വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം. എന്നാല്‍ കാവിപ്പടയുടെ അപ്രതിഹതമായ മുന്നേറ്റത്തെയും തീവ്രദേശീയതയുടെയും മതവര്‍ഗീയതയുടെയും ഉദ്ദണ്ഡ ഭീഷണിയെയും ചെറുക്കാനുള്ള ദൃഢനിശ്ചയത്തോടെ കേരളത്തിലെ വോട്ടര്‍മാര്‍ മതേതരത്വ ജനാധിപത്യ പക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രതിരോധനിര തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശിലെ സ്വന്തം തട്ടകം കൈവെടിഞ്ഞപ്പോഴും കേരളത്തിലെ വയനാട് മണ്ഡലം 4,31,770 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലെത്തിക്കുകയും സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലായിടത്തും ഐക്യ ജനാധിപത്യ മുന്നണിക്ക് ആരും പ്രതീക്ഷിക്കാത്ത ഊക്കന്‍ വിജയം ഉറപ്പാക്കുകയും ചെയ്തത് തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണമികവിന്റെ പാര്‍ശ്വഫലമാണെന്ന് സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണി അവകാശപ്പെടുന്നതു കേട്ട് ജനം ഊറിച്ചിരിക്കുകയാണ്.
ബംഗാളിലും ത്രിപുരയിലും നാമാവശേഷമായ ഇടതു മുന്നണിയുടേതായി രാജ്യത്ത് അവശേഷിക്കുന്ന ഏക സങ്കേതമായ കേരളത്തില്‍ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനെയും സിപിഐയെയും ദയനീയമായി തറപറ്റിച്ചു. പിണറായി വിജയന് നയിക്കുന്ന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍, കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതു മുന്നണിക്കുണ്ടായത്. വോട്ടര്‍പട്ടികയില്‍ വ്യാപകമായ വെട്ടിനിരത്തല്‍, തപാല്‍ വോട്ടുകള്‍ ഒന്നടങ്കം പിടിച്ചെടുക്കല്‍, ഇലക്ഷന് കമ്മീഷന്റെ വെബ്കാസ്റ്റിംഗ് വിഡിയോദൃശ്യങ്ങളില്‍ തെളിഞ്ഞ ആള്‍മാറാട്ടവും കള്ളവോട്ടും അതിന്റെ പേരിലുള്ള റീപോളിംഗും, ശബരിമലയിലെ ധര്‍മശാസ്താവിന്റെ പേരിലുള്ള വോട്ടുപിടുത്തം തുടങ്ങി നിരവധി പരാതികള്‍ ഉയര്‍ന്നപ്പോഴും റെക്കോഡ് പോളിംഗ് നടന്നു. ഉത്തര കേരളത്തില്‍ മൂന്നു പതിറ്റാണ്ടായി എല്‍ഡിഎഫ് കുത്തകയായി കാത്തുസൂക്ഷിച്ച മണ്ഡലങ്ങളും പിടിച്ചെടുത്ത യുഡിഎഫിന്റെ വോട്ടുവിഹിതം 47.23 ശതമാനമായി ഉയര്‍ന്നപ്പോള്‍ എല്‍ഡിഎഫിനു കിട്ടിയത് 35.15% മാത്രം. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വോട്ടുവിഹിതം ഇത്രയും ഇടിയുന്നത് ആദ്യമായാണ്. 19 സീറ്റുകള്‍ തൂത്തുവാരിയ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷവും അഭൂതപൂര്‍വമാണ് – രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് രണ്ടു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം, ഏഴു പേരുടേത് ഒരു ലക്ഷത്തിനു മീതെ, ആറു പേര്‍ക്ക് അന്‍പതിനായിരത്തിലേറെ, നാലിടങ്ങളില്‍ പതിനായിരത്തിനുമേല്‍.
കനത്ത വോട്ടുചോര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിച്ച സിപിഎം നേതൃത്വം പ്രാഥമികമായി കണ്ടെത്തിയത് ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുവന്ന പരമ്പരാഗത വോട്ടുകളില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകുന്ന അപകടം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു, എന്നാല്‍ ഇതിന്റെ നേട്ടം യുഡിഎഫിനാണ് ലഭിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചു. എന്തായാലും ഈ തിരിച്ചടി താത്കാലികമാണെന്നും ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് പാര്‍ട്ടിയും മുന്നണിയും ഉയിര്ത്തെഴുന്നേറ്റിട്ടുണ്ടെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്.
ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചതായി കാണുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്തും മകരവിളക്കിനും ശബരിമല സന്നിധാനത്തു വരെ സംഘര്‍ഷത്തിനും വ്യാപകമായ അക്രമഭീഷണിക്കും വഴിതെളിച്ച ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും മുഖ്യ പ്രചാരണ മന്ത്രം ഇവിടെ ശബരിമല തന്നെയായിരുന്നു. ധര്‍മ്മശാസ്താവിന്റെ നാമം ഉരുവിട്ടാല്‍ ഭക്തരെ ജയിലിലടക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളത്തിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മറ്റു സംസ്ഥാനങ്ങളിലെ പ്രചാരണയോഗങ്ങളില്‍ വിളിച്ചുപറഞ്ഞു. ഗവര്‍ണര്‍ പദവി രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്തുകയും സംസ്ഥാനത്ത് എന്‍ഡിഎയുടെ വോട്ടുവിഹിതം 15.53 ശതമാനമായി ഉയരുകയും ചെയ്തുവെങ്കിലും ശബരിമല ബിജെപിയെ തുണച്ചില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്ന പത്തനംതിട്ടയില്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവ് കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പിള്ളി ഉള്‍പ്പെടെ 20 എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ 13 പേര്‍ക്കു കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.
സ്ത്രീപുരുഷ സമത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വോട്ടും സീറ്റും കുറയുന്നെങ്കില്‍ സഹിച്ചുകൊള്ളാം എന്നു പ്രഖ്യാപിച്ച പിണറായി വിജയന് ശബരിമലയുടെ കാര്യത്തില്‍ കാണിച്ച അമിതാവേശവും പിടിവാശിയും ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന് ഇടം നല്കി എന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന് പരമ്പരാഗതമായി കിട്ടുന്ന സാമുദായിക വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു തന്ത്രം. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മറ്റും പേരില്‍ നവോത്ഥാന മുന്നേറ്റത്തിന്റെ പുനരവതരണത്തിനു നേതൃത്വം നല്കി നവകേരള സൃഷ്ടിയുടെ നടുനായകത്വം സ്വയം ഏറ്റെടുക്കാനാണ് പുരോഗമനവാദിയായ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ടായി. എന്തായാലും ബിജെപിയുടെ ആക്രമണോത്സുക ആക്രോശങ്ങളെ ചെറുക്കുന്നതിന് ന്യൂനപക്ഷ ഏകീകരണം സ്വാഭാവികമായി ഉരുത്തിരിഞ്ഞതോടൊപ്പം ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടും ഗണ്യമായ തോതില്‍ യുഡിഎഫിനു ലഭിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് സംജാതമായതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റുകളില്‍ 91 എണ്ണവും ഇടതു മുന്നണി നേടിയെങ്കില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 140 അസംബ്ലി മണ്ഡലങ്ങളില്‍ 123 ഇടങ്ങളിലും കോണ്‍ഗ്രസിനാണ് ആധിപത്യം. മൂന്നു വര്‍ഷം മുന്‍പ് ഇടതുപക്ഷ എംഎല്‍എമാരെ തെരഞ്ഞെടുത്ത 91 മണ്ഡലങ്ങളില്‍ 75 ഇടങ്ങളിലും ജനം ഇന്ന് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കൊപ്പമാണ്. ഇടതു മുന്നണിയുടെ ആറ് എംപിമാരും അഞ്ച് എംഎല്‍എമാരും ഇക്കുറി തോറ്റു.
രാജ്യത്താകെ തിരിച്ചടി ഏറ്റുവാങ്ങിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘കേരള’ കോണ്‍ഗ്രസായി ചുരുങ്ങി എന്ന് സിപിഎം പരിഹസിക്കുന്നുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒന്‍പത് എംപിമാരുണ്ടായ സിപിഎമ്മിന് ഇക്കുറി ആലപ്പുഴയിലെ ഒരു അംഗത്തിനു പുറമെ കോയമ്പത്തൂരും മധുരയിലും ആദ്യമായി രണ്ട് എംപിമാരെ കിട്ടിയത് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയുടെ ലേബലിലാണെന്ന് ഓര്‍ക്കണം. സിപിഐക്കും തമിഴ്നാടാണ് തുണ – നാഗപട്ടണത്തും തിരുപ്പൂരും ഇതേ മുന്നണിയിലെ സിപിഐ സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറി. ഇപ്പോഴത്തെ അവസ്ഥയില്‍ സിപിഎമ്മിന് ദേശീയ കക്ഷി എന്ന അംഗീകാരം തിരിച്ചുകിട്ടുക പ്രയാസം. പാര്‍ലമെന്റില്‍ സിപിഎമ്മിന് ഏറ്റവും കുടുതല്‍ അംഗങ്ങളുണ്ടായത് 2004ല്‍ ആണ് – 43 സീറ്റ് (ഇടതുപക്ഷത്തിന് മൊത്തം 59). മന്മോഹന് സിങ്ങിന്റെ ഒന്നാം യുപിഎ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്കിയ സിപിഎം ഇന്ത്യ-യുഎസ് ആണവക്കരാറിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയായിരുന്നു.
അടിയന്താരവസ്ഥയ്ക്കു ശേഷം റായ്ബരേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ട 1977ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ കേരളത്തില്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിജയിച്ചു. (അന്ന് ജനതാ പാര്‍ട്ടി ഭരണത്തിലേറിയത് 289 സീറ്റുമായാണ്. 2019ല്‍ ബിജെപിക്ക് സ്വന്തമായി 303 സീറ്റുണ്ട്; എന്‍ഡിഎ മുന്നണിക്ക് മൊത്തം 352 സീറ്റും. 1984നുശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി 300 സീറ്റിനുമേല്‍ ഭൂരിപക്ഷം നേടുന്നത്.)
കേന്ദ്ര ഭരണത്തിന്റെ മാത്രമല്ല, സംസ്ഥാനത്തെ ഇടതു മുന്നണി ഭരണത്തിന്റെ കൂടി വിലയിരുത്തലായിരുന്നു ഈ തെരഞ്ഞെടുപ്പ് എന്നതില്‍ സംശയമില്ല. അനാവശ്യമായ പ്രകോപനവും വെല്ലുവിളിയും ഉയര്‍ത്തി ശബരിമല പ്രശ്നം വളയാക്കിയതും, ഓഖി ചുഴലിക്കാറ്റ്, മഹാപ്രളയം എന്നിവ കൈകാര്യം ചെയ്തതിലെ പാളിച്ചകളും, നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും കാര്യത്തിലുണ്ടായ അവ്യക്തതയും അനിശ്ചിതത്വവും, കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയുമെല്ലാം വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. കടക്കൂ പുറത്ത്, മാറിനില്‍ക്കങ്ങോട്ട് എന്നും മറ്റും ആജ്ഞാപിച്ച് മാധ്യമപ്രവര്‍ത്തകരെ നിന്ദിച്ച് ആട്ടിയോടിക്കുകയും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് ജനാധിപത്യ മര്യാദയുടെ പേരിലെങ്കിലും മാന്യമായി പ്രതികരിക്കാന്‍ വിസമ്മിക്കുകയും ചെയ്യുന്ന തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.
അതേസമയം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ ഭരണഘടനയെ തൊട്ടു വന്ദിച്ച് പ്രധാനമന്ത്രി മോദി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള തന്റെ യാത്രയില്‍ എല്ലാവരുടെയും വിശ്വാസം കൂടി ആര്‍ജിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കുകയുണ്ടായി. എന്‍ഡിഎക്കു വോട്ടു ചെയ്തതവരും ചെയ്യാത്തവരുമെന്ന ഭേദമില്ലാതെ ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന വാഗ്ദാനം ആശാവഹമാണ്. തീവ്രദേശീയതയുടെ വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റം ആഗോള പ്രതിഭാസമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലെല്ലാം വീശിയടിക്കുന്ന തരംഗം. യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളെ തകിടം മറിച്ച് ബ്രിട്ടനിലെ നൈജല്‍ ഫെറാഷിന്റെ ബ്രെക്സിറ്റ് പാര്‍ട്ടിയും, ഫ്രാന്‍സിലെ മരീന്‍ ലപെനിന്റെ റാസെംബ്ലിമെന്റ് നസ്യൊനാലും, ഇറ്റലിയിലെ മത്തേവോ സാല്‍വീനിയുടെ ലീഗും നേടിയ ഉജ്വല വിജയവും, ഓസ്ട്രേലിയയില്‍ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച് ഇവാഞ്ചലിക്കല്‍ ക്രൈസ്തവ വിശ്വാസിയും കാലാവസ്ഥവ്യതിയാന നിഷേധിയുമായ സ്കോട്ട് മോറിസണ്‍ ഉറപ്പിച്ച രണ്ടാമൂഴവും മോദിയുടെ അത്യുജ്വല പ്രകടനത്തിനു സമാനമാണ്. കാലാവധി പൂര്‍ത്തിയാക്കി പൂര്‍വാധികം വര്‍ധിച്ച ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി ഏറെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യയില്‍ ഉണ്ടാകുന്നത് ഇപ്പോഴാണ്. രാഷ്ട്രീയത്തിന് അതീതമായി കേരളവും അത് അംഗീകരിക്കാതെ നിര്‍വാഹമില്ല.
Related
Related Articles
കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്‍കും-ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത
ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍
ഷാജി ജോര്‍ജ് പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ധാരയായി ഒഴുകി.
മതിലുയരേണ്ടത് ജനദ്രോഹ ഹര്‍ത്താലിനെതിരെ
അങ്ങാടി അടപ്പിച്ചും തൊഴിലിടങ്ങളിലേക്കു പോകുന്നവരുടെ വഴിതടഞ്ഞും സാധാരണക്കാരുടെ അന്നംമുടക്കിയും അത്യാസന്നര്ക്കുപോലും ചികിത്സ നിഷേധിച്ചും അന്യദേശങ്ങളില്‍ നിന്നെത്തുന്നവരെ വഴിയാധാരമാക്കിയും അടിക്കടി ഹര്‍ത്താല്‍ നടത്തുന്ന ജനദ്രോഹികളുടെ താന്തോന്നിത്തം ഇനിയും കേരളസമൂഹം