സന്നദ്ധപ്രവര്‍ത്തകരെ കുത്തുപാള എടുപ്പിക്കുമ്പോള്‍

സന്നദ്ധപ്രവര്‍ത്തകരെ കുത്തുപാള എടുപ്പിക്കുമ്പോള്‍

ജെക്കോബി

ആധുനിക ലോകചരിത്രത്തിലെ മഹാദുരന്തത്തെയും സ്വയംപര്യാപ്തതയുടെ വീമ്പുപറച്ചില്‍ കൊണ്ടു നേരിടുന്ന മോദി ഭരണകൂടം, രാജ്യത്തെ ആര്‍ത്തരും അവശരും നിരാശ്രയരുമായ പരമദരിദ്രകോടികള്‍ക്ക് ആശ്വാസമെത്തിക്കുന്ന കാരുണ്യപ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും രാജ്യാന്തര വിഭവസ്രോതസുകളുടെമേല്‍ പിടിമുറുക്കുന്നത് പാവപ്പെട്ടവരോടു കാട്ടുന്ന കൊടുംക്രൂരതയാണ്. ലാഭേച്ഛകൂടാതെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, മനുഷ്യാവകാശ, പരിസ്ഥിതിസംരക്ഷണ, സാമൂഹികനീതിപരിരക്ഷാ മേഖലകളില്‍ ഭരണസംവിധാനങ്ങള്‍ക്കു ചെന്നെത്താന്‍ പറ്റാത്ത ഇടങ്ങളിലും സേവനം ചെയ്യുന്ന സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) വിപുലമായ ശൃംഖലകളെ തകര്‍ക്കുന്നത് ഏതു ദേശീയവാദ രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെങ്കിലും അത് രാജ്യത്തെ ജനക്ഷേമത്തിന് അപരിഹാര്യമായ കോട്ടം വരുത്തും. പുതുവര്‍ഷത്തില്‍ ഒറ്റയടിക്ക് 5,968 സംഘടനകളുടെ വിദേശ സഹായ ലൈസന്‍സ് റദ്ദാക്കാന്‍ ഇടയായ സാഹചര്യം, മോദിയുടെ നോട്ടുനിരോധന കല്പനയ്ക്കു സമാനമായ ദുരന്തപ്രത്യാഘാതമാണ് ആത്യന്തികമായി രാജ്യത്തെ ഏറ്റവും നിസ്വരായ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കുക.

വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആര്‍എ) പരിധിയില്‍ വരുന്ന സംഘടനകളുടെ വാര്‍ഷിക വരുവുചെലവുകണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും നിബന്ധനകളുടെ പാലനവും മറ്റും സൂക്ഷ്മമായി വിലയിരുത്തി ലൈസന്‍സ് പുതുക്കിനല്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. വിദേശത്തുനിന്നു ലഭിക്കുന്ന സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി മെയിന്‍ ശാഖയിലൂടെ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ, പണമായും സാമഗ്രികളായും ലഭിക്കുന്ന സഹായം വിതരണത്തിനായി മറ്റൊരു ഏജന്‍സിക്കും കൈമാറരുത്, വിദേശഫണ്ടിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ സംഘടനയുടെ കാര്യനിര്‍വഹണച്ചെലവിലേക്കു വകയിരുത്തരുത്, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു മാത്രമേ ബാങ്ക് ഇടപാടു നടത്താവൂ തുടങ്ങി 2020-ല്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങളും നിയമഭേദഗതിയും കൃത്യമായി പാലിക്കാന്‍ കഴിയാഞ്ഞും റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചയുണ്ടായും മറ്റു പല സാങ്കേതിക കാരണങ്ങളാലും വര്‍ഷാന്ത്യത്തില്‍ 12,580 സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടമായിട്ടുണ്ട്.

2014-19 കാലത്ത് രാജ്യത്ത് 14,500 സംഘടനകളുടെ വിദേശഫണ്ട് കേന്ദ്ര ഗവണ്‍മെന്റ് തടഞ്ഞു; 2020-ല്‍ 19,000 സംഘടനകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് എഫ്‌സിആര്‍എ പട്ടികയില്‍ 22,832 സംഘടനകള്‍ ഉണ്ടായിരുന്നത് ഇക്കൊല്ലം 16,829 ആയി ചുരുങ്ങിയിരിക്കുന്നു. വിദേശ ഫണ്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 3,014 സംഘടനകളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ കേവലം എട്ട് അസോസിയേഷനുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ എഫ്‌സിആര്‍എ ഡാഷ്‌ബോര്‍ഡില്‍ കാണുന്നത്. 2012-2019 കാലയളവില്‍ കേരളത്തിലെ 1,142 സംഘടനകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവ വിഭാഗങ്ങളുടേതാണ്.

