ശരണം സംയമന പാതയില്‍

ശരണം സംയമന പാതയില്‍

കേരളത്തിലെ സാമൂഹിക ജീവിതം ഇത്രമേല്‍ സംഘര്‍ഷഭരിതമാക്കി ശബരിമല തീര്‍ഥാടനത്തിന്റെ ആധ്യാത്മിക ചൈതന്യത്തിന് ഒട്ടും നിരക്കാത്ത അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികള്‍ ആരായാലും അവര്‍ യഥാര്‍ഥ വിശ്വാസികളുടെയോ ഈ നാടിന്റെയോ സംരക്ഷകരോ ഗുണകാംക്ഷികളോ അല്ലെന്നു പകല്‍പോലെ വ്യക്തം. മലയാളികള്‍ തങ്ങളുടെ മുഖമുദ്രയായി കൊട്ടിഗ്‌ഘോഷിക്കുന്ന പുരോഗമനോന്മുഖ രാഷ്ട്രീയബോധത്തിന്റെയും ആധുനികതയുടെയും പൊള്ളത്തരവും ആത്മവഞ്ചനയും വെളിവാക്കുന്ന സംഭവങ്ങളാണ് നമുക്കു ചുറ്റും അരങ്ങേറുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ അജന്‍ഡകളില്‍ കുടുങ്ങി ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങള്‍ തള്ളിപ്പറയുകയും മതവികാരവും വിഭാഗീയതയും ഭിന്നിപ്പും ആളിക്കത്തിക്കുകയും ചെയ്യുന്നവര്‍ കേരളത്തിന് അപമാനമാണ്.
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല അയ്യപ്പദര്‍ശനത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി നിലനില്‍ക്കേ മണ്ഡല പൂജ, മകരവിളക്ക് ഉത്സവകാലത്ത് ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതിനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തുന്ന തീര്‍ഥാടകര്‍ക്ക് ശാന്തമായും സുരക്ഷിതമായും വ്രതാനുഷ്ഠാനങ്ങളുടെയും ആത്മീയ അര്‍പ്പണത്തിന്റെയും സാഫല്യമായ മലകയറ്റവും പുണ്യദര്‍ശനവും വഴിപാടുകളും പൂര്‍ത്തിയാക്കുന്നതിന് എല്ലാവിധ സൗകര്യവും ഏര്‍പ്പെടുത്തുന്നതിനും ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാരും ദേവസ്വം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സമവായത്തിന്റെയും അനുരഞ്ജനത്തിന്റെയും വിവേകത്തിന്റെയും മാര്‍ഗത്തെക്കാള്‍ നല്ലത് നിരോധനാജ്ഞയും കനത്ത നിയന്ത്രണങ്ങളും ഭരണാധികാരിയുടെ ആജ്ഞാശക്തിയും സൈദ്ധാന്തിക രാഷ്ട്രീയവ്യാഖ്യാനവുമാണെന്ന് നിശ്ചയിച്ചതിലൂടെ സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണ്. നാമജപയജ്ഞങ്ങളില്‍ നിന്നു തുടങ്ങി ശബരിമല സന്നിധാനത്തും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ വരെ ചെന്നെത്തിയ പ്രതിസന്ധിയുടെ രൂപഭാവങ്ങള്‍ ഭയാനകമാംവണ്ണം മാറിക്കൊണ്ടിരിക്കുമ്പോഴും ഏറ്റുമുട്ടലിന്റെയും അടിച്ചമര്‍ത്തലിന്റെയും ഏകപക്ഷീയ വിധിതീര്‍പ്പിന്റെയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വരമായിരുന്നു ഭരണകര്‍ത്താക്കളുടേത്. എല്ലാം വഷളാക്കിയശേഷം, മണ്ഡല പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് തൊട്ടുമുന്‍പ് വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തിലും മുഴങ്ങിക്കേട്ടത് അയവില്ലാത്ത ആ വെല്ലുവിളിയുടെ ധ്വനിയായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സാവകാശം തേടാനോ വിധിയില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കാനോ തങ്ങളില്ല എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. പുനഃപരിശോധനാ ഹര്‍ജിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നയം പിന്തുടര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒടുവില്‍ മഹാപ്രളയത്തില്‍ പമ്പയിലുണ്ടായ നാശനഷ്ടങ്ങളും പുതിയ ഇടത്താവളമായി നിശ്ചയിച്ച നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും മുന്‍നിര്‍ത്തി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും പതിമൂന്നാം മണിക്കൂറിലാണ്. 