Breaking News

വ്യാജ പ്രവാചകന്‍

വ്യാജ പ്രവാചകന്‍

ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള്‍ അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ് ‘ട്രാന്‍സ്’ എന്നു ചുരുക്കത്തില്‍ പറയാം. പക്ഷേ ട്രാന്‍സിന്റെ അണിയറ ശില്പികള്‍ ശ്രദ്ധയോടെ ചെയ്ത കാര്യം, പ്രവാചകന്റെ തലയില്‍ ഒരു ക്രൈസ്തവകിരീടം ചാര്‍ത്തുകയായിരുന്നു. തട്ടിപ്പുകാരുടെ ജാതിയും മതവും തട്ടിപ്പുമാത്രമാണ്. അവരെ കാണേണ്ടതും അങ്ങനെ തന്നെ. ഒരു ഹിന്ദു ആള്‍ദൈവത്തെയോ മുസ്ലീം സിദ്ധനെയോ അവതരിപ്പിക്കാന്‍ പറ്റിയ കാലാവസ്ഥയല്ല ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് അന്‍വര്‍ റഷീദിനും നായകനായ ഫഹദ്ഫാസിലിനുമറിയാം. അതുകൊണ്ടാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ് ഈ സിംഹാസനത്തില്‍ ഇരിക്കേണ്ടിവന്നത്.
ട്രാന്‍സ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ഥം ദേഹാതീതവൃത്തി, മോഹനിദ്ര, ദര്‍ശനാവസ്ഥ, തപോനിദ്ര എന്നിങ്ങനെയൊക്കെയാണ്. സാധാരണക്കാരന്‍ ശ്രീകണ്‌ഠേശ്വരത്തിന്റെയോ രാമലിംഗപിള്ളയുടെയോ മാധവന്‍പിള്ളയുടെയോ ശബ്ദകോശങ്ങള്‍ നോക്കി സിനിമ കാണാന്‍ വരുമെന്നു കരുതിയിട്ടല്ല അത്തരമൊരു പേരിട്ടിട്ടുണ്ടാകുക. പരമാവധി കാര്യങ്ങള്‍ രഹസ്യമായി വയ്ക്കുക എന്നു കരുതിതന്നെയാണ്. കോടികള്‍ മുടക്കിയാണല്ലോ സിനിമകള്‍ പുറത്തിറങ്ങുന്നത്. വെറുതെ റിലീസ് ദിവസം തന്നെ കോലാഹലമുണ്ടാക്കി കലമുടയ്‌ക്കേണ്ട എന്നു കരുതിയിട്ടുണ്ടാകും. അണിയറക്കാര്‍ പ്രതീക്ഷിച്ചതുപോലെ ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ വിവാദങ്ങളൊന്നുമില്ലാതെ ട്രാന്‍സ് മുന്നോട്ടുപോകുന്നുമുണ്ട്.
ഒരു തീരദേശകുടുംബത്തിന്റെ ദുരന്തത്തില്‍നിന്നാണ് കഥയുടെ തുടക്കം. വിജു പ്രസാദിനും (ഫഹദ് ഫാസില്‍) സഹോദരന്‍ കുഞ്ഞനും അച്ഛനമ്മമാരെ വളരെ ചെറുപ്പത്തിലേ നഷ്ടപ്പെടുന്നു. അനിയനെ സംരക്ഷിക്കാനാണ് വിജു പ്രസാദ് പിന്നീട് ജീവിതം നീക്കിവയ്ക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ക്കെങ്ങനെ വിജയിക്കാമെന്ന മോട്ടിവേഷന്‍ ക്ലാസുകളെടുക്കുന്ന അയാള്‍ കുഞ്ഞന്റെ കാര്യത്തില്‍ വന്‍പരാജയമാകുന്നു. മുംബൈയ്ക്ക് വണ്ടി കയറിയ വിജുവിന് അവിടെയും സ്വസ്ഥത ലഭിക്കുന്നില്ല. കുഞ്ഞന്റെ മാനസികരോഗം അയാളിലേക്കും പകര്‍ന്ന അവസ്ഥ. പഴയൊരു കൂട്ടുകാരിയെ ട്രാഫിക് തിരക്കില്‍ കണ്ടെത്തുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്.
കൂട്ടുകാരിയുടെ സഹായത്തോടെ ഒരു വ്യവസായസംഘത്തില്‍ (തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ്) അയാള്‍ക്ക് ജോലി ലഭിക്കുന്നു. മോട്ടിവേഷന്‍ ക്ലാസുകളെടുത്തുള്ള അയാളുടെ പരിചയമാണ് കമ്പനിക്കാവശ്യമെങ്കിലും തൊഴില്‍രംഗം വ്യത്യസ്തമാണ്. ഭക്തിയും വിശ്വാസവും എങ്ങനെ വിപണനം ചെയ്യാമെന്ന് ചികഞ്ഞുകൊണ്ടിരിക്കുന്ന സംഘത്തിലേക്കാണ് ഈ സാധുചെറുപ്പക്കാരന്‍ ചെന്നെത്തുന്നത്. അയാളുടെ പരിശീലകന്‍ (ദിലീഷ് പോത്തന്‍) അയാളെ മാമോദീസ മുക്കി പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ്‍ എന്നു പേരുമിടുന്നു. രണ്ടു പേരിന്റെയും ആദ്യാക്ഷരങ്ങള്‍ ചെന്നെത്തുന്നത് ജീസസ് ക്രൈസ്റ്റിലേക്കാണെന്ന് ഒരു ഒളിവുമില്ലാതെ പരിശീലകന്‍ പറയുന്നുണ്ട്.
