Breaking News

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം


അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 ലോകമെമ്പാടും ആചരിക്കപ്പെട്ടു. സ്ത്രീത്വത്തെ മഹത്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസം. തലമുറകളിലൂടെ സമരംചെയ്ത് കൈവന്ന ലിംഗസമത്വം സ്ത്രീകളുടെ അവകാശമുദ്രയായി വാഴ്ത്തപ്പെടുന്ന അനര്‍ഘനിമിഷങ്ങള്‍. എന്നാല്‍ വനിതാദിനാഘോഷങ്ങള്‍ കെട്ടടങ്ങിക്കഴിയുമ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ മറുപുറങ്ങളില്‍ ജല്പനംകൊള്ളുന്ന പല ചോദ്യങ്ങളുമുണ്ട്. കുടുംബത്തിലും വിദ്യാലയങ്ങളിലും തൊഴില്‍സ്ഥലത്തും പൊതുരംഗത്തും സ്ത്രീകളുടെ സ്ഥാനം വാസ്തവത്തില്‍ എവിടെ നില്ക്കുന്നു? പ്രായോഗികതലത്തില്‍ യഥാര്‍ഥമായ ലിംഗസമത്വം കൈവരിച്ച ഒരൊറ്റ രാജ്യംപോലും ഭൂമുഖത്തില്ല എന്ന വാസ്തവമാണ് നാം ഇന്ന് അറിയുന്നത്. അനുഭവങ്ങളും പാളിച്ചകളും അങ്ങനെയെങ്ങും മനുഷ്യനെ മാറ്റിമറിക്കില്ല എന്നാണ് കാലം നമ്മെ പഠിപ്പിക്കുന്നത്.
മാനവവികസന സൂചികയില്‍ 92 ശതമാനത്തോളമെത്തിയ, 100 ശതമാനം സാക്ഷരത കൈവരിച്ച, സമ്പത്തില്‍ മുന്തിയ സംസ്ഥാനമെന്ന ഖ്യാതി ലഭിച്ച നമ്മുടെ രാജ്യം, എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, രാജ്യത്തെ ഇതരസംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ തന്നെ. ഹിന്ദുമതാചാരപ്രകാരം ഒരു പെണ്‍കുട്ടിയുടെ ജനനം സാക്ഷാല്‍ മഹാലക്ഷ്മിയുടെ പിറവി തന്നെ. മഹാലക്ഷ്മിയെപ്പോലെ തന്നെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായിട്ടാണ് പെണ്‍കുട്ടി പിറക്കുന്നതെന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഈ സമ്പത്തിന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ ശ്വാസംമുട്ടി മരിക്കേണ്ട ഗതികേടാണ് ഭാരത സ്ത്രീകള്‍ക്കുള്ളത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അനര്‍ഘമായ സ്ഥാനവും സ്വാതന്ത്യവും വാരിക്കോരിക്കൊടുക്കുന്നുണ്ടെന്ന് വീമ്പിളക്കുന്ന നമ്മുടെ നാട്ടില്‍ അവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ ലക്ഷത്തില്‍ 24.6 ആണെങ്കില്‍ കേരളത്തിലത് ലക്ഷത്തില്‍ 27 ആണ്.
2011ല്‍ ലന്‍സറ്റ് മാസിക വെളിപ്പെടുത്തിയതുപ്രകാരം കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ ഇന്ത്യയില്‍ 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകളാണ് നടന്നത്. യൂണിസെഫിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 50 ലക്ഷത്തോളം പെണ്‍പ്രജകളാണ് ഗര്‍ഭാവസ്ഥയിലോ ജനിച്ചയുടനെയോ കൊല്ലപ്പെടുന്നത്. ആര്‍ഷഭാരത സംസ്‌കാരത്തെ വാനോളം പുകഴ്ത്തുന്ന ഇന്ത്യക്കാര്‍ സ്ത്രീകളോടുള്ള ആഭിമുഖ്യത്തില്‍ ഇന്നും പ്രാകൃത മനുഷ്യജീവികളേക്കാള്‍ ഹീനരാണെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട. ജനിച്ച കുട്ടി പെണ്ണാണെന്നറിഞ്ഞാല്‍ ശ്വാസംമുട്ടിച്ചും വെള്ളത്തില്‍ മുക്കിപ്പിടിച്ചും ഉമിവായിലിട്ടു നിറച്ചും പാലില്‍ വിഷംചേര്‍ത്തും കൊന്നെടുക്കുന്ന പൈശാചിക പ്രവൃത്തികള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്നും നിലനില്ക്കുന്നുണ്ടെന്നോര്‍ക്കണം. പെണ്‍കുട്ടി വേണ്ട എന്ന കരുതിക്കൂട്ടിയുള്ള ചെയ്തികളാണ് ലിംഗാനുപാതത്തെ ഇന്ത്യയിടുലനീളം പുരുഷവല്ക്കരിക്കുന്നത്. പെണ്‍കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ കുടുംബത്തിനു ഒരു ബാധ്യതയായിത്തീരുമെന്ന വികലചിന്ത തന്നെ കാരണം.
