വെള്ളരിക്കാ പട്ടണം

വെള്ളരിക്കാ പട്ടണം

മാര്‍ഷല്‍ ഫ്രാങ്ക്

കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന്‍ കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന് പതിവ് കലാപരിപാടി ആരംഭിച്ചു. താമസം കോളനിയിലായതിനാലും തൊട്ടടുത്ത് അടുപ്പു കൂട്ടിയ മാതിരി വീടുകള്‍ ഉള്ളതിനാലും പൂരപ്പാട്ട് നിറുത്തി, വിളക്കണച്ച് കിടന്നുറങ്ങാന്‍ അമ്മ റാഹേല്‍ കുട്ടനോട് കട്ടിയായി പറഞ്ഞു. അമ്മയുടെ വര്‍ത്തമാനത്തിലെ അധികാരസ്വരം ബാബുവിന് അത്ര പിടിച്ചില്ല. കാശുമുടക്കി കള്ളുകുടിച്ചാല്‍ അതിന്റെ മൂല്യത്തിന് അനുസൃതമായി വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ പിന്നെന്താണ് ഒരു ത്രില്ല്! ഒച്ചപ്പാടിന്റെ അവസ്ഥ ബാബു ഉച്ചസ്ഥായിലാക്കി. അധികാരിയുടെ ഗര്‍വ്വില്‍ ‘നിറുത്തെടാ’ എന്ന് അമ്മ. അമ്മയുടെ ആജ്ഞ തന്റെ മൗലികാവകാശത്തിലുള്ള കടന്നുകയറ്റമായി ബാബുവിനു തോന്നി. ആയതിന് അമ്മയെ ശാസിച്ചു. മകന്റെ ശാസനയില്‍ ശ്വാസം മുട്ടിയ അമ്മയുടെ നിലവിളി കോളനി നിവാസികളെ ഉണര്‍ത്തി. അവശയായ റാഹേലമ്മയെ ആശുപത്രിയിലാക്കി. ആരോ അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ പൊലീസ് അമ്മയോടു വിവരം വിസ്തരിച്ചു ചോദിച്ചു. നൊന്തുപെറ്റ് വളര്‍ത്തിയ മകനാണെന്നും ആയതിനാല്‍ പരാതിയില്ലെന്നും റാഹേലമ്മ പൊലിസീനോടു പറഞ്ഞു: ”പുള്ള ചവിട്ടിയാല്‍ തള്ളയ്ക്ക് നോവൂല്ല” എന്ന നാടന്‍ പഴമൊഴിയുടെ ഓര്‍മപ്പെടുത്തല്‍. കര്‍മനിരതരും, ചുമതലാബോധവുമുള്ള കേരള പൊലീസിന് വാമൊഴിയും വരമൊഴിയുമല്ല മറിച്ച് ഐപിസി മാത്രമാണ് ബാധകമെന്ന് ഏമാന്മാര്‍. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് ന്യായമെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുള്ളത് പാഴ്‌വാക്കാണെന്ന് തീര്‍ച്ചപ്പെടുത്തിയ നിയമപാലകര്‍, ഒളിവിലിരുന്ന മകനെ ഓടിച്ചിട്ട് പിടിച്ച് അഴിക്കുള്ളിലാക്കി. അച്ചടി-ദൃശ്യമാധ്യമങ്ങളെ വിളിച്ച് വാര്‍ത്ത വിശദമായി നല്‍കുകയും ചെയ്തു. വയോധികയായ അമ്മയെ മര്‍ദ്ദിച്ച മകന്റെ പ്രവൃത്തി അതിക്രൂരമെന്നും ആയതിന് മാപ്പില്ലെന്നും ശക്തമായ നടപടി എടുക്കണമെന്നും പൊലീസിനോട് ആജ്ഞാപിച്ച് കേരള വനിതാകമിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്റെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്ത് അച്ചടിച്ചു വന്നിട്ടുള്ളത് പ്രത്യേകം പ്രസ്താവ്യം.
* * *
