Breaking News

വിശ്വാസികളുടെ മനോവീര്യത്തിനോ സര്‍ക്കാര്‍ ട്രൈബ്യൂണല്‍?

വിശ്വാസികളുടെ മനോവീര്യത്തിനോ സര്‍ക്കാര്‍ ട്രൈബ്യൂണല്‍?

കേരളത്തിലെ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കീഴിലുള്ള ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമസ്വത്തുക്കളും സമ്പത്തും ധനനിക്ഷേപവും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നതിന് അടിയന്തരമായി നിയമം കൊണ്ടുവരുന്നതിനായി സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ കരടു ബില്ല് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഉചിതമായ വേദികളില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ സഭാ സമൂഹങ്ങളുടെ വസ്തുവകകളും ആസ്തിയും അന്യാധീനപ്പെടുന്നതും പണയപ്പെടുത്തുന്നതും വാടകയ്ക്കു നല്‍കുന്നതും മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നതും, സഭയുടെ ഫണ്ടുകള്‍ സ്വേച്ഛാപരമായി കൈമാറ്റം നടത്തുന്നു അല്ലെങ്കില്‍ ദുരുപയോഗം ചെയ്യുന്നു എന്നു കണ്ട് മനോവീര്യം തകരുന്ന വിശ്വാസികള്‍ക്ക് പരാതി ഉന്നയിക്കാന്‍ പറ്റിയ ഫോറമില്ല എന്നതും പരിഗണിച്ചാണ് ഇന്ത്യ എന്ന മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികത്തില്‍ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ബില്ല് 2019 അവതരിപ്പിക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്.
ക്രൈസ്തവ സഭാവിഭാഗങ്ങളുടെ ”വിപുലമായ സമ്പത്തും ആസ്തികളും” കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് എന്തെങ്കിലും നിയന്ത്രണ സംവിധാനമോ നിയമമോ നിലവിലില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണമെന്നും പറഞ്ഞുവയ്ക്കുന്നു.
നവകേരളസൃഷ്ടിയുടെ അഭിനവ നവോത്ഥാന വായ്ത്താരി പോലെ പുരോഗമന ആശയക്കാരെയും സാമൂഹികപരിഷ്‌കാര വക്താക്കളെയും മാത്രമല്ല തീക്ഷ്ണചൈതന്യമുള്ള വിശ്വാസികളെ പോലും വ്യാമോഹിപ്പിക്കുന്ന അനുമാനകല്പനയില്‍ തികച്ചും നിര്‍ദോഷമെന്നു തോന്നിക്കുന്ന വ്യവസ്ഥകളാണ് കരടു ബില്ലില്‍ കാണുന്നത്: ഓരോ സഭാവിഭാഗവും ഇടവകയും വരവുചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് വാര്‍ഷിക ഓഡിറ്റിംഗ് നടത്തുകയും ഓഡിറ്റ് റിപ്പോര്‍ട്ട് സഭാവിശ്വാസികള്‍ക്കു പ്രാതിനിധ്യമുള്ള സമിതിക്കു മുന്‍പാകെ അവതരിപ്പിച്ചു പാസാക്കുകയും വേണം. ഇടവകയിലെയോ സഭാസമൂഹത്തിലെയോ സ്വത്തു സംബന്ധമായ വിശ്വാസികളുടെ പരാതികള്‍ കേട്ടു തീര്‍പ്പുകല്പിക്കാന്‍ ഗവണ്‍മെന്റ് ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഏകാംഗ ട്രൈബ്യൂണലിനെയോ, ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള അധ്യക്ഷനും അതേ പദവിയോ സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടറി തസ്തിക വഹിച്ചിട്ടുള്ളതോ ആയ മറ്റു രണ്ട് അംഗങ്ങളുമുള്ള മൂന്നംഗ ട്രൈബ്യൂണലിനെയോ നിയമിക്കണം. ട്രൈബ്യൂണലിന്റെ തീര്‍പ്പ് അന്തിമമായിരിക്കും.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ എന്ന ഇടതുസഹയാത്രികനായ നിയമജ്ഞന്റെ അധ്യക്ഷതയില്‍ 2009ല്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപപ്പെടുത്തിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലുമായി താരതമ്യം ചെയ്താല്‍ പ്രഥമ
