വിഷം പുരട്ടിയ ചപ്പാത്തി

എല്ലാ ദിവസവും അന്നമ്മച്ചേടത്തി വീട്ടിലുള്ളവര്‍ക്കായി ചോറും കറിയും ഉണ്ടാക്കുമ്പോള്‍ കുറച്ചു ചപ്പാത്തിയും ഉണ്ടാക്കാറുണ്ട്. രണ്ടുമൂന്നു ചപ്പാത്തികളും കുറച്ചു കറിയും ഒരു പൊതിയിലാക്കി ഗേറ്റിനടുത്ത് വയ്ക്കും. പാവപ്പെട്ട ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.
എല്ലാ ദിവസവും ആ പൊതി എടുത്തുകൊണ്ടുപോയിരുന്നത് കൂനിക്കൂടി നടക്കുന്ന ഒരു വൃദ്ധനായിരുന്നു. പൊതി എടുത്തുകൊണ്ടു പോകുമ്പോള്‍ അയാള്‍ ഇങ്ങനെ പിറുപിറുക്കുകയും ചെയ്യും: ”നീ ചെയ്യുന്ന തിന്മ നിന്നോടുകൂടെത്തന്നെ; നീ ചെയ്യുന്ന നന്മ നിന്നിലേക്കു തന്നെ തിരിച്ചുവരും.” ദിവസവും അയാള്‍ ഈ വാക്കുകള്‍ ഉരുവിടുമെങ്കിലും അതിന്റെ അര്‍ത്ഥം അന്നമ്മചേടത്തിക്ക് മനസിലായില്ല.
എല്ലാ ദിവസവും ഇതുകേട്ടുകേട്ട് അവരുടെ തല മരവിച്ചു; കിളവനോട് വല്ലാത്ത ദേഷ്യവും തോന്നി. ”ഇയാള്‍ക്ക് ഒരു നന്ദിവാക്കു പറയുവാന്‍ ഇതുവരെ തോന്നിയിട്ടില്ലല്ലോ. എപ്പോഴും പിറുപിറുക്കുന്നതു മാത്രം മിച്ചം. ഇയാള്‍ക്ക് പകരം വേറെ ആര്‍ക്കെങ്കിലുമാണ് ഈ പൊതി കിട്ടിയിരുന്നതെങ്കില്‍ അവര്‍ എന്തുമാത്രം നന്ദി പ്രകടിപ്പിക്കുമായിരുന്നു.”
എന്തോ ബാധ കൂടിയതുപോലെ അന്നമ്മച്ചേടത്തി ഒരു ദിവസം ഇയാളുടെ ശല്യം എന്നന്നേക്കുമായി ഒഴിവാക്കണമെന്നു കരുതി അന്നുണ്ടാക്കിയ ചപ്പാത്തിയില്‍ കുറെ വിഷം പുരട്ടി. പൊതിയാക്കി അത് ഗേറ്റില്‍ കൊണ്ടുപോയിവച്ച സമയത്ത് ഹൃദയത്തില്‍ നിന്ന് ഒരു ചോദ്യം: ”നീ എന്താണീ കാണിക്കുന്നത്? ഭക്ഷണത്തില്‍ വിഷം പുരട്ടി ഒരാളെ കൊല്ലുകയോ? അപ്പോള്‍പ്പിന്നെ നീ ഇന്നുവരെ ചെയ്ത നല്ല പ്രവൃത്തിക്ക് നല്ല ഗുണമുണ്ടാകുമോ?” ബോധോദയം വന്ന അന്നമ്മ ഉടനെ ആ ക്രൂരകൃത്യം വേണ്ടെന്നുവച്ചു. വിഷം പുരട്ടിയ ചപ്പാത്തി അടുപ്പില്‍ കൊണ്ടുവന്ന് തീയിട്ടു നശിപ്പിച്ചു.
അതിനുശേഷം കുറെ നല്ല ചപ്പാത്തി ഉണ്ടാക്കി പതിവുപോലെ ഗേറ്റിനടുത്തുവച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കിളവന് വന്ന് ആ പൊതി എടുത്തുകൊണ്ട് പോകുമ്പോള്‍ പതിവുപോലെ പിറുപിറുത്തു ”നീ ചെയ്യുന്ന തിന്മ നിന്നോടു കൂടെത്തന്നെ; നീ ചെയ്യുന്ന നന്മ നിന്നിലേക്കു തന്നെ തിരിച്ചുവരും.”
അന്നമ്മച്ചേടത്തി ഭക്ഷണം ഗേറ്റില്വക്കുന്ന നേരത്ത് തന്റെ മകനെ ഒര്‍ത്ത് ഒരു പ്രാര്‍ത്ഥന ചൊല്ലുമായിരുന്നു. അങ്ങ് ദൂരെ ഒരു ദേശത്ത് ജോലി ചെയ്യുന്ന മകന് യാതൊരു ആപത്തും വരാതിരിക്കണമേ എന്ന്. അവന് തിരിച്ചുവരുമ്പോള്‍ പകലായാലും രാത്രിയായാലും അവന് ഭക്ഷിക്കാന്‍ ആഹാരം വീട്ടിലുണ്ടായിരിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.
ഒരു ദിവസം രാത്രി വാതില്ക്കല് ആരോ മുട്ടുന്നത് കേട്ട് അവര്‍ വാതില്‍ തുറന്നു. അവര്‍ അത്ഭുതപ്പെട്ടുപോയി അതാ തന്റെ മകന്! പക്ഷേ അവന്റെ മട്ടും കോലവും കണ്ടിട്ട് അവര്‍ ആകെ വിഷമിച്ചു. പട്ടിണികിടന്ന് ക്ഷീണിച്ച് അവശനായിട്ടാണ് വന്നിരിക്കുന്നത്. ”മോനിതെന്തുപറ്റി ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ. നീ വല്ലതും കഴിച്ചോ?” അപ്പോള്‍ മകന് പറഞ്ഞു: ”അമ്മേ ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നതുതന്നെ വലിയ ഭാഗ്യമാണ്. യാത്രാമധ്യേ എന്റെ ബാഗെല്ലാം ആരോ മോഷ്ടിച്ചു. പലദിവസങ്ങളായി ഞാന്‍ അലയുകയായിരുന്നു. അവസാനം വീടെത്താറായപ്പോള്‍ വിശപ്പും ദാഹവും മൂലം ഞാന്‍ അവശനായി ബോധംകെട്ടു വീണു. അപ്പോഴാണ് ഒരു കിളവന് എന്നെ കണ്ടത്. അയാളുടെ കയ്യില്‍ ഒരു ഭക്ഷണപ്പൊതിയുണ്ടായിരുന്നു. തളര്‍ന്നവശനായ എന്നെ കണ്ടപ്പോള്‍ അയാള്‍ കഴിക്കാന്‍ വെള്ളവും കയ്യിലുണ്ടായിരുന്ന ഭക്ഷണവും നല്കി. ഒരു വീട്ടില്‍ നിന്ന് ദിവസവും തനിക്ക് ലഭിക്കുന്ന ആഹാരമാണ് അതെന്നാണ് അയാള്‍ പറഞ്ഞത്.”
മകന്റെ വാക്കുകള്‍ കേട്ട് അന്നമ്മച്ചേടത്തി വിളറിവെളുത്തു. കര്‍ത്താവേ ഇന്ന് താന്‍ വിഷം ചേര്‍ത്ത ചപ്പാത്തിയാണ് ഗേറ്റില്‍ വച്ചിരുന്നതെങ്കില്‍! ആലോചിക്കുന്തോറും അവളുടെ തല കറങ്ങി. എന്തായാലും ആ ദുഷ്കൃത്യം ചെയ്യുന്നതില്‍ നിന്ന് തന്നെ അവസാന നിമിഷം വിലക്കിയ കാവല്‍മാലാഖയ്ക്ക് അവര്‍ നന്ദി പറഞ്ഞു. അപ്പോഴാണ് ആ കൂനന്‍ പറയുമായിരുന്ന വാക്കുകളുടെ പൊരുള്‍ അവര്‍ക്ക് മനസിലായത്: ”നീ ചെയ്യുന്ന തിന്മ നിന്നോടുകൂടെത്തന്നെ; നീ ചെയ്യുന്ന നന്മ നിന്നിലേക്കു തന്നെ തിരിച്ചുവരും.”
”കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.” (ലൂക്കാ 6:38)
അടുത്ത ലക്കം
സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്
Related
Related Articles
ആണ്ടുവട്ടം മൂന്നാം ഞായര്‍: 24 January 2021
First Reading: Jonah 3: 1-5, 10 Responsorial Psalm: Psalms 25: 4-5, 6-7, 8-9 (4a) Second Reading: First Corinthians 7: 29-31 Gospel: Mark 1: 14-20 വണ്ടിയുമായി റോഡിലൂടെ പോകുമ്പോള്‍ സ്ഥിരം
സ്വര്‍ഗത്തില്‍ നിന്നൊരു കത്ത്
കഴിഞ്ഞ ആറുമാസമായി ടീച്ചര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. അവരുടെ ഒരേയൊരു മകന് പത്തു വയസുമാത്രം പ്രായമുള്ള ജോമോന് ബ്ലഡ്കാന്‍സര്‍ ബാധിച്ച് ഡിവൈന്‍ മേഴ്സി ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. ജോമോന്റെ അസുഖത്തിന്
വര്‍ഷാവസാനത്തെ സ്റ്റോക്കെടുപ്പ്
ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഡൂമോ ഡി മിലാനോ എന്നറിയപ്പെടുന്ന മിലാനിലെ നേറ്റിവിറ്റി ഓഫ് സെന്റ് മേരി കത്തീഡ്രല്‍. (റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും വലുത്). 1386ല്‍