വെന്റിലേറ്ററിലായ സാമ്പത്തിക രംഗവും നഷ്ടപ്പെടുന്ന തൊഴിലിടങ്ങളും

വെന്റിലേറ്ററിലായ സാമ്പത്തിക രംഗവും നഷ്ടപ്പെടുന്ന തൊഴിലിടങ്ങളും

പൊതുതെരഞ്ഞെടുപ്പ് ആഘോഷമായി തുടരുകയാണല്ലോ. ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ ഭരണകൂടം നിലവില്‍ വരും. പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ കാര്യങ്ങളെല്ലാം ശരിയാകുമെന്ന ശുഭചിന്തയിലാണ് നാമെല്ലാം. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലാക്കുന്നവര്‍ ചുരുങ്ങും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മൊത്തം ചെലവാകുന്ന തുക 10,000 കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2016ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചെലവിനെക്കാള്‍ അധികമാണ് ഇതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്രയും വലിയ തുക ചെലവാക്കിയാണ് പൗരന്മാര്‍ രാജ്യത്തിന്റെ ഭരണസാരഥികളെ നിയമിക്കുവാന്‍ പോകുന്നതെന്ന് ചുരുക്കം.
സമ്പദ്‌വ്യവസ്ഥ ആകപ്പാടെ താറുമാറായി കിടക്കുന്ന രാജ്യത്ത് ഇത്രയും തുക ചെലവഴിച്ച് ഭരണക്കാരെ നിയമിക്കേണ്ടതുണ്ടോ എന്ന് ചെറുപ്പക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അരാജകത്വം വളര്‍ന്നു പന്തലിക്കും. ലേഖകന്റെ ഒരു സുഹൃത്ത് ദുബായ് ആസ്ഥാനമായി ഒന്നര പതിറ്റാണ്ടായി ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അദ്ദേഹത്തെ കണ്ടപ്പോള്‍ ബിസിനസ് വളരെ മോശമായി എന്നാണ് പറഞ്ഞത്. ദുബായില്‍ നിന്നും കാനഡയിലേക്കോ ഇംഗ്ലണ്ടിലേക്കോ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കോ വ്യവസായസംരംഭങ്ങള്‍ മാറ്റാമെന്ന് വെച്ചാല്‍ ഇവിടങ്ങളിലും സ്ഥിതിഗതികള്‍ അത്ര പന്തിയല്ല. ന്യായമായും ഞാന്‍ ചോദിച്ചു, എന്തുകൊണ്ട് ഇന്ത്യയില്‍ ഏതെങ്കിലും ബിസിനസുകള്‍ ചെയ്തുകൂടെന്ന്. അയാള്‍ ആശ്ചര്യത്തോടെ എന്നെ നോക്കിയിട്ടു പറഞ്ഞത്, ലോകത്ത് ഇപ്പോള്‍ ഏറ്റവും മോശമായ-സുരക്ഷിതമല്ലാത്ത സാമ്പത്തികസ്ഥിതിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് അറിയില്ലേ എന്നാണ്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്രയൊന്നും മെച്ചമല്ലെന്ന് ഏവര്‍ക്കും ബോധ്യമുള്ളതാണ്. എന്നാല്‍ ഇവിടെ വ്യവസായം തുടങ്ങാന്‍ ഭയപ്പെടുന്ന ഒരവസ്ഥയിലേക്കാണ് പോക്കെന്ന് വലിയ ധാരണയില്ലായിരുന്നു.
ഇന്ത്യന്‍ സമ്പദ്ഘടന ഗുരുതരമായ പ്രതിസന്ധിയിലായെന്നും വളര്‍ച്ചനിരക്ക് കൂപ്പുകുത്തിയെന്നും ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമുണ്ടായത് ആയിടക്കാണ്. എട്ടുശതമാനമായിരുന്ന ആഭ്യന്തര വളര്‍ച്ചനിരക്ക് 7.1 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. ആഭ്യന്തര വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായതുമൂലം വ്യവസായം, ഉത്പാദനം, സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വലിയ തളര്‍ച്ചയാണ് നേരിട്ടതെന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ സമ്മതിക്കുകയായിരുന്നു.