മിഷണറീസ് ഓഫ് ചാരിറ്റി, ഓക്‌സ്ഫാം ഇന്ത്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഐഐടി-ഡല്‍ഹി, ജാമിയ മിലിയ ഇസ്ലാമിയ, സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വിദേശ ഫണ്ടിനുള്ള അര്‍ഹത നഷ്ടപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് ലൈസന്‍സ് പുതുക്കാനായി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ചില സംഘടനകളുടെ ലൈസന്‍സ് പുതുക്കാത്തതിന് കണ്ടെത്തിയ ”പ്രതികൂല വസ്തുതകള്‍” എന്തെന്ന് ഗവണ്‍മെന്റ് വെളിപ്പെടുത്താത്തത് ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും, അടിമത്തവും ദാരിദ്ര്യവും നിരക്ഷരതയും വിവേചനങ്ങളും ചൂഷണവും അനീതിയും ഭരണകൂടഭീകരതയും യുദ്ധക്കുറ്റങ്ങളും സാമ്പത്തിക അസമത്വവും പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിക്കുന്ന ദുരിതാവസ്ഥയ്ക്ക് അറുതി വരുത്താനുള്ള സാര്‍വദേശീയ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ഭാഗമായ രാജ്യാന്തര ഉടമ്പടികള്‍, ചാര്‍ട്ടറുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയുടെ നിയമപരമായ പിന്‍ബലത്തോടെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും, മാനവസ്‌നേഹത്തിന്റെയും പ്രേഷിതദൗത്യത്തിന്റെയും പ്രേരണയാല്‍ മത, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ അര്‍പ്പിതശുശ്രൂഷ ചെയ്യുന്ന പ്രസ്ഥാനങ്ങളുമൊക്കെ ”മാനവപരിവര്‍ത്തനത്തിന്റെ ഏജന്റുമാര്‍” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍പീസ് ഇന്ത്യ, യൂറോപ്യന്‍ ക്ലൈമറ്റ് ഫൗണ്ടേഷന്‍, കംപാഷന്‍ ഇന്റര്‍നാഷണല്‍, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങളെ ബിജെപി ഗവണ്‍മെന്റ് കരിമ്പട്ടികയില്‍പെടുത്തിയതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ സുവിദിതമാണ്. എന്നാല്‍, കൊവിഡ് മഹാമാരിയുടെയും പ്രകൃതിദുരന്തങ്ങളുടെയും നടുവില്‍ മാനവസാഹോദര്യത്തിന്റെ ഉദാത്ത മാതൃക കാട്ടി സന്നദ്ധസേവനം നടത്തുന്നവരുടെ ത്യാഗം പോലും മതപരിവര്‍ത്തനയജ്ഞമായി ചിത്രീകരിക്കുന്നത് ഹീനമായ രാഷ്ട്രീയ കുടിലതയാണ്.

എന്‍ജിഒകളിലൂടെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയിലെത്തിയത് 50,975 കോടി രൂപയാണ്. 2018-19 വര്‍ഷത്തില്‍ എഫ്‌സിആര്‍എ സംഘടനകള്‍ വഴി ലഭിച്ചത് 16,490 കോടി രൂപ. ലക്ഷക്കണക്കിന് കുട്ടികള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരവും മരുന്നും ജീവരക്ഷാ ഉപാധികളും ദരിദ്രകുടുംബങ്ങള്‍ക്കു സുസ്ഥിര വരുമാനവും ഉറപ്പാക്കുന്നതോടൊപ്പം സേവനദാതാക്കളുടെ ശൃംഖലയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ലോകത്ത് ആദ്യമായി വന്‍കിട കോര്‍പറേറ്റുകളുടെ മൊത്തലാഭത്തിന്റെ ഒരു വിഹിതം – രണ്ടു ശതമാനം – സാമൂഹിക ഉത്തരവാദിത്വത്തിനായി (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) നീക്കിവയ്ക്കാനുള്ള കമ്പനി നിയമം 2013-ല്‍ കൊണ്ടുവന്ന ഇന്ത്യയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ച സിഎസ്ആര്‍ വിഹിതം 8,828.11 കോടി രൂപ മാത്രാണെന്നാണ് കഴിഞ്ഞ നവംബറില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചത്. കേരളത്തിലെ കമ്പനികളുടെ സിഎസ്ആര്‍ വിഹിതം അക്കൊല്ലം 163.49 കോടി രൂപ. രാജ്യത്തെ നൂറു മികച്ച കമ്പനികളില്‍ 52 എണ്ണം 2016-ല്‍ സിഎസ്ആര്‍ നടപ്പാക്കാതെ ഒഴിഞ്ഞുമാറിയതായി കെപിഎംജി നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