2019 ജനുവരി 20ന് മകരവിളക്കു കഴിഞ്ഞ് ശബരിമല നട അടച്ചുകഴിഞ്ഞേ പുനഃപരിശോധന ഹര്‍ജികള്‍ ഉള്‍പ്പെടെ ശബരിമലയുടെ കാര്യത്തിലുള്ള വ്യവഹാരങ്ങള്‍ പരിഗണിക്കൂ എന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കും ദര്‍ശനത്തിന് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുന്നതിനെതിരെ ആചാര സംരക്ഷണ സമിതിയുടെയും ഹൈന്ദവ വിശ്വാസികളുടെയും ബാനറില്‍ അരങ്ങേറിയ സമരങ്ങള്‍ക്കിടെയുണ്ടായ അക്രമത്തിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി നൂറുകണക്കിന് ആളുകളെ അറസ്റ്റുചെയ്ത സാഹചര്യത്തില്‍ വൃശ്ചികം ഒന്നിന് മണ്ഡല പൂജ തുടങ്ങും മുന്‍പേ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പാകത്തില്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ സാമൂഹിക പ്രവര്‍ത്തകയെയും സംഘത്തെയും കൊച്ചി വിമാനത്താവളത്തിലെ ആഗമന കവാടത്തില്‍ തടയാനെത്തിയ ചെറിയ ജനക്കൂട്ടത്തെ സംസ്ഥാന പൊലീസ് എത്ര സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകം അത്ഭുതത്തോടെയാവും നോക്കിനിന്നത്. അതീവ സുരക്ഷാമേഖലയില്‍ ഒരു പകല്‍ മുഴുവന്‍ സാധാരണ യാത്രക്കാര്‍ക്ക് ഏറെ അങ്കലാപ്പും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച ഉപരോധം ശബരിമലയുടെ പേരില്‍ തങ്ങളുടെ വ്യക്തിപ്രഭാവം തെളിയിക്കാന്‍ ശ്രമിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ഒരു പാഠമാകാമെങ്കിലും പരിഷ്‌കൃത ജനസമൂഹത്തിന് ചേര്‍ന്നതല്ലെന്നു മനസിലാക്കാന്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നിയമപരിജ്ഞാന വ്യാഖ്യാനമൊന്നും ആവശ്യമില്ല.
ദിവസവും പതിനായിരകണക്കിന് തീര്‍ഥാടകര്‍ വന്നെത്തുന്ന സീസണില്‍ ശരണപാതയിലും സന്നിധാനത്തും, നാലിലേറെപേര്‍ കൂട്ടുംകൂടുന്നത് തടഞ്ഞുകൊണ്ടുള്ള ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് അടിയന്തരാവസ്ഥയുടെ രീതിയില്‍ പൊലീസ് ബറ്റാലിയനുകളെ പോര്‍ച്ചട്ടകളണിയിച്ച് അണിനിരത്തി ക്രമസമാധാനവും സുരക്ഷിതത്വവും കാത്തുപരിപാലിക്കാനുള്ള ദൃഢപ്രഖ്യാപനം ആവര്‍ത്തിച്ച സര്‍ക്കാര്‍ യാതൊരു തിക്കും തിരക്കുമില്ലാതെ സുഖദര്‍ശനത്തിന്റെ സായുജ്യനിറവില്‍ ത്സടുതിയില്‍ മലയിറങ്ങുന്ന ഭക്തരുടെ ചിത്രം വരച്ചുകാട്ടി സര്‍വം മംഗളകരം എന്നാണ് കോടതിയില്‍ ബോധിപ്പിക്കുന്നത്. എന്നാല്‍ നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കും ശബരിമല ദര്‍ശനത്തിനുമായി 48 മണിക്കൂര്‍ സമയപരിധിയുള്ള ടിക്കറ്റെടുത്ത് വരുന്ന തീര്‍ഥാടകരെ വിശ്രമിക്കാനായി വിരിവയ്ക്കാനോ സന്നിധാനത്ത് വേണ്ടത്ര സമയം ചെലവഴിക്കാനോ ഉരുളുവഴിപാടിനും നെയ്യഭിഷേകത്തിനുമായി കാത്തിരിക്കാനോ പോകട്ടെ സംഘംചേര്‍ന്ന് ശരണം വിളിക്കാനോ പോലും പൊലീസ് അനുവദിക്കുന്നില്ല എന്ന പരാതിയാണ് നട തുറന്നപ്പോള്‍ മുതല്‍ അനുഭവസാക്ഷ്യങ്ങളില്‍ നിന്നു കേള്‍ക്കാന്‍ കഴിഞ്ഞത്. ആറു മണിക്കൂറിനകം പരിപാടി തീര്‍ക്കണം എന്ന മട്ടിലുള്ള പൊലീസിന്റെ നോട്ടീസും നിരീക്ഷണ സമ്പ്രദായവും നടപ്പന്തലില്‍ വിരിവയ്ക്കുന്നതു തടയുന്നതിന് വെള്ളം ചീറ്റിക്കലും എന്തൊക്കെ സുരക്ഷാസന്നാഹങ്ങളുടെയും