വിശ്വാസ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍

ഓരോ നെല്‍മണിയിലും എഴുതപ്പെട്ടിട്ടുണ്ട് അത് ആര് ഭക്ഷിക്കണമെന്ന്. മനോഹരമായ ഈ വരികള്‍ എഴുതിയതാരാണ്? ആരു തന്നെയായാലും ജോസഫ് റാറ്റ്സിങ്ങറുടെ ജീവിതപാതയില് സുവര്ണലിപികള്കൊണ്ടെഴുതിയ ഈ വാക്കുകള്‍ മാഞ്ഞുപോകാതെ തെളിഞ്ഞുകിടപ്പുണ്ട്. പ്രാര്‍ഥനയുടെയും വിശ്വാസസംരക്ഷണത്തിന്റെയും ശക്തമായ പാതയില്‍ ഏകാന്തപഥികനായി നടന്നു നീങ്ങുന്ന ഈ ദൈവശാസ്ത്രകാരന്റെ കാലടികള്‍ക്കു മുന്നില്‍ മേലുദ്ധരിച്ച കവിതയുടെ ഉള്ളടക്കം ഏവര്‍ക്കും വായിക്കാം. അനുവാദത്തിനു കാത്തുനില്‍ക്കാതെ തീരംതേടിയടുക്കുന്ന കടല്‍ത്തിരകള്‍പോലെ ജോസഫ് റാറ്റ്സിങ്ങര്‍ എന്ന ഗുരുശ്രേഷ്ഠന്റെ ഓര്‍മകള്‍ എന്റെ മനസിന്റെ ഉള്ളറകളിലേക്ക് ആഞ്ഞടിക്കുന്നു.
കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ കേവലം 33 ദിവസങ്ങള്‍ മാത്രം പാപ്പയായിരുന്ന ജോണ്‍പോള്‍ ഒന്നാമന്റെ ആകസ്മിക മരണത്തിനുശേഷം ജോണ്‍പോള്‍ രണ്ടാമന് എന്ന നാമധേയത്തില്‍ പാപ്പ ആയത് പോളണ്ടുകാരനായ കര്‍ദിനാള്‍ കരോള്‍ ജോസഫ് വൊയ്റ്റിലയാണ്. പുഞ്ചിരിക്കുന്ന പാപ്പയെന്നാണ് എളിമയുടെ മനുഷ്യരൂപമായ ജോണ്‍പോള്‍ ഒന്നാമന് അറിയപ്പെട്ടിരുന്നത്. ആ പുണ്യാത്മാവിന്റെ നാമധേയത്തിന് തുടര്‍ച്ച ലഭിക്കാന്‍ കൂടിയാണ് കരോള്‍ വൊയ്റ്റില ജോണ്‍പോള്‍ രണ്ടാമന് എന്ന ശ്ലൈഹികനാമം സ്വീകരിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ സഭയുടെ സാരഥ്യം വഹിച്ച ആഡ്രിയാന്‍ ആറാമന്‍ പാപ്പയ്ക്കുശേഷം ഉണ്ടായ ആദ്യത്തെ അനിറ്റാലിയനായ പാപ്പാ. പയസ് ഒമ്പതാമന്‍ പാപ്പയ്ക്കുശേഷം (32 വര്‍ഷങ്ങള്‍) കത്തോലിക്കാസഭയെ ഏറ്റവും കൂടുതല്‍കാലം (27 വര്‍ഷങ്ങള്‍) നയിച്ച പാപ്പ. 38-ാമത്തെ വയസിലാണ് കരോള്‍ വൊയ്റ്റില ക്രാക്കൗവിലെ സഹായമെത്രാനാകുന്നത്. പിന്നീട് 44-ാമത്തെ വയസില്‍ ക്രാക്കൗവിലെ ആര്‍ച്ച്ബിഷപ്പും കര്‍ദിനാളും 58-ാമത്തെ വയസില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനുമായി.