45 ശതമാനം ഇന്ത്യന്‍ പെണ്‍കുട്ടികളും 18 വയസെത്തുന്നതിനുമുമ്പ് നിര്‍ബന്ധ വിവാഹത്തിന് വഴങ്ങുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010ലെ കണക്കു പ്രകാരം സ്ത്രീധനപ്രശ്‌നത്താല്‍ ഓരോ മണിക്കൂറിലും ഒരു വധു എന്ന കണക്കില്‍ കൊല്ലപ്പെടുന്നു. ഒരു ഗവണ്‍മെന്റ് സര്‍വേ പ്രകാരം 51 ശതമാനം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഏതെങ്കിലും കാരണത്താല്‍ മര്‍ദ്ദിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ടു.
2017 വരെ ഇന്ത്യയില്‍ 128000 ബലാത്സംഗ കേസുകളാണ് കോടതിയിലുള്ളത്. പുറത്തുപറയാത്തവ ഇതിലേറെയുണ്ടെന്നോര്‍ക്കണം. കേരളത്തില്‍ പത്തുവര്‍ഷംകൊണ്ട് ബലാത്സംഗകേസുകള്‍ മൂന്നുമടങ്ങായി. 2009ല്‍ 554 ആയിരുന്നത് 2019ല്‍ 1539 ആയി. ഇതില്‍ എറണാകുളം തന്നെ മുന്നില്‍, പിന്നെ തിരുവന്തപുരവും മലപ്പുറവും. പശ്ചിമബംഗാളും ആന്ധ്രയുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍. പശ്ചിമബംഗാള്‍ 19.9 ശതമാനം, ആന്ധ്ര 13.5 ശതമാനം, കേരളം 5.4 ശതമാനം ഇങ്ങനെ പോകുന്നു സ്ത്രീ വികസന കണക്കുകള്‍.
സ്ത്രീയുടെ അന്തസും അവകാശങ്ങളും പ്രോജ്വലമാക്കുന്ന ഒരു പുത്തന്‍സംസ്‌കാരം ഇവിടെ സംജാതമാകണം. അതിനുവേണ്ടിയാവണം സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങള്‍. ആണധികാരത്തിന്റെ തേര്‍വാഴ്ചയില്ലാത്ത കുടുംബമാതൃകകള്‍ നമ്മുടെ നാട്ടിലുണ്ടാവണം. ഒട്ടേറെ സവിശേഷതകളുണ്ടായിരുന്ന പഴയ ഭാരതീയ കുടുംബ സങ്കല്പം സ്വാര്‍ഥതയുടെയും അസഹിഷ്ണുതയുടെയും പര്യായമായ അണുകുടുംബ മാതൃകയിലേക്ക് വഴുതിവീണപ്പോള്‍ സ്ത്രീകേന്ദ്രീകൃതമായ മാതൃദായക്രമത്തിന് ആഴത്തിലുള്ള മുറിവുകളേറ്റു. ഇന്ന് എതുപ്രായത്തിലും സ്ത്രീയെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അറുതിവരണം. മലയാളി ഇന്നിതിന് ഒരുമ്പെടുന്നില്ലെങ്കില്‍ വരുംതലമുറ പിന്നീട് വലിയ വിലകൊടുക്കേണ്ടിവരും.


Related Articles

മോണ്‍. സെബസ്ത്യാനിയുടെ യാത്രാവിവരണങ്ങളിലെ കൊച്ചി-വെണ്ടുരുത്തി പള്ളി

റവ. ഡോ. പീറ്റര്‍ കൊച്ചുവീട്ടില്‍ ചിരപുരാതനമായ വരാപ്പുഴ അതിരൂപതയുടെ പ്രാഗ്‌രൂപമായി 1659 ഡിസംബര്‍ 3ന് സ്ഥാപിതമായ (The Madras Catholic Directory,1887, Pg.138) മലബാര്‍ വികാരിയത്തിന്റെ പ്രഥമ

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്

അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്

ഉള്‍നാടന്‍ ജലാശയങ്ങള്‍ നല്‍കിയത് 1.92 ലക്ഷം മെട്രിക് ടണ്‍ മത്സ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,92,027 മെട്രിക്ടണ്‍ മത്സ്യം. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. മത്സ്യകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് 24,511 ടണ്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*