ശുഭപ്രതീക്ഷകളോടെ

ശുഭപ്രതീക്ഷകളോടെ

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്ത്ര മേഖലയിലുള്ളവരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ചിന്തകരുമെല്ലാം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. പുനര്‍നിര്‍മിതിക്കാവശ്യമായ പണം പല മാര്‍ഗങ്ങളിലൂടെ നേടിയെടുക്കാനുള്ള പ്രയത്‌നം പുരോഗമിക്കുന്നു. ദേശീയ-അന്തര്‍ദേശീയ സംഘടനകള്‍ ഇക്കാര്യത്തില്‍ കേരളവുമായി സഹകരിക്കാമെന്ന് വാക്കുനല്‍കിയിട്ടുണ്ട്. പ്രത്യേകമായി സമ്മേളിച്ച നിയമസഭയില്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒറ്റക്കെട്ടായി പ്രയത്‌നിക്കാം എന്ന് പ്രമേയം പാസാക്കിയെങ്കിലും, ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളില്‍ നിന്ന് പൊരിഞ്ഞ വാക്‌പോരുതന്നെയാണ് സമ്മേളനത്തില്‍ ഉണ്ടായത്. അത് പുതിയ കാര്യമേയല്ല. സംവദങ്ങള്‍ നടക്കേണ്ട ഇടം തന്നെയാണ് നിയമസഭ. പക്ഷേ, ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ’ പഥ്യമായവര്‍ക്ക് വിവാദങ്ങള്‍ ഉണ്ടാക്കാനായിരുന്നു ഏറെ താല്‍പര്യം. തന്‍ കാര്യം പരിപാലിക്കേണ്ട ചുമതല അവരവരുടെ ചുമലുകളില്‍ തന്നെയെന്ന് തെളിയിക്കാനെന്നോണം, കൊണ്ടാലും പഠിക്കാത്ത ചിലര്‍ നമുക്കുവേണ്ടിയെന്നപോലെ പമ്പരവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്ന കാഴ്ച കണ്ട് അമ്പരക്കാനേ തരമുള്ളു. പ്രതിനിധികളല്ലേ-തൊണ്ടയില്‍ വെന്താല്‍ വിഴുങ്ങാതെ പറ്റില്ലല്ലോ! ഉള്‍ക്കാട്ടില്‍ ഏത് ക്വാറിയില്‍ പാറ പൊട്ടിച്ചിട്ടാണ് ഉരുള്‍ പൊട്ടിയതെന്ന രാഷ്ട്രീയ ‘പരിസ്ഥിതി ഉള്‍ക്കാഴ്ച’ ‘കടലില്‍ മഴ പെയ്യുന്നത് മരമുണ്ടായിട്ടാണോ’ എന്ന പണ്ടത്തെ വീരസ്യത്തിന്റെ ചെറിയൊരു പതിപ്പായിട്ട് കണ്ടാല്‍ മതിയാവും. പറഞ്ഞിട്ടു കാര്യമില്ല. ആകെകൂടിയുള്ള പരിജ്ഞാനം ശരാശരിയിലും താഴെയുള്ള സിനിമകള്‍ കണ്ട് നേടിയതാണെന്ന് വീമ്പിളക്കി സ്വയം ഇളിഭ്യനാവുന്ന പ്രസ്തുത ജനപ്രതിനിധി കണ്ടുവെന്ന് അവകാശപ്പെട്ട സിനിമകളില്‍ ഒന്നിലെ നായകന്‍ പറയുന്നുണ്ട്: ഇക്കാണുന്ന ഭൂമിയും ഇവിടുത്തെ പുഴയും ചെടിയും പക്ഷിമ്യഗാദികളുമെല്ലാം മനുഷ്യര്‍ക്കുവേണ്ടി ഒടേ തമ്പുരാന്‍ ഉണ്ടാക്കിവിട്ടതാണ്. ഇതൊക്കെ നമ്മള്‍ കൊന്നുതിന്നണം! അമ്പ! അതാണപ്പോള്‍ കാര്യം! ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നതുപോലെ പല്ലുഞെരിച്ച് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാനാകുന്നുണ്ട് – ”ഇത്രേമായിട്ടും നിനക്ക് മതിയായില്ലല്ലേ? നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്”! ഇതല്ലാതെ പിന്നെ നാട്ടുകാര്‍ ഇനിയും എന്താണ് പറയേണ്ടത്? ജനങ്ങളുടെ കൂടെ നിന്ന് കഷ്ടപ്പാടുകള്‍ അനുഭവിച്ച്, കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ജനപ്രതിനിധികളുടെ വായടപ്പിച്ചതും വാര്‍ത്തയായിരുന്നു. ചെങ്ങന്നൂരിന്റെ പ്രതിനിധി സജി ചെറിയാനും റാന്നിയുടെ പ്രതിനിധി രാജു എബ്രഹാമും പ്രളയത്തിന്റെ നാളുകളില്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ വിമര്‍ശനപരമായ കാര്യങ്ങള്‍ നാടുമുഴുവന്‍ കേട്ടതാണ്. പറയുന്ന കാര്യങ്ങളില്‍ വിമര്‍ശനമുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള ജനാധിപത്യ വിശാലത ഭരിക്കുന്ന പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഉണ്ടായി വരാന്‍ ഇനിയും സമയമെടുക്കും എന്നുള്ളതുകൊണ്ട്, പ്രത്യേക സമ്മേളനത്തില്‍ മിണ്ടിപ്പോകരുതെന്ന് നിര്‍ബന്ധിച്ചതിനാലാകാം ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കാതിരുന്നത്. എന്നിട്ടും ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമം നടത്തിയ രാജു എബ്രഹാം പ്രളയകാലത്ത് താന്‍ വിളിച്ചുപറഞ്ഞ സത്യങ്ങള്‍ വിഴുങ്ങാന്‍ പെടാപ്പാടുപെടുന്നത് കണ്ട് നാട്ടുകാര്‍ ഞെട്ടിക്കാണും. രാഷ്ട്രീയ നിലപാടുകളും സത്യവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ ജനപ്രതിനിധികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകള്‍ അവര്‍ക്കു മാത്രമേ അറിയു. സത്യം പറഞ്ഞാല്‍ അമ്മയ്ക്ക് അടികിട്ടും, സത്യം പറഞ്ഞില്ലേല്‍ അപ്പന്‍ പട്ടിയിറച്ചി തിന്നേണ്ടിവരുമെന്ന അവസ്ഥയെന്ന് പറഞ്ഞാല്‍ ഇതാണ്. സമ്മേളനവും കഴിഞ്ഞ് നാട്ടിലേക്ക് ചെല്ലാനുള്ളതാണ്, ഇനിയും വോട്ടു ചോദിക്കാനുള്ളതാണ്. വോട്ടുവാങ്ങി വിജയിച്ച് തിരികെ തിരുവനന്തപുരത്ത് എത്താനുള്ളതാണ്. പാര്‍ട്ടി നേത്യത്വത്തെ കാണാനുള്ളതാണ്. പുലിവാലു പിടിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവിടെയാണ് മൗനം ഭൂഷണമാകുന്നത്. പക്ഷെ, ചാനല്‍-പത്രക്കാരെ കൊണ്ട് തോറ്റു. ഇന്ന് പറയുന്നതും അന്ന് പറഞ്ഞതുമെല്ലാം മാറ്റി മാറ്റി കേള്‍പ്പിച്ച്, മാന്തി മാന്തി പുണ്ണാക്കും. കാര്യങ്ങള്‍ കുഴപ്പത്തിലാക്കും. ഇതിനിടയില്‍ പ്രതിപക്ഷ നേതാവിന്റെ വക ഒളിയമ്പും. താന്‍ പറയുന്നത് പ്രതിപക്ഷത്തിനു വേണ്ടി മാത്രമല്ല, നാട്ടുകാര്‍ക്ക് മൊത്തത്തിനു വേണ്ടി മാത്രമല്ല, സജി ചെറിയാനും രാജു എബ്രഹാമിനും വേണ്ടി കൂടിയാണെന്ന്! പോരേ പുകില്! എല്‍ദോ എബ്രഹാം കാര്യങ്ങള്‍ പഠിച്ചു പറയാന്‍ തുടങ്ങിയതാണ്. പക്ഷേ മുഖ്യമന്ത്രി ക്ഷുഭിതനായി. കാര്യങ്ങള്‍ വല്ലതുമറിഞ്ഞിട്ടാണോ അംഗം ഈ പറയുന്നത് എന്നായി ചോദ്യം, ചുരുക്കത്തില്‍ വന്നവനും നിന്നവനും ഇപ്പുറത്തുള്ളവനും അപ്പുറത്തുള്ളവനുമെല്ലാം വാക്ശരങ്ങളേറ്റ് നിലം പരിശായി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ അലങ്കോലമാകുമ്പോഴും കാര്യമാത്ര പ്രസക്തമായ രീതിയില്‍ ചര്‍ച്ചയില്‍ ഇടപെട്ടവരുടെ സ്വരങ്ങളും ശ്രദ്ധേയമായി. കക്ഷിരാഷ്ട്രീയ പടലപിണക്കങ്ങള്‍ തീര്‍ത്തിട്ട് നാട്ടില്‍ ഒരു ചര്‍ച്ചയും സാധ്യമല്ലായെന്ന് വരികിലും, കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളിലൊന്ന് പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നതായിരുന്നു. ആരോപണം ഉന്നയിച്ചവരില്‍ ജനപ്രതിനിധികള്‍ മാത്രമല്ല ഉള്ളത്. പരിസ്ഥിതിയെപ്പറ്റി ഗഹനമായി പഠനം നടത്തുന്ന മാധവ് ഗാഡ്ഗില്‍ അടക്കമുള്ള ശാസ്ത്രജ്ഞര്‍ ഇതിലുണ്ട്. ഡാം സുരക്ഷയെക്കൂറിച്ചും ജലവിഭവം കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും മുന്‍പിന്‍ നോട്ടമില്ലാതെ നടത്തുന്ന വികസനത്തിന്റെ ഫലമായി പരിസ്ഥിതിക്ക് സംഭവിക്കുന്ന ചതവുകളെപ്പറ്റിയും അതിന്റെ ഫലമായി ഉണ്ടാകുന്ന തിരിച്ചടികളെപ്പറ്റിയുമെല്ലാം ഉത്കണ്ഠയോടെ അദ്ദേഹം മാധ്യമങ്ങളോടു സംസാരിച്ചു. ഇതിനിടയില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പരിസ്ഥിതിയെപ്പറ്റി ചില അഭിപ്രായങ്ങള്‍ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതിയെ കീഴടക്കി മനുഷ്യര്‍ക്കാവുന്ന രീതിയില്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കണമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. കാര്യങ്ങള്‍ ശ്രദ്ധയോടെയും വിവേകത്തോടെയും മനസിലാക്കാതെയുള്ള കമന്റായി മാത്രം അതിനെ പരിഗണിച്ചാല്‍ മതിയെന്ന് തോന്നുന്നു. രാജേന്ദ്രന്‍ എംഎല്‍എ അച്യുതാനന്ദന്‍ സഖാവിനോട് പറഞ്ഞതുപോലെ പ്ലം ജൂഡി റിസോര്‍ട്ടിന് നോട്ടീസ് കൊടുത്തത് കൊണ്ടൊന്നും പേമാരി ഉണ്ടാകാതിരിക്കില്ല; ഒക്കെ വിധിയാണ് സഖാവേ എന്ന്! എല്ലാം വിധിയുടെ ചുമലില്‍ കെട്ടിവെച്ച്, കൈകള്‍ കഴുകി, പഴയപോലെ കാര്യങ്ങള്‍ തകൃതിയായി മുന്നോട്ടുനീക്കണമെന്ന ഈ അഭിപ്രായത്തോട് പ്രകൃതി ഇനിയും യോജിക്കുമെന്ന് തോന്നുന്നില്ല.
പ്രളയദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി, ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം പക്ഷേ രാഷ്ട്രീയ പ്രേരിതമായിട്ടാണ് ഭരണപക്ഷത്തിന് തോന്നിയത്. എന്തു സംഭവിച്ചാലും രാഷ്ട്രീയ നേട്ടം എന്നതാണല്ലോ നാട്ടുനടപ്പ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ കമന്റുകള്‍ നിരാശജനകമായിട്ടേ ആയതിനാല്‍ ആര്‍ക്കും തോന്നുകയുള്ളു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന അതിപുരാതന ലൈന്‍ തന്നെ.
