വിശ്വാസത്തിന്റെ റിസ്‌ക്ക്

വിശ്വാസത്തിന്റെ റിസ്‌ക്ക്
                       ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നാട്ടിലുള്ള കൂട്ടുകാരോട് വീരവാദം മുഴക്കി: ”ഞാന്‍ ഒറ്റയ്ക്ക് സിംഹത്തെ വേട്ടയാടുവാന്‍ പോവുകയാണ്.” അയാളുടെ ധൈര്യത്തെയും ചങ്കൂറ്റത്തെയും എല്ലാവരും പുകഴ്ത്തി. കാട്ടിലൂടെ കുറെ ദൂരം നടന്നപ്പോള്‍ ഒരു മരം വെട്ടുകാരനെ കണ്ടു. അയാളോട് ആ ഭാഗത്തെങ്ങാനും സിംഹത്തിന്റെ കാല്പാടുകള്‍ കണ്ടിട്ടുണ്ടോ എന്നാരാഞ്ഞു. ”ഉവ്വ്, ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്” അയാള്‍ പറഞ്ഞു. ”മാത്രമല്ല, സിംഹത്തിന്റെ മാളവും എവിടെയാണെന്നെനിക്കറിയാം. ഞാന്‍ വേണമെങ്കില്‍ നിങ്ങളെ അവിടെ കൊണ്ടുപോവാം.” അപ്പോഴേയ്ക്കും അങ്ങ് ദൂരെ സിംഹത്തിന്റെ ഗര്‍ജനം കേട്ടു. ഭയന്ന് വിറച്ച് വേട്ടക്കാരന്‍ പറഞ്ഞു: ”വേണ്ട വേണ്ട; സിംഹത്തെ കാണുകയൊന്നും വേണ്ട. എനിക്ക് ആ കാല്‍പ്പാടുകള്‍ മാത്രം കണ്ടാല്‍ മതി.”
നമ്മുടെ പലരുടെയും ദൈവവിശ്വാസം ഏതാണ്ട് ഇതുപോലെയാണെന്നു പറയാം. ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഏറ്റുപറയുന്നതില്‍ നമുക്ക് യാതൊരു മടിയുമില്ല. ദൈവത്തിന്റെ അപദാനങ്ങള്‍ നമ്മള്‍ പാടിപ്പുകഴ്ത്തുകയും ചെയ്യും. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍, ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍, ഒരു രോഗത്തിന് അടിമപ്പെടുമ്പോള്‍, കടബാധ്യതകള്‍ കൂടുമ്പോള്‍, അപകടത്തില്‍പ്പെടുമ്പോള്‍, ഉറ്റവര്‍ മരണമടയുമ്പോഴൊക്കെ ആ വിശ്വാസവും ധൈര്യവും എവിടെപോയൊളിക്കുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ദിവസവും പള്ളിയില്‍ പോകുന്നവരും, ജപമാല ചൊല്ലുന്നവരും, പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുന്നവരും അവര്‍ക്ക് അയല്ക്കാരില്‍ നിന്നോ സ്‌നേഹിതരില്‍ നിന്നോ തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ പറയുന്ന വാക്കുകളും അപ്പോഴത്തെ അവരുടെ പ്രവൃത്തികളും ഒരിക്കലും വിശ്വാസവുമായിട്ട് പൊരുത്തപ്പെട്ട് പോകാത്തവയാണ്. ചീത്തപറയാനും കാര്‍ന്നവന്മാരെ അധിക്ഷേപിക്കാനും ചിലപ്പോള്‍ ദേഹോപദ്രവം ഏല്പിക്കാനും അവര്‍ മടിക്കാറില്ല. ചില ഭക്തര്‍ നാളുകളായിട്ട് അയല്‍ക്കാരുമായി പിണക്കത്തിലാണ്; മറ്റു ചിലര്‍ കൊള്ളപ്പലിശയ്ക്ക് കടം കൊടുക്കുകയും, വ്യാപാരത്തില്‍ തട്ടിപ്പും വെട്ടിപ്പും കാട്ടുകയും ചെയ്യുന്നതില്‍ മടികാണിക്കാറില്ല. പള്ളിക്കാര്യം വേറെ, ജീവിതമൂല്യങ്ങള്‍ വേറെ.
ദൈവത്തെ നേരിട്ടു കാണാന്‍, അവിടുത്തെ കല്പനകള്‍ക്കനുസരിച്ച് ജീവിക്കുവാന്‍ നമ്മള്‍ തയ്യാറല്ല. സക്രാരിയിലിരിക്കുന്ന ഈശോയും, കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയും പടത്തിലും രൂപത്തിലുമൊക്കെയുള്ള ഈശോയും നല്ലതാണ്. എന്നാല്‍ എനിക്കിഷ്ടമില്ലാത്തവരില്‍-അത് പുരോഹിതനായാലും കന്യാസ്ത്രീയായാലും ജീവിതപങ്കാളിയായാലും സഹോദരങ്ങളായാലും-ഈശോയെ കാണാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ പാവപ്പെട്ടവരിലും, രോഗികളിലും, അവശരിലും, അനാഥശാലകളിലെ കുട്ടികളിലും, വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികളിലും അടുക്കളയിലും പറമ്പിലും പണിയെടുക്കുന്നവരിലും ഇശോയെ കാണാന്‍ എനിക്കിഷ്ടമില്ല. സിംഹത്തിന്റെ കാല്‍പ്പാടും പടവും സ്റ്റഫ് ചെയ്ത രൂപവുമൊക്കെ കൊള്ളാം. പക്ഷേ, നേരിട്ട് സിംഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാന്‍ ഞാന്‍ തയ്യാറല്ല.
