Breaking News

വിഷം തീണ്ടാത്ത ജനകീയ ബദല്‍

വിഷം തീണ്ടാത്ത ജനകീയ ബദല്‍

ഗാന്ധിജിയുടെ ‘സത്യാന്വേഷണ പരീക്ഷണങ്ങള്‍’ നെഞ്ചോടുചേര്‍ത്തുപിടിച്ച്, സാധാരണക്കാരന്റെ പേരിലുള്ള സംശുദ്ധ രാഷ്ട്രീയ മുന്നേറ്റത്തില്‍ ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കാനുള്ള ‘ചൂലുമായി’ ദേശീയ തലസ്ഥാന മേഖല ഉള്‍പ്പെടുന്ന ഡല്‍ഹി നിയമസഭാമണ്ഡലത്തിലിറങ്ങിയ അരവിന്ദ് കേജ്‌രിവാള്‍ എന്ന മുന്‍ ആദായനികുതി ജോയിന്റ് കമ്മീഷണര്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി (ആപ്) ജനക്ഷേമ ഭരണനേട്ടത്തിന്റെ അനിഷേധ്യ പിന്‍ബലത്തോടെ വീണ്ടും അധികാരത്തിലേറുകയാണ്. ഒന്‍പതു മാസം മുന്‍പ് നടന്ന ദേശീയ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏഴു ലോക്‌സഭാസീറ്റില്‍ ഒന്നുപോലും നേടാനാവാതെ വോട്ടുവിഹിതത്തില്‍ മൂന്നാം സ്ഥാനത്തായ ആപ് 70 സീറ്റുള്ള ഡല്‍ഹി അസംബ്ലിയില്‍ 62 സീറ്റു നേടി പ്രാദേശിക തലത്തില്‍ വീണ്ടും ഉജ്വല വിജയം ആഘോഷിക്കുമ്പോള്‍ ഒരു സീറ്റുപോലും നേടാനാവാത്ത കോണ്‍ഗ്രസിനെക്കാള്‍ കനത്ത തിരിച്ചടി നേരിടുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിതന്നെയാണ്.
ജമ്മു കശ്മീര്‍ സംസ്ഥാന പുനഃസംഘടനയില്‍ നിന്നു തുടങ്ങി പൗരത്വ നിയമഭേദഗതിയില്‍ വരെ വര്‍ധിത വീര്യത്തോടെ ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കിവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എഴുപതോളം മറ്റു കേന്ദ്രമന്ത്രിമാരും 11 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും 250 എംപിമാരും ഡല്‍ഹിയില്‍ പ്രചണ്ഡമായ പ്രചാരണത്തിന് നേരിട്ടിറങ്ങിയിട്ടും ബിജെപിക്ക് നേടാനായത് എട്ടു സീറ്റു മാത്രം – 2015ലെ മൂന്നു സീറ്റില്‍ നിന്ന് അഞ്ചിന്റെ വര്‍ധന. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് അയോധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി. പൗരത്വ നിയമഭേദഗതിക്കെതിരെ യമുനാതീരത്ത് ഷഹീന്‍ബാഗില്‍ സ്റ്റേറ്റ് ഹൈവേ ഉപരോധിച്ചുകൊണ്ട് രണ്ടുമാസമായി മുസ്‌ലിം വനിതകള്‍ നടത്തിവരുന്ന ജനകീയപ്രക്ഷോഭത്തെയും ജാമിയ മിലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പ്പിനെയും മുന്‍നിര്‍ത്തി മതവികാരം ആളിപ്പടര്‍ത്തി വര്‍ഗീയ ധ്രൂവീകരണത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള സര്‍വതന്ത്രങ്ങളും ഇറക്കിയിട്ടും – തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനത്തില്‍ വിലക്കുകളുടെ ഏറ്റവും ഹീനതലങ്ങളിലേക്കു തരംതാണിട്ടും – ബിജെപിക്ക് ഡല്‍ഹിയില്‍ വിശേഷിച്ച് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മുഗള്‍വാഴ്ചയോ മോദിയോ എന്ന ചോദ്യവുമായി ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഒരുക്കിയ വര്‍ഗീയ വിദേഷത്തിന്റെ കുഴിബോംബുകളില്‍ നിന്നും