വിശ്വാസത്തിലേക്ക്‌ നയിക്കുന്ന ദൈവാലയങ്ങൾ

വിശ്വാസത്തിലേക്ക്‌ നയിക്കുന്ന ദൈവാലയങ്ങൾ

സ്വര്‍ഗീയവും ഭൗമികവുമായ ദൈവിക തേജസ്‌ നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദ്യശ്യമായ അടയാളമാണ്‌ ദൈവാലയങ്ങള്‍. ദൈവാലയം ദൈവത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട ഭവനമാണ്‌. ദൈവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വിശ്വാസികള്‍ അനുഭവിച്ചറിയുന്നിടമാണത്‌. ദൈവം വസിക്കുന്ന സ്ഥലമായ ദൈവാലയം ലൗകികമായ ഉപയോഗങ്ങളില്‍ നിന്നും വേര്‍തിരിച്ച്‌ പവിത്രീകരിച്ച്‌ വിശുദ്ധ തൈലംകൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ ദൈവാരാധനയ്‌ക്കുള്ള സ്ഥലമായി പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു. ആരാധനാസമൂഹത്തിന്‌ ഏറ്റവും പവിത്രമായ വേദിയാണത്‌. കാരണം, ദൈവജനത്തിന്‌ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നതിനും ആരാധിക്കുന്നതിനും കൂദാശകള്‍ സ്വീകരിക്കുന്നതിനും ദൈവവചനം ശ്രവിക്കുന്നതിനുമുള്ള സ്ഥലം ആണ്‌ ദൈവാലയം.
നമ്മുടെ ഓരോരുത്തരുടേയും വിശ്വാസ ജീവിതത്തിലെ സുപ്രധാന ഘടകമാണ്‌ ദൈവാലയം. അനുദിനം വിശ്വാസ ജീവിതത്തില്‍ വളരാന്‍ ദൈവാലയങ്ങളും കുരിശുപള്ളികളും കപ്പേളകളും നമ്മെ സഹായിക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും ഇടവക ദൈവാലയങ്ങള്‍ക്ക്‌ നമ്മുടെ വിശ്വാസജീവിതത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ പോലും നിസ്‌തുലമായ സ്ഥാനമുണ്ട്‌. ജനനം മുതല്‍ മരണം വരെ ഓരോ ക്രൈസ്‌തവ വിശ്വാസിയുടെ ജീവിതവും ഇടമുറിയാതെ ഇടവക ദൈവാലയവുമായിട്ട്‌ ബന്ധപ്പെട്ടുനില്‍ക്കുന്നു.
നമ്മുടെ വിശ്വാസജീവിതത്തെ ഊതിയുണര്‍ത്താനും പരിപോഷിപ്പിക്കുവാനും ഇടവക ദൈവാലയങ്ങള്‍ക്ക്‌ കഴിയുമെന്നതില്‍ സംശയമില്ല. െ്രെകസ്‌തവ കാഴ്‌ചപ്പാടനുസരിച്ച്‌ നാം ഒറ്റയ്‌ക്കല്ല സമൂഹമായിട്ടാണ്‌ ദൈവാലയത്തില്‍ ആരാധനയര്‍പ്പിക്കുന്നത്‌. ലൗകികവ്യഗ്രതയില്‍ മുഴുകുന്ന, ഭൂമിയില്‍ സ്വര്‍ഗപ്രവേശനത്തിനായി യത്‌നിക്കുന്ന ക്രൈസ്‌തവര്‍ക്ക്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഒരുങ്ങുവാനുള്ള ഒരു ഭവനമാണ്‌ ദൈവാലയം. ദൈവാലയം നിത്യമായ സ്വര്‍ഗീയഭവനത്തിലേക്ക്‌ നമ്മെ നയിക്കുകയും സ്വര്‍ഗീയ ഭവനത്തിലെത്തുന്നതുവരെ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