പ്രശ്നകലുഷിതമായ ഒരു കാലഘട്ടത്തിലാണു സഭാ നൗകയെ നയിക്കാനായി ജോണ്‍ പോള്‍ രണ്ടാമന് നിയോഗിക്കപ്പെട്ടത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വികലമായ ദൈവശാസ്ത്ര ചിന്തകളെ നിയന്ത്രിക്കുവാനും സഭയിലെ പുരോഗമനവാദികള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുവാനും പരിശുദ്ധ പിതാവ് ഏറെ പണിപ്പെട്ടു. തത്വത്തില്‍ ഒരു ദൈവശാസ്ത്ര പണ്ഡിതനല്ലായിരുന്ന ജോണ്‍പോള്‍ രണ്ടാമന് സഭയെ ആഗോളമായി ബാധിച്ചിരുന്ന വിശ്വാസത്തിന്റെ ശാക്തീകരണത്തിന് പ്രാപ്തനായ ഒരു സഹായിയെ ആവശ്യമായി വന്നു. സ്വതവേ ലളിതഹൃദയനും ശാന്തനും വിശുദ്ധനുമായിരുന്ന ജോണ്‍പോള്‍ രണ്ടാമന് പാപ്പ കത്തോലിക്കാസഭയുടെ വെല്ലുവിളിയായി നിന്ന നിരവധി ദൈവശാസ്ത്രപരമായ തെറ്റിദ്ധാരണകളെ അകറ്റുവാനും അവയ്ക്ക് സമുചിതമായ ഉത്തരങ്ങള്‍ നല്കുവാനും കണ്ടുപിടിച്ച വിശ്വസ്ത വ്യക്തിയായിരുന്നു കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍. ദൈവവചനത്തിലും ആരാധനക്രമങ്ങളിലും സഭാപിതാക്കന്മാരുടെ പഠനങ്ങളിലും അടിസ്ഥാനമിടുന്നതായിരുന്നു റാറ്റ്സിങ്ങറുടെ പ്രഘോഷണ ശൈലി. അങ്ങനെ ജോണ്‍പോള്‍ രണ്ടാമന് പാപ്പായുടെ ഗൗരവമേറിയ ദൈവശാസ്ത്രപരമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ തലച്ചോറായി വര്‍ത്തിക്കാന്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറെ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. 1981 നവംബര്‍ 25ന് പാപ്പ അദ്ദേഹത്തെ വിശ്വാസതിരുസംഘം, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന് എന്നീ സുപ്രധാന തസ്തികകളുടെ അധ്യക്ഷനായി നിയമിച്ചു.
മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായി നാലു വര്‍ഷക്കാലം തന്റെ അജപാലന ദൗത്യം സ്തുത്യര്ഹായി കാഴ്ചവച്ച കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍ 1981ല്‍ വത്തിക്കാനിലേക്ക് യാത്രയായി. അന്ന് റോമിലേക്ക് പോകുവാനായി മ്യൂണിക്കിലെ വിമാനത്താവളത്തിലെത്തിയ കര്‍ദിനാള്‍ റാറ്റ്സിങ്ങറെ യാത്രയാക്കാനായി ബവേറിയന്‍ മന്ത്രിമാരുടെ സമീപം നിന്നിരുന്ന റാറ്റ്സിങ്ങര്‍ സഹോദരങ്ങളുടെ പിന്നില്‍ ഈ എളിയവനും സ്ഥാനം ലഭിച്ചു. സ്നേഹം കൊണ്ടും കൃപകൊണ്ടും ഈയുള്ളവന്റെ മനസിനെയും ജീവിതത്തെയും സമ്പന്നമാക്കിയ യോഗീവര്യന്റെ യാത്രയയപ്പ് എന്നെ ഏറെ ദു:ഖിപ്പിച്ചു. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഓടിക്കയറിച്ചെല്ലാന് ഇനി അരമനയില്‍ റാറ്റ്സിങ്ങര്‍ പിതാവില്ല. ഒന്നു കാണണമെങ്കില്‍ വത്തിക്കാനില്‍ ചെല്ലണം. അങ്ങനെ ഞാന്‍ പിന്നീട് വത്തിക്കാനില്ച്ചെന്നത് മെഡിക്കല്‍ ഗ്രാജുവേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് പിതാവിനെ കാണിക്കുവാനാണ്. പിതാവ് നല്കിയ സ്കോളര്‍ഷിപ്പ് കൊണ്ടല്ലേ എനിക്ക് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആയശേഷം കര്‍ദിനാള്‍ റാറ്റ്സിങ്ങറുടെ ആദ്യത്തെ ഉദ്യമം 1980കളില്‍ പ്രബലമായിക്കൊണ്ടിരുന്ന വിമോചന ദൈവശാസ്ത്രത്തിനെതിരെ (ലിബറേഷന്‍ തിയോളജി) സഭയുടെ നിലപാട് ശക്തമാക്കുകയെന്നതായിരുന്നു. മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിലെ വിമോചനം എന്ന സങ്കീര്‍ണമായ വാക്കിന് അദ്ദേഹം ക്രിസ്തീയതലത്തില് സമുചിതമായ പുനര്‍നിര്‍വചനം നല്കി. പിന്നീട് തൊണ്ണൂറുകളില്‍ പൊന്തിവന്ന ആപേക്ഷിക സിദ്ധാന്തത്തെ (റിലേറ്റിവിസം)സഭയുടെ അടിസ്ഥാനത്തില്‍ പുനര്നിര്ണയിക്കുകയെന്നതായിരുന്നു അടുത്ത ദൗത്യം. പരമമായ സത്യം എന്നൊന്നില്ല എന്നു വാദിച്ചവരോട്, സത്യം നിലനില്ക്കുന്നു എന്ന് അദ്ദേഹം അടിസ്ഥാനപരമായി സ്ഥാപിച്ചു. റാറ്റ്സിങ്ങര്‍ എപ്പോഴും ഏറ്റവും പ്രാധാന്യം നല്കി സംരക്ഷിച്ചുകൊണ്ടിരുന്നത് കത്തോലിക്കാസഭയുടെ ആരാധനാക്രമം അഥവാ ലിറ്റര്‍ജിയുടെ പുന:പ്രതിഷ്ഠയായിരുന്നു. ദൈവാരാധനാക്രമങ്ങളെപ്പറ്റി പലയിടത്തുനിന്നും ഉണ്ടായ തെറ്റായ പരാമര്‍ശങ്ങളെ അദ്ദേഹം ശക്തിയുക്തം പിഴുതെറിഞ്ഞു.
വിമോചന ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായ ജര്‍മ്മന്‍ തത്വചിന്തകര്‍ മ്യൂണിക്കിലെ യോഹാന്‍ ബാപ്
റ്റിസ്റ്റ് മെറ്റ്സും റ്റ്വീബിങ്ങനിലെ യുര്‍ഗന്‍ മോള്ട്ട്മാനും തുടങ്ങിവച്ച സഭാവിമര്ശനങ്ങളെ പ്രതിരോധിക്കാന്‍ റാറ്റ്സിങ്ങര്‍ പ്രബന്ധങ്ങളെഴുതി. മാര്‍ക്സിസത്തില്‍ നിന്നും വിപ്ലവാശയങ്ങള്‍ സ്വീകരിച്ച് ക്രിസ്തീയ വിശ്വാസത്തെ വികലമാക്കാന്‍ ശ്രമിച്ചവരില്‍ നിന്നും സഭയെ അദ്ദേഹം പരിരക്ഷിച്ചു.