ആപ്പിലായ മുന്‍മന്ത്രി മാപ്പ് പറഞ്ഞ് തടിയൂരി. 2018 ജൂണ്‍ 13 ഏകദേശം ഉച്ചസമയം. അഞ്ചല്‍ അഗസ്ത്യക്കോട് ഗ്രാമത്തിലെ ഉള്‍പ്രദേശം. റോഡ് ഇടുങ്ങിയത്. രണ്ടു കാറുകള്‍ എതിര്‍ദിശകളില്‍ നിന്ന് പരസ്പരം മുഖാമുഖം വന്നു. താമസിച്ചുവന്നയാള്‍ ഒതുങ്ങിയാല്‍ ആദ്യം വന്നയാള്‍ക്കു കടന്നുപോകാനാകും. ഇതില്‍ ആരാണ് ആദ്യം വന്നതെന്നതു തര്‍ക്കത്തിലായി. അമ്മ ഷീനയോടൊപ്പം കാറോടിച്ചു വന്ന അനന്തകൃഷ്ണനെന്ന ചെറുപ്പക്കാരനാണ് ആദ്യം കടന്നുപോകാന്‍ അവകാശമുള്ളതെന്ന് വാദമുഖം ഉന്നയിച്ചു. എന്നാല്‍ രണ്ടാമന്‍ അത് അംഗീകരിച്ചില്ല. താമസിച്ചു വന്നെങ്കിലും കാറിനുള്ളില്‍ വിഐപി ആയതിനാല്‍ മുന്തിയ പരിഗണന അദ്ദേഹത്തിന് സ്വന്തമെന്ന് രണ്ടാമത്തെ ശകടത്തിലെ സാരഥി കട്ടായം പറഞ്ഞു.
അന്യസംസ്ഥാനത്തു ജനിച്ചു വളര്‍ന്ന അനന്തന്, നാട്ടിലെ പ്രമാണിയുടെ വലിപ്പം അത്ര ബോധ്യമില്ലാതിരുന്നതിനാലാകണം, തീരുമാനത്തില്‍ ഉറച്ചു നിന്നു. അനന്തന്റെ അഹന്ത രണ്ടാം സാരഥിയെ ചൊടിപ്പിച്ചു. അനന്തകൃഷ്ണനെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി ഊടുപാടു തല്ലി. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് അരുതേയെന്ന് നിലവിളിച്ച് തടുക്കാന്‍ ചെന്ന മദ്ധ്യവയസ്‌ക്കായ അമ്മ ഷീനയെ രണ്ടാം വാഹനത്തിലെ യാത്രക്കാരനും ‘കൈകാര്യം’ ചെയ്തു. ഓടിക്കൂടിയ ജനം സ്ത്രീത്വത്തെ അപമാനിക്കുന്നതു കണ്ടു ഞെട്ടിത്തരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഇതികര്‍ത്തവ്യതാമൂഡരായി മൂക്കത്തു വിരല്‍വച്ചു നിന്നു. കാരണം, അദ്ദേഹം സ്ഥലം (പത്തനാപുരം) എംഎല്‍എയും മുന്‍മന്ത്രിയും സിനിമാസീരിയല്‍ നടനുമായ ഗണേശ്കുമാറായിരുന്നു. ഈ സമയം സംഭവസ്ഥലത്തു എത്തിച്ചേര്‍ന്ന അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇതിനെല്ലാം സാക്ഷിയായിരുന്നു. മര്‍ദ്ദനമേറ്റ അമ്മയും മകനും ആവലാതിയുമായി നിയമപാലകരെ സമീപിച്ചു. പരാതി സ്വീകരിച്ച പൊലീസ് പരാതി കടലാസ് ഫയലിലാക്കി ഭദ്രമായി കെട്ടിവച്ചു. പരാതിയുടെ ഗുരുതരാവസ്ഥ ബോദ്ധ്യപ്പെട്ട പൊലീസ് അറിയിച്ചതിലാകണം നാലഞ്ചു മണിക്കൂറുകള്‍ക്കുശേഷം എംഎല്‍എയുടെ ഡ്രൈവറുടെ പരാതി എഴുതിവാങ്ങി അമ്മയുടെയും മകന്റെയും പേരില്‍ കട്ടിയായ മൂന്നു നാലു വകുപ്പുകള്‍ ചേര്‍ത്ത് പ്രതിസ്ഥാനത്ത് അവരോധിച്ചു കേസെടുത്തു. നീതി നടപ്പാക്കുന്നതില്‍ ഒട്ടും പിന്നിലല്ലാത്ത നിയമപാലകര്‍ അമ്മയുടെയും മകന്റെയും പരാതിയിന്മേല്‍ നിസാരവകുപ്പുകള്‍ ചാര്‍ത്തി പേരിനൊരു കേസ് എംഎല്‍എയുടെ ഡ്രൈവറുടെ പേര്‍ക്കും ചാര്‍ജു ചെയ്തു.