മരത്തിലും പ്ലാസ്റ്റര്‍ഓഫ് പാരീസിലും ഫൈബര്‍ ഗ്ലാസിലും കാണുന്ന ഈശോയുടെ രൂപം എത്ര മനോഹരമാണ്. എന്നാല്‍ കാന്‍സര്‍ രോഗികളിലും മന്ദബുദ്ധികളിലും മദ്യപരിലും അംഗവൈകല്യമുള്ളവരിലും, നിറമില്ലാത്തവരിലും കാണുന്ന ഈശോ അത്രപോരാ. ദൈവവിശ്വാസം എന്നു പറഞ്ഞാല്‍ എന്താണ്? ദൈവഹിതത്തിന് വിധേയപ്പെടുന്നതും ദൈവകല്പനകള്‍ പാലിക്കുന്നതുമാണ് വിശ്വാസത്തിന്റെ അളവുകോല്‍. വിശുദ്ധ പൗലോസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ (4-ാം അദ്ധ്യായം) അബ്രാഹത്തിന്റെ വിശ്വാസത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പ്രകൃതാ അസ്വാഭാവികം അല്ലെങ്കില്‍ അപ്രാപ്യം എന്നു തോന്നുന്ന കാര്യങ്ങള്‍ പോലും ചോദ്യം ചെയ്യാതെ വിശ്വസിച്ചവനാണ് അബ്രഹാം. നൂറാമത്തെ വയസിലും തനിക്ക് ഒരു പുത്രന്‍ ജനിക്കുമെന്ന് പറഞ്ഞപ്പോള്‍ അബ്രഹാം അതു വിശ്വസിച്ചു. അതുപോലെ തന്നെ പരിശുദ്ധ കന്യാമറിയവും പുരുഷനെ അറിയാതെ അവള്‍ ഒരു പുത്രനെ പ്രസവിക്കും, അത് ദൈവപുത്രനായിരിക്കും എന്ന് മാലാഖ വഴി ദൈവം പറഞ്ഞപ്പോള്‍ മറിയം അതു വിശ്വസിക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കുറെ ക്രിസ്ത്യാനികള്‍ രഹസ്യമായി ഒരു മുറിയില്‍ കതകടച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് ഒരു പടയാളി മെഷീന്‍ ഗണ്ണും കൈയിലേന്തി അവരുടെ നേരെ നോക്കി ആക്രോശിച്ചു: ”യേശുവില്‍ ശരിക്കും വിശ്വാസമില്ലാത്തവരൊക്കെ ഇപ്പോള്‍ രക്ഷപ്പെട്ടോളൂ. ബാക്കി മുറിയില്‍ ശേഷിക്കുന്നവരെല്ലാം മരണത്തിന് തയ്യാറായിക്കൊള്ളുക.” അതുകേട്ടപടി ഒത്തിരിപേര്‍ വാതില്‍ക്കലേക്കോടി പുറത്തുകടന്നു.
എന്നാല്‍ യേശുവിലുള്ള വിശ്വാസത്തെ തള്ളിപ്പറയാതെ കുറച്ചുപേര്‍ മുറിയില്‍ത്തന്നെ നിന്നു. അപ്പോള്‍ മുറിയുടെ വാതിലടച്ചുകൊണ്ട് ആ പടയാളി അവരുടെ നേരെ നോക്കി ശാന്തനായി പറഞ്ഞു: ”ഭയപ്പെടേണ്ട, ഞാനും ഒരു ക്രിസ്ത്യാനിയാണ്. ആ ഓടിപ്പോയവരെ ഓര്‍ത്ത് ഒട്ടും വിഷമിക്കേണ്ട. വിശ്വാസത്തിന് സാക്ഷ്യം നില്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ എങ്ങനെ യഥാര്‍ത്ഥ ക്രിസ്ത്യാനികളാകും?”
വിശ്വാസം ഒരു റിസ്‌ക്ക് ആണ്. വിശ്വാസമനുസരിച്ച് ജീവിക്കുവാനുള്ള റിസ്‌ക്ക്. ആ റിസ്‌ക്ക് എടുക്കുവാന്‍ നമ്മളില്‍ എത്രപേര്‍ തയ്യാറുണ്ട്?
അടുക്ക ലക്കത്തില്‍ ഡാനിയുടെ സണ്‍ഡെ സ്‌കൂള്‍ ഹോം വര്‍ക്ക്

Related Articles

ശുദ്ധീകരണസ്ഥലത്തുനിന്നു വരുന്ന അതിഥികള്‍

ശീതകാലത്തെ ഒരു സായംസന്ധ്യാനേരത്ത് പാദ്രെ പിയോ തന്റെ മുറിയില്‍ പ്രാര്‍ഥന നിരതനായി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആരോ തന്റെയടുത്ത് വന്നിരിക്കുന്നു എന്നദ്ദേഹത്തിന് തോന്നി. കണ്ണുതുറന്നപ്പോള്‍ കണ്ടത്

ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

First Reading: Dt 18:15-20 Responsorial Psalm: Ps 95:1-2, 6-7, 7-9 Second Reading: 1 Cor 7:32-35 Gospel Reading: Mark 1:21-28   ആണ്ടുവട്ടം നാലാം ഞായര്‍  ആണ്ടുവട്ടത്തിലെ

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*