രാഷ്ട്രീയകെണിയില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറിയ കേജ്‌രിവാള്‍ ബിജെപിയുടെ ഭൂരിപക്ഷ ഹിന്ദുത്വ അജന്‍ഡയെ നേരിടാതെ ഡല്‍ഹിയിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവല്‍പ്രശ്‌നങ്ങളില്‍ മാത്രം ഊന്നിക്കൊണ്ടാണ് വോട്ടര്‍മാരോട് സംവദിച്ചത്. ഷഹീന്‍ബാഗിലെ സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ പോകാതിരുന്നതും താന്‍ ഹനുമാന്‍ഭക്തനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതുമൊക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയ കൗശലമായി വ്യാഖ്യാനിക്കാം.
ജനക്ഷേമത്തിലൂന്നിയ മധ്യമാര്‍ഗമാണ് തന്റെ രാഷ്ട്രീയം എന്ന് കേജ്‌രിവാള്‍ ആവര്‍ത്തിച്ചത് ദേശീയ തലത്തിലുള്ള മോദിപ്രഭാവത്തെയോ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയോ വെല്ലുവിളിച്ചുകൊണ്ടല്ല. പൊലീസ്, ക്രമസമാധാനം, ഭൂമി തുടങ്ങിയ കാര്യങ്ങളില്‍ അധികാരമില്ലാതെ, പരിമിതവിഭവങ്ങളുമായി സംസ്ഥാനത്തെ നികുതിപ്പണത്തില്‍ നിന്ന് എത്രമാത്രം ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് ആപ് സര്‍ക്കാരിന്റെ അതുല്യ ട്രാക്ക് റെക്കോഡ്. വൈദ്യുതിവിതരണം സ്വകാര്യമേഖലയിലായിട്ടും, പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് വരെ തീര്‍ത്തും സൗജന്യമായി വൈദ്യുതി നല്‍കുന്നതോടൊപ്പം നഗരത്തിലെ ജനങ്ങളില്‍ 90 ശതമാനത്തിന് ഉപകാരപ്രദമായ സബ്‌സിഡി നിരക്ക് അനുവദിക്കാനും കഴിഞ്ഞു. 2019 ഡിസംബറിലെ കണക്കുപ്രകാരം 48 ലക്ഷം പേര്‍ക്ക് വൈദ്യുതി സബ്‌സിഡി ആനുകൂല്യം ലഭിച്ചു. ഒരു മാസം 20,000 ലിറ്റര്‍ വരെ (പ്രതിദിനം 700 ലിറ്റര്‍) കുടിവെള്ളം സൗജന്യം, ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ക്ലസ്റ്റര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര, സര്‍ക്കാര്‍ സ്‌കൂളുകളില്‍ 20,000 പുതിയ ക്ലാസ്മുറികള്‍, സാധാരണക്കാരുടെ ചികിത്സയ്ക്ക് മൊഹല്ല ക്ലിനിക്കുകള്‍, സര്‍ക്കാര്‍ ആശുപത്രിയിലെ ഏതു രോഗിക്കും എംപാനല്‍ ചെയ്യപ്പെട്ട 67 സ്വകാര്യ ആശുപത്രികളില്‍ എവിടെ വേണമെങ്കിലും ഏതു ടെസ്റ്റിനും, ഏതു വരുമാനക്കാര്‍ക്കും 44 സ്വകാര്യ ആശുപത്രികളില്‍ വിദഗ്ധ ശസ്ത്രക്രിയയ്ക്കും സൗകര്യം എന്നിങ്ങനെ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു മാത്രമാണ് കേജ്‌രിവാളിനു പറയാനുണ്ടായിരുന്നത്. അനധികൃത കോളനികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍, എല്ലാ ചേരിനിവാസികള്‍ക്കും പക്കാ വീട്, സ്ത്രീസുരക്ഷയ്ക്ക് എല്ലാ കോളനികളിലും മൊഹല്ലാ മാര്‍ഷല്‍മാര്‍, മാലിന്യനിര്‍മാര്‍ജനം, അന്തരീക്ഷമലിനീകരണത്തിനു പരിഹാരം, ചെലവുകുറഞ്ഞ ഗതാഗതശൃംഖല എന്നിങ്ങനെ 10 ഇന ഗാരന്റി കാര്‍ഡ് ആപ് ഇറക്കിയിരുന്നു.