അത്ഭുതപ്രവൃത്തികളാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്റെ മെഗാധ്യാനങ്ങളുടെ പ്രത്യേകത. മുടന്തന്‍ നടക്കുകയും കാന്‍സര്‍ സുഖപ്പെടുകയും ചെയ്യുന്ന അനേകം അത്ഭുതങ്ങള്‍-പക്ഷേ ഇതെല്ലാം പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്റെ സ്‌പോണ്‍സര്‍മാരായ ബിസിനസുകാരുടെ ചെയ്തികളാണ്. അറേഞ്ച്ഡ് അത്ഭുതങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം. ധ്യാനകേന്ദ്രത്തില്‍ ചാടിത്തുള്ളലിനും ഹല്ലേലൂയ പറയലിനും പ്രത്യേക പരിശീലനവുമുണ്ട്. സംഘത്തിന്റെ പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്കാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്റെ വളര്‍ച്ച. അധികം താമസിയാതെ കോടിക്കണക്കിന് രൂപ കമ്പനിയിലേയ്ക്ക് പ്രവഹിപ്പിക്കാന്‍ ശക്തിയുള്ളയാളായി പാസ്റ്റര്‍ മാറുന്നു. ധ്യാനകേന്ദ്രത്തില്‍ നിന്ന് വിശുദ്ധജലം ചൂടപ്പംപോലെ വില്ക്കുന്നു. അസുഖം വരുമ്പോള്‍ ചികിത്സിക്കാതെ വിശുദ്ധജലത്തില്‍ വിശ്വാസമര്‍പ്പിച്ച പാവപ്പെട്ടവരുമുണ്ട് (വിനായകന്‍).
ഒടുവില്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണ് ബോധോദയമുണ്ടാകുകയും തന്റെ ചെയ്തികളെല്ലാം കള്ളത്തരമാണെന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യുന്നു.
കപടവിശ്വാസത്തിന്റെ ജ്വാലകളെല്ലാം അവിടെ അണഞ്ഞുപോകുകയാണ്. സാധാരണ സിനിമയിലേതുപോലെ വില്ലന്മാര്‍ക്ക് തങ്ങളുടെ ചെയ്തികള്‍ക്ക് തക്കപ്രതിഫലം ലഭിക്കുന്നു. നായകനും നായികയും രാജ്യംവിട്ട് ആംസ്റ്റര്‍ഡാമിലേക്ക് പറക്കുന്നു.
വിശ്വാസത്തിന്റെ തട്ടിപ്പുകള്‍ തുറന്നുകാണിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അമീര്‍ഖാന്റെ ‘പികെ’ അത്തരത്തിലുള്ള ഒന്നായിരുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലും ഈ തട്ടിപ്പ് കാണിക്കുന്നുണ്ടെങ്കിലും സിനിമ വന്‍പരാജയമായിരുന്നു. ‘നന്ദന’ത്തില്‍ ജഗതിയുടെ കുമ്പിടിസ്വാമിയുടെ തട്ടിപ്പ് മറ്റൊരു ഉദാഹരണം. കുമ്പിടി ചൊല്ലുന്ന ഒരു മന്ത്രമുണ്ട്: ‘ജംബൂഫലാനി പക്വാനി, പദന്തി വിമലേ ജലേ, കപികമ്പിതശാഖാഭ്യാം, ഗുളുഗുഗ്ഗുളു ഗുഗ്ഗുളു’ സംഗതി കുട്ടിപ്പാട്ടാണ്. വിളഞ്ഞ ഞാവല്‍പ്പഴങ്ങളെ ഒരു കുരങ്ങന്‍ ചില്ലകുലുക്കി വീഴ്ത്തുകയും, അത് തെളിഞ്ഞ വെള്ളത്തില്‍ വീണ് ഗുളുഗുഗ്ഗുളു ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന സംഭവമാണ് പാട്ടില്‍ വിവരിക്കുന്നത്. പക്ഷേ കേള്‍ക്കുന്നവര്‍ക്ക് സംസ്‌കൃതം അരച്ചുകലക്കിയ മന്ത്രവും. അത്തരം ശ്രീയുള്ള ദിവ്യന്മാരെയും ദര്‍ശനത്തിനെത്തുന്നവരെ ധൃതരാഷ്ട്രാലിംഗനത്തില്‍പ്പെടുത്തുന്ന അമ്മമാരെയൊന്നും നുള്ളിനോവിക്കാതെയാണ് പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടന്റെ മറുഭാഷാ പ്രയോഗങ്ങളിലൂടെ ട്രാന്‍സ് മുന്നേറുന്നത്.