ഘടനാപരവും ധനപരവുമായ കാരണങ്ങളാണ് തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് തുറന്നുപറഞ്ഞ അദ്ദേഹം പക്ഷേ നോട്ടുനിരോധനം, ചരക്കുസേവന നികുതി (ജിഎസ്ടി) പോലുള്ള മണ്ടന്‍ തീരുമാനങ്ങളെ പരാമര്‍ശിക്കാന്‍ തയ്യാറായതേയില്ല. ഈ തിരിച്ചടികള്‍ക്കിടയിലും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) വളരെ വേഗത്തില്‍ പുരോഗമിക്കുന്ന സമ്പദ്ഘടനയെന്ന് ഇന്ത്യയെ വിശേഷിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടതാണ് രസകരമായ കാര്യം.
വളര്‍ച്ചാ നിരക്ക് പെട്ടെന്ന് പിറകോട്ട് പോയതിന് പിന്നിലെ യഥാര്‍ഥകാരണം പ്രാബല്യത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തന്നെയാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
അനുകൂലമായ കാലാവസ്ഥ ലഭിച്ചതിനെ തുടര്‍ന്ന് കാര്‍ഷികോത്പാദനം വര്‍ധിച്ചുവെങ്കിലും പണദൗര്‍ലഭ്യം കാരണം വില ലഭിക്കാതെ പോയത് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുനിരോധനം ചെറുകിട മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കി. ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ സമ്പദ്‌രംഗത്തെ തകര്‍ത്തു. തിരിച്ചടി ഉള്‍ക്കൊള്ളാതെ ജിഎസ്ടി നടപ്പിലാക്കിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉത്പാദന മേഖലയില്‍ ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണ് കഴിഞ്ഞ മണ്‍സൂണ്‍ കാലത്തുണ്ടായത്. എന്നാല്‍ അതിന്റെ മെച്ചം സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചില്ല.
റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 6.7 ശതമാനത്തിലേയ്ക്ക് കുറയുമെന്ന നിഗമനത്തിലെത്തിയതിന് പിറകേ ഐഎംഎഫും ലോകബാങ്കും വളര്‍ച്ച നിരക്ക് യഥാക്രമം 6.7-7 ശതമാനമായി കുറയുമെന്ന് വ്യക്തമാക്കുകയുണ്ടായി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും സ്ഥിതിഗതികള്‍ ആശാവഹമല്ലെന്ന സൂചനയാണ് മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. ചരക്കുസേവന നികുതിയുടെ അവ്യക്തതയും ദുര്‍ഗ്രാഹ്യതയും ഇപ്പോഴും തീര്‍ക്കാനാകാത്തത് നികുതി പിരിവില്‍ വന്‍ ഇടിവാണുണ്ടാക്കിയിരിക്കുന്നത്. യഥാര്‍ഥ കാരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെങ്കിലും എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയ്ക്ക് അടുത്ത കാലത്തൊന്നും പരിഹാരമാകില്ലെന്ന് വ്യക്തമാണ്.