ദൈവാലയ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ദൈവാലയങ്ങളാണ്‌ വ്യക്തികളേയും സമൂഹത്തേയും വിശ്വാസത്തില്‍ വളരാനും ദൈവത്തിങ്കലേക്ക്‌ അടുപ്പിക്കാനും സാധിക്കണം. ദൈവാലയങ്ങള്‍ പ്രതീകങ്ങളാണ്‌. ദൈവം വസിക്കുന്ന സ്ഥലത്തിന്റെ പ്രതീകം. തിരുസഭയുടേയും സ്വര്‍ഗീയ ജറുസലേമിന്റേയും പ്രതീകം. ദൈവാലയങ്ങള്‍ ആരാധനയുടേയും പ്രാര്‍ത്ഥനയുടേയും സ്ഥലങ്ങളാണ്‌. ദൈവാലയത്തില്‍ പ്രവേശിക്കുന്ന ഓരോ വ്യക്തിക്കും സമൂഹത്തിനും പ്രാര്‍ത്ഥിക്കുവാന്‍ പ്രചോദനം നല്‍കുന്നതും ദൈവസാന്നിദ്ധ്യത്തെക്കുറിച്ച്‌ അവബോധം നല്‍കുന്നതുമായ നിര്‍മിതിയായിരിക്കണം ദൈവാലയത്തിന്റേത്‌.
നമ്മുടെ നാട്ടിലെ ചില ദൈവാലയങ്ങള്‍ സുന്ദരങ്ങളും മനോഹരങ്ങളുമാണ്‌. വാസ്‌തു ശില്‌പകലകൊണ്ടും (architectural) കലാമൂല്യംകൊണ്ടും പ്രസിദ്ധങ്ങളാണവ. ഇത്തരം ദൈവാലയങ്ങളില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ ദൈവാലയ നിര്‍മിതികണ്ട്‌ അത്ഭുതപ്പെടുകയും ആശ്ചര്യഭരിതരാവുകയും ചെയ്യാറുണ്ട്‌. പക്ഷേ പലപ്പോഴും ഇത്തരം ദൈവാലയങ്ങള്‍ക്ക്‌ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ പ്രചോദനം നല്‍കുവാനോ ദൈവസാന്നിദ്ധ്യത്തെക്കുറിച്ച്‌ അവബോധം നല്‍കുവാനോ സാധിക്കാറില്ല. നമ്മുടെ ദൈവാലയങ്ങള്‍ സുന്ദരങ്ങളും മനോഹരങ്ങളും അതോടോപ്പെം തന്നെ വാസ്‌തുശില്‍പകലകൊണ്ടും കലാമൂല്യംകൊണ്ടും മേന്മയുള്ളതുമായിരിക്കണം. എന്നാല്‍ ദൈവാലയത്തിന്റെ പ്രഥമദൗത്യം അതിന്റെ നിര്‍മാണത്തിലെ മികവുകൊണ്ടു തന്നെ ഒരുപോലെ വ്യക്തിയ്‌ക്കും സമുഹത്തിനും പ്രാര്‍ത്ഥനാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കണം.
ദൈവാനുഭവം കൂദാശകളിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും ഒരുപോലെ പകര്‍ന്നു നല്‍കുന്ന പവിത്രമായ സ്ഥലമാണ്‌ ദൈവാലയം. സ്വര്‍ഗീയ ജറുസലേമിന്റെ മാതൃകയാണ്‌ അവ. ദൈവവചനത്താലും കൂദാശകളാലും ഓരോ വിശ്വാസിയും പോഷിപ്പിക്കപ്പെടുന്ന വിശുദ്ധ ഭവനമാണത്‌. വ്യക്തിപരമായി സ്വാംശീകരിക്കുന്ന വിശ്വാസം ഓരോരുത്തരും സമൂഹമായി പ്രകടിപ്പിക്കുന്ന വേദിയും. നമ്മുടെ ക്രൈസ്‌തവ വിശ്വാസത്തെ ആഴപ്പെടുത്താനും ആന്മവിശ്വാസത്തെ പക്വതയിലേക്ക്‌ രൂപപ്പെടുത്താനും സഹായിക്കുന്നതായിരിക്കണം ദൈവാലയവും ദൈവാലയത്തിലെ ഓരോ നിര്‍മിതിയും.

ദൈവാലയത്തിന്റെ ഭാഗങ്ങള്‍

2. ദൈവാലയ നിര്‍മിതിയില്‍ രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം ആരാധനക്രമ നിര്‍ദേശമനുസരിച്ചുള്ള നിര്‍മിതിയായിരിക്കണം ദൈവാലയങ്ങളുടെ നിര്‍മാണങ്ങള്‍ എന്നുള്ളതാണ്‌. ദൈവാലയം ദൈവാരാധനയ്‌ക്കും കൂദാശ പരികര്‍മത്തിനുമുള്ളതാണ്‌. ഇവയ്‌ക്ക്‌ ഉതകുന്ന രീതിയിലായിരിക്കണം ദൈവാലയനിര്‍മിതി. പ്രധാനമായും ദൈവാലയങ്ങള്‍ക്ക്‌ രണ്ടു ഭാഗങ്ങളാണുള്ളത്‌. വിശുദ്ധവേദിയും ദൈവജനം സമ്മേളിക്കുന്ന ഭാഗവും. വിശുദ്ധവേദി ദിവ്യബലി അര്‍പ്പണത്തിനുള്ളതാണ്‌. ദൈവാലയത്തില്‍ സമ്മേളിക്കുന്ന ഏവര്‍ക്കും സുഗമമായി ദിവ്യബലി അര്‍പ്പണത്തില്‍ പങ്കെടുക്കാനും ദര്‍ശിക്കുവാനും സാധിക്കുന്ന വിധത്തില്‍ ഉയര്‍ന്നതായിരിക്കണം വിശുദ്ധവേദി.

