സംവരണവിഷയം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ളത് മാത്രമാണോ?

സംവരണവിഷയം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ളത് മാത്രമാണോ?


ഡോ. ഗാസ്പര്‍ സന്യാസി

സംവരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ ഭരണഘടന നിര്‍മാണകാലം മുതല്‍ തന്നെ സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മതിയെന്ന് വാദിക്കുന്നവരുണ്ടായിരുന്നല്ലോ. സാമ്പത്തികസംവരണത്തിനുള്ള ജയ് വിളികള്‍ അന്തരീക്ഷത്തെ പലവിധേനേ ശബ്ദായമാനമാക്കുന്ന നേരത്ത് ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ അതിന്റെ മുഴുവന്‍ സങ്കീര്‍ണതകളോടെയും അഭിസംബോധന ചെയ്ത് സംവരണ തത്വങ്ങളുടെ ദീര്‍ഘകാല ചരിത്രത്തെയും അതിന്റെ അടിസ്ഥാന രാഷ്ട്രീയ-ദാര്‍ശനീക ധാരണകളേയും പറ്റി ഗൗരവതരമായ പരിചിന്തനങ്ങളും പതിഞ്ഞ ശബ്ദത്തിലുള്ള ചര്‍ച്ചകളും നടത്തുന്നത് എത്ര മാത്രം ജനശ്രദ്ധയിലെത്തുമെന്നറിയില്ല. ഉറക്കെപ്പറയുകയും അതു കൂടുതല്‍ പേര്‍ പറയുകയും ചെയ്യുകയെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുത്തന്‍രീതിയെന്നത്, കാര്യങ്ങള്‍ പറയുന്നതിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്ന് തോന്നുന്നു. എങ്കിലും ചരിത്രത്തിലുണ്ടായിട്ടുള്ള ചില വര്‍ത്തമാനങ്ങളെങ്കിലും ഏറ്റവും കുറഞ്ഞത് നമ്മള്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. പുതിയ ചരിത്രനിര്‍മാതാക്കള്‍ പഴയതിനെ ഇല്ലാതാക്കുമ്പോഴും ഓര്‍മകള്‍ നിലനില്‍ക്കും. ഇനിയും ലക്ഷ്യപ്രാപ്തിയിലെത്താത്ത സംവരണമെന്ന സാമൂഹ്യ കാഴ്ചപ്പാടിന്റെ ഉദ്ദേശ്യമെന്താണ്? സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങളേയും വിഭാഗങ്ങളേയും ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കാന്‍ അവരെ ഭരണഘടനാമൂല്യങ്ങളോട് അടുപ്പിച്ചുകൊണ്ടുവരികയെന്നു തന്നെയാണ് അതിന്റെ അടിസ്ഥാന ദര്‍ശനം.

