വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം

വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം

മനുഷ്യനായി തീര്‍ന്ന തമ്പുരാന്‍ അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്‌നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്‌നേഹത്തിന്റെ ആ വലിയ കൂദാശയോട് ചേര്‍ത്തു പിടിക്കേണ്ട മറ്റൊരു ഓര്‍മയാണ് പൗരോഹിത്യത്തിന്റെ സ്ഥാപനം. ഇന്ന് ചാനലുകളിലും പത്രവാര്‍ത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും വൈദികരെ മോശമായി ചിത്രീകരിക്കുകയും, എതിര്‍ക്കുകയും, താറടിച്ചു കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാം തിരിച്ചറിയേണ്ട ചില സത്യങ്ങള്‍ തിരുപ്പട്ടം എന്ന ആ വലിയ ദാനത്തിലുണ്ട്.

നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി ഒത്തിരി വേദനയോടെ പരിശുദ്ധ സക്രാരിക്ക് മുന്നിലിരുന്ന് കണ്ണീരൊഴുക്കുന്ന,  ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന അനേകം പുരോഹിതര്‍ നമ്മുടെയിടയിലുണ്ട്. പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്ന് മന:പൂര്‍വം ഒരകലം വച്ച്, വേദനിക്കുന്ന വൈദികരെ ഹൃദയത്തോട് ചേര്‍ത്തുവച്ച്, പ്രാര്‍ത്ഥനാമുറികളില്‍ ഏങ്ങലിടിച്ച് കരയുന്ന വൈദികരുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും സുഹൃത്തുക്കളും നമുക്കുചുറ്റുമുണ്ട്. മറുവശത്ത് കുമ്പസാരിക്കുവാനും കുടുംബപ്രശ്‌നങ്ങള്‍ പങ്കിടുവാനും ഇനി വൈദികരെ എങ്ങനെ സമീപിക്കും എന്ന സംശയത്തോടെ ജീവിക്കുന്നവരും. പാപം ചെയ്യുന്ന വൈദികരുടെ കുര്‍ബാനകളില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നു ചോദിക്കുന്ന യുവതലമുറ. പുരോഹിതഗണത്തിന്റെ വീഴ്ചകള്‍ സഭയുടെ തന്നെ വീഴ്ചയ്ക്കു കാരണമാകുന്നുവെന്ന് വിലയിരുത്തുന്ന മുതിര്‍ന്നവര്‍.

പൗരോഹിത്യത്തിന്റെ ആഴവും അര്‍ത്ഥവും തിരിച്ചറിയേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. കുറച്ച് വൈദികരുടെ കുറവുകള്‍ നിമിത്തം ചാനലുകളിലും പത്രങ്ങളിലും വരുന്ന മോശപ്പെട്ട വാര്‍ത്തകള്‍ മൂലം നിന്നുപോകുന്ന ഉദ്യോഗം അല്ല പൗരോഹിത്യം. ഇന്ന് ലക്ഷക്കണക്കിന് വൈദികര്‍ ഈ വെല്ലുവിളികള്‍ക്ക് നടുവില്‍ നിസ്വാര്‍ത്ഥമായ സേവനം അര്‍പ്പിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ലോകത്തിന് തളര്‍ത്താന്‍ സാധിക്കാത്ത, തകര്‍ക്കാന്‍ കഴിയാത്ത ഒരു അടിത്തറ ഈ കൂദാശയ്ക്കുണ്ട് എന്നുള്ളതാണ്. ആ സുന്ദരമായ അടിത്തറയുടെ കാഴ്ചകളിലേക്ക് നമുക്കൊരു തീര്‍ത്ഥാടനം നടത്താം.

വിശുദ്ധ ജോണ്‍ മരിയ വിയാനി പൗരോഹിത്യത്തിന്റെ മാധുര്യം ആവോളം ആസ്വദിച്ച വ്യക്തിത്വമാണ്. അദ്ദേഹം പറയുന്നു: ”ലോകത്തില്‍ വൈദികനാരെന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കിയാല്‍ നാം മരിക്കും, ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്… യേശുവിന്റെ ഹൃദയത്തിലെ സ്‌നേഹമാണ് പൗരോഹിത്യം.” മൂന്ന് വിശേഷണങ്ങള്‍ നല്‍കിയാണ് വൈദികനെക്കുറിച്ച് മറ്റൊരു വിശുദ്ധന്‍ വിശേഷിപ്പിച്ചത്. അധരം സ്വര്‍ണമെന്ന് സഭ വിളിക്കുന്ന അന്ത്യോക്യയിലെ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നു: ”പുരോഹിതന്‍ സ്വര്‍ഗീയ നിധികളുടെ താക്കോല്‍ കൈവശം വയ്ക്കുന്നവനാണ്, പിതാവായ ദൈവത്തിന്റെ കാര്യസ്ഥനാണ് അദ്ദേഹം, അതിലുപരി തമ്പുരാന്റെ വസ്തുക്കളുടെ മേല്‍ അധികാരമുള്ള കാര്യനിര്‍വാഹകന്‍”. വിശുദ്ധരുടെ ഈ ബോധ്യങ്ങള്‍ തന്നെ ധാരാളമാണ് പൗരോഹിത്യത്തിന്റെ യശസ്സ് എത്രമാത്രം ഉയരത്തിലാണെന്നറിയാന്‍.

