായ പാഠങ്ങള്‍ക്കു മുന്നോടിയാണ് അപരനെ ഒരു വിധത്തിലും മോശമാക്കാന്‍, അപമാനിക്കാന്‍ ഇഷ്ടമില്ലാത്ത യൗസേപ്പിന്റെ സ്വഭാവവും മനസും അഹിംസയുടെ പ്രയോഗവും.
ആരെയും വേദനിപ്പിക്കാതിരിക്കാനും അപമാനിക്കാതിരിക്കാനും മുറിവേല്പിക്കാതിരിക്കാനും ഒരുവന് ബോധപൂര്‍വം പരിശ്രമിക്കുമ്പോള്‍ അവന് ആത്മീയതയുടെ ഉയര്‍ന്ന ധാര്‍മിക പാതയിലാണു സഞ്ചരിക്കുന്നത്. പ്രവൃത്തികളാല്‍ മാത്രമല്ല വാക്കുകളിലൂടെയും ചിന്തയിലൂടെയും ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നതില്‍ നിന്നു പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്നതാണ് പുതിയ നിയമത്തിന്റെ മഹത്തായ ധാര്‍മിക പാഠം. അഹിംസയുടെ ഈ ധാര്‍മിക പാഠം തന്നെയാണ് ഭാരതീയ ദര്‍ശനം പഠിപ്പിക്കുന്നത്: ”അഹിംസയാണ് പരമോന്നത ധര്‍മം. അഹിംസയാണ് ഏറ്റവും ഉയര്‍ന്ന ആത്മനിയന്ത്രണം. അഹിംസയാണ് ഏറ്റവും വലിയ സമ്മാനം. അഹിംസയാണ് ഏറ്റവും നല്ല അനുഷ്ഠാനം. അഹിംസയാണ് ഏറ്റവും ഉയര്‍ന്ന ത്യാഗം. അഹിംസയാണ് ഏറ്റവും വലിയ ശക്തി. അഹിംസയാണ് ഏറ്റവും നല്ല സുഹൃത്ത്. അഹിംസയാണ് ഏറ്റവും വലിയ സന്തോഷം. അഹിംസയാണ് ഏറ്റവും വലിയ സന്തോഷം. അഹിംസയാണ് ഏറ്റവും വലിയ സത്യം. അഹിംസയാണ് ഏറ്റവും വലിയ ഉപദേശം.” അഹിംസയുടെ ഉദാത്തമായ ഈ ധാര്‍മിക പാഠത്തിന്റെ മൂര്‍ത്തരൂപമാണ് നീതിമാനായ, തന്റെ ഭാര്യയെ അപമാനിതയാക്കാന് ഇഷ്ടപ്പെടാതെ ദൈവഹിതത്തെ സഹനവഴിയിലൂടെ പൂര്‍ത്തീകരിച്ച മഹാത്മാവായ വിശുദ്ധ യൗസേപ്പ്.
തന്റെ ജീവിതസ്വപ്നങ്ങളും സങ്കല്പങ്ങളും ത്യജിച്ച് രക്ഷാകരകര്‍മത്തില്‍ ത്യാഗപൂര്‍വം പങ്കാളിയായ വിശുദ്ധ യൗസേപ്പ് തനിക്ക് ഏതെല്ലാം സഹനങ്ങളും നഷ്ടങ്ങളും തകര്‍ച്ചകളും ഉണ്ടാകുമ്പോഴും തന്മൂലം തന്റെ ജീവിതപങ്കാളിയുടെ മനസ് വേദനിപ്പിക്കാനോ അവളെ അപമാനിക്കാനോ ശ്രമിച്ചില്ല. എന്നുമാത്രമല്ല, അവളുടെ ഒരു തുള്ളികണ്ണീര് പോലും താന്‍ മൂലം ഈ മണ്ണില്‍ വീഴാന്‍ ഇടയാക്കിയതുമില്ല. അതുകൊണ്ടാണ് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നുവീണവന്റെ കുടുംബം തിരുകുടുംബമായത്.
ദൈവസ്നേഹത്തിനും പരസ്നേഹത്തിനും മാതൃക
ദൈവപിതാവിനാല്‍ രക്ഷണീയ കര്‍മത്തില്‍ മഹനീയ സ്ഥാനപതിയായി നിയോഗിക്കപ്പെട്ട വിശുദ്ധ യൗസേപ്പ് ദൈവസ്നേഹത്തിനും പരസ്നേഹത്തിനും മനുഷ്യവര്‍ഗത്തിനും ഉത്തമ മാതൃകയാണ്.