ദൃഷ്ട്യാ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മീഷന്റെ പരിഷ്‌കരിച്ച കരട് ബില്ല് വളരെ പതം വന്ന പതിപ്പാണ്. സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച് ചട്ടങ്ങളും നടപടിക്രമങ്ങളും ആവിഷ്‌കരിച്ച് ഉടന്‍ നടപ്പാക്കാവുന്ന പരുവത്തിലാകുമ്പോഴേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ.
പ്രാഥമിക വിലയിരുത്തലില്‍, കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെയും സമുദായത്തിന്റെയും ഉന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസി സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഗവണ്‍മെന്റ് ട്രൈബ്യൂണല്‍ പോലുള്ള ബാഹ്യ ഇടപെടല്‍ സ്വീകാര്യമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ കൂടി ഉള്‍പ്പെടുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) വിശദമായ ചര്‍ച്ചകള്‍ക്കുശേഷം നിലപാടു വ്യക്തമാക്കുമെന്നും വേണ്ടിവന്നാല്‍ ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും അധ്യക്ഷനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അറിയിച്ചിട്ടുണ്ട്.
പൊതുവായ ക്രമസമാധാനം, സന്മാര്‍ഗം, ആരോഗ്യം എന്നിവയ്ക്കു ഭംഗം വരാത്തവണ്ണം മതപരമായ കാര്യനിര്‍വഹണത്തിന് ഇന്ത്യന്‍ ഭരണഘടനയുടെ 26-ാം അനുഛേദം എല്ലാ മതവിഭാഗങ്ങള്‍ക്കും ബന്ധപ്പെട്ട സമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. മതപരവും ആതുരശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി സ്ഥാപനങ്ങള്‍ നടത്താനും, മതത്തിന്റെ കാര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനും, സ്ഥാവരജംഗമസ്വത്തുക്കള്‍ ആര്‍ജിക്കാനും കൈവശം വയ്ക്കാനും, നിയമാനുസൃതം ആ വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യനിര്‍വഹണം നിറവേറ്റാനും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നാണ് ഇതിന്റെ നാല് ഉപവാക്യങ്ങളില്‍ പറയുന്നത്. ഇതില്‍ 26ഡിയില്‍ സൂചിപ്പിക്കുന്ന ‘നിയമാനുസൃതം’ എന്ന ഉപാധിയാണ് കരടുബില്ലില്‍ എടുത്തുകാട്ടുന്നത്.
പൊതു ക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവ സംബന്ധിച്ച പരാതിയില്ലെങ്കില്‍ മതപരമായ കാര്യങ്ങളില്‍ ഒരു തരത്തിലുമുള്ള ഇടപെടലും പാടില്ലെന്നാണ് ഭരണഘടനയുടെ 25-30 അനുഛേദങ്ങളിലെ വിവക്ഷ. മതസ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടനയുടെ മൗലിക സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിനു പോലും അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യത, ജനാധിപത്യ മൂല്യം, കാര്യക്ഷമത, പുരോഗമനചിന്ത തുടങ്ങിയ വാദങ്ങളൊന്നും ഇക്കാര്യത്തില്‍ വിലപ്പോവില്ല.
രജിസ്‌ട്രേഷന്‍, നികുതി, വസ്തുകൈമാറ്റം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ സിവില്‍ നിയമവ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ടാണ് സഭാവിഭാഗങ്ങള്‍ സ്വത്തുക്കളും ആസ്തികളും കൈകാര്യം ചെയ്യുന്നത്. ട്രസ്റ്റുകള്‍ക്കും റിലീജിയസ് എന്‍ഡോവ്‌മെന്റിനും സംഘങ്ങള്‍ക്കുമെല്ലാം പ്രാദേശിക നിയമങ്ങളെല്ലാം ബാധകമാണ്. ലത്തീന്‍ സഭയുടെ കാര്യത്തില്‍ വിശേഷിച്ച് സഭയുടെയും സഭാസ്ഥാപനങ്ങളുടെയും സ്വത്തും വസ്തുവകകളും എപ്രകാരം കൈകാര്യം ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സുവ്യക്തമായ ചട്ടങ്ങളിലൂടെ ക്രമീകരിക്കപ്പെട്ട കാനന്‍ നിയമാവലിയുമുണ്ട്. പാരിഷ് കൗണ്‍സില്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, വൈദിക ആലോചന സമിതി, രൂപതാ ട്രൈബ്യൂണല്‍ എന്നിങ്ങനെ ഇടവക തലം മുതല്‍ രൂപതാ തലം വരെ വ്യവസ്ഥാപിതമായ ഭരണനിര്‍വഹണ സംവിധാനം നിലവിലുണ്ട്. ഇടവകയുടെയോ രൂപതയുടെയോ സഭാസ്ഥാപനങ്ങളുടെയോ വസ്തുവകകളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ ഭൗതിക കാര്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ആര്‍ബിട്രേഷന്‍ സംവിധാനവും രൂപതാ കച്ചേരികളിലുണ്ട്. രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തിനു വിധേയമായി തന്നെ രാജ്യാന്തര സഭാനിയമ വ്യവസ്ഥകളുടെ മാര്‍ഗരേഖ കൂടി അടിസ്ഥാനമാക്കിയാണ് അല്മായര്‍ക്കും പങ്കാളിത്തമുള്ള സഭാസംവിധാനം നിലനില്‍ക്കുന്നത്.
ക്രൈസ്തവ മതമേലധ്യക്ഷന്മാരും പൗരോഹിത്യശ്രേണിയും ഏകപക്ഷീയമായി സഭയുടെ സ്വത്തുക്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നു, വന്‍ സാമ്പത്തിക അഴിമതി നടത്തുന്നു എന്നും മറ്റുമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മതസ്പര്‍ധയും സാമുദായിക വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള ടിപ്പണി കരടുബില്ലില്‍ തെളിഞ്ഞുകാണാനാകും. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തി വ്യവസ്ഥാപിത ഭരണസംവിധാനത്തെ താറുമാറാക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ് ട്രൈബ്യൂണല്‍ നിയമനത്തിനുള്ള നിര്‍ദേശം. ”പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച, വിശുദ്ധഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന, ദൈവത്തിന്റെ ഏകപുത്രനായി യേശുക്രിസ്തുവിനെ അംഗീകരിക്കുന്ന ആള്‍” എന്ന ക്രിസ്ത്യാനിയുടെ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇടവക വികാരിക്കും രൂപതാ മെത്രാനുമെതിരെ ആര്‍ക്കുവേണമെങ്കിലും ഈ സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിക്കാം. വിശ്വാസിയുടെയും വിഘടനവാദിയുടെയും നിര്‍വചനം എന്തായാലും സഭകള്‍ നിയമവ്യവഹാരത്തിന്റെ ഊരാക്കുടുക്കില്‍ അകപ്പെട്ട്, വിവാദങ്ങളിലും തര്‍ക്കങ്ങളിലും സംഘര്‍ഷത്തിലും ഉലഞ്ഞ് ശിഥിലമാകും എന്ന് കണക്കുകൂട്ടുന്നവരുമുണ്ടായേക്കാം.
ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കും മറ്റും വിദേശത്തു നിന്നുള്ള സംഭാവനകള്‍ എത്തുന്നതു നിരീക്ഷിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര തലത്തിലുള്ള ശാക്തീകരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണിടാനും ശ്രമമുണ്ട്. ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ്, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എന്നിവയ്ക്കു സമാനമായി ക്രൈസ്തവ വിഭാഗങ്ങളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് പൊതുസംവിധാനം ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്നവര്‍ അവയുടെ ചരിത്രപശ്ചാത്തലം ആദ്യം വായിച്ചുപഠിക്കട്ടെ.


Related Articles

പാവങ്ങളുടെ മാലാഖ

2021 സെപ്റ്റംബര്‍ 23-ാം തീയതി അന്തരിച്ച ഫാ. മൈക്കിള്‍ തലക്കെട്ടിയെ അനുസ്മരിക്കുന്നു വരാപ്പുഴ അതിരൂപതയുടെ അനര്‍ഘ നിധിയായിരുന്ന വൈദികന്‍, മൈക്കിള്‍ തലക്കെട്ടിയച്ചന്റെ സ്മരണകള്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമം.

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*