വിശ്വാസ സ്വാതന്ത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍

ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന രേഖാശര്‍മ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി. ക്രൈസ്തവ വിശ്വാസാനുഭവത്തിന്റെ ഭാഗമായ കുമ്പസാരം എന്ന കൂദാശ നിരോധിക്കണം എന്ന നിര്‍ദേശം ക്രൈസ്തവ ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവും കടന്നുകയറ്റവും തന്നെ. കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം നടത്തിയ പത്രസമ്മേളനത്തില്‍ വളരെ കൃത്യതയോടെ ചില കാര്യങ്ങള്‍ പറഞ്ഞു. ദേശീയ വനിതാകമ്മീഷന്റെ അധ്യക്ഷ പദവിയിലിരിക്കുന്ന വ്യക്തി, തന്റെ അധികാരസീമകളെ ലംഘിക്കുന്നുവെന്നും, ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും ആരാധനാസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആസൂത്രിതമായ ചില അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ളതാണോ വനിതാ കമ്മീഷന്റെ പ്രസ്തുത നിര്‍ദേശമെന്ന സന്ദേഹവും ആര്‍ച്ച്ബിഷപ് പ്രകടിപ്പിച്ചു. ഈ സന്ദേഹത്തില്‍ കഴമ്പില്ലാതില്ല. ഒരു പക്ഷേ, അത് യാഥാര്‍ഥ്യത്തോട് കുറെക്കൂടി അടുത്തുനില്ക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക സ്പന്ദനങ്ങള്‍ പരിശോധിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കത്തെ പഠിക്കുന്ന ആര്‍ക്കും ഈ സന്ദേഹം അടിസ്ഥാനമില്ലാത്തതെന്ന് തള്ളിക്കളയാനാകില്ല. കൃത്യമായ ആസൂത്രണത്തോടെ കാര്യങ്ങള്‍ നടപ്പാക്കുന്ന ചില അജണ്ടകളെങ്കിലും ദുരുദ്ദേശ്യത്തോടെ പൊതുബോധത്തിലേക്ക് കടത്തിവിടുന്ന നടപടികള്‍ നാടുഭരിക്കുന്ന പാര്‍ട്ടിയുടെ പോഷകസംഘടനകള്‍, ഭരണകര്‍ത്താക്കളുടെ മൗനാനുവാദത്തോടേയും ചിലപ്പോഴെങ്കിലും പ്രത്യക്ഷമായിത്തന്നെയും നടത്തിവരുന്നുണ്ട്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭരണം നാലാം വര്‍ഷം കടക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതവും നിലനില്പും അരക്ഷിതമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായും ദൃശ്യമാണ്.
രേഖാ ശര്‍മയുടെ നിര്‍ദേശം ഭരണഘടനാപരമായി നടപ്പിലാക്കാനാകില്ലെന്ന്, നിര്‍ദേശിക്കുന്ന അവര്‍ക്കു തന്നെ നിശ്ചയമുള്ളതാണ്. എന്നിട്ടും രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ഒരു സമൂഹത്തെ രാഷ്ട്രത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കാന്‍, അവര്‍ പാവനമെന്നു കരുതുന്ന മതാനുഭവത്തിന്റെ അടയാളത്തെ അവരുടെ ആരാധനാജീവിതത്തെ, അപമാനിക്കാന്‍ ഈ നിര്‍ദേശവും കൂടി ചേര്‍ത്തു നല്‍കുന്നതിന്റെ പിന്നില്‍ എന്തെല്ലാം ഉദ്ദേശങ്ങളായിരിക്കാം ഒളിഞ്ഞിരിക്കുന്നത്? ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തിക്കും സമൂഹത്തിനും അവര്‍ തിരഞ്ഞെടുക്കുന്ന മതാനുഭവം പിന്തുടരാനും പ്രഘോഷിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്യം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭരണഘടന അതിനുള്ള പിന്തുണ നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 25, 26 എന്നിവയുടെ പ്രകാശം ഭാരതത്തിന്റെ പൊതുബോധം പിന്തുടരുന്ന നാനാത്വത്തിലെ ഏകത്വത്തിന്റെ ഉന്നതമായ ദര്‍ശനത്തില്‍ നിന്നാണ് പ്രസരിക്കുന്നത്. ഇവയുടെ നടപ്പാക്കലില്‍ നീതിനിര്‍വഹണ വ്യവസ്ഥയ്ക്ക് ഇടപടാനാകുന്ന സന്ദര്‍ഭങ്ങളെപ്പറ്റിയും ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷക്ക് ഇവയെക്കുറിച്ച് ധാരണയില്ലായെന്ന് കരുതാന്‍ വയ്യ. ചരിത്രത്തിലും രാഷ്ട്രമീമാസയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഉന്നത വിദ്യാഭ്യാസം ആര്‍ജിച്ച ഒരാള്‍ക്ക് അനുയോജ്യമല്ലാത്തവിധം അജ്ഞത നടിക്കുന്നത് ചില നയങ്ങള്‍ നടപ്പിലാക്കാന്‍ തന്നെയായിരിക്കണം.
കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ ശ്രമിച്ച് വിജയിച്ച രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ‘സ്ട്രാറ്റജികള്‍’ ഇന്ത്യയില്‍ മുഴുവനായി നടപ്പിലാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട് നാടു ഭരിക്കുന്ന പാര്‍ട്ടി. ഭാരതീയ ജനതാപാര്‍ട്ടിയുടെ ധിഷണയായി വര്‍ത്തിക്കുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘടനയാണെന്ന യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തം. രാഷ്ട്രീയപ്പാര്ട്ടിയല്ലായെന്നും സാംസ്കാരികമായി കൂടിച്ചേരുന്ന സംഘം മാത്രമാണെന്നും സ്വയം സേവക് അവകാശപ്പെടുന്നു. അത് ആരംഭഘട്ടം മുതലേയുള്ള അവകാശവാദവുമാണ്. നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നു. (സാന്ദര്‍ഭികമായി പറയട്ടെ-ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്തെ എതിര്‍ത്തുവെന്ന് അവകാശപ്പെടുന്ന, അക്കാലത്ത് സംഘടന നിരോധിക്കപ്പെട്ടു എന്നു വീമ്പിളക്കുന്ന നേതാക്കള്‍ ജയിലിലടക്കപ്പെട്ടുവെന്ന് മേനിനടിക്കുന്ന ആര്‍എസ്എസ് എല്ലാ വര്‍ഷവും അടിയന്തരാവസ്ഥയ്ക്കെതിരെ റാലി നടത്തുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന സംഘടന, അതിന്റെ അക്കാലത്തെ നേതാക്കള്‍ ഇന്ദിരയ്ക്കും ജയ്പ്രകാശ് നാരായണനും വിനോബ ഭാവെയ്ക്കും അയച്ച കത്തുകള്‍ ഒന്നുകൂടി വായിക്കുന്നത് നല്ലതാണ്. അത് ചരിത്രത്തിന്റെ ഭാഗമായി ഇന്ന് ലഭ്യമാണ്. ഇപ്പോള്‍ വായിച്ചില്ലെങ്കില്‍ ഇനി വായിക്കാനൊത്തു എന്ന് വരില്ല. കാരണം, ചരിത്രം തിരുത്തപ്പെടുകയാണല്ലോ?!! പറഞ്ഞുവന്നത്, ഈ കത്തുകളിലുടനീളം ഇന്ദിരയെയും അടിയന്തിരാവസ്ഥയെയും പുകഴ്ത്തുന്ന സംഘടനാ നേതാക്കള്‍ തങ്ങള്‍ക്ക് രാഷ്ട്രീയമേയില്ലായെന്ന് ആണയിടുന്നുണ്ട്. മാപ്പ് ചോദിക്കുന്നുണ്ട്. ഈ അവകാശവാദം വിശ്വസിച്ചതുകൊണ്ടാണോ എന്തോ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി നാഗ്പൂരിലെത്തി ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത്. തൊലിപ്പുറത്ത് ഒന്നമര്ത്തിച്ചുരണ്ടിയാല് തെളിയാവുന്നതേയുള്ളൂ പലരുടെയും പൂച്ച് എന്ന് കാലം തെളിയിക്കുന്നുണ്ട്!) രാഷ്ട്രീയ ശക്തിയുടെ പിന്തുണയില്ലാതെ തങ്ങളുടെ ആശയസംഹിത നടപ്പാക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് തുടക്കം മുതലേ സ്വയം സേവക് സംഘത്തിന് ധാരണയുണ്ടായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ജന്തു ശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിനായി നാഗ്പൂരിലെത്തുമ്പോള്‍ എം. എസ് ഗോള്‍വാള്‍ക്കര്‍ എന്ന ആര്‍എസ്എസിന്റെ ആചാര്യന് കൃത്യമായ രാഷ്ട്രീയബോധം കൈവന്നിരുന്നു. സ്വയം സേവക് സംഘത്തിന്റെ സ്ഥാപകന്‍, നാഗ്പൂരുകാരന്‍ ഭിഷഗ്വരന് കെ. ബി ഹെഡ്ഗെവാറിനെ കണ്ടുമുട്ടുമ്പോള്‍ ഈ ആശയം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 1931ല്‍ ഹെഡ്ഗെവാറിന്റെ കാല്‍ച്ചുവട്ടിലിരുന്ന് ആര്‍എസ്എസ് എന്ന സംഘടനയുടെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ഗോള്‍വാള്‍ക്കര്‍ എന്ന ചെറുപ്പക്കാരന് നിസാരക്കാരനായിരുന്നില്ല. ശാസ്ത്രത്തിലും ഹിന്ദുപാരമ്പര്യഗ്രന്ഥങ്ങളിലും പരിജ്ഞാനവും സംസ്കൃതം ബംഗാളി, മറാഠി, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യവും നേടിയിരുന്നു അദ്ദേഹം. കൂട്ടത്തില്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സാധ്യതകളിലൊന്നായ മത-രാഷ്ട്ര വ്യാഖ്യാനത്തിന്റെ ചൂരും വിഷവും ആവേശവും. ഹെഡ് ഗൊവാറിന്റെ ചിന്തകളെ അദ്ദേഹം പോലും നിനച്ചിരിക്കാനിടയില്ലാത്ത ചക്രവാളങ്ങളിലേക്ക് ഗോള്‍വാള്‍ക്കര്‍ വികസിപ്പിച്ചു. അന്നു തൊട്ട് ഇന്നു വരെ രാഷ്ട്രത്തെപ്പറ്റിയുള്ള മതവ്യാഖ്യാന സങ്കല്പ്പങ്ങളില് നിന്ന് ഈ സംഘടന പിന്നോട്ടു പോയിട്ടില്ല. 1940ല്‍ ഹെഡ്ഗെവാറിന്റെ മരണത്തിനുശേഷം സംഘിന്റെ സര്‍സംഘ് ചാലകായി, ആചാര്യസ്ഥാനമേല്ക്കുന്ന ഗോള്വാള്ക്കറിനുശേഷം വന്ന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ നിന്ന് പിന്മാറിയില്ല. മാതൃഭൂമിയെ ആരാധിക്കണം, ദേശീയ സ്വത്വവും സ്വയം ദൃഢീകരണവും കണ്ടെത്തലാണ് സംസ്ക്കാരമെന്ന ആശയം മുറുകെ പിടിക്കുന്നതിലൂടെ വൈദേശികമായ എന്തിനെയും വെറുക്കണം (സമയാസമയങ്ങളില്‍ വൈദേശിക ഫണ്ടുകള്‍ കൈപ്പറ്റുന്നതിലും, ആശയങ്ങള്‍ സ്വീകരിക്കുന്നതിലും ഈ കടുംപിടുത്തത്തിന് അയവുവരുത്തുന്നതും കാണാം), രാഷ്ട്രീയത്തിന്റെ ‘ഉള്ളിലുള്ള’ ശത്രുവിനെയും ഈ മാനദണ്ഡമനുസരിച്ച് തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യണം. ദേശീയതയുടെ സങ്കുചിത വ്യാഖ്യാനത്തിലൂടെ രൂപപ്പെടുന്ന ജൈവസമൂഹമാണ് രാഷ്ട്രം. ഇതിന് വിസമ്മതിക്കുന്നവരെല്ലാം, ആശയങ്ങളും വ്യക്തികളും ഈ രാഷ്ട്രത്തിന് പുറത്താണ്. ‘വൈവിധ്യത്തിനു നേരെയുള്ള ഗാഢമായ അവിശ്വാസം’ എന്ന് രാഷ്ട്രീയ ചിന്തകനായ ജ്യോതിര്‍മയ ശര്‍മ ഈ സങ്കല്‍പ്പങ്ങളെ ചുരുക്കിയെഴുതുന്നു. ഈ ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ രാഷ്ട്രീയ അധികാരം അനിവാര്യമാണ്.
Related
Related Articles
വത്തിക്കാന്‍ അത്ലറ്റിക് ടീം
വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്, മ്യൂസിയം ജീവനക്കാര്‍,
കെഎസ്ആർടിസി സർവീസ് നിർത്തി: ഹർത്താലിൽ നട്ടംതിരിഞ്ഞ് കേരളം
പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തില് പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ബിജെപിയും ഹര്‍ത്താലിന്
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര നവംമ്പര്‍ 5 രാവിലെ 11ന് മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