സാമൂഹ്യമായി പിന്നാക്കം പോയ വര്‍ഗങ്ങളും വിഭാഗങ്ങളും ഏതെല്ലാമാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അവര്‍ എന്തുകൊണ്ട് പിന്നാക്കം പോയി എന്ന ചോദ്യം പിന്നാലെയെത്തും. ജാതിശ്രേണീബദ്ധമായ ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ ചോദ്യങ്ങള്‍ എത്തുന്നത്. അവിടെയെത്തുമ്പോള്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയാണെന്നു തോന്നുന്നു. ഭരണഘടനാനിര്‍മാണ സന്ദര്‍ഭം മാത്രമല്ല നമ്മള്‍ ഓര്‍ത്തെടുക്കേണ്ടത്. അതിലും പിന്നിലേക്ക് പോകേണ്ടതുണ്ട്.
1882ല്‍ ഹണ്ടര്‍ കമ്മീഷന്‍ മഹാരാഷ്ട്രയിലെത്തി മഹാത്മാ ജ്യോതി ബാഫൂലെയോട് നടത്തിയ വര്‍ത്തമാനങ്ങളില്‍ നിന്ന്, 1887-97 കാലഘട്ടത്തില്‍ പെരിയോര്‍ ഇ. വി രാമസ്വാമിയുടെ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ നിന്ന്, അരശു, വിടുതലെ എന്നീ പ്രസിദ്ധീകരണങ്ങളില്‍ ആവര്‍ത്തിച്ചെഴുതിയ ജാതിക്കെതിരായ ലേഖനങ്ങളില്‍ നിന്ന്, 1874ല്‍ മൈസൂരില്‍, കോലാപ്പൂര്‍ നാട്ടുരാജ്യത്തെ രാജാവ് ഛത്രപതി ഷാഹുമഹാരാജാവിന്റെ ഇടപെടലുകളില്‍ നിന്ന്, കേരളത്തിന്റെ നവോത്ഥാനനായകരുടെ സാമൂഹ്യ ഇടപെടലുകളില്‍ നിന്നെല്ലാം ഊര്‍ജം സംഭരിച്ചെടുക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ചയാണ് സംവരണത്തെക്കുറിച്ചുള്ള ഭരണഘടനാ നിര്‍മാണത്തിന്റെ ദീര്‍ഘമായ സംവാദചരിത്രമെന്ന പാഠങ്ങളാണ് നമ്മള്‍ ഓര്‍ത്തെടുക്കേണ്ടത്. സംവരണവ്യവസ്ഥയെപറ്റിയും ഇന്ത്യയില്‍ ശക്തമായി നിലകൊള്ളുന്ന ജാതി പ്രശ്നത്തെപ്പറ്റിയും ഭരണഘടനയില്‍ എഴുതിത്തന്നെ വയ്ക്കണമെന്നു നിര്‍ബന്ധം ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ നിര്‍മിച്ച ധിഷണാശാലികള്‍-ഡോ. അംബേദ്ക്കറിന്റെ നേതൃത്വത്തിലുള്ളവര്‍- ശക്തമായി നിര്‍ദേശിക്കുന്നുണ്ട.് അതിന്മേല്‍ വ്യാപകമായ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉണ്ടാകുന്നുണ്ട്. ഭരണഘടനാ നിര്‍മാണനേരത്ത് ജാതിപ്രശ്നം ഉന്നയിച്ച അംബേദ്ക്കര്‍ നേരിടേണ്ടിവന്ന പ്രതിഷേധങ്ങളുടെ വ്യാപ്തിയെപ്പറ്റി അറിയാന്‍ ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ച സംഘര്‍ഷങ്ങളെപ്പറ്റി അറിയാന്‍ പതിനഞ്ചു ദിവസത്തോളം ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതറിയാന്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റിയൊക്കെ മനസിലാക്കാന്‍ അംബേദ്ക്കറുടെ സന്തത സഹചാരിയായിരുന്ന ശങ്കരാനന്ദ ശാസ്ത്രികളുടെ മെമ്മറീസ് ആന്‍ഡ് എക്സ്പീരിയന്‍സ് ഓഫ് ഡോ. അംബേദ്ക്കര്‍ എന്ന കൃതി നല്ലൊരു റഫറന്‍സായിരിക്കും.

ഇന്ത്യന്‍ ജനാധിപത്യമെന്നത് സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ ജനാധിപത്യങ്ങളുടെ സമന്വയമാണ്. സാമൂഹ്യജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം അനിവാര്യമാണ്. രാഷ്ട്രീയ ജനാധിപത്യത്തെ നിര്‍മിക്കുന്നത് അടിസ്ഥാനമൂല്യങ്ങളായ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ചേര്‍ന്നാണ്. എന്നാല്‍ സമതയില്ലാത്ത ഒരിടത്ത് സ്വാതന്ത്ര്യവും സാഹോദര്യവും നിലനില്‍ക്കില്ല. ജാതിവ്യവസ്ഥയാല്‍ അസന്തുലിതമായ, അസമത്വമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ സമത്വം എങ്ങനെ സാധിക്കും എന്ന കുഴഞ്ഞുമറിഞ്ഞ പ്രശ്നമാണ് ഭരണഘടനാനിര്‍മാണവേളയില്‍ തനിക്ക് ഏറെ അസ്വസ്ഥത സൃഷ്ടിച്ചതെന്ന് ഡോ. അംബേദ്ക്കറും ഈ സന്ദര്‍ഭത്തെപ്പറ്റി എഴുതിയിട്ടുണ്ട്. പറഞ്ഞുവന്നത് പിന്നാക്കാവസ്ഥ നിര്‍മിച്ച സാമൂഹ്യ-വിദ്യാഭ്യാസ അപര്യാപ്തകളെ അതിനെ ഇപ്പോഴും നിലനിര്‍ത്തിപ്പോരുന്ന ജാതിബദ്ധ സാമൂഹ്യവ്യവസ്ഥകളെ അഭിസംബോധന ചെയ്യാതെ സാമ്പത്തിക പിന്നാക്കത്തെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടുള്ള സംവരണവര്‍ത്തമാനം ഏറ്റവും കുറഞ്ഞത്, അതിസങ്കീര്‍ണമായ ഒരു സാമൂഹ്യസന്ദര്‍ഭത്തെ ഇന്ത്യന്‍ ജനാധിപത്യസങ്കല്‍പ്പങ്ങളോട് ചേര്‍ത്തുവായിക്കുവാനുള്ള ഏതാനും സാമൂഹ്യവിഭാഗങ്ങളുടെ ബോധപൂര്‍വമായ രാഷ്ട്രീയനീക്കമാണ് എന്നു തന്നെ പറയേണ്ടിവരും.

