ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം ആചാരാനുഷ്ഠാനങ്ങളും മാറണമെന്ന സംസ്ഥാന ഇടതു മുന്നണി ഗവണ്‍മെന്റിന്റെ നിലപാടും ഒരു ജനസമൂഹത്തെയാകെ അസ്വസ്ഥമാക്കിയിരിക്കുന്നു. നൈഷ്ഠിക ബ്രഹ്മചാരിയെന്ന ശബരിമലയിലെ പ്രതിഷ്ഠാസങ്കല്പത്തെ ആധാരമാക്കിയ കഠിന വ്രതശുദ്ധിയുടെ ആധ്യാത്മികതയാണ് അയ്യപ്പഭക്തിയുടെയും ശബരിമല തീര്‍ഥാടനത്തിന്റെയും കാതല്‍. ലിംഗനീതി, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം എന്നീ ഭരണഘടനാ മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചപ്പാട് നീതിപീഠത്തിന് ന്യായീകരിക്കാമെങ്കിലും മതവിശ്വാസത്തിന്റെ അടിസ്ഥാനപരവും അഭിന്നവുമായ ആചാരാനുഷ്ഠാനങ്ങളും അവയില്‍ കുടികൊള്ളുന്ന ആധ്യാത്മിക പാരമ്പര്യങ്ങളും സാമൂഹിക ധാര്‍മികതയും കേവലം നിയമവ്യവസ്ഥയുടെ വ്യാഖ്യാനങ്ങള്‍ക്ക് അതീതമായ ഒരു തലത്തില്‍ കാണേണ്ടതാണ്. ആരാധനാസ്വാതന്ത്ര്യം എന്ന മൗലികാവകാശംതന്നെ വ്യക്തിസ്വാതന്ത്ര്യത്തെക്കാളുപരി വ്യവസ്ഥാപിത മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക, സാമുദായിക കൂട്ടായ്മയുടെ ആഴത്തില്‍ വേരൂന്നിയ, അതേസമയം അനാചാരത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവാത്ത കാതലായ ആചാരാനുഷ്ഠാന സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലെ ഏക വനിതയുടെ വിയോജന വിധിന്യായം ആര്‍ത്തവം സംബന്ധിച്ച നിയന്ത്രണങ്ങളിലെ ലിംഗവിവേചനത്തിന്റെയോ, പൊതു ആരാധനസ്ഥലത്തെ അസമത്വത്തിന്റെയോ പ്രശ്‌നമായി മാത്രം ഇതിനെ പരിമിതപ്പെടുത്തരുതെന്നും കോടതിയുടെ ധാര്‍മികതയും ന്യായയുക്തിയുമല്ല ഇവിടെ പ്രസക്തമെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
ശബരിമല തീര്‍ഥാടനത്തിന്റെ ആധ്യാത്മിക ദര്‍ശനം സാധകനും ഉപാസനമൂര്‍ത്തിയും, ഭക്തനും ദേവനും, ആത്മാവും പരമാത്മാവും തമ്മിലുള്ള താദാത്മ്യംപ്രാപിക്കലിന്റെ അത്യുദാത്തമായ ‘തത്ത്വമസി’ എന്ന അദൈ്വത ഭാവമാണ്. തീര്‍ഥാടനത്തിനുള്ള ഒരുക്കമായി വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങുന്നതിന് പ്രത്യക്ഷ അടയാളമായി ശരണമന്ത്രോച്ചാരണത്തോടെ മാലയണിയുന്ന നിമിഷം മുതല്‍ ഭക്തന്‍ സ്വാമിയായി സ്വയംമാറുന്നു. സാമൂഹിക ഉച്ചനീചത്വത്തിന്റെ എല്ലാ വേര്‍തിരിവുകളും മറന്ന് തീര്‍ഥാടക സംഘം കറുപ്പുവസ്ത്രത്തിന്റെയും ഇരുമുടിക്കെട്ടിന്റെയും ഏകാത്മക രൂപത്തിലും അദ്വിതീയ സാഹോദര്യത്തിലും ലയിച്ചുചേരുന്നതുകൊണ്ടാണ് പതിനെട്ടാം പടി കയറുന്നത്. അയ്യപ്പഭക്തി ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമാണ്, അത് വ്യത്യസ്ത വിശ്വാസശാഖയല്ല എന്ന സുപ്രീം കോടതിയുടെ നിര്‍വചനം തര്‍ക്കമറ്റതാകാമെങ്കിലും ഈ തീര്‍ഥാടനത്തിന്റെ അനന്യതയും ആധ്യാത്മിക സൗഷ്ഠവവും ശബരിമലയിലെ പ്രതിഷ്ഠാസങ്കല്പത്തിലാണ് അധിഷ്ഠിതമായിട്ടുള്ളത് എന്നു വിസ്മരിക്കരുത്. ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട വ്രതനിഷ്ഠയുടെ ആചാരാനുഷ്ഠാന പാരമ്പര്യത്തിന്റ അടിസ്ഥാനം അതാണ്. ശബരിമല ദര്‍ശനത്തിന്റെ ഉദാത്ത ആത്മീയഭാവത്തില്‍ മാനവിക സമത്വത്തിന്റെയും ഈശ്വരസാക്ഷാത്കാരത്തിന്റെയും ആഴമേറിയ തലങ്ങളുണ്ട്.