കടം കുമിയുന്നു
സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ കേന്ദ്രധനക്കമ്മി ബജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഭീമമായി ഉയര്‍ന്നതിനാല്‍ ഈ വര്‍ഷം മാത്രം രാജ്യത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടത് 7.1 ലക്ഷം കോടിയിലധികം രൂപ. ജിഡിപിയുടെ 3.3 ശതമാനമെന്ന പരിധി കടക്കുകയും ചെയ്തു. ഇപ്പോഴത്തെ കണക്കനുസരിച്ച് ധനക്കമ്മി സാമ്പത്തികവര്‍ഷം പിന്നിടുമ്പോള്‍ 140 ശതമാനം കടന്നിരിക്കും. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി) ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിമാസത്തില്‍ തന്നെ ധനക്കമ്മി 134 ശതമാനം പിന്നിട്ടിരുന്നു.
ജനുവരി അവസാനം ധനക്കമ്മി 121.5 ശതമാനമായിരുന്നു. വര്‍ധനയുടെ തോത് ഇതേ നിലയില്‍ കണക്കാക്കിയാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ ചെലവ് കൂടുമെന്നതുകൊണ്ട് കമ്മി 140 ല്‍ തന്നെ നില്‍ക്കുമോ എന്ന ആശങ്കയുമുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മാത്രം ധനക്കമ്മിയില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതുവച്ച് കണക്കാക്കിയാല്‍ 145 ശതമാനം കടന്നാലും അല്‍ഭുതപ്പെടേണ്ടതില്ല.
ചെലവ് വര്‍ധിക്കുകയും റവന്യു വരുമാനം ലക്ഷ്യത്തിലെത്താതിരിക്കുകയും ചെയ്തതിനാല്‍ ഓരോ മാസവും ധനക്കമ്മി വളരെയധികം ഉയരുന്ന പ്രവണത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം മുതല്‍ പ്രകടമായിരുന്നു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാകുമ്പോഴേയ്ക്കും പ്രതീക്ഷിച്ചിരുന്ന 6.24 ലക്ഷം കോടി കടന്ന് കമ്മി 7.16 ലക്ഷം കോടി രൂപയാകും. പ്രതീക്ഷിത കമ്മിയുടെ തോതനുസരിച്ച് 114.8 ശതമാനമാണിത്. ഇതാണ് ഫെബ്രുവരി അവസാനമാകുമ്പോഴേയ്ക്കും 134 ശതമാനം പിന്നിട്ടത്.
അതേസമയം പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ 15 ശതമാനത്തോളം കുറവാണ് സാമ്പത്തിക വര്‍ഷാവസാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടി ചേര്‍ത്താല്‍ തോത് പിന്നെയും ഉയരാനാണ് സാധ്യത.
ചെലവിനനുസരിച്ച് വരവ് നേടുന്നതിന് സാധിച്ചില്ലെന്ന ധനമാനേജ്‌മെന്റിന്റെ പരാജയം കാരണമാണ് ധനക്കമ്മി ഉയരുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 6,34,000 കോടി രൂപയായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ധനക്കമ്മി. പുതുക്കിയ ബജറ്റ് അനുസരിച്ച് ഇത് 6,67,000 കോടിയായി കണക്കാക്കിയെങ്കിലും ഫെബ്രുവരിയോടെ തന്നെ അത് 7,71,000 കോടി കടന്നിരുന്നു.
12,00,000 കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും മാര്‍ച്ച് 23 വരെയുള്ള വരവനുസരിച്ച് 10,21,251 കോടി രൂപയാണ് ലഭിച്ചത്. അത് പ്രതീക്ഷിത വരുമാനത്തിന്റെ 15 ശതമാനം കുറവായിരുന്നു. പിന്നീടുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ഊര്‍ജിതമായ പിരിവ് നടന്നാല്‍ പോലും ധനക്കമ്മിയില്‍ കുറവുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അതിന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുമുള്ള രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴില്‍നഷ്ടവും വലിയ തോതില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ ഉടനെ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉളള രാജ്യമായി മാറുമെന്നും പലപ്പോഴും റിപ്പോര്‍ട്ടുകളുണ്ടാകാറുണ്ട്. ചൈനയിലെ ജനസംഖ്യ 135 കോടിയും ഇന്ത്യയിലേത് 128 കോടിയുമാണ്. അമേരിക്കയാണ് മൂന്നാമത്. 32 കോടിയാണ് അവിടത്തെ ജനസംഖ്യ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നറ്റ് ഉപയോക്താക്കള്‍ നമ്മളാകുമെന്ന് പറയുന്നത് സ്വാഭാവികമാണ്. കാരണം ശേഷമുള്ള മിക്കവാറും രാജ്യങ്ങളിലും ജനസംഖ്യാനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഒരു വളച്ചൊടിക്കാലാണ് അത്തരം റിപ്പോര്‍ട്ടുകളെന്ന് പറയാം. ആ അര്‍ത്ഥത്തിലാണ് അതിനെ കാണേണ്ടത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സ്വാഭാവികമായും നമ്മള്‍ അഞ്ചാമത്തേതല്ല, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയെങ്കിലുമാകേണ്ടതല്ലേ.