വിശുദ്ധ മത്തായി തന്റെ സുവിശേഷത്തില്‍ വിശുദ്ധ യൗസേപ്പിനെ നാലു പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. നാലുവട്ടവും ഒരു സ്വപ്നാടകനായിട്ടാണ് വിശുദ്ധ യൗസേപ്പിനെ നാം കാണുന്നത്. അതില്‍ നാലു പ്രാവശ്യവും കര്‍ത്താവിന്റെ ദൂതന് യൗസേപ്പിനോടു പറഞ്ഞു: ”ദാവിദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്” (മത്തായി 1: 20). തുടര്‍ന്നു നാം കാണും: ”ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു.” കാണുക, ദൈവഹിതം സമ്പൂര്‍ണമായി നിറവേറ്റുന്ന യൗസേപ്പിതാവ്.
രണ്ടാം സ്വപ്നം ഈജിപ്തിലേക്കുള്ള പലായനത്തിനുവേണ്ടിയാണ്. ”കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: ”എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക.” തുടര്‍ന്നു നാം വായിക്കുന്നു, ”അവന് ഉണര്‍ന്ന് ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രി തന്നെ ഈജിപ്തിലേക്കു പോയി” (മത്തായി 2: 14-14). വീണ്ടും ദൈവഹിതം പ്രാവര്‍ത്തികമാക്കുന്ന യൗസേപ്പ.് മൂന്നാമത്തെ സ്വപ്നത്തില്‍, ദൂതന് പറയുന്നത് ഇസ്രായേല്‍ ദേശത്തേക്കു മടങ്ങാനാണ്. ഈജിപ്തില്‍ വച്ച് കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: ”എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേലിലേക്കു മടങ്ങുക.” വീണ്ടും നാം വായിക്കുന്നു, ”അവന് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേല്‍ ദേശത്തേക്കു പോയി” (മത്തായി 2: 19-21). വീണ്ടും ദൈവഹിതം അതേപടി അനുസരിക്കുന്ന യൗസേപ്പ്. നാലാമതായി, യൗസേപ്പിന് സ്വപ്നത്തില്‍ ലഭിക്കുന്ന നിര്‍ദേശം ഗലീലിയയിലേക്കു പോകാനാണ്. ശിശുവിനെയും അമ്മയെയും കൂട്ടി അവന് ഗലീലിയ പ്രദേശത്തേക്കു പോയി (മത്തായി 2: 22). വീണ്ടും ദൈവം വെളിപ്പെടുത്തിയത് അതേപടി അനുസരിക്കുന്ന യൗസേപ്പ്. ഈ സംഭവങ്ങളിലെല്ലാം ദൈവം ദൂതനിലൂടെ എന്തു നിര്‍ദേശിച്ചുവോ അതു യാതൊരു മറുചോദ്യവും തടസ്സവും പറയാതെ പൂര്‍ണ മനസ്സോടെ നിറവേറ്റുന്ന യൗസേപ്പിനെയാണ് നാം കാണുന്നത്. വിശുദ്ധ യൗസേപ്പ് എപ്രകാരമാണ് പൂര്‍ണ ആത്മാവോടും പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിച്ചതെന്നു ദൈവഹിതത്തിന്റെ ഈ നിറവേറ്റലിലൂടെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. അതിലൂടെ വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്ന ആത്മീയതയുടെ മഹാപാഠം ഇതാണ്: എന്റെ ഹിതമല്ല നിന്റെ ഹിതം നിറവേറ്റണമെന്നു പ്രഖ്യാപിക്കുകയും അതു നിറവേറ്റുകയും ചെയ്യുന്നതാണ് യഥാര്‍ഥ ദൈവസ്നേഹം. വിശുദ്ധ യൗസേപ്പ് ജീവിതത്തില്‍ കാട്ടിയ ദൈവസ്നേഹത്തിന്റെ ഈ മാതൃക ഗത്സമേനിയിലെ പ്രാര്‍ഥനയില്‍ യേശു അനുകരിക്കുന്നു. അവന് പ്രാര്‍ഥിച്ചു, ”പിതാവേ എന്റെ ഹിതമല്ല, തിരുഹിതം നിറവേറണം” (മത്തായി 26: 39).
പരസ്നേഹത്തെ പ്രതിയുള്ള ശൂന്യവത്കരണത്തിന്റെ മഹത്തായ മാതൃകയും വിശുദ്ധ യൗസേപ്പില്‍ നമുക്കു കാണാനാകും. കന്യമറിയത്തിന്റെ ഭര്‍ത്താവും യേശുവിന്റെ വളര്‍ത്തുപിതാവുമായ യൗസേപ്പ് ഒരു ദാസനെപ്പോലെ, ശുശ്രൂഷകനെപ്പോലെ തന്റെ ജീവിതപങ്കാളിയുടെയും മകന്റെയും സംരക്ഷണത്തിനും സന്തോഷത്തിനും വേണ്ടി ത്യാഗപൂര്‍വം ജീവിച്ചവനാണ്. തനിക്ക് സ്വാഭാവികമായും ന്യായമായും നേടാനാകുമായിരുന്ന സന്തോഷങ്ങളും സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ട് അങ്ങനെ ആ വിശുദ്ധന് സമര്‍പ്പണജീവിതത്തിലെ ശൂന്യവത്കരണത്തിനും മാതൃകയായി. വിശുദ്ധ യൗസേപ്പ് ഭര്‍ത്താവും പിതാവുമാണ്. എന്നാല്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ അതു രണ്ടുമായിരുന്നില്ല താനും. രംഗത്തു വരാത്ത ഒരു സുപ്രധാന കഥാപാത്രത്തെ പോലെയായിരുന്നു വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതശൈലി. കര്‍ട്ടന്റെ പിറകില്‍ നിന്ന്, നിഴല്‍പരത്തി എല്ലാം നിയന്ത്രിക്കുകയും നിറവേറ്റുകയും ചെയ്ത കഥാപാത്രമാണ് വിശുദ്ധ യൗസേപ്പ്. അങ്ങനെ രക്ഷാകര കര്‍മത്തിലെ തന്റെ കടമ ഉത്തരവാദിത്വത്തോടെ നിശബ്ദനായി പൂര്‍ത്തിയാക്കിയ ഈ മഹാവിശുദ്ധന് നിസ്വാര്‍ഥ സ്നേഹത്തിന്റെയും പരസ്നേഹത്തിന്റേയും ഉദാത്ത മാതൃകയായി രൂപപ്പെട്ടു.
വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശിന്റെ വഴി
വിശ്രമമില്ലാത്ത ഒരു ആത്മീയ പോരാളിയെപ്പോലെ ദൈവഹിതം പൂര്‍ത്തീകരിക്കാന്‍ തിരുകുടുംബത്തിനുവേണ്ടി അഹോരാത്രം അധ്വാനിക്കുകയും ക്ലേശങ്ങള്‍ സഹിക്കുകയും ചെയ്ത പൂണ്യാത്മാവാണ് വിശുദ്ധ യൗസേപ്പ്. ഒന്നു ചിന്തിച്ചാല്‍ ദൈവദൂതന്റെ ദിവ്യസന്ദേശം ലഭിക്കുന്നതിനു മുമ്പേ മുതല്‍ വിശുദ്ധ യൗസേപ്പിതാവിന്റെ സഹനജീവിതത്തിന്റെ കുരിശിന്റെ വഴി ആരംഭിച്ചുകഴിഞ്ഞു. താന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്ന സ്ത്രീ താനറിയാതെ ഗര്‍ഭിണിയായിരിക്കുന്നു എന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ എത്രമാത്രം ആത്മനിന്ദയിലേക്കും ആന്തരികക്ഷോഭത്തിലേക്കും തീവ്രസങ്കടങ്ങളിലേക്കും തള്ളിയിട്ടിട്ടുണ്ടാവും. പിന്നീട് ദൈവഹിതത്തിനു കീഴ് വഴങ്ങി അവളെ തന്റെ ഭാര്യയായി സ്വീകരിച്ചശേഷം പൂര്‍ണ ഗര്‍ഭിണിയായ അവളോടൊത്ത് ബത്ലഹേമിലേക്കു നടത്തിയ യാത്ര എത്ര അസ്വസ്ഥജനകമായിരുന്നിരിക്കണം. തന്റെ ഭാര്യയ്ക്ക് പ്രസവിക്കാന്‍ വൃത്തിയും സ്വസ്ഥതയുമുള്ള ഒരിടം കണ്ടെത്തി നല്കാന് സാധിക്കാതെ പോയ ഒരു ഭര്‍ത്താവിന്റെ വേദന എങ്ങനെ വര്‍ണിക്കാനാവും. തീര്‍ച്ചയായും തകര്‍ന്ന ഹൃദയവുമായിട്ടാവണം കാലിത്തൊഴുത്തിലെ ദിനങ്ങള്‍ ആ പിതാവ് കഴിച്ചുകൂട്ടിയിട്ടുണ്ടാവുക.