ഏതാനും പാവപ്പെട്ട മനുഷ്യര്‍ക്ക് ജോലികിട്ടുന്നതിനെ എതിര്‍ക്കുന്ന കാര്യങ്ങളെപ്പറ്റിയല്ല ഇവിടെ പറയുന്നത്. ഇന്ത്യയുടെ സാമൂഹ്യജീവിതത്തെ നിര്‍ണയിച്ചു പോന്ന ഇപ്പോഴും നിര്‍ണയിക്കുന്ന ജാതിയെന്ന പ്രശ്നത്തെപ്പറ്റി നിരന്തരം അഭിസംബോധന ചെയ്യേണ്ടതിന്റെ രാഷ്ട്രീയ അനിവാര്യതയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. എന്തുകൊണ്ട് പിന്നാക്കാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പൊള്ളുന്ന ചോദ്യം മുതല്‍ ഇന്ത്യയുടെ ജനാധിപത്യത്തില്‍ ആരുടെ സ്വരമാണ് കേള്‍ക്കുന്നത്. അത് ഏത് വിധത്തിലാണ് കേള്‍ക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളുണ്ടല്ലോ അതാണ് ഇവിടെ ഉയര്‍ത്തേണ്ടത്.
ദാരിദ്ര്യത്തിന് ജാതിയില്ലായെന്ന് പറയാനൊക്കുമോ? സമ്പത്തിന് ജാതിയില്ലായെന്നു പറയാനൊക്കുമോ? ജാതീയമായി മേല്‍ത്തട്ടിലുള്ളവരുടെ ദാരിദ്ര്യവും കീഴ്ത്തട്ടിലുള്ളവരുടെ ദാരിദ്ര്യവും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ഇതിനെക്കുറിച്ചെല്ലാം ഏറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഭരണഘടന ഉണ്ടായതോടെ മാന്ത്രികവടിയുടെ സ്പര്‍ശത്താലെന്നോണം ഈ നാട്ടിലെ മനുഷ്യരെല്ലാം സാമൂഹ്യമായി ഒന്നായി മാറിയെന്നും എല്ലാവരും തുല്യരായെന്നും ഇനി ആകപ്പാടെ നോക്കിയാല്‍ കുറച്ചു ദാരിദ്ര്യം മാത്രമേ ബാക്കിയുള്ളൂവെന്നും അതുകൂടി പരിഹരിച്ചാല്‍ എല്ലാം പൂര്‍ത്തിയാകുമെന്നും പറയുന്ന ലളിതമായ പാഠമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യകാലം മുതലേ പറഞ്ഞുപോരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ചുവടുവയ്പാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന സാമ്പത്തികസംവരണ നീക്കം.