ദിവ്യബലി ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും ഉപയോഗിക്കുന്ന പ്രസിഡന്‍ഷ്യല്‍ സീറ്റ്‌, ബലിപീഠം, വായനാ പീഠം, അറിയിപ്പുകള്‍ നടത്തുവാനുള്ള പീഠം, കാര്‍മികര്‍ക്കും സഹകാര്‍മികര്‍ക്കുമുള്ള ഇരിപ്പിടങ്ങള്‍, അള്‍ത്താരശുശ്രൂഷകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവ അള്‍ത്താരയില്‍ യഥോചിതം ക്രമീകരിക്കണം. ദൈവജനത്തിന്റെ കാഴ്‌ചയ്‌ക്ക്‌ തടസമുണ്ടാകാത്ത രീതിയിലായിരിക്കണം അള്‍ത്താര ശുശ്രൂഷകരുടെയും സഹകാര്‍മികരു
ടെയും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടത്‌. ക്രൂശുരൂപവും സക്രാരിയും അതിന്റേതായ പ്രാധാന്യത്തോടെ അള്‍ത്താരയില്‍ സ്ഥാപിക്കേണ്ട
താണ്‌. പൂക്കളും തിരിക്കാലുകളും ബലിപീഠത്തില്‍ വയ്‌ക്കുവാന്‍ പാടുള്ളതല്ല എന്ന്‌ ആരാധന ക്രമനിര്‍ദേശങ്ങള്‍ അനുശാസി
ക്കുന്നതുകൊണ്ട്‌ അതിനായി പ്രത്യേക പീഠങ്ങള്‍ ബലിപീഠത്തി
നു മുന്നിലായി സ്ഥാപിക്കേണ്ടതാണ്‌.

ഗായകസംഘത്തിനുള്ള സ്ഥലം, അനുരഞ്‌ജന കൂദാശയ്‌ക്കുള്ള ഭാഗം, ജ്ഞാനസ്‌നാന കൂദാശ പരികര്‍മം ചെയ്യുന്നതിനുള്ള തൊട്ടി എന്നിവയും ദൈവാലയത്തിന്റെ ഭാഗങ്ങളാണ്‌. ദൈവജനത്തിന്‌ കൂദാശ പരികര്‍മങ്ങളില്‍ സുഗമമായി പങ്കെടുക്കുന്നതിന്‌ തടസമില്ലാത്ത രീതിയിലായിരിക്കണം ദൈവാലയത്തിനകത്ത്‌ ഇവയെല്ലാം സ്ഥാപിക്കേണ്ടത്‌. ദൈവാലയത്തിലെ ആന്തരികസംവിധാനങ്ങള്‍ക്ക്‌ പ്രതീകാത്മകമായ അര്‍ത്ഥമാണുള്ളത്‌. പലപ്പോഴും ദൈവാലയത്തിന്റെ ബാഹ്യരൂപത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അതിന്റെ ആന്തരികസംവിധാനം ചിലപ്പോള്‍ അവഗണിക്കുകയും ചെയ്യാറുണ്ട്‌. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ പ്രഥമവും പ്രധാനവുമായി ദിവ്യബലി അര്‍പ്പിക്കാന്‍ വേണ്ടിയാണ്‌ വിശ്വാസികള്‍ ദൈവാലയത്തില്‍ വരുന്നതെന്നാണ്‌.