അവസരസമത്വത്തിന്റെയും പേരിലായാലും ആധ്യാത്മികാനുഷ്ഠാനങ്ങളിലും ആചാരനിഷ്ഠകളിലും ഏകാഗ്രചിത്തരായ തീര്‍ഥാടകര്‍ക്ക് അസഹനീയമായിരിക്കും. വ്രതാനുഷ്ഠാനങ്ങളുടെ മഹിമയെയും കാനനവാസന്റെ പുണ്യപൂങ്കാവന സങ്കല്പത്തെയും ആദരിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമായി സന്നിധാനത്ത് തീര്‍ഥാടകരെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരും അയ്യപ്പന്മാരായി ‘സ്വാമി’ എന്നു വിളിക്കപ്പെടുന്നതിന്റെ അകംപൊരുളൊന്നും വ്യവഛേദിക്കാതെ പൊലീസ് യൂണിഫോംധാരികളുടെ ഔപചാരിക രീതികള്‍ കര്‍ശനമായി പാലിക്കണമെന്ന കല്പനയിലൂടെ സര്‍ക്കാര്‍ മതനിരപേക്ഷതയുടെ വേറിട്ട മുഖം കാണിച്ചുതരികയാണ്. അയ്യപ്പഭക്തരുടെ ക്ഷേമം നോക്കാന്‍ ദേവസ്വം ബോര്‍ഡുണ്ട്, സര്‍ക്കാരും പൊലീസും അക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന ഔദ്യോഗിക വിശദീകരണം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയായി. ദര്‍ശനം കഴിഞ്ഞ് നെയ്യഭിഷേകത്തിന് സന്നിധാനത്ത് തങ്ങുന്നതിനോ വിരിവയ്ക്കുന്നതിനോ യാതൊരു തടസവുമുണ്ടാവില്ല എന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രഖ്യാപിച്ചതിനുശേഷവും പൊലീസ് തീര്‍ഥാടകരെ ആ പരിസരത്തെങ്ങും നില്ക്കാന്‍ സമ്മതിക്കാതെ ഒഴിപ്പിച്ചുവിടുന്നു എന്ന പരാതി ഉയര്‍ന്നുകൊണ്ടിരുന്നു. യുവതി പ്രവേശനത്തിന്റെ ഭീഷണിയെക്കാള്‍ ഇപ്പോള്‍ അയ്യപ്പഭക്തരെ വ്യാകുലപ്പെടുത്തുന്നത് അതിരുവിട്ട പൊലീസ് നടപടികളാണെന്ന അവസ്ഥ വന്നിരിക്കുന്നു.
സന്നിധാനത്ത് കുഴപ്പം സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ചിലരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള തന്ത്രത്തിന്റെ ആദ്യനടപടിക്കുള്ള പ്രതികരണമായി മണ്ഡല പൂജയുടെ തുടക്കത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും പിറ്റേന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്ത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടിയും അയ്യപ്പഭക്തരായ തീര്‍ഥാടകരെയാണ് ഏറ്റവുമധികം ദ്രോഹിച്ചത്. വൃശ്ചികം പിറന്നാല്‍ കേരളത്തിലെ ഏതു ജനകീയ സമരവും ആസൂത്രണം ചെയ്യുക അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലായിരിക്കും എന്നാണ് പൊതുധാരണ. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരെയും നാട്ടിലെ സാധാരണ ജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ദുഷിച്ച രാഷ്ട്രീയവൈകൃതമായിരുന്നു. നാട്ടിലെ കലുഷിതമായ സാമൂഹികാവസ്ഥയില്‍, മകരവിളക്കു കഴിയുംവരെ സര്‍ക്കാര്‍വിരുദ്ധ സമരാഗ്നി ജ്വലിപ്പിച്ചു നിര്‍ത്തുന്നതിന് ശബരിമലയുടെ പവിത്രസങ്കേതത്തിലേക്ക് കര്‍സേവകരെ ഊഴമിട്ട് സമയക്രമം നിശ്ചയിച്ച് പറഞ്ഞയക്കുന്നതിനുള്ള സര്‍ക്കുലര്‍ കണ്ടെത്തിയതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ നിലപാടു കടുപ്പിക്കുകയാണ്. നിയന്ത്രണങ്ങള്‍ മുറുകുന്തോറും ശബരിമല സന്നിധാനത്ത് തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതും യാഥാര്‍ഥ്യമാണ്.
ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തില്‍ പമ്പയിലും മറ്റുമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന്റെ ബെയ്‌സ്‌ക്യാംപ് നിലയ്ക്കലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശരണപാതയും ഇടത്താവളങ്ങളും മണ്ഡല-മകരവിളക്കുകാലത്തെ തീര്‍ഥാടകപ്രവാഹത്തിനായി സജ്ജമാക്കുക എന്നത് കടുത്ത വെല്ലുവിളിതന്നെയായിരുന്നു. അപ്രതീക്ഷിതമായി സുപ്രീം കോടതി വിധി വന്നതോടെ മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഏറെ ആശങ്ക ഉണര്‍ത്തേണ്ടതാണ്. മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും കാര്യം ചൂണ്ടിക്കാട്ടാമെങ്കിലും ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങളൊന്നും പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍നീക്കത്തെയോ ശുചിമുറി നിര്‍മാണത്തെയോ ശുദ്ധജലവിതരണ സംവിധാനത്തെയോ കടകളുടെ ലേലത്തിനുള്ള നടപടികളെയോ വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനെയോ നേരിട്ടു തടസപ്പെടുത്തിയതായി കരുതാനാവില്ല. എന്നാല്‍ വൃശ്ചികമായിട്ടും എരുമേലിയിലും പമ്പയിലും ഭക്തര്‍ക്ക് ആചാരപരമായ സ്‌നാനത്തിന് കടവില്‍നിന്നു ചളിനീക്കം ചെയ്യാനോ ആവശ്യമായ ശുചിമുറികളും വിരിപ്പുരകളും ഒരുക്കാനോ ഭക്ഷണപാനീയത്തിന് വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ ദേവസ്വം ബോര്‍ഡിനും തദ്ദേശസ്വയം’ഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. തീര്‍ഥാടകര്‍ വരുന്ന മുറയ്ക്ക് സാവകാശം സൗകര്യങ്ങള്‍ ഉണ്ടായിക്കൊള്ളും എന്ന ഔദ്യോഗിക വിശദീകരണം അപഹാസ്യമാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലും കാര്യങ്ങളെല്ലാം തൃപ്തികരമാണ് എന്നു കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍പക്ഷം അവകാശപ്പെടുന്നത്. ശബരിമലയിലെ യഥാര്‍ഥ ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണ നല്‍കുമ്പോള്‍ പ്രാഥമികമായി പൂര്‍ത്തിയാക്കേണ്ടത് ഭൗതിക സാഹചര്യങ്ങളില്‍ പ്രകൃതിക്കും വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കും കോട്ടംതട്ടാത്തവണ്ണം അടിസ്ഥാനസൗകര്യങ്ങളുടെ പുനഃക്രമീകരണമാണ്.
ക്രമസമാധാനഭംഗത്തിന്റെയും കടുത്ത പൊലീസ് നടപടികളുടെയും നിഴലില്‍ ഈ മണ്ഡല-മകരവിളക്കുകാലത്ത് അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍, വരാനിരിക്കുന്ന കോടതിവിധിയുടെ രാഷ്ട്രീയ വെല്ലുവിളികള്‍ എന്തൊക്കെയായാലും സംസ്ഥാനത്ത് സമാധാനവും മതമൈത്രിയും വിശ്വാസസംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഏറ്റുമുട്ടലിന്റെയും സംഘര്‍ഷങ്ങളുടെയും പാതയില്‍ നിന്ന് ജനങ്ങളോട് ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമുദായ നേതൃത്വങ്ങളും സര്‍ക്കാരും സംയമനത്തിന്റെയും വിവേകത്തിന്റെയും മാര്‍ഗത്തിലേക്കു തിരിയുകയാണുവേണ്ടത്.


Related Articles

തൂത്തുക്കുടി വെടിവെപ്പിൽ കെ. ആർ.എൽ. സി. സി അപലപിച്ചു

ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൂത്തുക്കുടിയിലെ സ്റ്റാർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പോലീസ് വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രപതിക്കും

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

ദേവസഹായം മേയ് 15ന് വിശുദ്ധ പദത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം 2022 മേയ് 15-ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ രാവിലെ പത്തുമണിക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*