കേരളത്തിന്റെ മതനിരപേക്ഷ മനസിനെ തകര്‍ക്കാനുള്ള നീക്കമായാണ് സംസ്ഥാന മുഖ്യമന്ത്രി ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളുടെ വികാരത്തെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭപരിപാടികളെ വിശേഷിപ്പിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ ആദ്യം സ്വീകരിച്ച നിലപാടുകള്‍ മാറ്റി സംഘപരിവാര്‍ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും വിശ്വാസികളുടെ വികാരവിക്ഷോഭങ്ങളെ വര്‍ഗീയ വികാരമായി ആളിക്കത്തിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. നവംബര്‍ മുതല്‍ ജനുവരി വരെ നീണ്ടുനില്‍ക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന വേളയില്‍ സന്നിധാനത്തും പമ്പയിലും സമാധാനവും നിയമവാഴ്ചയും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നിലയ്ക്കലെ ഇടത്താവളത്തില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരും മറ്റു ചില സംഘടനകളും പമ്പയിലേക്കും പ്രതിഷേധവുമായി മുന്നേറാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുകൂട്ടിയ സമവായ ചര്‍ച്ചയില്‍ ക്ഷേത്രത്തിന്റെ ചരിത്രവും ആചാരാനുഷ്ഠാന പാരമ്പര്യവുമായി ബന്ധപ്പെട്ട പന്തളം രാജകൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും താഴമണ്‍ കുടുംബത്തിന്റെയും യോഗക്ഷേമ സഭയുടെയും ഭക്തസംഘടനകളായ അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയവയുടെയും പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളെ സംബന്ധിച്ച് ധാരണയൊന്നും ഉണ്ടായില്ല എന്നതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതിനിടെ ചില സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനവും പ്രാര്‍ഥനാസ്വാതന്ത്ര്യവും അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സിലൂടെയോ നിയമനിര്‍മാണത്തിലൂടെയോ ആ വിധിയെ മറികടക്കാനാവില്ല എന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ കൈക്കൊണ്ട നിലപാടിന്റെ വെളിച്ചത്തില്‍ കേന്ദ്രം ശബരിമല സ്ത്രീപ്രവേശനത്തിന്റെ കാര്യത്തിലും ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യം അടുത്ത യോഗത്തില്‍ പരിഗണിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സൂചിപ്പിക്കുന്നത്. ചില സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും റിവ്യു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കുക, സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുക, ആചാരാനുഷ്ഠാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട രാജകുടുംബത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും മറ്റും പ്രധാന ആവശ്യങ്ങള്‍.
മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടമുണ്ടായ പമ്പ ഇടത്താവളത്തിലും തീര്‍ഥാടന പാതകളിലും മറ്റും യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട നിര്‍ണായ ഘട്ടത്തിലാണ് സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധപ്രകടനങ്ങളും കത്തിപ്പടരുന്നത്. സ്ത്രീകള്‍ കൂടി വന്‍തോതില്‍ തീര്‍ഥാടക പ്രവാഹത്തില്‍ എത്തിച്ചേരുമ്പോള്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ സംവിധാനത്തിന്റെയും തോത് പരിഗണിക്കുമ്പോള്‍ ഈ മണ്ഡല-മകരവിളക്കു സീസണ്‍ സംസ്ഥാന ഗവണ്‍മെന്റിനും ദേവസ്വം ബോര്‍ഡിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടയാനും സ്ത്രീകളെ കൈയേറ്റം ചെയ്യാനും മറ്റും ശ്രമങ്ങളുണ്ടായാല്‍ അതിനെ കര്‍ശനമായി നേരിടാനും നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കാനും സര്‍ക്കാരിനു കഴിയണം. വനിതകള്‍ കൂടി നിര്‍ബാധം ശബരിമലയിലേക്ക് എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പൊതുവെ സംസ്ഥാനത്തിന്റെയും സേവനദാതാക്കളുടെയും വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ടാകും എന്നത് നേരാണ്. ഇത്രയും വലിയ തോതിലുള്ള അനുസ്യൂതമായ തീര്‍ഥാടക പ്രവാഹത്തിന് ആനൂപാതികമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനത്തിന് എന്നു കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു.
ശബരിമല ശാസ്താവില്‍ ശരണം പ്രാപിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ അവകാശങ്ങളെ മാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍, പ്രാഥമികമായി ജനസമൂഹം ഇവിടെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. ശബരിമലയെ ഒരു കാരണവശാലും സംഘര്‍ഷഭൂമിയാക്കി മാറ്റരുത്. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്പത്തിലെ നൈഷ്ഠിക ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട വ്രതനിഷ്ഠയെ മാനിക്കുന്നില്ലെങ്കില്‍ ഈ തീര്‍ഥാടനത്തിന്റെ സവിശേഷതയെന്തെന്ന് വിശ്വാസതീക്ഷ്ണതയുള്ള സ്ത്രീകളും സ്വയംചിന്തിക്കണം. കോടതി അനുവദിച്ചാലും വിശ്വാസവും മതാത്മക ആചാരനിഷ്ഠകളും തികച്ചും വൈയക്തിക ബോധ്യത്തിലും വിവേചനത്തിലുമാണ് ഉദ്‌ഘോഷിക്കപ്പെടേണ്ടത്.


Related Articles

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

അരങ്ങിന്റെ ജീവിതപാഠങ്ങള്‍

കാണികള്‍ക്കിടയില്‍ നിന്നുമുയരുന്ന ആരവങ്ങള്‍, പ്രതികരണങ്ങള്‍, നിശബ്ദതകള്‍. അരങ്ങില്‍ നിന്നും നോക്കുമ്പോഴത് ജീവിതത്തിന്റെ പരിച്ഛേദം. നാടകത്തട്ടിലെ ആ ജീവിതക്കാഴ്ചകളാണ് പൗളി വത്സനെന്ന കലാകാരിയെ വളര്‍ത്തി വലുതാക്കിയത്. പതിനൊന്നാം വയസിലാണ്

പ്രധാനമന്ത്രിക്കു പരാതി നൽകും

ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി.പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം. കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.അതു നിരോധിക്കണമെന്ന് പറയാൻ വനിതാ കമ്മീഷനു അധികാരമില്ല.വനിതാ കമ്മീഷൻ ന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*