ക്രൈസ്‌തവവിശ്വാസത്തിന്റെ രത്‌നച്ചുരുക്കവും എല്ലാ ഭക്തിയുടെയും കേന്ദ്രബിന്ദുവും ആയ വിശുദ്ധ കുര്‍ബാന പരികര്‍മം ചെയ്യപ്പെടുന്നത്‌ ഈശോ സ്ഥാപിച്ചിട്ടുള്ള അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ്‌. ദൈവാലയത്തിന്റെ ആന്തരികസംവിധാനവും ഘടനയും ദര്‍ശനവുമെല്ലാം മിശിഹാരഹസ്യം പ്രതിഫലിപ്പിക്കേണ്ടതാണ്‌. രക്ഷാകരചരിത്രത്തിലെ വിവിധ സംഭവങ്ങളും സ്ഥലങ്ങളുമായി ദൈവാലയം നമ്മെ ബന്ധിപ്പി
ക്കുന്നു.

കലാകാരന്മാരുടെ ഭാവനയല്ല, മറിച്ച്‌ ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള ധാരണയും അവബോധവുമാണ്‌ ദൈവാലയനിര്‍മാണത്തില്‍ വേണ്ടതെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പായും ഓര്‍മിപ്പിക്കുന്നുണ്ട്‌. `ലിറ്റര്‍ജിയുടെ ചൈതന്യം’ എന്ന തന്റെ ഗ്രന്ഥത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പാ പറയുന്നു: “നമ്മുടെ ശ്രദ്ധാവിഷയം കര്‍ത്താവാണ്‌. അവിടുന്നാണ്‌ ചരിത്രത്തിലെ ഉദയസൂര്യന്‍. അതുകൊണ്ടാണ്‌ പീഡാനുഭവത്തെ സൂചിപ്പിക്കുന്ന ക്രൂശിതരുപം നമുക്കുള്ളത്‌. നമുക്കുവേണ്ടി തന്റെ പാര്‍ശ്വം കുത്തിത്തുളക്കപ്പെടാന്‍ അനുവദിച്ച, പീഡയനുഭവിക്കുന്ന കര്‍ത്താവിനെ ആ ക്രൂശിത രൂപം പ്രതിനിധാനം ചെയ്യുന്നു. പീഡാനുഭവത്തിന്റെ കുരിശുപോലെ തന്നെ വിജയത്തിന്റെ കുരിശും നമുക്കുണ്ട്‌. ഈ ക്രൂശിതരൂപം കര്‍ത്താവിന്റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്ക്‌ നമ്മുടെ നയനങ്ങളെ നയിക്കുകയും ചെയ്യുന്നു.”

ദൈവാലയ നിര്‍മിതിയിലെ സാങ്കേതിക വശങ്ങള്‍

3. ദൈവാലയനിര്‍മാണത്തില്‍ വാസ്‌തുശില്‍പ്പവൈഭവവും (architectural) നിര്‍മാണമികവും (engineering) ഏവരും തന്നെ സൂക്ഷ്‌മമായി ശ്രദ്ധിക്കാറുണ്ട്‌. ആധുനിക ദൈവാലയങ്ങള്‍ക്ക്‌ അത്യാവശ്യമായ ഘടകങ്ങള്‍ക്ക്‌ സാങ്കേതിക വിദഗ്‌ദ്ധരെ നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉള്‍പ്പെടുത്തുകയും അവരുമായി കൃത്യമായി ആലോചിച്ചും വേണം നിര്‍മാണത്തിന്റെ ഓരോ ഘട്ടവും നടത്താന്‍. പ്രകൃതിദത്തമായ വെളിച്ചവും സുഗമമായ വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതോടൊപ്പം ദൈവാലയത്തിലെ ശബ്‌ദക്രമീകരണവും അതീവശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്‌. ദൈവാലയ നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ്‌ ചിലരോക്കെ സൗണ്ട്‌ എഞ്ചിനീയറുമായി (acoustic engineer) ആലോചന നടത്തുക. ഇത്‌ വലിയ അപാകതകളിലേക്ക്‌ നയിക്കാന്‍ സാധ്യതയുണ്ട്‌. നിര്‍മാണത്തിനു മുമ്പുതന്നെ മികച്ച സൗണ്ട്‌ എഞ്ചിനീയറുടെ സേവനം ഉപയോഗപ്പെടുത്തണം.
സ്‌പീക്കറുകളുടെയും മൈക്രോഫോണുകളുടെയും സ്ഥാനം കൃത്യമായി ആസൂത്രണം ചെയ്‌ത്‌ സ്ഥാപിക്കണം. ശരിയായ ആസൂത്രണം ഇല്ലാത്തുകൊണ്ട്‌ ചില ദൈവാലയങ്ങളില്‍ ഫീഡ്‌ ബാക്ക്‌ മോണിട്ടര്‍ സ്‌പീക്കറുകള്‍ അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്നത്‌ കാണാന്‍ സാധിക്കും. ഇത്‌ ആരാധന ക്രമ നിര്‍ദേശമനുസരിച്ച്‌ തെറ്റായ രീതിയാണ്‌. സ്‌പീക്കറുകളുടെ സ്ഥാനം ദൈവജനത്തിന്‌ ദിവ്യബലിയിലും ഇതര കൂദാശ പരികര്‍മങ്ങളിലും സജീവമായി പങ്കെടുക്കുന്നതിന്‌ തടസമാകരുത്‌.