തൊഴില്‍ മേഖല
മോദി സര്‍ക്കാര്‍ പുറത്തുവിടാതെ പൂഴ്ത്തി വച്ച 2017-18ലെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ തൊഴില്‍നഷ്ടം 50 ലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. ആശങ്കപ്പെടുത്തേണ്ട കാര്യം സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ശക്തിയില്‍ സ്ത്രീതൊഴില്‍ വളരെവേഗം കുറഞ്ഞുവരികയാണ്. കുടുംബത്തില്‍ തൊഴിലെടുക്കുന്ന ഒരു സ്ത്രീ ഉണ്ടെങ്കില്‍ ആ വരുമാനം വലിയ ഏറ്റക്കുറച്ചിലില്ലാതെ കുടുംബത്തിലെത്തും. അതിനാല്‍ തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്കും അതിലൂടെ മെച്ചപ്പെട്ട സാമൂഹിക നിലനില്‍പ്പിനും ഈ വരുമാനം അടിസ്ഥാനമായി മാറുന്നുണ്ട്. തൊഴില്‍ നഷ്ടം ഈ സാമ്പത്തിക സാമൂഹിക ഭദ്രതയെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ആനുപാതികമായി കേരളത്തിലും തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. പരമ്പരാഗത അസംഘടിത മേഖലയിലുണ്ടായ തൊഴില്‍ തകര്‍ച്ചയും ഐടി മേഖലയും പുതിയ തൊഴില്‍ മേഖലകളും സ്ത്രീകളോടു കാണിക്കുന്ന വിമുഖതയുമാണ് ഇതിനു പ്രധാന കാരണം. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയവയില്‍ 90 ശതമാനത്തില്‍ കൂടുതലും സ്ത്രീകളായിരുന്നു. മത്സ്യമേഖലയിലും സ്ത്രീതൊഴിലാളികളുണ്ട്. കയര്‍, കശുവണ്ടി, കൈത്തറി വ്യവസായങ്ങള്‍ ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്. 4 ലക്ഷത്തില്‍ പരം തൊഴിലാളികള്‍ കയര്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത് ഇന്ന് വെറും 25000ത്തില്‍ താഴെയായി. കൈത്തറി മേഖലയില്‍ അസംസ്‌കൃത വസ്തുക്കളുടെ വന്‍ വിലവര്‍ധനവ് കാരണം പ്രാഥമിക സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടുകയാണ്. തുല്യജോലിക്ക് തുല്യവേതനം എന്ന സ്ത്രീ സംഘടനകളുടെ മുദ്രാവാക്യം ഇന്നും നടപ്പായിട്ടില്ല. നിര്‍മാണമേഖലയാവട്ടെ മണല്‍, കരിങ്കല്ല് തുടങ്ങിയവയുടെ ലഭ്യതക്കുറവ് കാരണം സ്തംഭിച്ചിരിക്കുന്നു. വന്‍ തോതില്‍ സ്ത്രീതൊഴില്‍ ഉണ്ടായിരുന്ന ഈ മേഖലയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വന്‍ പ്രത്യാഘാതമാണുണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് ചെലവിനേക്കാള്‍ ആഘാതമുണ്ടാക്കില്ലെന്നു മാത്രം തല്ക്കാലം പ്രതീക്ഷിക്കാം.


Related Articles

ദളിതനും കുതിരയും

ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സഞ്ജയ് ജാദവിന്റെ വിവാഹം ഏപ്രില്‍ 20നാണ്. ആഴ്ചകള്‍ക്കു മുമ്പേ ഈ വിവാഹം വിവാദമായി കഴിഞ്ഞു. ഒരു കുതിരയാണ് സഞ്ജയ് ജാദവിന്റെ വിവാഹം വിവാദമാക്കിയത്.

പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍

  താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ അധികാരമേല്‍ക്കുന്നതും, തിരഞ്ഞെടുപ്പിന്

നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്

വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*