2019 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടന (124ാം ഭേദഗതി ബില്‍) ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭേദഗതിവരുത്താനുള്ള ബില്ല്, എന്ന നീക്കമാണ് സാമ്പത്തിക സംവരണമെന്ന ആശയത്തിലേക്കുള്ള ഈ നാടിന്റെ ഏറ്റവുമൊടുവിലത്തെ ചുവടുവയ്പ്പ്. പഞ്ചായത്തു പ്രസിഡന്റിന് കസേരയിലിരിക്കാന്‍ അനുവാദം കിട്ടാതെ നിലത്തുകുത്തിയിരിക്കേണ്ടിവരുന്ന സാമൂഹ്യാവസ്ഥ 2020ലും നിലനില്‍ക്കുന്നുണ്ട് എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ഒരാള്‍ അസ്വസ്ഥനാകുന്നത്, ജനാധിപത്യ പ്രക്രിയയില്‍ ഇനിയും ഇന്ത്യന്‍ സമൂഹം എത്ര കാതങ്ങള്‍ താണ്ടാനുണ്ട് എന്ന് ചിന്തിച്ചിട്ടുകുടിയാണ്.
സാമൂഹ്യപിന്നാക്കാവസ്ഥയെ ദാരിദ്ര്യമെന്ന സാമ്പത്തിക പരികല്പനകൊണ്ടു മാത്രം വായിച്ചെടുക്കാനാകുമെന്ന ലളിതമായ യുക്തികൊണ്ടു നടക്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംവരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള കമ്മീഷന്‍ പഠനങ്ങള്‍, വാദപ്രതിവാദങ്ങള്‍, പരമോന്നത കോടതിയുടെ വിവിധകാലങ്ങളിലെ നിരീക്ഷണങ്ങള്‍, വിധിന്യായങ്ങള്‍ എന്നിവ സശ്രദ്ധം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. കാക്കാകാലേക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്(1953), മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് (1980) എന്നിവര്‍ പിന്നാക്കാവസ്ഥയെ പഠിക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ സശ്രദ്ധം വായിക്കണം, പഠിക്കണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണല്ലോ സ്റ്റേറ്റ് ഓഫ് മദ്രാസ് ചെമ്പകം ദൊരൈ രഞ്ജന്‍ കേസ് മുതലിങ്ങോട്ട് ഇന്ദിരാസാഹ്നി കേസുവരെയുള്ളവയില്‍ ഉയര്‍ന്നു കേട്ട പരമോന്നത കോടതി നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും വിധിന്യായങ്ങളും.
സംവരണ വിഷയത്തെക്കുറിച്ചുള്ള സംവാദനാള്‍ വഴികള്‍ ഓര്‍മയില്‍ സൂക്ഷിക്കുകയെന്നതു തന്നെയാണ് ഏറ്റവും ഗൗരവതരമായ ജനാധിപത്യ ഉത്തരവാദിത്വം. സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍, സംവരണത്തിനായി ചരിത്രപരമായി നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും, മെറിറ്റിനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും ആക്ഷേപങ്ങളും, ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതൃത്വങ്ങളും സമുദായങ്ങളും നേതാക്കളും മതനേതൃത്വങ്ങളും ഈ വിഷയത്തില്‍ കാലാകാലങ്ങളായി സ്വീകരിച്ചിട്ടുള്ള നിലപാടുകളും രാഷ്ട്രീയ താല്പര്യങ്ങളോടെയുള്ള നീക്കുപോക്കുകളും എല്ലാം ചേര്‍ന്ന് സങ്കീര്‍ണവും വിപുലവുമാണ് സംവരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍.

എങ്കിലും ചിലതെല്ലാം ഓര്‍മയില്‍ തെളിച്ചത്തോടെ നിര്‍ത്തേണ്ടതുണ്ട്. മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം, അയ്യന്‍കാളിയുടെ ഇടപെടലുകള്‍, ശ്രീനാരായണഗുരുവിന്റെ സാമൂഹ്യദര്‍ശനങ്ങള്‍, ക്രൈസ്തവമിഷണറിമാരുടെ ഉജ്വലമായ സാമൂഹ്യ ഇടപെടലുകള്‍, മുസ്ലീം സമുദായ നവോത്ഥാന നീക്കങ്ങള്‍, ക്രീമിലെയര്‍ വിഷയത്തില്‍ കേരളനിയമസഭയില്‍ നടത്തിട്ടുള്ള ചര്‍ച്ചകള്‍, സംവരണ സംരക്ഷണനിയമം, ക്രീമിലെയര്‍ കമ്മീഷനുകള്‍ ചിലസമുദായങ്ങളുടെ കോടതി വ്യവഹാരങ്ങള്‍, കോടതികളില്‍ നിന്നു ലഭ്യമായിട്ടുള്ള വിധിന്യായങ്ങള്‍ തുടങ്ങി തെളിയിച്ചത്തോടെ ഓര്‍മിച്ചെടുക്കേണ്ട ചരിത്രപാഠങ്ങള്‍ തന്നെ എല്ലാം. ഇംഎംഎസിന്റെ ഒന്നാം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള സാമ്പത്തിക സംവരണാവശ്യവും സി.എച്ച് മുഹമ്മദ് കോയയുടെ നിയമസഭാപ്രസംഗവും എം. സുകുമാരന്റെ കുളത്തൂര്‍ പ്രസംഗവും വെറുതെ ഓര്‍ത്തുപോകുന്നു. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്കയച്ച സംവരണ പ്രശ്ന സംബന്ധിയായി കത്തു മുതല്‍ തുടങ്ങുന്ന സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ വിഷയത്തിലുള്ള വ്യക്തതയില്ലായ്മയോ അതോ നാട്യമോ കൂടി ഓര്‍ത്തെടുക്കണം.

നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി 1970കളില്‍ ഈ നാട്ടിലുണ്ടായ കോലാഹലങ്ങള്‍ മറക്കാന്‍ പറ്റുമോ? ദളിത് ക്രൈസ്തവ വിഷയത്തില്‍ നടത്തിയിട്ടുള്ള ചരിത്രപരമായ സംവാദങ്ങളും ഓര്‍മിക്കണം. ഭരണഘടനയുടെ 124-ാം ഭേദഗതിയെപ്പറ്റി ഓര്‍മിക്കുമ്പോള്‍ കേശവനാന്ദ ഭാരതിയെ മറക്കാന്‍ പറ്റുന്നില്ല. രണ്ടാഴ്ച മുന്‍പ് അദ്ദേഹം അന്തരിച്ചു. ഭരണഘടനയ്ക്ക് തിരുത്തല്‍ വരുത്താനുള്ള പാര്‍ലമെന്റിന്റെ അവകാശങ്ങളെപ്പറ്റി പതിമൂന്ന് അംഗ ബെഞ്ച് അടങ്ങിയ സുപ്രീംകോടതിയുടെ വിധിന്യായത്തിലേക്ക് നയിച്ചത് അദ്ദേഹം ഉന്നയിച്ച  കേസായിരുന്നല്ലോ. 2019 ല്‍ 124-ാം ഭരണഘടന ഭേദഗതിയിന്മേല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍, മിണ്ടാതിരുന്നവരും മിണ്ടിയവരും ഇറങ്ങിപ്പോയവരും പറഞ്ഞും പറയാതെയും മുന്നോട്ടുവച്ച കാര്യങ്ങളും മറക്കരുത്. ഇറങ്ങിപ്പോക്കു നടക്കുന്നതിനു മുന്‍പ് ഡിഎംകെ അംഗം തമ്പിദുരെ നടത്തിയ പ്രസംഗം മറക്കാമോ? മൂന്നിനെതിരെ മുന്നൂറ്റി ഇരുപത്തിമൂന്നു വോട്ടുകള്‍ക്ക് പാസായ ബില്ലിന്റെ ചരിത്രം സംവരണത്തെപ്പറ്റിയുള്ള ഈ നാടിന്റെ രാഷ്ട്രീയ നിലപാടുകളുടേയും നിലപാടുമാറ്റങ്ങളുടെയും നിലപാടില്ലായ്മയുടെയും ചരിത്രം കൂടിയാണ്.

ചില ആളുകള്‍ പറയുന്നു: കഴിവുള്ളവര്‍ നമ്മളെ നയിക്കട്ടെ, കഴിവില്ലാത്തവര്‍ അവരെ അനുസരിക്കണമെന്ന്. സോഷ്യല്‍ ഡാര്‍വിനിസം ഇപ്പോഴും ശക്തം തന്നെ. നാസി ഭരണകാലത്തും ഫാസിസത്തിന്റെ മുസോളനി ഭരണകാലത്തും ഇതു തന്നെയായിരുന്നല്ലോ വര്‍ത്തമാനം. പക്ഷേ, സാമൂഹ്യനീതിയെക്കുറിച്ച് നമുക്ക് പറയാതിരിക്കാനൊക്കുമോ? അതിപ്പോള്‍ വാട്സാപ്പ് കുറിപ്പുകാരനോടായാലും തുര്‍ക്കിയിലെ പ്രസിഡന്റ് എര്‍ദഗോനോടായാലും പറയാതെ പറ്റില്ലല്ലോ. നീതിയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ തുടരുക തന്നെ ചെയ്യണം. അതിന്റെ വക്കുകളിലും വാക്കുകളിലും ചോരപൊടിയുമെന്നുറപ്പ്.


Related Articles

പ്രേഷിതര്‍ കുടുംബങ്ങളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലണം -മോണ്‍. പീറ്റര്‍ ചടയങ്ങാട്ട്

  കൊച്ചി: കുടുംബങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെന്ന് ശുശ്രൂഷകള്‍ ചെയ്യുകയാണ് കുടുംബപ്രേഷിതര്‍ ചെയ്യേണ്ടതെന്ന് കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട്ട് പറഞ്ഞു. കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ

കോതാടിന്റെ ഹൃദയത്തില്‍ മാടവനയുടെ സ്‌നേഹവീട്

എറണാകുളം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പില്‍ ജോസഫിനും കുടുംബത്തിനും മാടവന സെന്റ് സെബാസ്റ്റ്യന്‍ ഇടവക നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം ജനുവരി 23ന് വരാപ്പുഴ മെത്രാപ്പോലീത്ത

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*