ഭാരതത്തിലെ പ്രധാന പട്ടണങ്ങളിലെ ആധുനിക ദൈവാലയങ്ങള്‍ മികച്ച ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. ഇവയുടെ ഉപയോഗം ആരാധനക്രമത്തില്‍ സജീവമായി പങ്കുകൊള്ളാന്‍ ദൈവജനത്തിന്‌ സഹായകമാകും. ആരാധനക്രമത്തില്‍ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിഐ) കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ചിത്രങ്ങളോ വീഡിയോ ക്ലിപ്പിങ്ങുകളോ ദിവ്യബലി മദ്ധ്യേ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഗാനങ്ങള്‍, വായനയുടെ പ്രതിവചനസങ്കീര്‍ത്തനങ്ങള്‍ എന്നിവ പ്രൊജക്ട്‌ ചെയ്യുന്നതിലൂടെ ദൈവജനത്തിന്റെ ദിവ്യബലിയിലുള്ള ഭാഗഭാഗിത്വം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും.
ഓഡിയോ വിഷ്വല്‍ പ്രോജക്ടുകളും സ്‌ക്രീനുകളും സ്ഥാപിക്കുമ്പോള്‍ ദൈവാലയത്തിനകത്തെ വാസ്‌തുശില്‍പ്പ സൗന്ദര്യത്തിനോ മനോഹാരിതയ്‌ക്കോ കോട്ടം സംഭവിക്കരുത്‌. ഇവയുടെ സ്ഥാനങ്ങള്‍ ദൈവജനത്തിന്റ ദിവ്യബലി അര്‍പ്പണത്തിനും അള്‍ത്താരയിലേക്കുള്ള കാഴ്‌ചയ്‌ക്കും തടസമാകരുത്‌. ദൈവാലയ നിര്‍മാണ സമയത്ത്‌ ഇവ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലാ എങ്കിലും ഭാവിയില്‍ ഇവ സ്ഥാപിക്കുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ അവയ്‌ക്കുള്ള സ്ഥലംനീക്കിവയ്‌ക്കുകയും കരുതല്‍ നടപടികള്‍ മുന്‍കൂട്ടി കൈക്കൊള്ളുകയും വേണം.

സിസി ടിവി ക്യാമറകളും അള്‍ത്താരയിലെ ദൃശ്യങ്ങള്‍ ദൈവജനത്തിന്‌ അടുത്തും വ്യക്തമായും കാണുന്നതിനുള്ള പ്രൊജക്‌ഷന്‍ ക്യാമറകളും അവയുടെ സ്‌ക്രീനുകളും ഇന്ന്‌ മിക്ക ദൈവാലയങ്ങളുടേയും ഭാഗമായി തീര്‍ന്നിരിക്കുന്നു. ഇത്തരം ക്യാമറകളും സ്‌ക്രീനുകളും സ്ഥാപിക്കുമ്പോഴും ദൈവാലയത്തിനകത്തെ വാസ്‌തുശില്‍പ്പ സൗന്ദര്യത്തിനോ മനോഹാരിതയ്‌ക്കോ കോട്ടം സംഭവിക്കാതെയും ദൈവജനത്തിന്റ ദിവ്യബലി അര്‍പ്പണത്തിനും അള്‍ത്താരയിലേക്കുള്ള കാഴ്‌ചയ്‌ക്കും തടസമാകാതെയും സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.
(തുടരും)


Related Articles

തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ല-മുഖ്യമന്ത്രി പിണറായി വിജയൻ

തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ  തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു  ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച

കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം നെടുകെ പിളര്‍ന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്കേ ഗേറ്റിനടുത്ത് മരിച്ചുവീണ ഇരുപതുകാരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ ദാരുണാന്ത്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിറ്റേന്ന്

വയനാടും മണ്ണിടിച്ചിലും

കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ ആക്ഷനും ബംഗളൂരുവിലെ പബ്ലിക്ക് അഫയേഴ്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*