സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം

അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത് പതുങ്ങിയും ഒളിച്ചും നയങ്ങള്‍ വെളിപ്പെടുത്തിയവര്‍ പരസ്യമായി തന്നെ ഇപ്പോള്‍ കാര്യങ്ങള്‍ പറയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാവുകയാണ്. വിവരാവകാശനിയമ ഭേദഗതിയും തൊഴില്‍നിയമ ഭേദഗതിയും പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത രീതിയും വേഗതയും ഭയപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. ഏറ്റവുമവസാനത്തെ ജമ്മുകശ്മീര്‍ വിഷയമടക്കം എല്ലാത്തിലും സര്‍ക്കാരിന്റെ ഈ വേഗത ദര്‍ശിക്കാനാകും. ഭരണഘടന തിരുത്തിയെഴുതുക എന്നതാണ് എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാനമായി ബിജെപി സര്‍ക്കാര്‍ കരുതുന്നത്. സംവരണവിഷയവും ചര്‍ച്ചയാക്കാന്‍ തന്നെയാണ് ബിജെപിയെ നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്.
ഒരുകാലത്ത് താഴ്ന്ന ജാതിക്കാരെ ജാതി പറഞ്ഞാണ് സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നത്. അത്തരം വിഭാഗങ്ങള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതല്‍ പിന്നിലായി. ഈ വിഭാഗങ്ങളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. സാമൂഹിക നീതി ലഭ്യമാക്കുന്നതിനായി പട്ടികജാതി/വര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കും തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ വ്യത്യസ്ത പ്രദേശങ്ങളിലായി ഏര്‍പ്പെടുത്തിയ സംവരണമാണ് കേരളത്തിലെ ഉദ്യോഗ നിയമനങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്നത്.
ബ്രിട്ടീഷുകാരായിരുന്നു നമ്മുടെ രാജ്യം അടക്കിഭരിച്ചിരുന്ന പ്രധാന ശത്രുക്കള്‍. ജാതിസംവരണം നടപ്പാക്കാന്‍ മുന്‍കൈയെടുത്തത് ഈ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു.
സ്വാതന്ത്യം ലഭിച്ച് 72 വര്‍ഷം കഴിഞ്ഞിട്ടും ജാതിവിവേചനത്തിന്റെ ഭാഗമായുള്ള കൂട്ടക്കശാപ്പുകളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുന്നു. ജനസംഖ്യയുടെ 25 ശതമാനത്തിലേറെ വരുന്ന ദളിതരും ന്യൂനപക്ഷങ്ങളും ഭീകരമാംവിധം ജാതിവിവേചനങ്ങള്‍ക്ക് ഇരയാകുന്നത് ഭരണാധികാരികളില്‍ ഒരു അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ജാതിസ്പര്‍ധ വര്‍ധിപ്പിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതും. നിലവില്‍ സംവരണം ഉണ്ടായിട്ടും രാജ്യത്തെ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥിതി ഇതാണെങ്കില്‍ അതുകൂടി ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
ദളിത്-ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നതിനായാണ് ഭരണഘടനയില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേര്‍ത്തത്. എന്നാല്‍ സംവരണം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സംവരണം സംബന്ധിച്ച ചര്‍ച്ച വേണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തീരെ നിരുപദ്രവമായ ഒന്നല്ല. നേരത്തെയും ഈ വിഷയം ചര്‍ച്ചയാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സംവരണം വേണമെന്ന് പറയുന്നവര്‍ വേണ്ടെന്നു പറയുന്നവരുടെ അഭിപ്രായംകൂടി കേള്‍ക്കാന്‍ തയ്യാറാകണമെന്നാണ് വളരെ മയത്തില്‍ ആര്‍എസിഎസിന്റെ താത്വികാചാര്യന്‍ പറഞ്ഞത്. സംവരണം ഇനിയും ഒഴിവാക്കാറായില്ലേ എന്നു ഏതാനും വര്‍ഷംമുമ്പ് സുപ്രീംകോടതിപോലും ചോദിച്ചു. സംവരണത്തിന്റെ ചരിത്രപശ്ചാത്തലം ബോധപൂര്‍വം മറക്കാനും മറയ്ക്കാനുമുള്ള ശ്രമങ്ങളല്ലേ നടക്കുന്നത്?
ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളില്‍ തൊട്ടുകൂടായ്മ ഇന്നും നിലനില്ക്കുന്നു. ദളിതന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആതുരശുശ്രൂഷാ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും കയറാനുള്ള അനുമതി പലയിടത്തുമില്ല. വിവാഹഘോഷയാത്ര നടത്തിയാല്‍ ആക്രമിക്കപ്പെടും. മരിച്ചവരെ സ്വന്തം കൂരയ്ക്കുള്ളില്‍ സംസ്കരിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നു. പശുക്കടത്തും പശുകശാപ്പും ആരോപിച്ച് ന്യൂനപക്ഷക്കാരെ വേട്ടയാടുന്നു. രാജസ്ഥാനില്‍ അത്തരത്തില്‍ വേട്ടയാടി കൊല്ലപ്പെട്ടയാളാണ് പഹ്ലൂഖാന്‍. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പങ്കുണ്ടായിരുന്ന എല്ലാ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ഇതോടനുബന്ധിച്ച കേസില്‍ പഹ്ലൂഖാന്റെ രണ്ടു മക്കളെ പ്രതികളാക്കിയിട്ടുമുണ്ട്. കേരളത്തില്‍ കാസര്‍കോഡും കൊല്ലത്തും പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണമുണ്ടായത് അടുത്തകാലത്താണ്.
ജനം മടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തി നിര്‍ത്തലാക്കിയ പല ദുരാചാരങ്ങളും തിരികെ കൊണ്ടുവരാനാണ് സംഘ്പരിവാറിന്റെ ശ്രമം. സാമൂഹ്യക്രമത്തിന് കാതലായ മാറ്റത്തിന് വഴിതെളിച്ച സംവരണം എടുത്തുകളയണമെന്ന് അവര്‍ ആവശ്യപ്പെടുന്നതും ഈ അജണ്ടയുടെ ഭാഗം തന്നെ. കൂടുതല്‍ കരുതലോടെയും സൂക്ഷ്മതയോടെയും കാര്യങ്ങളെ വിശകലനം ചെയ്യേണ്ട കാലമാണിതെന്നാണ് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. അത്തരം ജാഗ്രതയില്ലായ്മയുടെ ഫലങ്ങളാണ് നാടിനെ വീണ്ടും പിന്നോട്ടടിപ്പിക്കാന്‍ പ്രതിലോമശക്തികള്‍ക്ക് കരുത്തായതും.
Related
Related Articles
മഹാരാഷ്ട്ര മന്ത്രിയ്ക്ക് കൊവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ്-19 സ്ഥിരീകരിച്ചു. 15 ദിവസമായി 54 കാരനായ മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാപ്പാ സന്ദര്‍ശന ലോഗോയ്ക്ക് മലയാളി സ്പര്‍ശം
ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനം ഫെബ്രുവരി അഞ്ചിന് പൂര്‍ത്തിയായപ്പോള്‍ അത് വത്തിക്കാനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും കത്തോലിക്ക സഭയും ഇസ്ലാംമതവും തമ്മിലുള്ള ബന്ധത്തിലും ഊഷ്മളതയുടെ ഇഴയടുപ്പത്തിന്റെ
മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്
ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