സംഭവം മണത്തറിഞ്ഞു ഓടിയെത്തിയ പ്രതിപക്ഷത്തെ ‘വീരശൂരപരാക്രമികള്‍’ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. കൃത്യം കൃത്യസമയത്ത് പകര്‍ത്തി ‘ന്യൂജെന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി. ഉന്നതങ്ങളിലെ പിടിപാടാകണം പൊലീസ് അനങ്ങാപാറകളായി. നിയമപാലകരില്‍ നിന്നും നീതി ലഭിക്കില്ലായെന്ന് ബോദ്ധ്യപ്പെട്ട അമ്മയും മകനും നീതിക്കായി നീതിന്യായ കോടതിയെ സമീപിച്ചു. പരാതി ഫയലില്‍ സ്വീകരിച്ച ന്യായാധിപന്‍ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) 164 പ്രകാരം ആവലാതിക്കാരുടെ രഹസ്യമൊഴിയെടുക്കാന്‍ ഉത്തരവിട്ടു. പരാതികേട്ട് എഴുതിയെടുത്ത ന്യായാധിപന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയതിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസിന് കൈമാറി. പൊതുവഴിയില്‍ വച്ച് പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കല്‍ ഐപിസി 354 പ്രകാരം കീഴ്‌ക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റമാണെന്നും ആയതിന് മറ്റു സാക്ഷിമൊഴികള്‍ ആവശ്യമില്ലെന്നും ‘ഇര’യുടെ മൊഴി മാത്രം മതിയെന്നും, തടവുശിക്ഷ ഉറപ്പാണെന്നും അഴിയെണ്ണേണ്ടിവരുമെന്നും എംഎല്‍എയ്ക്ക് നിയമോപദേശം ലഭിച്ചു. എംഎല്‍എയെ ന്യായീകരിച്ച് അച്ചടിദൃശ്യമാധ്യമങ്ങളില്‍ ചാവേര്‍ പടയും തെരുവില്‍ ജാഥാതൊഴിലാളികളും കണ്ഠക്ഷോഭം നടത്തിവരികയായിരുന്നു. പൊടുന്നനെ ഇവയെല്ലാം നിറുത്തി വച്ചു. സമുദായനേതൃത്വം രംഗത്തു വന്നു. അനുനയത്തിലും പ്രീണനത്തിലും കൂടെ പരാതിക്കാരിയെ സ്വാധീനിക്കാനും അതുവഴി പരാതി പിന്‍വലിപ്പിക്കാനും തകൃതിയായി ശ്രമങ്ങള്‍ ആരംഭിച്ചു. കാരണം ഇരയും പ്രതിയും ഒരേ സമുദായക്കാരായിരുന്നു.
അടികൊണ്ട് അവശനായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത പൊലീസ് എംഎല്‍എയ്ക്ക് എതിരെ തികച്ചും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയത്. ആദ്യം പരാതി നല്‍കിയ അനന്തന്റെ കടലാസ് പരണത്തുവച്ചവര്‍ മണിക്കൂറുകള്‍ക്കുശേഷം എഴുതിവാങ്ങിയ എംഎല്‍എയുടെ പരാതിക്ക് ഒന്നാം സ്ഥാനം നല്‍കി നീതി നടത്തി. കോടതിയിലെ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചിട്ടും ആയതിന്മേലുള്ള നടപടി മനപൂര്‍വമായി വൈകിച്ച് അറസ്റ്റു നടപടി ഒഴിവാക്കി. ഒത്തുതീര്‍പ്പിന് കളമൊരുക്കാന്‍ ആവശ്യമായ സമയവും സൗകര്യവും എംഎല്‍എയ്ക്കു നല്‍കി യജമാനഭക്തി പ്രകടമാക്കി. ഒടുവില്‍ സമുദായ നേതാവും, മുന്‍മന്ത്രിയുമായ എംഎല്‍എയുടെ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ പരാതി പിന്‍വലിക്കാന്‍ മര്‍ദ്ദനമേറ്റവര്‍ രംഗത്തുവന്ന കാഴ്ചയ്ക്കും സമൂഹം സാക്ഷികളായി.