കേരളത്തെ പഴയപടി ആക്കുകയല്ല ലക്ഷ്യം, പുനര്‍നിര്‍മിച്ച് പുത്തനാക്കുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിക്കുന്നുണ്ട്. വിശദമായ പഠനങ്ങളും ചര്‍ച്ചകളും വഴി രൂപപ്പെടുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള പണം സ്വരൂപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നല്ലകാര്യം. കേരളത്തിന്റെ നവനിര്‍മിതിക്കായി തയ്യാറാക്കുന്ന കരട് പൊതുചര്‍ച്ചയ്ക്ക് വയ്‌ക്കേണ്ടതാണ്. സുതാര്യത വളരെ പ്രധാനപ്പെട്ടതു തന്നെ. മണ്ണിന്റെയും പാറയുടെയും വനത്തിന്റെയും കടല്‍-നദീ തീരങ്ങളുടെയും ഘടനയും പ്രകൃതവും പഠിക്കുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ സാമുഹ്യ- ജൈവാവസ്ഥകളും ശ്രദ്ധിക്കേണ്ടതാണ്. തൊഴിലിടങ്ങള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം എത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒരു പ്രദേശത്തുനിന്ന് വേരുകള്‍ അറുക്കപ്പെടുമ്പോള്‍ ഒരു സമൂഹം ഇല്ലാതാകുന്നുവെന്ന തിരിച്ചറിവ് പ്രധാനപ്പെട്ടതാണ്. സാമൂഹ്യാഘാത പഠനങ്ങളുടെ പ്രസക്തി ആയതിനാല്‍ കുറച്ചുകാണരുത്. സര്‍ക്കാര്‍ നയങ്ങള്‍ ചട്ടപ്പടി നടപ്പാക്കുന്നതും കാലതാമസം നേരിട്ട് കാര്യങ്ങള്‍ അവതാളത്തിലാക്കുന്നതും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കണ്ടവരാണ് നമ്മള്‍. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ദുരിതത്തിലായവര്‍ അവരവരുടെ വിധിയെ പഴിച്ച് കഴിയേണ്ടിവരും. വികസനത്തിന്റെ പേരില്‍ ഭൂമി വിട്ടു നല്‍കിയവരുടെ പുനരധിവാസ ചരിത്രം നമ്മുടെ കണ്‍മുന്‍പിലുണ്ടല്ലോ. ഇത് തുറന്നുപറയുമ്പോള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്നെന്നും പ്രതീക്ഷയില്ലായ്മ പ്രകടിപ്പിക്കുന്നെന്നും ക്ഷുഭിതരായിട്ട് കാര്യമില്ല. ദുരന്തകാലത്ത് കൂടെനിന്ന മാധ്യമങ്ങളും കുറെക്കഴിയുമ്പോള്‍ പുത്തന്‍ വാര്‍ത്തകളും തേടിപോകും. കാര്യങ്ങള്‍ പ്രാപ്തിയോടെ ചെയ്യുന്നവര്‍ ക്യത്യമായി ഇടപെടുകയും ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നവനിര്‍മിതികള്‍ സാധ്യമായിട്ടുള്ളത് മനോഭാവങ്ങളുടെ മാറ്റത്തിലൂടെയാണ്. നല്ലതു പ്രതീക്ഷിക്കാം.


Related Articles

പെന്തക്കോസ്താ തിരുനാൾ: സഹായകൻ

പെന്തക്കോസ്താ തിരുനാൾ വിചിന്തനം: സഹായകൻ (യോഹ 14:15-16,23-26) മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്.

എഡിറ്റോറിയൽ

തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്‌നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു

കുറ്റമല്ല നന്മ കണ്ടെത്താം: തപസ്സുകാലം അഞ്ചാം ഞായര്‍

തപസ്സുകാലം അഞ്ചാം ഞായർ വിചിന്തനം :- കുറ്റമല്ല നന്മ കണ്ടെത്താം (യോഹ 8:1-11) തപസുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്‍ എഴുതിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*