സംവരണവിഷയം പിന്നാക്ക-ദളിത് സമുദായങ്ങളുമായി
സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണം:
ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

by admin | October 31, 2020 8:44 am
കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ- ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള ധ്രുത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും, ദലിത് ക്രൈസ്തവരും ലത്തീന്‍ കത്തോലിക്കരും ഉള്‍പ്പടെയുള്ള ഒബിസി വിഭാഗങ്ങളുടെയും ഇടയില്‍ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. മുന്നാക്കസമുദായങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ വികസനത്തിനും പരിരക്ഷയ്ക്കും ആവശ്യമായ ക്ഷേമപദ്ധതികള്‍ രാജ്യത്തെ ഭരണഘടനാനുസൃതം ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ എല്ലാവിധപിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇ.ഡബ്ല്യു.എസ്. സംവരണം ഇപ്പോള്‍ നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ച് സാമുദായിക സംവരണത്തെക്കുറിച്ച് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ ദൂരീകരിച്ച ശേഷം മാത്രം ഇതു നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നു കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി യോഗം ആവശ്യപ്പെട്ടു.

മുന്നാക്ക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളെ രണ്ട് തലത്തില്‍ കാണേണ്ടിയിരിക്കുന്നു. 2019ല്‍ ഭരണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതിയിലൂടെയാണു മുന്നാക്ക സമുദായത്തിലെ സാമ്പത്തീകമായി ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് പരമാവധി പത്ത് ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. വിധി എന്തായിരുന്നാലും പൗരര്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. ഇതാണ് ആദ്യത്തെ തലം.

ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടാമത്തെ തലം. 2019ലെ ഭേദഗതി പ്രകാരം മുന്നാക്കകാരില്‍ സാമ്പത്തികമായി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കുള്ള സംവരണം കേരളത്തിലെ വിദ്യാഭ്യാസ-ഉദ്യോഗമണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന രീതിയെ സംബന്ധിച്ചിട്ടുള്ളതാണ്. അതിലാണ് കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത്. ഉദ്യോഗ-അധികാരമണ്ഡലങ്ങളില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്കാണു സംവരണത്തിന് അര്‍ഹത എന്ന് ഭരണഘടന വിവക്ഷിക്കുന്നു. ശാസ്ത്രീയമായ പഠനങ്ങളോ സ്ഥിതി വിവരക്കണക്കുകളോ ഇല്ലാതെയാണ് കേരളസര്‍ക്കാര്‍ ഇതു ഇപ്പോള്‍ നടപ്പിലാക്കുന്നത് എന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ പരിഗണിക്കാതെയാണ് സാമ്പത്തിക ദുര്‍ബ്ബല വിഭാഗങ്ങളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണമായി, ഗ്രാമങ്ങളില്‍ രïര ഏക്കറും നഗരങ്ങളില്‍ അന്‍പത് സെന്റ് ഭൂമിയും വരെ ഉള്ളവര്‍ ദരിദ്ര വിഭാഗങ്ങളായി പരിഗണിക്കപ്പെടുമ്പോള്‍ ചട്ടത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ ജനങ്ങളുടെ ശരാശരി ഭൂമി ഉടമസ്ഥതയേക്കാള്‍ വളരെ ഉയര്‍ന്ന കണക്കാണിത്. അതു കൊണ്ടുതന്നെ അശാസ്ത്രീയമാണെന്നു തെളിയുന്നു. ഇതുമൂലമാണ് സമൂഹത്തില്‍ ഏറ്റവും ദാരിദ്യമനുഭവിക്കുന്ന പട്ടിക വിഭാഗങ്ങള്‍, ദളലിത് ക്രൈസ്തവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ മക്കളേക്കാള്‍ വളരെ താഴ്ന്ന റാങ്കിലുള്ള മുന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്ണിനും, എം.ബി.ബി.എസ്.നും, എല്‍.എല്‍.ബിയ്ക്കും പോളിടെക്‌നിക്കിനും ദരിദ്രര്‍ എന്ന നിലയില്‍ അഡ്മിഷന്‍ ലഭിക്കുന്നതും യഥാര്‍ത്ഥ ദരിദ്രര്‍ തഴയപ്പെടുന്നതും. ഉദ്യോഗരംഗത്ത് ഇതുപോലെതന്നെ നടപ്പിലാക്കപ്പെടുകയാണെങ്കില്‍ അവിടെയും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ തഴയപ്പെടും.

കേരളത്തിലെ മുന്നാക്ക സമുദായാംഗങ്ങള്‍ ആകെ ജനസംഖ്യയുടെ നാലിലൊന്നില്‍ താഴെ മാത്രമേ വരുന്നുള്ളു. അവരുടെ ഇടയിലുള്ള യഥാര്‍ത്ഥ ദരിദ്രര്‍ മുന്നാക്ക ജനസംഖ്യയുടെ പത്തു ശതമാനം മാത്രമാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയിലെ രണ്ടര ശതമാനത്തിനുവേണ്ടിയാണ് പത്തു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. സംവരണത്തിലുള്ള ഈ വലിയ തോതാണ് ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സീറ്റു നഷ്ടപ്പെടാന്‍ കാരണമാകുന്നത്. അതായത് വിദ്യാഭ്യാസ പ്രവേശനത്തിനു ദലിതരേക്കാളും, ഒ.ബി.സി. വിഭാഗത്തേക്കാളും എണ്ണം ദരിദ്രര്‍ മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
ഭരണഘടനാ വിരുദ്ധമായ വിവേചനമാണ് ദളിത-പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം, കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയ്ക്കനുസരിച്ചും ആവശ്യമായ പഠനം നടത്തിയതിനു ശേഷവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കണമെന്നും മെത്രാന്‍ സമിതിയോഗം അഭ്യര്‍ത്ഥിച്ചു.
ഇപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ആവശ്യങ്ങളെ മതപരമായും ജാതിപരമായും ഉള്ള സ്പര്‍ദ്ധ ഉളവാക്കാനുള്ള അവസരമായി ചില തത്പരകക്ഷികള്‍ ഉപയോഗപ്പെടുത്തുന്നത് കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദ്ദം, സന്തുലിതാവസ്ഥ എന്നിവയുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. സാമുദായിക നേതാക്കന്മാരും മതനേതാക്കന്മാരും ഉള്‍പ്പെട്ട എല്ലാവരും സംഭാഷണത്തിന്റെയും ചര്‍ച്ചയുടെയും സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും അടിസ്ഥാനത്തില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ പരിഹാരം കണ്ടെത്തണമെന്നു മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. പിന്നാക്ക വിഭാഗങ്ങളുടെ സംഘടനാ നേതാക്കന്മാരുമായി ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
കേരളാ ലത്തീന്‍ സഭയുടെ തലവനും മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, ആര്‍ച്ച്ബിഷപ് ഡോ. കളത്തിപറമ്പില്‍, മെത്രാന്‍ സമിതി വൈസ് പ്രസിഡന്റ ് ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നീ ബിഷപുമാരുള്‍പ്പെടെ കേരളത്തിലെ പന്ത്രണ്ട് രൂപതാദ്ധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Source URL: https://jeevanaadam.in/%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a6%e0%b4%b3-3/