ക്രിസ്തുനാഥനാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടവും, അടിത്തറയും. ക്രിസ്തു അപ്പസ്‌തോലന്മാരെ ഏല്പിച്ച ദൗത്യത്തിന്റെ സാര്‍വത്രികതയില്‍ തിരുപ്പട്ട കൂദാശവഴി പുരോഹിതരില്‍ പങ്കുചേരുന്നു. ദൈവികകാര്യങ്ങളില്‍ മനുഷ്യരുടെ പാപങ്ങളെ പ്രതി കാഴ്ചകളും ബലികളും അര്‍പ്പിക്കുവാന്‍ നിയുക്തരായ വൈദികര്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്നത് ക്രിസ്തുവിനെ തന്നെയാണ്. അതുകൊണ്ടാണ് വൈദികന്റെ കരങ്ങള്‍ പരിശുദ്ധ അമ്മയുടെ ഗര്‍ഭപാത്രത്തിന് സമാനമെന്ന് വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത്. മനുഷ്യനായി മന്നിലവതരിക്കുവാന്‍ ദൈവം പരിശുദ്ധ കന്യകാമറിയത്തെ ഉപകരണമാക്കിയെങ്കില്‍ ഇന്ന് കര്‍ത്താവ് തന്റെ തിരുശരീരവും തിരുരക്തവും നമ്മിലേക്കെത്തിക്കുന്നത് പുരോഹിതന്റെ കരങ്ങളിലൂടെയാണ്. ആ കരങ്ങള്‍ പരിശുദ്ധമായ തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടതും മായാത്ത മുദ്രയാല്‍ പവിത്രമാക്കപ്പെട്ടതുമാണ്.

സഭയുടെ ശിരസായ ക്രിസ്തുവിന്റെ പ്രതിനിധിയായി അവിടുത്തെ പുരോഹിത, പ്രവാചക, രാജകീയധര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ തിരുപ്പട്ടം ഒരുവനെ പ്രാപ്തനാക്കുമ്പോള്‍ ക്രിസ്തുവിന്റെ ധര്‍മത്തിലുള്ള ഈ ഭാഗഭാഗിത്വം മായാത്ത ആത്മീയമുദ്രയായി എന്നേക്കുമായി നല്‍കപ്പെടുകയാണ്. വൈദികന്റെ വ്യക്തിജീവിതത്തിലെ കുറവുകള്‍ മൂലം പരികര്‍മം ചെയ്യുന്ന കൂദാശകളിലൂടെ വിശ്വാസസമൂഹത്തിന് ലഭ്യമാകുന്ന അനുഗ്രഹങ്ങള്‍ക്കോ കൃപകള്‍ക്കോ ഒരിക്കലും തടസമുണ്ടാകുന്നില്ല. പുരോഹിതന്‍ എന്നും പുരോഹിതനാണ്. ഒരു മാലാഖയെയും വൈദികനെയും കണ്ടുമുട്ടുമ്പോള്‍ ഞാന്‍ ആദ്യം മുട്ടുകുത്തുന്നത് വൈദികന്റെ മുമ്പിലായിരിക്കുമെന്നാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി പറഞ്ഞത്. കാരണം തന്റെ ശരീരത്തിന്റെ ശിരസും തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനും എന്ന നിലയില്‍ ക്രിസ്തു തന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. ക്രിസ്തുവിന്റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടും കൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം വൈദികന് കരഗതമായിരിക്കുന്നു. തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ അടിത്തറ. അത് ഒരിക്കലും ഇളകുകയില്ല, തകര്‍ക്കപ്പെടുകയുമില്ല.