ചാന്ദ്‌നി ചൗക്കിലും രാജേന്ദ്ര നഗറിലും ന്യൂഡല്‍ഹിയിലും, പഞ്ചാബി ഹിന്ദു കുടിയേറ്റക്കാരുടെ മേഖലയായ സൗത്ത് ഡല്‍ഹിയിലും, അനധികൃത ചേരികള്‍ നിറഞ്ഞ സംഗം വിഹാര്‍-ദെയോലിയിലും, ബുരാരി ഗ്രാമീണപ്രാന്തപ്രദേശത്തുമൊക്കെ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ പ്രത്യേക ജാതിമത വിഭാഗമെന്നോ വേര്‍തിരിവില്ലാതെ വോട്ടര്‍മാര്‍ ‘ലഗേ രഹോ കേജ്‌രിവാള്‍’ എന്ന മുദ്രാവാക്യം ചെവിക്കൊണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടി വന്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് ഇക്കുറി പ്രാദേശിക തലത്തില്‍ ഒരു ജനപ്രിയ നേതാവിനെ ചൂണ്ടിക്കാട്ടാനില്ലായിരുന്നു. ഭോജ്പുരി നടനും ഗായകനുമായ മനോജ് തിവാരി എംപിയാണ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് മേധാവി. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ മേഖലയിലും ബിഹാറിലും നിന്നുള്ള കുടിയേറ്റക്കാരുടെയിടയില്‍ സ്വാധീനമുണ്ടെങ്കിലും പൊതുസ്വീകാര്യനായ നേതാവല്ല തിവാരി. 1960കളില്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ആദ്യം മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കുകയും 1993ല്‍ അസംബ്ലി തുടങ്ങിയപ്പോള്‍ ആദ്യത്തെ അഞ്ചുകൊല്ലം ഭരിക്കുകയും ചെയ്ത പ്രസ്ഥാനത്തിന് 22 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ പ്രാപ്തിയുള്ള പ്രാദേശിക നേതാവിനെ കണ്ടെത്താന്‍ കഴിയാത്തതിന്റെ ക്ഷീണം നികത്താന്‍ മോദി പ്രഭാവമോ അമിത് ഷായുടെ കുതന്ത്രങ്ങളോ പോരെന്ന് അവര്‍ തിരിച്ചറിയുന്നു. 1998ല്‍ സവാള വിലക്കയറ്റത്തിന്റെ പേരില്‍ 18 മാസത്തെ ഭരണസാരഥ്യം ഒഴിഞ്ഞ സുഷമാ സ്വരാജിനുശേഷം ബിജെപിക്ക് ഡല്‍ഹിയില്‍ ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല.
ജാമിയ മിലിയ ഇസ്‌ലാമിയ പൊലീസ് അതിക്രമം, ദാര്യാഗഞ്ചിലെയും ഓള്‍ഡ് ഡല്‍ഹിയിലെയും പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്തത്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്, ഷഹീന്‍ബാഗിലെ കുത്തിയിരിപ്പ് തുടങ്ങി പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടക്കുന്ന ആനുകാലിക രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പ്രത്യക്ഷമായ പ്രത്യാഘാതമായി ഡല്‍ഹി തെരഞ്ഞെടുപ്പുഫലത്തെ വിലയിരുത്താന്‍ ആപ്പിനു താല്പര്യമില്ല. ദേശീയ തലത്തില്‍ മോദിയെ അനുകൂലിക്കുന്നവര്‍ പ്രാദേശിക തലത്തില്‍ കേജ്‌രിവാളിനു വോട്ടുചെയ്യുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. തീവ്രവാദ ഹിന്ദുത്വ ദേശീയതയും ജനാധിപത്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും വിരുദ്ധമായ കരിനിയമങ്ങളുമായി രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷത്തെ ജനാധിപത്യ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര കരുത്തില്ലെങ്കില്‍തന്നെ സാധാരണ വോട്ടര്‍മാര്‍ക്ക് അതിനുള്ള കെല്പുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്ഫലം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 9.7ല്‍ നിന്ന് 4.3 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പിലും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസിന് ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത സ്ഥിതിക്ക് സംഘടനാതലത്തില്‍ സമൂലമായ അഴിച്ചുപണി നടത്താം. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവയ്ക്കു പിന്നാലെ ഡല്‍ഹിയിലുണ്ടായ തിരിച്ചടിയോടെ ബിജെപി ഭരണത്തിന്റെ വ്യാപ്തി 13 സംസ്ഥാനങ്ങളിലായി ഇന്ത്യയുടെ 34.7% പ്രദേശത്ത്, ജനസംഖ്യയുടെ 40 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. ഇനി ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവുമായുള്ള സീറ്റ് വിഭജനത്തില്‍ ബിജെപിക്ക് വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
വിഭജനത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും സംഹിതയായ തീവ്രദേശീയതയുടെ പ്രത്യയശാസ്ത്രത്തെക്കാള്‍ ജനങ്ങളുടെ അനുദിന ജീവിതക്ലേശങ്ങള്‍ക്കു പരിഹാരം കാണാനുള്ള കാഴ്ചപ്പാടാണ് രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടതെന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഏതു കിരാത നിയമവും രാജ്യത്തെമ്പാടും നടപ്പാക്കിക്കളയാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ട എന്ന സന്ദേശവും അതില്‍ ഉള്‍ക്കൊള്ളുന്നു. ഭരണകൂട ഭീകരതയെ പ്രത്യയശാസ്ത്രപരമായി നേരിടാതെ, സദ്ഭരണത്തിന്റെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള ബദല്‍രാഷ്ട്രീയത്തിന്റെ സൂക്ഷ്മവരമ്പുകളിലൂടെ എത്രനാള്‍ മുന്നോട്ടുപോകാനാകും എന്ന ചോദ്യത്തിന് കേജ്‌രിവാള്‍ പ്രതിനിധാനം ചെയ്യുന്ന ജനകീയ മുന്നേറ്റങ്ങള്‍ മറുപടി കണ്ടെത്തേണ്ടതുമുണ്ട്.


Related Articles

കടലിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം വസ്തുതയും ധാര്‍മ്മികതയും

മനുഷ്യന്റെ തിരക്കേറിയതും സുഖസൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായ ഉപഭോഗസംസ്‌ക്കാരം ലോകമെമ്പാടുമുള്ള ജനതയ്ക്കും അതിലുപരി പ്രകൃതിയ്ക്കും സമ്മാനിച്ച വലിയൊരു വിപത്താണ് പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം. ആധുനിക ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഈ

ചെല്ലാനത്തെ ജനങ്ങളുടെ നീതിയുക്തമായ ആവശ്യം നിരാകരിക്കപ്പെടരുത്‌; കെ സി ബി സി പ്രസിണ്ടന്റ്

  കാെച്ചി; ചെല്ലാനത്തെ ജനങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ജനകീയരേഖയിലെ ന്യായമായ ആവശ്യങ്ങളിൽ സത്വരമായ നടപടി ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമ്രന്തിക്കു നിവേദനം

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി

കൊച്ചി: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*