ആരാധനാക്രമത്തിന്റെ ഔന്നത്യവും പ്രബുദ്ധതയും ചരിത്രത്തെയും കാലത്തെയും അതിജീവിക്കുന്ന ശ്രേഷ്ഠതയും പുനര്‍വ്യാഖ്യാനം ചെയ്യുന്നതിനും അത് സഭയുടെയും ക്രിസ്തീയ ജീവിതത്തിന്റെയും കേന്ദ്രബിന്ദുവാകാന്‍ സഹായിക്കുന്നതിനും റാറ്റ്സിങ്ങര്‍ രചിച്ച കൃതിയാണ് ‘ആരാധനക്രമത്തിന്റെ ആത്മാവ്’. സഭയുടെ നവീകരണവും പരമമായ ശുദ്ധീകരണവും നടക്കേണ്ടത് ആരാധനാക്രമത്തിലൂടെയാണെന്ന് റാറ്റ്സിങ്ങര്‍ അടിവരയിട്ടു പറഞ്ഞു. ആരാധനാക്രമത്തിന്റെ സ്വയം പ്രേരിതമല്ലാത്തഭാവം സംരക്ഷിക്കപ്പെടണമെന്നും അല്ലാതെ വന്നാല്‍ അത് ദൈവാരാധനയെക്കാള്‍ മനുഷ്യനിര്‍മിതമായ മനുഷ്യാരാധനയായിത്തീരുമെന്നും റാറ്റ്സിങ്ങര്‍ പ്രസ്താവിച്ചു.
സ്വവര്‍ഗ്ഗരതി, ഗര്‍ഭച്ഛിദ്രം, ഗര്‍ഭനിരോധനം, സ്ത്രീപൗരോഹിത്യം തുടങ്ങിയവയ്ക്കെതിരായി ശക്തമായ നിലപാട് റാറ്റ്സിങ്ങര്‍ എടുത്തിരുന്നു. ഇവ സഭ അംഗീകരിക്കണമെന്നു വാദിച്ചുകൊണ്ട് വന്നിരുന്ന എല്ലാ മെമ്മോറാണ്ടങ്ങളും പരിശുദ്ധ പിതാവിന്റെ അനുവാദത്തോടെ അദ്ദേഹം തള്ളിക്കളഞ്ഞു. കര്‍ക്കശമായ തീരുമാനങ്ങളും മതാനുഷ്ഠാനങ്ങളും മൂലമല്ലേ ധാരാളം ആളുകള്‍ സഭവിട്ടുപോകുന്നത് എന്ന ചോദ്യത്തിന് 2000ത്തില്‍പ്പരം വര്‍ഷങ്ങളായി സഭയെപ്പോലെ കെട്ടുറപ്പോടെ നിലനില്‍ക്കുന്ന മറ്റേതെങ്കിലും സംഘടനയോ പ്രസ്ഥാനമോ ഒന്നും തന്നെയില്ലെന്നും സഭയുടെ നിലനില്‍പ്പിന്റെ ആവശ്യം തന്നെ കര്‍ക്കശമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നുമായിരുന്നു റാറ്റ്സിങ്ങറുടെ മറുപടി. കത്തോലിക്കാവിശ്വാസം സംരക്ഷിക്കുന്ന തികഞ്ഞ യഥാസ്ഥിതികനും പുരോഗമനവാദിയും ആയിരുന്നു റാറ്റ്സിങ്ങര്‍. കത്തോലിക്കാസഭയ്ക്ക് കോട്ടംതട്ടുന്ന ഒരു തീരുമാനത്തെയും വകവച്ചിരുന്നില്ല. മതാനുഷ്ഠാനങ്ങള്‍ കര്ക്കശമായതിന്റെ പേരില്‍ സഭവിട്ടുപോകുന്നവര് പൊയ്ക്കൊള്ളട്ടെ എന്ന മന:സ്ഥിതിക്കാരനായിരുന്നു അദ്ദേഹം. നൂറുപേര് സഭയില്‍ നിന്നും വിട്ടുപോയാല്‍ ആയിരം പേര് മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നും സഭയിലേക്ക് തിരിച്ചുവരും എന്നാണ് അദ്ദേഹം പറഞ്ഞുവന്നത്.