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ പുരോഹിതനെക്കുറിച്ച് ഇപ്രകാരം ഉദ്‌ഘോഷിച്ചു: ”മാലാഖമാരൊത്തു നില്‍ക്കുന്ന സത്യത്തിന്റെ സംരക്ഷകന്‍, ഉന്നതത്തിലെ അള്‍ത്താരയിലേക്ക് ബലികള്‍ ഉയര്‍ത്തുന്ന, അതിലുപരി ദൈവികനാക്കപ്പെട്ടവനും ദൈവികത നല്‍കുന്നവനുമാണ് ഓരോ വൈദികനും”-തമ്പുരാന്റെ വിളിയോട് പ്രത്യുത്തരിച്ചവന് കനിഞ്ഞു നല്‍കിയ ദാനമാണ് പൗരോഹിത്യം. കുറവുകളും പരിമിതികളും ഉള്ളവനെ തന്നെയാണ് കര്‍ത്താവ് വിളിച്ചത്. പക്ഷെ ആ കുറവുകള്‍ തടസങ്ങളാക്കാന്‍ ദൈവം അനുവദിക്കുന്നില്ല. മായാത്ത ആത്മീയമുദ്രയുടെ ആത്മാവിന്റെ അഭിഷേകമാണ് ഓരോ വൈദികനിലുമുള്ളത്. നമ്മുടെ വിശ്വാസം ശക്തിപ്പെടുക ആ അടിത്തറയിന്മേലാണ്. വൈദികരെ ഓര്‍ക്കാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളര്‍പ്പിച്ച് നമുക്കവരെ ശക്തിപ്പെടുത്താം.

അവരുടെ കരങ്ങള്‍ വഴി സ്വര്‍ഗം തുറക്കപ്പെടട്ടെ. അവരുടെ അധരങ്ങള്‍ വഴി വചനത്തിന്റെ നാളം കത്തട്ടെ. അവരുടെ സാന്നിധ്യങ്ങള്‍ സൗഖ്യങ്ങളായി ഭവിക്കട്ടെ. നീറുന്ന അവരുടെ ഹൃദയങ്ങളും, നനയുന്ന അവരുടെ കണ്ണുകളും നാം കാണാതെ പോകരുത്. ഇന്ന് ലോകം ആവശ്യപ്പെടുന്നു-വൈദികര്‍ക്ക് തണലായി നമ്മുടെ പ്രാര്‍ത്ഥനകളും, ആശംസകളും, സാന്നിധ്യവും അകമഴിഞ്ഞ് കൊടുക്കണമെന്ന്. ഈ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം, ജോണ്‍ മരിയ വിയാനിയുടെ ആഴമുള്ള വാക്കുകള്‍! ”തിരുപ്പട്ടം എന്ന കൂദാശ ഇല്ലായിരുന്നുവെങ്കില്‍, നമുക്കിന്ന് കര്‍ത്താവുണ്ടാകില്ലായിരുന്നു. ആരാണ് സക്രാരിയില്‍ അവിടുത്തെ എഴുന്നുള്ളിച്ച് വച്ചത്? പുരോഹിതന്‍. ജീവിതാരംഭത്തില്‍ നിന്റെ ആത്മാവിനെ കഴുകി സ്വീകരിച്ചത് ആരാണ്? പുരോഹിതന്‍. ആത്മീയ തീര്‍ത്ഥാടനത്തില്‍ നിന്റെ കൂടെ നിന്ന് നിന്നെ വളര്‍ത്തിയതാരാണ്? പുരോഹിതന്‍. കര്‍ത്താവിന്റെ തിരുരക്തത്താല്‍ നിന്നെ കഴുകി തന്‍ സുതന്റെ മുന്നില്‍ നിര്‍ത്തുവാന്‍ നിന്നെ യോഗ്യനാക്കിയത് ആരാണ്? പുരോഹിതന്‍. മരണക്കിടക്കയില്‍, നിനക്ക് ശാന്തിയും സമാധാനവും നല്‍കുന്നത് ആരാണ്? പുരോഹിതന്‍!”

പ്രിയരെ, സ്‌നേഹിക്കാം, ശക്തിപ്പെടുത്താം, കൂടെ നില്‍ക്കാം നമ്മുടെ വൈദികരോടൊപ്പം.

(റവ. ഡോ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍

പ്രൊഫസര്‍,സെന്റ് ജോസഫ്‌സ് സെമിനാരി,മംഗലാപുരം)


Related Articles

ലൈംഗികാതിക്രമം: സഭയില്‍ പുതിയ ചട്ടങ്ങള്‍

വത്തിക്കാന്‍ സിറ്റി: സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളും അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളും മേലധികാരികളെ അറിയിക്കാന്‍ എല്ലാ വൈദികരും സന്ന്യസ്തരും ബാധ്യസ്ഥരാണെന്നു വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ സാര്‍വത്രിക കത്തോലിക്കാ സഭയ്ക്കു

മിരിയാമിനു ലഭിച്ച ശിക്ഷ

ഇസ്രായേല്‍ ജനം ഈജിപ്തില്‍ അടിമത്തത്തില്‍ കഴിയുന്ന വേളയില്‍ മോശ ഒരു ഈജിപ്തുകാരനെ വധിച്ചിരുന്നു. അയാള്‍ തന്റെ സഹോദരരെ ഉപദ്രവിക്കുന്നതുകണ്ട് സഹിക്കാതെയാണ് മോശ ഈ കൊടുംപാതകം ചെയ്തത്. പിന്നീടയാള്‍

മഹാദുരിതകാലത്തെ കടുംവെട്ട്

കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*