ഇതൊക്കെ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ കേരളത്തിലെ സാധാരണക്കാര്‍ ചോദിക്കുന്ന ചില മണ്ടന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ അധികാരികള്‍ക്ക് ബാദ്ധ്യതയുണ്ടെന്നാണ് ജനസംസാരം. ഭരണകക്ഷി എംഎല്‍എയ്ക്കു കിട്ടിയ ഈ ഔദാര്യം കേരളത്തിലെ മറ്റു ജനങ്ങള്‍ക്കും മേലില്‍ കിട്ടുമോയെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ചോദ്യം. 2014 ജൂണ്‍ 24ന് കുളത്തൂപ്പുഴയില്‍ നടന്ന സംഭവത്തില്‍ മര്‍ദ്ദനമേറ്റ അമ്മ പരാതിയില്ലെന്നു പറഞ്ഞിട്ടും ഞൊടിയിടയില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിനുള്ളിലാക്കിയ പൊലീസ്, തൊട്ടടുത്ത പ്രദേശത്ത് നടന്ന വിഷയത്തില്‍ ഒന്ന് അനങ്ങിവരുവാന്‍ പതിനൊന്ന് ദിവസമെടുത്തത് എന്തിനാണെന്നാണ് രണ്ടാമത്തെ ചോദ്യം. കോടതിയിലെ അടച്ചിട്ട മുറിയില്‍ ഐപിസി 164 പ്രകാരം നല്‍കുന്ന മൊഴിപകര്‍പ്പ് ഇനിയുള്ളകാലം ഇത്തരം കേസുകളില്‍ പെടുന്ന പ്രതികള്‍ക്ക് ഞൊടിയിടയില്‍ ലഭ്യമാകുമോയെന്നത് അടുത്ത ചോദ്യം. കുളത്തൂപ്പുഴയിലെ കാര്യത്തെ സംബന്ധിച്ച് ശ്രവണമാത്രയില്‍ തന്നെ ഉല്‍കണ്ഠപ്പെടുകയും പ്രതികരിക്കുകയും കുറ്റവാളിയെ നന്നായിത്തന്നെ കൈകാര്യം ചെയ്യണമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്ത കേരള വനിതാകമിഷന്‍ സഖാവ് നാളിതുവരെ അഗസ്ത്യകോട് സംഭവത്തിന്മേല്‍ കാണിക്കുന്ന വാല്മീകത്തിലെ മൗനം ഏത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് നാലാമത്തെ ചോദ്യം. ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ ആയത് ആദിയും അന്ത്യവുമില്ലാതെ നീണ്ടുപോകുമെന്നതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു.


Related Articles

സംസ്ഥാനത്ത് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം ആറായി. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുവയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍

രാജാവ്‌ നഗ്നനാണ്‌!

“രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിലെ അസാധാരണമായ സംഭവമാണിത്‌. സുപ്രീംകോടതിയുടെ നടത്തിപ്പു ശരിയായ രീതിയിലല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി അനഭിലഷണീയമായ രീതിയിലാണ്‌ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്‌. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍

കൊറോണക്കിടെ ആയുധകച്ചവടം

വാഷിങ്ടണ്‍: മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*