2011ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് ‘കുമാരെ’. വിക്രം ഗാന്ധി സംവിധാനം ചെയ്ത് മുഖ്യവേഷത്തിലഭിനയിച്ച ഡോക്യുമെന്ററിയില്‍ അരിസോണയില്‍ ക്യാമ്പ് ചെയ്ത് ആരാധകരെ പറ്റിക്കുന്ന ഒരു ഇന്ത്യന്‍ വ്യാജപ്രവാചകന്റെ കഥ പറയുന്നു. ചിത്രത്തിന്റെ അവസാനത്തില്‍ ശിഷ്യരോട് തന്റെ ശരിയായ ഐഡന്ററ്റി ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. ട്രാന്‍സിന്റെ സംവിധാനം നിര്‍വഹിച്ച അന്‍വര്‍ റഷീദോ തിരക്കഥയെഴുതിയ വിന്‍സെന്റ് വടക്കനോ ഈ ചിത്രം കണ്ടിട്ടുണ്ടോ എന്നറിയില്ല. കലാസൃഷ്ടികളില്‍ പലപ്പോഴും അറിഞ്ഞും അറിയാതെയും പരകായപ്രവേശങ്ങള്‍ സംഭവിക്കാറുണ്ട്. മോഷണം തന്നെ കലയാണല്ലോ.
ട്രാന്‍സിനെ വ്യത്യസ്തമാക്കുന്നത് സമീപനമാണ്;അവതരണത്തിലെയും അഭിനയത്തിലെയും പ്രത്യേകതയാണ്. ശബ്ദം, വെളിച്ചം, പശ്ചാത്തലം, ഛായാഗ്രഹണം എന്നിവയുടെ അനിതരസാധാരണമായ ഒത്തുചേരല്‍ അവിടെ സംഭവിക്കുന്നുണ്ട്. ചിലപ്പോഴത് കാതടപ്പിക്കുന്നതും കണ്ണഞ്ചിക്കുന്നതുമായി മാറുകയും മറ്റുചിലപ്പോള്‍ വിഷാദഛായ നിറഞ്ഞ കാര്‍മേഘപടലംപോലെയാകുകയും ചെയ്യുന്നു. അമല്‍ നീരദിന്റെ ക്യാമറ, സുശീല്‍-ജാക്‌സണ്‍ കൂട്ടുകെട്ടിന്റെ സംഗീതം, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനം എല്ലാം യഥാവിധി ഒരുമിപ്പിച്ച അന്‍വര്‍ റഷീദ് തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു.
പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ ഒറ്റയാള്‍ പ്രകടനമാണ് ട്രാന്‍സ് എന്നു പറയാം. പാസ്റ്ററായി ഫഹദ് നിറഞ്ഞാടുകയാണ്. അയാളുടെ മുഖഭാവങ്ങളും ശരീരചലനങ്ങളും മറ്റൊരാളായി ഫഹദിനെ രൂപാന്തരീകരണം ചെയ്തിരിക്കുന്നു.
കുഞ്ഞനായി ഏതാനും സീനുകളില്‍ വരുന്ന ശ്രീനാഥ് ഭാസിക്കും പാസ്റ്ററുടെ ഭക്തനായി വേഷമിട്ട വിനായകനുമല്ലാതെ മറ്റൊരു നടനും നടിക്കും സിനിമയില്‍ ഇടമില്ല- സൗബിന്‍ സാഹിര്‍, ജിനു ജോസഫ്, ധര്‍മജന്‍, നസ്രിയ ഫഹദ് തുടങ്ങിയവരെല്ലാം വലിയപെരുന്നാളിന്റെ ഈര്‍ക്കിലി പടക്കങ്ങള്‍ മാത്രം.
അത്ഭുതങ്ങളെല്ലാം തട്ടിപ്പാണെന്നു പറയുമ്പോള്‍ രണ്ടായിരം വര്‍ഷംമുമ്പ് നടന്ന ചില സംഭവങ്ങളെയും സിനിമാക്കാര്‍ ചോദ്യം ചെയ്യുന്നില്ലേ എന്ന സംശയംഅവശേഷിക്കുന്നു. യേശുവിന്റെചിത്രങ്ങള്‍കൂടെക്കൂടെ കാണിക്കുന്നുമുണ്ട്. പിടിച്ചുകയറാന്‍ ചാഞ്ഞുകിടക്കുന്ന ക്രിസ്ത്യാനിയുടെ മുതുകുതന്നെ ശരണമെന്ന് കരുതുന്നത് സ്വാഭാവികം മാത്രം.


Tags assigned to this article:
malayalam movie reviewtrance

Related Articles

ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ജോമ ചരിത്ര സെമിനാര്‍ 12, 13, 14 തീയതികളില്‍

  ആലുവ: ചരിത്രപഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോ റിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഹെറിറ്റേജ് കമ്മിഷന്റെയും

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*