സന്നദ്ധസംഘടനകളുടെ വിദേശവരുമാന അക്കൗണ്ടുകള്‍ ഏകജാലകമാക്കി സുതാര്യത ഉറപ്പുവരുത്തുന്ന മോദി ഗവണ്‍മെന്റ് കൊവിഡ് ദുരിതാശ്വാസത്തിന്റെ പേരില്‍ 2020 മാര്‍ച്ചില്‍ സമാരംഭിച്ച പിഎം കെയേര്‍സ് ഫണ്ടിന്റെയോ ബിജെപിയുടെ തിരഞ്ഞെടുപ്പു ഫണ്ടുകള്‍ക്കായി സമാഹരിക്കുന്ന ഇലക്ടറല്‍ ബോണ്ടുകളുടെയോ വിദേശ സംഭാവന വിഹിതത്തിന്റെ യഥാര്‍ഥ കണക്ക് വിവരാവകാശനിയമപ്രകാരമല്ലെങ്കില്‍ സിഎജി, ഇലക്ഷന്‍ കമ്മീഷന്‍, പാര്‍ലമെന്റ്, കോടതി തലങ്ങളില്‍ എവിടെയെങ്കിലും വെളിപ്പെടുത്തുമോ? വിദേശ ഫണ്ട് നിയന്ത്രണ നിയമം ലംഘിച്ച് യുകെയിലെ വേദാന്ത കമ്പനിയുടെ രണ്ട് ഇന്ത്യന്‍ സബ്‌സിഡിയറികളില്‍ നിന്ന് ഫണ്ടു കൈപ്പറ്റിയതായി ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കൈകോര്‍ത്ത് രണ്ടു ധനകാര്യ ബില്ലിലൂടെ മുന്‍കാല പ്രാബല്യത്തോടെ ബിജെപി ഗവണ്‍മെന്റ് പാര്‍ട്ടി ഫണ്ട് ക്ലീനാക്കി. 2018 മാര്‍ച്ചില്‍ തുടക്കം കുറിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലൂടെ അജ്ഞാത ദാതാക്കളില്‍ നിന്ന് സഹസ്രകോടികള്‍ പാര്‍ട്ടി സമാഹരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, ഇലക്ടറല്‍ ബോണ്ടിന്റെ 19-ാം ഘട്ട വിനിമയം എസ്ബിഐ തിരുവനന്തപുരം ശാഖയില്‍ അടക്കം ഇപ്പോള്‍ നടക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന 18-ാം ഘട്ടത്തില്‍ ബോണ്ടിലൂടെ സമാഹരിച്ചത് 7,974 കോടി രൂപയുടെ സംഭാവനയാണ്.

ക്രൈസ്തവ ന്യൂനപക്ഷ പീഡനത്തിന്റെ ഭാഗമായി മിഷണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും മറ്റും ഉപവിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാന്‍ ശ്രമിക്കുന്നവരെ ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന നന്മനിറഞ്ഞ മനുഷ്യര്‍ കാരുണ്യത്തിന്റെ മൂല്യമെന്തെന്ന് ബോധ്യപ്പെടുത്താതിരിക്കുമോ! വിദേശഫണ്ട് വിലക്കിയാലും അഗതികളെ പോറ്റാനുള്ള ചില്ലിക്കാശും പുത്തനും വെള്ളിയും സ്വര്‍ണവും ദൈവപരിപാലനത്തിലൂടെ ഉപവിസഹോദരങ്ങളുടെ ഭിക്ഷാപാത്രത്തില്‍ നിറഞ്ഞുകൊള്ളും.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

അധ്യാപകരുടെ ധർമ്മസമരം വിജയിച്ചു.

  ഇന്ന് തിരുവനന്തപുരത്ത് അഭിവന്ദ്യ പിതാക്കൻമാരും ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ നമ്മൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു.സർക്കാർ വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി.

കൂട്ടായ്മയിലും പങ്കാളിത്ത മനോഭാവത്തോടും കൂടെ ദൗത്യം നിര്‍വഹിക്കണം-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

  കോഴിക്കോട്: ആഗോള കത്തോലിക്കാ സഭയില്‍ 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് കോഴിക്കോട് രൂപതയില്‍

കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം നെടുകെ പിളര്‍ന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്കേ ഗേറ്റിനടുത്ത് മരിച്ചുവീണ ഇരുപതുകാരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ ദാരുണാന്ത്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിറ്റേന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*