Dr. George Thayil at the Ratzinger family tomb
വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്റ്റ് എന്ന നിലയില്‍ തനിക്കാവുന്നതെല്ലാം ചെയ്തശേഷം റേഗന്സ്ബുര്ഗിലേക്കു മടങ്ങണമെന്നും പെന്റ്ലിങ്ങിലെ സ്വവസതിയില്‍ പ്രാര്‍ഥനയും വായനയും എഴുത്തുമായി ഒതുങ്ങിക്കുടണമെന്നും കര്‍ദിനാള്‍ റാറ്റ്സിങ്ങര്ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. ഏറെ സ്നേഹിക്കുന്ന വയോധികനായ ജ്യേഷ്ഠന് ജോര്‍ജ് റാറ്റ്സിങ്ങറോടൊപ്പം ശിഷ്ടകാലം താമസിക്കണം എന്ന് അദ്ദേഹം മനംനൊന്ത് ആഗ്രഹിച്ചിരുന്നു. ഏകസഹോദരി മരിയ 1991ല്‍ റേഗന്‍സ്ബുര്‍ഗില്‍ വച്ച് മരിച്ചതും സീഗെറ്റ്സ്ഡോര്ഫ് സെമിത്തേരിയില്‍ മാതാപിതാക്കളോടൊപ്പം അടക്കം ചെയ്യപ്പെട്ടതും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. സംസ്ക്കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ വത്തിക്കാനിലെ ഭാരിച്ച ജോലികള്‍ക്കിടയില്‍ സാധിച്ചില്ല. റാറ്റ്സിങ്ങറെ ഏറെ വേദനിപ്പിച്ച സംഭവങ്ങളായിരുന്നു അവ. പെന്റ്ലിങ്ങിനടുത്തുള്ള സീഗെറ്റ്സ് ഡോര്‍ഫ് ഗ്രാമത്തിലെ പള്ളിസെമിത്തേരിയില്‍ മാതാപിതാക്കളെയും സഹോദരി മരിയയേയും അടക്കം ചെയ്ത കല്ലറയില്പ്പോയി കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍ എപ്പോഴും പ്രാര്‍ഥിച്ചിരുന്നു. തന്റെ കടമകളില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നും റേഗന്സ്ബുര്ഗിലേക്ക് തിരിച്ചു പോകാന്‍ അനുവദിക്കണമെന്നും കര്‍ദിനാള്‍ റാറ്റ്സിങ്ങര്‍ ജോണ്‍പോള്‍ രണ്ടാമന് പാപ്പായോട് പലവട്ടം ചോദിച്ചു. എന്നാല്‍ പരിശുദ്ധ പിതാവ് അതിനനുവാദം കൊടുക്കാതിരിക്കുക മാത്രമല്ല റാറ്റ്സിങ്ങറുടെ സേവനം തുടര്‍ന്നും വത്തിക്കാനില്‍ ആവശ്യമുണ്ടെന്ന് കര്‍ക്കശമായി പറയുകകൂടി ചെയ്തു. ജോണ്‍പോള്‍ രണ്ടാമന്റെ ആരോഗ്യനില ഏറെ വഷളായിക്കഴിഞ്ഞപ്പോള് വത്തിക്കാനില്‍ ചുമതലകള്‍ ഏറിയിരുന്നു. പുതിയ പാപ്പായെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ എല്ലാ ചുമതലകളും മറ്റൊരാളെ ഏല്‍പ്പിച്ച് ജന്മനാട്ടിലേക്കു തിരിച്ചുപോകണമെന്ന് റാറ്റ്സിങ്ങര്‍ ആശിച്ചു.
എന്നാല്‍ ദൈവതീരുമാനത്തിന്റെ മൂശയില്‍ റാറ്റ്സിങ്ങറുടെ സ്വപ്നങ്ങളെ ചൂഴ്ന്നു നിന്ന മഹാനിശബ്ദതയ്ക്ക് തികച്ചും നാടകീയമായ മറ്റൊരു രൂപപരിവര്ത്തനമുണ്ടായി. ലോകം വിസ്മയത്തോടെ സാകൂതം അതു നോക്കി നിന്നു (തുടരും)
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം
വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന് ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ
തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം.
മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടം -ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് പോറലേല്‍ക്കാതെ പരസ്പര സൗഹാര്‍ദ്ദത്തോടെ പൊതുനന്മക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു.