വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍

രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ് തീവ്രവ്യാപനത്തിന്റെ കരിനിഴലില്‍ തീരമേഖലയിലെ ഗ്രാമങ്ങളും പ്രധാന നഗരങ്ങളും ഇടനാടും മലനാടും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മൂന്നിലൊന്നു പ്രദേശങ്ങള്‍ – 350 തദ്ദേശഭരണ സമിതികളുടെ കീഴില്‍ വരുന്ന നാലായിരത്തിലധികം വാര്‍ഡുകള്‍ – പകര്ച്ചരോഗവാഹകരുടെ സമ്പര്‍ക്കപ്പട്ടിക പരിമിതപ്പെടുത്താനായി അടച്ചിട്ടിരിക്കെ, പശ്ചിമ കൊച്ചി മേഖലയിലെ ചെല്ലാനം പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണില്‍ വിറങ്ങലിച്ചു വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് കര്‍ക്കടകവാവിലെ ഏറ്റവും രൂക്ഷമായ കടലേറ്റത്തിന്റെ ആഘാതം കൂടി ഏല്ക്കേണ്ടിവന്നു. കൊവിഡ് വ്യാപനത്തിന്റെ തീവ്രതയും പ്രകൃതിക്ഷോഭവും പ്രവചനാതീതമാണെന്നു സമ്മതിച്ചാല്‍തന്നെ ചെല്ലാനത്തെ വീടുകളെ വിഴുങ്ങുന്ന കടലേറ്റം എത്രയോ വര്‍ഷങ്ങളായി തീരദേശ ജനത നാടുവാഴുന്നോരെ ഉണര്ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്ത മുന്നറിയിപ്പാണ്. ലോകോത്തര ഭരണനേട്ടങ്ങളുടെ വീമ്പുപറച്ചിലില്‍, കേവലം 1,150 മീറ്റര്‍ കടല്‍ഭിത്തിയുടെ പ്രശ്നം രണ്ടര വര്‍ഷം കൊണ്ടു പരിഹരിക്കാനാവാത്തതിന്റെ പ്രാപ്തിക്കുറവും വീഴ്ചയും കേരള ഹൈക്കോടതിതന്നെ എത്രവട്ടം എടുത്തുകാട്ടി എന്നോര്‍ക്കണം. വാക്കിനു വ്യവസ്ഥയില്ലാത്ത സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ മടവീഴ്ചയിലും, ഈ ദുരന്തമുനമ്പില്‍ ഒറ്റപ്പെട്ട പാവപ്പെട്ടവരെ തീരത്തുനിന്ന് കുടിയൊഴിഞ്ഞുപോകാത്തതിനു പഴിക്കുന്ന സംസ്ഥാന ഫിഷറീസ് മന്ത്രിയുടെ കൂറും പക്ഷവും മാത്രമല്ല ഹൃദയശൂന്യതയും സ്ഥലകാലബോധമില്ലായ്മയും ഇവിടെ വീണ്ടും തെളിഞ്ഞുകാണാനാവും. ആളുകള്‍ കുടിയൊഴിഞ്ഞാലും തീരശോഷണം തടയാന്‍, കരയും നാടും നാഗരികസംസ്കൃതിയും കടലെടുത്തുപോകാതിരിക്കാന് എന്തെങ്കിലും ചെയ്യേണ്ടേ?
തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലും പുല്ലുവിളയിലും മഹാവ്യാധിയുടെ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ വടക്ക് ഇടവ മുതല്‍ തെക്ക് പൊഴിയൂര്‍ വരെ മൂന്ന് ക്രിറ്റിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് – ഇടവ മുതല്‍ പെരുമാതുറ വരെ ഒന്നാം സോണ്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ട്, വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെ മൂന്നാം സോണ്‍ – രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ വീതം ഓരോ സോണിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയതിനു തോട്ടു മുന്‍പുള്ള ദിനങ്ങളില്‍, രോഗഭീതിയും വിശപ്പും ഭയാശങ്കളും സാമൂഹിക ഉപരോധ ഭീഷണിയുമൊക്കെകൊണ്ടു പൊറുതിമുട്ടിയ പട്ടിണിപാവങ്ങളുടെ നിസഹായാവസ്ഥയും ദൈന്യവും കണ്ട് മനമുരുകിയവര്ക്ക് ചെല്ലാനം നിവാസികളുടെ കണ്ണീരുപ്പിന്റെ നീറ്റല്‍ അറിയാനാകും.
സംസ്ഥാനത്തെ രോഗപ്പകര്‍ച്ചയുടെ ഏറ്റവും വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളിലൊന്നായി ചെല്ലാനം മാറുകയാണെന്ന് വ്യക്തമായ സൂചനകളുണ്ടായിട്ടും, ആഗോള പ്രശസ്തിക്കുള്ള രാഷ്ട്രീയ മാപിനിയായി കൊവിഡ് പ്രതിരോധ ഡാഷ്ബോര്‍ഡിലെ മികവിന്റെ മൂല്യങ്ങളും ശതമാനകണക്കും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ദുരന്തനിവാരണ, കൊവിഡ്കാര്യ പരമാധികാരസ്ഥാനത്തുനിന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകുംവരെ, രണ്ടു മീറ്ററിന്റെ സാമൂഹിക അകലം പോയിട്ട് വേലിക്കെട്ടിന്റെ ഇടം പോലുമില്ലാതെ തൊട്ടുതൊട്ട് പാര്‍പ്പിടങ്ങള്‍ തിങ്ങിനിറഞ്ഞ, ജനസാന്ദ്രതയേറിയ, കടലിനും കായലിനുമിടയിലായി നീണ്ടുകിടക്കുന്ന ഈ തീരപ്രദേശത്ത് പ്രോട്ടോകോള്‍ മുറയ്ക്ക് രോഗനിര്‍ണയത്തിനുള്ള സാമ്പിള്‍ ശേഖരണത്തിനും ആര്‍ടി-പിസിആര്‍, റാപിഡ് ആന്റിജന്‍ ടെസ്റ്റിനുമുള്ള സംവിധാനം പോലും നാമമാത്രമായിരുന്നു. 50 കിടക്കയുള്ള കൊവിഡ് പ്രഥമ ചികിത്സാകേന്ദ്രം ചെല്ലാനത്തിനും അനുവദിച്ചതായി പ്രഖ്യാപിച്ചിട്ട്, ഉറവിടം അറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിക്കഴിഞ്ഞ്, അതിരൂക്ഷമായ കടലേറ്റത്തില്‍ ദുരിതാശ്വാസകേന്ദ്രത്തിലേക്കു മാറിതാമസിക്കാന്‍ പോലും ആര്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ പോസിറ്റീവ് കേസുകള്‍ ഔദ്യോഗിക കണക്കില്‍ 234 ആയപ്പോഴാണ് കണ്ണമാലി സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ ആ ഫസ്റ്റ്ലൈന് പരിചരണകേന്ദ്രം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി തുറക്കുന്നത്.
യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ് 60 ശതമാനത്തിലേറെ കൊവിഡ് രോഗികള്‍ എന്നിരിക്കെ, കടല്‍വെള്ളം ഇരച്ചുകയറിയ വീടുകളുടെ ടെറസിലും മറ്റും തിങ്ങിഞെരുങ്ങി ദിനരാത്രങ്ങള്‍ ചെലവഴിക്കേണ്ടിവരുന്ന കുടുംബങ്ങളുടെ രോഗപകര്‍ച്ചാ സാധ്യത എത്രകണ്ടാകും? എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ചെല്ലാനത്തുനിന്നുള്ള ഒരു അറുപത്താറുകാരിക്ക് ജൂലൈ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ചെല്ലാനം പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകളില്‍ തീവ്രവ്യാപനം തെളിഞ്ഞപ്പോഴും രോഗലക്ഷണമുള്ളവരില്‍ നിന്ന് കേവലം 220 സാമ്പിള്‍ ശേഖരിച്ച് അവരെ വീടുകളിലേക്കുതന്നെ തിരിച്ചയക്കുകയാണുണ്ടായത്. ടെസ്റ്റിന്റെ ഫലമറിയാന്‍ ചിലര്‍ക്ക് മൂന്നു ദിവസം വരെ കാത്തിരിക്കേണ്ടിവന്നു. അതിനിടെ കുടുംബാംഗങ്ങളും അയല്ക്കാരുമൊക്കെയായി അവര്‍ സമ്പര്‍ക്കത്തിലായിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണില്‍ കണ്ടക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രവും ചെല്ലാനം കുടുംബാരോഗ്യകേന്ദ്രവും അടഞ്ഞുകിടക്കുമ്പോള്‍ ടെലിമെഡിസിന്‍ കുറിപ്പടി കിട്ടുമോ എന്നു നോക്കാനാണ് സാധാരണക്കാര്‍ക്കു കിട്ടിയ നിര്‍ദേശം.
കൊവിഡിന്റെ പേരിലുള്ള ലോക്ഡൗണ്‍ 120 ദിവസം പിന്നിടുമ്പോള്‍, മത്സ്യമേഖലയില്‍ ഇളവ് അനുവദിച്ച ഏതാനും ആഴ്ചകളില്‍ പോലും പ്രതികൂല കാലാവസ്ഥയില്‍ കടല്‍പ്പണിക്കു പോകാന്‍ കിട്ടിയ അവസരം പരിമിതമായിരുന്നു. സാധാരണ ട്രോളിംഗ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളംനിറയെ മീന്‍ കിട്ടുന്ന സീസണ് കൂടിയാണ്. ഹാര്‍ബറും ഫിഷ് ലാന്‍ഡിംഗ് സെന്ററും ട്രിപ്പിള്‍ ലോക്ഡൗണില്‍ അടഞ്ഞുകിടക്കുമ്പോള്‍, വള്ളങ്ങളും മറ്റു ജീവനോപാധികളും കടലേറ്റത്തില്‍ ചിതറിത്തെറിക്കുമ്പോള്‍, ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടുകയാണ്. സൗജന്യ റേഷന്‍ പ്രഖ്യാപനം കൊണ്ട് അവരുടെ ദുരിതത്തിന് അറുതിയുണ്ടാകുന്നതെങ്ങനെ?
വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനു വേണ്ടി കൊച്ചി കപ്പല്‍ച്ചാലിന് ആഴം കൂട്ടിയതിന്റെ പ്രത്യാഘാതമാണ് അഴിമുഖത്തിനു തെക്കുഭാഗത്തെ തീരശോഷണമെന്നു വ്യക്തമായിട്ടുണ്ട്. 2017 ഡിസംബറിലെ ഓഖി ചുഴലിക്കാറ്റില്‍ ചെല്ലാനം തീരത്തുണ്ടായ കടലേറ്റ ദുരന്തത്തെ തുടര്‍ന്ന് ജനങ്ങള്‍ രാഷ്ട്രീയഭേദമില്ലാതെ ഒറ്റക്കെട്ടായി പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് തകര്‍ന്ന കടല്‍ഭിത്തി ബലപ്പെടുത്താനും കടല്‍ കയറുന്ന ഗ്യാപ്പില്‍ പുതിയ ജിയോടെക്സ്റ്റൈല്‍ ട്യൂബിന്റെ പ്രതിരോധകവചം ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. കടല്‍ഭിത്തി കെട്ടാനുള്ള കരിങ്കല്ല് കിട്ടാനില്ല എന്ന പരാതിക്കു പരിഹാരമായാണ് ജിയോട്യൂബ് അവതരിപ്പിക്കുന്നത്. മൂന്നു കോടി രൂപ ചെലവില്‍ കണ്ടക്കടവില്‍ അടക്കം രണ്ട് പുലിമുട്ടും (T ആകൃതിയിലുള്ള ബ്രേക്വാട്ടര്‍) അനുബന്ധമായി നിര്‍ദേശത്തിലുണ്ടായിരുന്നു. വേളാങ്കണ്ണി ബസാര്‍, കമ്പനിപ്പടി ഭാഗത്ത് 300 മീറ്റര്‍ വീതവും, വാച്ചാക്കല്‍ 100 മീറ്ററും, പുത്തന്‍തോട് ഫിഷിംഗ് ഗ്യാപ്പില്‍ 110 മീറ്ററും ഉള്‍പ്പെടെ മൊത്തം 1,150 മീറ്റര്‍ വരുന്ന ജിയോട്യൂബില്‍ മണല്‍ നിറച്ച് കടല്‍ഭിത്തി നിര്‍മിക്കുക എന്നത് ചെല്ലാനത്തെ തീരശോഷണത്തിന് ശാശ്വത പരിഹാരമല്ലെന്ന് സമുദ്രപഠന-ഭൗമശാസ്ത്രജ്ഞരും സുസ്ഥിര തീരദേശ പരിപാലന പദ്ധതികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്ധരും ചെന്നൈ ഐഐടിയില്‍ നിന്നുള്ള പഠനസംഘവും മറ്റും ആദ്യമേ പറഞ്ഞിരുന്നു.
2018 ഏപ്രിലില്‍ നടപ്പാക്കുമെന്നു പറഞ്ഞു തുടങ്ങിയ എട്ടു കോടി രൂപയുടെ പദ്ധതിക്ക് ഹൈഡ്രോഗ്രാഫിക് സര്‍വേ പോലുള്ള പ്രാഥമിക പഠനമൊന്നും നടത്താതെ, ജിയോട്യൂബ് സാങ്കേതികവിദ്യ തരിമ്പുപോലും കൈവശമില്ലാത്ത ഒരു കരാറുകാരനെ കണ്ടെത്തി സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സൈറ്റ് കൈമാറിയത് 2018 ജൂണിലാണ്. ട്യൂബില്‍ മണല്‍ നിറയ്ക്കാനുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെ ആരംഭിച്ച പദ്ധതി കടലില്‍ നിന്ന് മണല്‍ ഡ്രെജ് ചെയ്തെടുക്കാനുള്ള യജ്ഞത്തില്‍ അമ്പേ പരാജയപ്പെട്ടു. കരാര്‍ കാലാവധി നീട്ടിക്കൊടുക്കലും നിയമതര്ക്കങ്ങളുമൊക്കെയായി പദ്ധതി എങ്ങുമെത്തിയില്ല. ഒടുവില്‍, കഴിഞ്ഞ ജനുവരിയില്‍ കരാറുകാരനെ നീക്കം ചെയ്ത് ഫെബ്രുവരിയില്‍ രണ്ടുവട്ടം ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിലൂടെ പുതിയൊരു സ്ഥാപനത്തിന് പണി ഏല്പിച്ചുകൊടുത്തു. ഏഴര കോടിയുടെ പദ്ധതിതുകയ്ക്കു പുറമെ ലോക്ഡൗണിന്റെയും മറ്റും പശ്ചാത്തലത്തില്‍ 20 ശതമാനം അധികച്ചെലവു കൂടി വകവച്ചുനല്കാനായിരുന്നു ധാരണ. തീരക്കടലില്‍ നിന്നു ജിയോട്യൂബ് നിറയ്ക്കാനുള്ള മണല്‍ പമ്പു ചെയ്യാന്‍ രണ്ട് ഹെവിഡ്യൂട്ടി പമ്പുകളും രണ്ട് ജനറേറ്ററുകളുമായി പ്രത്യേകം രൂപകല്പന ചെയ്ത ഒന്നര കോടി രൂപയുടെ ഡ്രെജിംഗ് തോണിച്ചങ്ങാടം കഴിഞ്ഞ മാസം 14ന് കടല്‍ക്ഷോഭത്തില്‍ നങ്കൂരത്തില്‍ നിന്നു വേര്‍പെട്ട് മുങ്ങിത്താണതോടെ പദ്ധതി പിന്നെയും വെള്ളത്തിലായി. തീരസംരക്ഷണത്തിന് കാലവര്‍ഷം തുടങ്ങിക്കഴിഞ്ഞാണോ ‘യുദ്ധകാല’ പദ്ധതി നടപ്പാക്കേണ്ടത്?
കരിങ്കല്ലു കിട്ടാനില്ലെങ്കില്‍, നിര്മ്മിതിച്ചെലവ് താരതമ്യേന കൂടുതലാണെങ്കിലും കൂടുതല്‍ കാലം നിലനില്‍ക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് ടെട്രാപോഡുകള്‍ – ഇന്റര്‍ലോക്ക് ചെയ്യാവുന്ന രണ്ടു ടണ്‍ മുതല്‍ 10 ടണ്‍ വരെ ഭാരമുള്ള, നാലു കാലുകളുള്ള ഇത്തരം 14,000 തീരസംരക്ഷണ വാര്ക്കഉരുപ്പടി ധാരാളമാണ് ചെല്ലാനം തീരഘടനയ്ക്ക് യോജിച്ച സംരക്ഷണകവചം തീര്‍ക്കാന്‍. തിരത്തള്ളല്‍ മുറിച്ച് ശക്തിക്ഷയിപ്പിക്കുന്ന ബ്രേക്വാട്ടര്‍ (പുലിമുട്ട്) സംവിധാനം കൂടിയായാല്‍ സംഗതി കുറെക്കൂടി ഭദ്രമാകുമെന്നു കരുതാം. രാഷ്ട്രീയ താല്പര്യങ്ങള്ക്കപ്പുറം ശാസ്ത്രീയ ബദല്‍മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടുവേണം ഇനിയെങ്കിലും തീരസംരക്ഷണ പദ്ധതിയുടെ രൂപരേഖ നിര്‍ണയിക്കാന്‍.
ചെല്ലാനത്തെ തീരദേശജനതയുടെ ദുരിതാവസ്ഥയില്‍ അവരോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വ്യാഴാഴ്ച ഐക്യദാര്‍ഢ്യദിനം പ്രഖ്യാപിച്ചത് കേരള സഭയുടെയും സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സഹകരണവും ഉറപ്പാക്കാനും അതിജീവനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് ശക്തിപകരാനുമാണ്. കെസിബിസിയും കാരിത്താസ് ഇന്ത്യയും വിവിധ രൂപതകളിലെ സാമൂഹിക ശുശ്രൂഷാ സംഘടനകളും സാമൂഹിക സേവന സംഘടനകളും യുവജന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ഈ അടിയന്തര സാഹചര്യത്തില്‍ തീരദേശവാസികളുടെ കണ്ണീരൊപ്പാനും അവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളും മരുന്നും വസ്ത്രങ്ങളും മറ്റും എത്തിക്കാനും രംഗത്തിറങ്ങിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെയും ക്വാറന്റീന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വീടുകളില്‍ ആരോഗ്യസംരക്ഷണത്തിനടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭാവന കിറ്റ് എത്തിക്കാനുള്ള കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) എന്ന കെആര്‍എല്‍സിസി പ്രസ്ഥാനത്തിന്റെ സംരംഭം ശ്രദ്ധേയമാണ്. ചെല്ലാനത്തെ നിസഹായരായ ജനതയ്ക്ക് നമ്മുടെ കരുതലിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യം ഇപ്പോഴാണ്!