യൗസേപ്പിതാവിന്റെ സഹനങ്ങളുടെ തുടര്‍ക്കഥയാണ് തിരുകുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം. അമ്മയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുള്ള ഇസ്രായേലിലേക്കുള്ള മടക്കം. പിന്നെ വീണ്ടും ഗലീലിയ പ്രദേശത്തേക്കുള്ള യാത്ര. പേരെഴുതിക്കാന്‍ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ബത്ലഹേമിലേക്കു യാത്ര പുറപ്പെട്ട യൗസേപ്പു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പിന്നെ പ്രവാസിയാണ്. ആദ്യം ബത്ലഹേമില്, പിന്നെ ഈജിപ്തില്‍, പിന്നെ ഗലീലിയയില്‍. വേണ്ടത്ര മുന്‍കരുതലുകളൊന്നുമില്ലാതെ തന്റെ ഭാര്യയോടും കുഞ്ഞിനോടും ഒപ്പം പ്രാണഭീതിയോടെ ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന ആ പിതാവിന്റെ ജീവിതം ഒരു കുരിശിന്റെ വഴിയായിരുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെയും അവിടത്തെ അമ്മയായ കന്യകമറിയത്തിന്റെയും സംരക്ഷകനും വഴികാട്ടിയുമാവുക എന്നതായിരുന്നു യൗസേപ്പിതാവിന്റെ ഈ ഭൂമിയിലെ ഉത്തരവാദിത്വവും ദൗത്യവും. ദര്‍ശനങ്ങളിലൂടെ തനിക്കു വെളിപ്പെട്ട ദൈവഹിതത്തെ സ്വന്തം ഹിതമാക്കി മാറ്റിക്കൊണ്ട് ആ പിതാവ് ത്യാഗവും കരുണയും സഹനവും ഭീതിയും നിറഞ്ഞ തന്റെ കുരിശിന്റെ വഴിയിലൂടെ പക്വതയാര്‍ന്ന സ്നേഹത്തിലും വിശ്വാസത്തിലും പ്രത്യാശയിലും തന്റെ ജീവിതത്തിന്റെ മഹാദൗത്യം പൂര്‍ത്തിയാക്കി. ഇപ്രകാരം മറിയത്തെ നിറഞ്ഞ സ്വാതന്ത്ര്യത്തോടെ സ്നേഹിച്ച, ദൈവകുമാരനെ അഗാധമായ വാത്സല്യത്തോടെ മരണകരമായ അപകടങ്ങളില്‍ നിന്ന് കാത്തുസംരക്ഷിച്ച, കഠിനാധ്വാനം ചെയ്തു തിരുകുടുംബത്തെ പോറ്റിയ വിശുദ്ധ യൗസേപ്പ് ദൈവഹിതം നിറവേറ്റി, ജീവിതം ദൈവകൃപയാല്‍ വിജയകരമാക്കിത്തീര്‍ക്കാന്‍ മനുഷ്യവര്‍ഗത്തിന് ഉത്തമമാതൃകയാകുന്നു.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ബിവ്റേജസിലേക്കു കൊണ്ടുവന്ന മദ്യം അടിച്ചുമാറ്റി
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവ്റേജസ് കോര്പറേഷന് ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്ന് അഞ്ച് കെയ്സ് മദ്യം മോഷണം പോയതായി പരാതി. മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന
മേല്‍പ്പാലം തുറന്നുകൊടുത്ത സംഭവം: വി ഫോര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ പ്രവര്‍ത്തകരെ പേലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേല്‍പ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. വി
കുമ്പസാരത്തെ അവഹേളിച്ച മഴവില്‍ മനോരമയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം
കത്തോലിക്കാ സഭയുടെ വിശുദ്ധ കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന രീതിയിൽ മഴവിൽ മനോരമയിൽ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. “തകർപ്പൻ കോമഡി” എന്ന പരിപാടിയിലൂടെയാണ് കുമ്പസാരത്തെയും വൈദികനെയും വികലമായി
No comments
Write a comment
No Comments Yet!
You can be first to comment this post!